16 September Monday

സ്‌നേഹത്തിന്റെ മഹല്ല‌്‌

സിറിൾ രാധാകൃഷ്ണൻUpdated: Thursday Aug 15, 2019


നിലമ്പൂർ
ഇനിയും വിതുമ്പലടങ്ങാത്ത കവളപ്പാറയിൽ മനുഷ്യസ്‌നേഹവും മതേതരത്തവും മുറുകെപിടിച്ച്‌ പോത്തുകല്ലിലെ മസ്ജിദുൽ മുജാഹിദ്ദീൻ പള്ളി. ദുരന്തമുഖത്ത്‌ നിന്നും ബുധനാഴ്‌ച കണ്ടെടുത്ത ഏഴു മൃതദേഹങ്ങൾ ഇവിടെയാണ്‌ പോസ്‌റ്റമോർട്ടം നടത്തിയത്‌. 

മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റ്മോർട്ടംചെയ്യാനുള്ള ബുദ്ധിമുട്ട് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ്‌ മഹല്ല്‌ കമ്മിറ്റി പള്ളിതന്നെ വിട്ടുനൽകിയത്‌. മഹല്ല് സെക്രട്ടറി അബ്ദുൾ കരീമും പ്രസിഡന്റ്‌  അബ്ദുറഹ്മാനും കമ്മിറ്റിയംഗങ്ങളും ഒരേ മനസോടെയാണ്‌ തീരുമാനമെടുത്തത്‌.  ആദ്യം സ്ത്രീകളുടെ പ്രാർഥനാമുറിയും മയ്യത്ത് കുളിപ്പിക്കുന്ന  സ്ട്രെക്ചറും കൊടുത്തു. പിന്നെ മതചടങ്ങുകൾ താൽക്കാലികമായി നിർത്തി പള്ളിമുഴുവനും വിട്ടുനൽകി. മദ്രസയിലെ മേശകളും ബെഞ്ചുകളും നമസ്കാരസ്ഥലവും പോസ്റ്റ്മോർട്ടത്തിനായി ഉപയോഗിച്ചു. മസ്ജിദ് വിട്ടുനൽകിയതിന് വിശ്വാസികളുൾപ്പെടുന്ന പൊതുസമൂഹത്തിന്റെ വൻപിന്തുണയാണ് ലഭിക്കുന്നതെന്ന് മഹല്ല് സെക്രട്ടറി പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ അസോസിയറ്റ് പ്രൊഫസറും പൊലീസ് സർജനുമായ ഡോ. സഞ്ജയ്, ഡോ. ലെവിസ് വസിം, ഡോ. പാർഥസാരഥി, ഡോ. അജേഷ് എന്നിവരാണ്  പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകുന്നത്.


പ്രധാന വാർത്തകൾ
 Top