18 February Tuesday

ദുരഭിമാനക്കൊല കേരളത്തിലാദ്യം

സ്വന്തം ലേഖകൻUpdated: Friday Aug 23, 2019

നവോത്ഥാന കേരളത്തിന്‌ പരിചയമില്ലാത്ത കൊടുംപാതകമായിരുന്നു കെവിന്റെ കൊല. മറ്റു സംസ്ഥാനങ്ങളിൽ കേട്ടുകേൾവി മാത്രമുള്ള ദുരഭിമാനക്കൊല നമ്മുടെ മുന്നിലും നടന്നതറിഞ്ഞ, കേരളം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. തെളിവുകൾ കൃത്യമായി സമാഹരിച്ച്‌ പൊലീസ്‌ നിയമത്തിന്‌ മുന്നിൽ ഹാജരാക്കി. കേരളത്തിന്റെ  നിയമ ചരിത്രത്തിൽ കെവിൻ, കണ്ണീരുറഞ്ഞ പുതിയ പാഠവുമായി


കോട്ടയം
പ്രണയ വിവാഹത്തിന്റെ പേരിൽ ദുരഭിമാനക്കൊലയും ഇത്‌ ശരിവച്ച കോടതിവിധിയും സംസ്ഥാനത്ത്‌ ആദ്യം. ഇത്തരം കേസുകൾ അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച്‌ കടുത്ത ശിക്ഷ നൽകണമെന്ന്‌ സുപ്രീംകോടതി വിധിയുണ്ട്‌. സമൂഹത്തിനോ കുടുംബത്തിനോ മാനഹാനി വരുത്തി എന്ന്‌ പറഞ്ഞ്‌ ഒരാളെ കൊലചെയ്യുന്നതാണ്‌ ഈ വിഭാഗത്തിൽ പരിഗണിക്കുന്നത്‌. തമിഴ്‌നാട്ടിലും മറ്റ്‌ സംസ്ഥാനങ്ങളിലും സമാന സ്വഭാവമുള്ള കേസുകൾ  മുമ്പ്‌ ഉണ്ടായിട്ടുണ്ട്‌. ഇവയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയടക്കം പ്രോസിക്യൂഷൻ വാദത്തിനിടെ ഹാജരാക്കിയിരുന്നു. 2011 ൽ അറുമുഖം സെർവൈയ്‌ക്കെതിരെ തമിഴ്‌നാട്‌ സർക്കാരും ഭഗവൻദാസിനെതിരെ ഉത്തർപ്രദേശ്‌ സർക്കാരും നൽകിയ കേസുകളിൽ ജസ്‌റ്റിസ്‌ മാർക്കണ്ഡേയ കഠ്‌ജു അംഗമായ സുപ്രീം കോടതി ഡിവിഷൻ ബഞ്ച്‌ പുറപ്പെടുവിച്ച വിധി ഈ കേസിലും ബാധകമാകും. 

മലങ്കര കാത്തലിക്‌ വിഭാഗത്തിൽപ്പെട്ട നീനു ചാക്കോയെ ദളിത്‌ ക്രിസ്‌ത്യനായ നട്ടാശേരി പ്ലാത്തറ കെവിൻ ജോസഫ്‌ പ്രണയിച്ച്‌ വിവാഹം കഴിച്ചതിൽ യുവതിയുടെ ബന്ധുക്കൾക്ക്‌ തോന്നിയ അപമാനമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചത്‌. പ്രോസിക്യൂഷൻ ആവശ്യത്തെത്തുടർന്ന്‌ 2018 നവംബർ ഏഴിന്‌  ദുരഭിമാനക്കൊലയായി പരിഗണിച്ച്‌ കേസ്‌ വിചാരണ നടത്താൻ സെഷൻസ്‌ കോടതി  തീരുമാനിച്ചു. ഈ വിഭാഗത്തിലുള്ള കേസുകൾ ആറു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നാണ്‌ വ്യവസ്ഥ. ഇതനുസരിച്ച്‌ ഏപ്രിൽ 24 ന്‌ വിചാരണ നടപടികൾ തുടങ്ങി 90 ദിവസംകൊണ്ട്‌ പൂർത്തിയാക്കി.

സംശയത്തിന്റെ ആനുകൂല്യത്തിൽ ചാക്കോ
കോട്ടയം
ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടും ചാക്കോ രക്ഷപ്പെട്ടത്‌ സംശയത്തിന്റെ ആനുകൂല്യത്തിൽ. കുറ്റകൃത്യത്തിൽ നേരിട്ട്‌ പങ്കെടുത്തിട്ടില്ലാത്ത ചാക്കോയ്‌ക്കെതിരെ ഗൂഢാലോചന കുറ്റമാണ്‌ പ്രോസിക്യൂഷൻ പ്രധാനമായും ഉന്നയിച്ചത്‌.  കെവിനെ തട്ടിക്കൊണ്ടു പോയ ദിവസം പുലർച്ചെ രണ്ടുമുതൽ ചാക്കോയുടെ ഫോണിൽ നിന്ന്‌ ഒന്നാംപ്രതി ഷാനുവിന്റെയും നാലാംപ്രതി നിയാസിന്റെയും ഫോണിലേക്ക്‌ പലതവണ വിളിച്ചു. ചാക്കോ വീട്ടിലിരുന്ന്‌ കാര്യങ്ങൾ നിയന്ത്രിച്ചു. അതിനാൽതന്നെ ഗൂഢാലോചനയിൽ പങ്കുണ്ട്‌ എന്നായിരുന്നു പ്രോസിക്യുഷൻ വാദം. എന്നാൽ ഈസമയം ചാക്കോയുടെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ചാക്കോയോട്‌ തന്നെയാണ്‌ മറ്റ്‌ പ്രതികൾ സംസാരിച്ചത്‌ എന്നത്‌ എങ്ങനെ ഉറപ്പാക്കാനാകുമെന്ന കോടതിയുടെ സംശയത്തിന്‌ വ്യക്തത വരുത്താനായില്ല.

അപ്പീൽ പോകും: കെവിന്റെ കുടുംബം
കോട്ടയം
നീനുവിന്റെ അച്ഛൻ ചാക്കോ ജോണിനെ വെറുതെ വിട്ട വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന്‌ കെവിന്റെ അച്ഛൻ ജോസഫും സഹോദരൻ പി ജെ ബൈജിയും ദേശാഭിമാനിയോട്‌ പറഞ്ഞു. നീനുവിന്റെ അച്ഛൻ ചാക്കോ ജോണിന് കൊലപാതകത്തിൽ മുഖ്യ പങ്കുണ്ട്‌, എല്ലാ പ്രതികളും ശിക്ഷിക്കപ്പെടും വരെ നിയമ പോരാട്ടം തുടരും, ഏതറ്റം വരെയും പോകും–-ജോസഫ് പറഞ്ഞു. ദുരഭിമാനക്കൊല തന്നെയെന്ന് കോടതി കണ്ടെത്തിയതിൽ തൃപ്തിയുണ്ട്.

അപൂർവങ്ങളിൽ അപൂർവം
കോട്ടയം
വധശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകളാണ്‌ പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നതെന്ന് പ്രോസിക്യൂട്ടർ സി എസ് അജയൻ പറഞ്ഞു. ദുരഭിമാനക്കൊലയായി കോടതി കണ്ടെത്തിയതോടെ അപൂർവങ്ങളിൽ അപൂർവമായ കേസായി ഇത് മാറി. നാലുപ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകണമോയെന്ന കാര്യം നിയമവശങ്ങൾ പരിശോധിച്ചശേഷം തീരുമാനിക്കും. അപ്പീൽ പോയാലും നിലനിൽക്കുമെന്ന് ഉറപ്പില്ല. ഫോൺ രേഖ മാത്രമാണ് ചാക്കോക്കെതിരെയുള്ള തെളിവ്. ഇത് ഉറപ്പിക്കാൻ കഴിയുന്ന മൊഴികളോ മറ്റ് തെളിവുകളോയില്ലെന്നും അദ്ദേഹം പറഞ്ഞു.
 

നിർണായകമായത്‌  നീനുവിന്റെ മൊഴി
കോട്ടയം
കെവിൻ വധം സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയായി സെഷൻസ്‌ കോടതി സ്ഥിരീകരിക്കുമ്പോൾ അതിലേക്ക്‌ നയിച്ചത്‌ നീനുവിന്റെ നിർണായക മൊഴി. അച്ഛനും സഹോദരനും പ്രതിക്കൂട്ടിൽ മുഖാമുഖം നിൽക്കെ ഒട്ടും പതറാതെയുള്ള നൽകിയ  മൊഴി വഴിത്തിരിവായി. കെവിൻ താഴ്‌ന്ന ജാതിയിൽപ്പെട്ടയാളാണെന്നും അവനെ വിവാഹംകഴിച്ച്‌ സുഖമായി ജീവിക്കാമെന്ന്‌ നീ കരുതേണ്ടെന്നും അച്ഛൻ ചാക്കോ ഭീഷണിപ്പെടുത്തിയതായി നീനു കോടതിയിൽ മൊഴി നൽകിയിരുന്നു. ഇത്‌ അവഗണിച്ച്‌  വിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ്‌ കൊലപാതകത്തിന്‌ കാരണമെന്നും മൊഴി നൽകി.

കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോ മുഖ്യസാക്ഷി ലിജോയോട്‌ ഇതേകാര്യം ഫോണിൽ പറഞ്ഞതും തെളിവായി. നീനുവിനെ വിട്ടുകിട്ടുന്നതിനായി ഗാന്ധിനഗർ പൊലീസ്‌ സ്‌റ്റേഷനിൽ ചാക്കോ നൽകിയ പരാതിയിൽ വംശീയ അധിക്ഷേപമുണ്ടെന്ന്‌ പ്രോസിക്യൂഷൻ വാദിച്ചു. കെവിന്റെ മരണശേഷവും സ്വന്തം വീട്ടിലേക്ക്‌ മടങ്ങാതിരുന്ന നീനുവിന്റെ  ഉറച്ച നിലപാടും കേസിൽ പ്രതികൾക്ക്‌ കുരുക്കായി മാറി.

കെവിന്റെ മൃതദേഹം നട്ടാശേരി വീട്ടിൽ കൊണ്ടു വന്നപ്പോൾ വിലപിക്കുന്ന നീനുവും കെവിന്റെ  അച്ഛൻ ജോസഫും     [ഫയൽ ചിത്രം]

കെവിന്റെ മൃതദേഹം നട്ടാശേരി വീട്ടിൽ കൊണ്ടു വന്നപ്പോൾ വിലപിക്കുന്ന നീനുവും കെവിന്റെ അച്ഛൻ ജോസഫും [ഫയൽ ചിത്രം]


 

 

റെക്കോഡ്‌ വേഗം; ഹൈക്കോടതിയുടെ പ്രത്യേക അനുമതിയും
കോട്ടയം
വിചാരണ പൂർത്തിയാക്കി വിധിയിലേക്ക്‌ എത്തിയത്‌ റെക്കോഡ്‌ വേഗത്തിൽ. വിചാരണ ആരംഭിച്ചത്‌ അവധിക്കാലത്തടക്കം ദിവസവും രാവിലെ 10ന്‌  വിചാരണ നടത്താൻ ഹൈക്കോടതിയിൽ നിന്ന്‌ പ്രത്യേക അനുമതി വാങ്ങിയാണ്‌. ദുരഭിമാനക്കൊലയായി പരിഗണിച്ച കേസിൽ ആറുമാസംകൊണ്ട്‌ വിചാരണ പൂർത്തിയാക്കണമെന്നാണ്‌ വ്യവസ്ഥയെങ്കിലും മൂന്നുമാസംകൊണ്ട്‌ ഇത്‌ പൂർത്തിയാക്കി.

96 സാക്ഷികളുണ്ടായിരുന്ന സൂര്യനെല്ലി പെൺവാണിഭക്കേസ്‌ ആറുമാസംകൊണ്ടാണ്‌ വിചാരണ  പൂർത്തിയാക്കാനായത്‌. അതേസമയം 113 സാക്ഷികളുള്ള കെവിൻ കേസ്‌ വിസ്‌താരം അടക്കം 90 ദിവസം കൊണ്ട്‌ പൂർത്തിയാക്കി. സംഭവം നടന്ന്‌ 14 മാസത്തിനുള്ളിൽ വിധിയിലേക്ക്‌ എത്തുന്നതും ചരിത്രമായി.

വേനലവധിക്കാലത്ത്‌ ഹൈക്കോടതി അടക്കം സംസ്ഥാനത്തെ കോടതികൾക്ക്‌ അവധിയാണ്‌. പ്രത്യേക അനുമതി വാങ്ങിയാൽ മാത്രമേ ഈ കാലയളവിൽ കോടതി പ്രവർത്തിക്കാനാകൂ.  ഏപ്രിൽ 24 ന്‌ സെഷൻസ്‌ കോടതിയിൽ വിചാരണ തുടങ്ങാനായി ഹൈക്കോടതിയിൽ നിന്ന്‌ പ്രത്യേക അനുമതി വാങ്ങി. മാത്രമല്ല സാധാരണ കോടതി സമയം പകൽ 11 മുതൽ ആയതിനാൽ രാവിലെ 10 ന്‌ കോടതി ആരംഭിക്കാനും ഹൈക്കോടതി അനുമതി നൽകി. തുടർച്ചയായ വാദപ്രതിവാദം ദിവസവും വൈകിട്ട്‌ അഞ്ചുവരെ നീണ്ടു.

 

കുടുക്കിയത്‌ ആ സന്ദേശവും രഹസ്യമൊഴിയും
സ്വന്തം ലേഖകൻ
കോട്ടയം
പ്രതികൾക്ക്‌ കുരുക്കായത്‌ പഴുതടച്ച അന്വേഷണവും നിർണായക മൊഴികളും ശാസ്‌ത്രീയ തെളിവുകളും. ദൃക്‌സാക്ഷികളില്ലാത്ത, ഒരുഘട്ടത്തിൽ പ്രതികൾ രക്ഷപ്പെട്ടുപോകുമെന്നുവരെ എല്ലാവരും കരുതിയ കേസിലാണ്‌ വധശിക്ഷവരെ ലഭിക്കാവുന്ന രണ്ടു കുറ്റങ്ങൾ കോടതി ശരിവച്ചത്‌. അതും കുറ്റക്കാരായ 10 പ്രതികൾക്കുമെതിരെ. ദുരഭിമാനഹത്യ സ്ഥിരീകരിച്ചതോടെ അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കാനുള്ള സാഹചര്യവും രൂപപ്പെട്ടു.

ഒന്നാം പ്രതി ഷാനു ചാക്കോ ദുബൈയിൽനിന്ന‌് നാട്ടിലെത്തിയത്‌ കെവിനെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ. ഇത്‌വ്യക്തമാക്കുന്നതായിരുന്നു 26ന്‌ ദുബൈയിൽനിന്ന്‌ ഷാനു അയച്ച വാട്‌സ്‌ആപ്പ്‌ സന്ദേശങ്ങൾ. സുഹൃത്ത‌് ലിജോയ‌്ക്ക‌് ‘അവൻ തീർന്നു; ഡോണ്ട‌് വറി’ എന്നായിരുന്നു മെസേജ‌്.  ‘അവനെ കൊല്ലാം; ഞാൻ ചെയ‌്തോളാം’ എന്ന സന്ദേശം ചാക്കോയുടെ ഫോണിലേക്കും അയച്ചു. കേസിൽ പ്രതികളെ കുടുക്കിയത്‌ ഈ സന്ദേശങ്ങളായിരുന്നു. ഇതിനെ മറികടക്കാൻ പ്രതിഭാഗത്തിനായില്ല.

കേസിൽ വിധിപറയാൻ തീരുമാനിച്ച 14 ന്‌ ദുരഭിമാനക്കൊല എന്ന കാര്യത്തിൽ വീണ്ടും വാദം കേൾക്കാൻ തീരുമാനിച്ചതാണ്‌ നിർണായകമായത്‌. ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലും അടക്കം നടന്ന സമാനമായ കേസുകളും സുപ്രീം കോടതി വിധിയും അടക്കം ഹാജരാക്കിയതോടെ കുരുക്ക്‌ മുറുകി. ശാസ്‌ത്രീയ തെളിവുകൾ നിരത്തി പ്രോസിക്യൂഷനും തെളിവുകളുടെ വിശ്വാസ്യതയെ ചോദ്യംചെയ്‌ത്‌ പ്രതിഭാഗവും ശക്തമായ വാദങ്ങളാണ്‌ നിരത്തിയത്‌.  സാക്ഷികളിൽ ആറുപേർ വിചാരണയ്‌ക്കിടെ കൂറുമാറി. ഒന്നാം സാക്ഷി അനീഷും നീനു ചാക്കോയും കെവിന്റെ അച്ഛൻ ജോസഫ്‌ എന്നിവരുടെ മൊഴികൾ കേസിന്‌ ബലമേകി. 238 പ്രമാണങ്ങളും 55 മുതലുകളും കേസിൽ കോടതിയുടെ മുന്നിലെത്തി. 

അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ‌്പി ഗിരീഷ‌് പി സാരഥി അടക്കം 113 സാക്ഷികളെ വിസ‌്തരിച്ചു. കേസിൽ സർവീസിൽനിന്ന‌് പുറത്തായ എഎസ‌്ഐ എം എസ‌് ബിജുവും, സ‌സ്‌പെൻഷനിൽ കഴിയുന്ന എസ‌്ഐ എം എസ‌് ഷിബുവും അടക്കം പ്രോസിക്യൂഷന‌് അനുകൂലമായി മൊഴിനൽകി.


പ്രധാന വാർത്തകൾ
 Top