20 September Monday

‘ഇത്‌ സ്‌റ്റിൽസല്ല, എല്ലാം ആക്‌ഷനാണ്‌’

ലെനി ജോസഫ്‌Updated: Friday Jun 25, 2021

സലിൽ ചൗധരിക്കൊപ്പം ശിവൻ. കടലോരത്ത്‌ കൈതക്കാൽ കണ്ടപ്പോൾ അത്‌ സംഗീതോപകരണം 
പോലെയുണ്ടെന്ന്‌ തോന്നിയ സലിൽ ചൗധരിക്ക്‌ ചിത്രമെടുക്കണമെന്ന്‌ മോഹം. ശിവൻ ഒപ്പം നിന്ന്‌ പാറപ്പുറത്ത്‌ ടൈമർ ഓൺ ചെയ്തുവച്ച്‌ എടുത്ത ചിത്രം


ആലപ്പുഴ
‘ഇത്‌ സ്‌റ്റിൽസല്ല, എല്ലാം ആക്‌ഷനാണ്‌’ ചെമ്മീനിന്റെ ഛായാഗ്രാഹകൻ മാർക്കസ്‌ ബാർട്ട്‌ലിയുടെ വാക്കുകൾ നിശ്ചല ഛായാഗ്രാഹകനായ ശിവൻ  പലരോടും പങ്കുവച്ചിരുന്നു. ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം രാവിലെ രാമുകാര്യാട്ടും ബാർട്ട്‌ലിയും ശിവനെ കെട്ടിപ്പിടിച്ചു. കാരണം പിന്നീടാണ്‌ മനസിലായത്‌. അദ്ദേഹമെടുത്ത നിശ്ചലചിത്രങ്ങളുടെ പ്രിന്റ്‌  ബോംബെയിൽനിന്ന്‌ എത്തിയതുകണ്ടതിന്റെ സന്തോഷമായിരുന്നു അത്‌. അന്നായിരുന്നു ബാർട്ട്‌ലിയുടെ ഈ അഭിനന്ദനവാക്കുകൾ.

ചെമ്മീൻ നിർമിക്കുന്ന കാലത്ത്‌ കാര്യാട്ടും മാർക്കസ്‌ ബാർട്ട്‌ലിയും  തിരുവനന്തപുരത്തെ വസതിയിൽ ശിവനെ തേടിച്ചെന്നു. കളർസിനിമ ചെയ്യുകയാണെന്നും സ്‌റ്റിൽ ഫോട്ടോഗ്രഫി ശിവൻ ചെയ്യണമെന്നും കാര്യാട്ട്‌ ആവശ്യപ്പെട്ടു. ശിവന്റെ വലിയ സുഹൃത്തായിരുന്നു കാര്യാട്ട്‌.  ന്യൂസ്‌ വീക്ക്‌, ലൈഫ്‌ മാഗസിനുകളുടെ ഫോട്ടോഗ്രാഫറെന്ന നിലയിൽ പ്രസിദ്ധനായ ശിവന്‌ അന്ന്‌ വലിയ തിരക്കാണ്‌. നാഷണൽ ജ്യോഗ്രഫിക്‌ മാഗസിൻ, ഇല്ലസ്‌ട്രേറ്റഡ്‌ വീക്കിലി, ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നിവയ്‌ക്കുവേണ്ടിയും ചിത്രങ്ങൾ എടുത്തിരുന്നു. തിരക്കായതിനാൽ ഒരാഴ്‌ച കഴിഞ്ഞ്‌ എല്ലാവരുമുള്ള ഒരു ദിവസം പറഞ്ഞാൽ ചിത്രങ്ങൾ എടുത്തുതരാമെന്ന് ശിവൻ. എന്നാൽ സിനിമയിൽ ഉടനീളം ശിവൻ വേണമെന്ന്‌ കാര്യാട്ടും ബാർട്ട്‌ലിയും നിർബന്ധിച്ചതോടെ ശിവനും ചിത്രത്തിന്റെ ഭാഗമായി. ചിത്രീകരണകാലത്ത് ഒറ്റക്കാര്യമാണ് ശിവൻ രാമു കാര്യാട്ടിനോട്‌ ആവശ്യപ്പെട്ടത്‌. പെട്ടെന്നു ഫോട്ടോകാണാൻ പറ്റുന്ന ഒരു പോളറോയ്‌ഡ്‌ ക്യാമറ. വിവരമറിഞ്ഞ്‌ ബാബുസേട്ട്‌ അമേരിക്കയിൽനിന്ന്‌ ക്യാമറ വരുത്തി.

ആർട്ടിസ്‌റ്റുകളെ ഓരോ പോസിൽ നിർത്തി ചിത്രങ്ങൾ എടുക്കുകയാണ് അന്നത്തെരീതി. ശിവൻ പല കാര്യങ്ങളും ചെയ്യുന്നുണ്ടെങ്കിലും ഫോട്ടോഎടുക്കൽ നടക്കുന്നില്ലെന്ന്‌ പരാതിയുണ്ടായി. എന്നാൽ ചിത്രീകരണത്തിനിടെ അദ്ദേഹം ചിത്രങ്ങളെടുത്തത് ആരും അറിഞ്ഞിരുന്നില്ല. വിവിധ ചിത്രങ്ങൾ വെട്ടികൂട്ടി പോസ്‌റ്റർ തയാറാക്കുന്ന പതിവിന്‌ മാറ്റം വരുത്തിയതും ശിവനായിരുന്നു. ചിത്രത്തിന്റെ അവസാന രംഗത്ത്‌ കറുത്തമ്മയും പരീക്കുട്ടിയും കടപ്പുറത്ത്‌ മരിച്ചുകിടക്കുന്ന രംഗവും  പകർത്തിയിരുന്നു. ആ ഫോട്ടോ 30/ 40 വലിപ്പത്തിൽ എൻലാർജ്‌ ചെയ്‌തു. പോസ്‌റ്റർ പുർത്തിയാക്കിക്കഴിഞ്ഞപ്പോൾ ഇനി അതിൽ ‘ചെമ്മീൻ’ എന്ന്‌ എഴുതിയാൽ മാത്രം മതിയെന്നാണ്‌ സലിൽ ചൗധരി പറഞ്ഞത്‌. അങ്ങനെ മലയാളസിനിമാചരിത്രത്തിൽ വെട്ടിയൊട്ടിക്കാത്ത ‘പെടയ്‌ക്കുന്ന’ പോസ്‌റ്റർ പുറത്തിറങ്ങി. പുറക്കാടാണ്‌ ഷൂട്ടിങ്‌ തുടങ്ങിയതെങ്കിലും പിന്നീട് നാട്ടികയിലേക്ക്‌ മാറ്റി. ക്ലൈമാക്‌സിൽ സത്യനെ സ്രാവ്‌ വലിച്ചുകൊണ്ടുപോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ കായലിൽ സത്യനൊപ്പം ശിവനും മരണത്തെ മുഖാമുഖം കണ്ടിരുന്നു.

കടപ്പുറത്തുകാരുടെ സ്‌നേഹം മനസിൽ സൂക്ഷിച്ച ശിവൻ പലതവണ നാട്ടിക കടപ്പുറം സന്ദർശിച്ചിട്ടുണ്ട്. ഒമ്പതുലക്ഷം മുടക്കി നിർമിച്ച ചെമ്മീൻ ഒരു വർഷംകൊണ്ട് 30 ലക്ഷം ലാഭംകിട്ടി. എറണാകുളം കവിത തിയറ്റർ നിർമിച്ചപ്പോൾ ശിവൻ തന്നെ ഇന്റീരിയർ ചെയ്യണമെന്ന്‌ ബാബു സേട്ടിന്‌ നിർബന്ധമായിരുന്നു. ഡിം ലൈറ്റും വർണ ഡെക്കറേഷനും പരവതാനിയും കഫ്റ്റീരിയയും മോഹിപ്പിക്കുന്ന സുഗന്ധവുമുള്ള തിയറ്റർ അന്ന് പുതുമയായിരുന്നു. അരനൂറ്റാണ്ടു പിന്നിട്ട ചെമ്മീൻ സിനിമയുടെ അരങ്ങൊഴിഞ്ഞ ശിൽപ്പികളുടെ നിരയിലേക്ക്‌ ഇനി ശിവനും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top