23 January Thursday

വേദന പങ്കിട്ട്‌ കേരളം

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

ക്യാമ്പുകളിൽ എല്ലാ സഹായവും എത്തിക്കും
ദുരിതാശ്വാസക്യാമ്പുകളിൽ എല്ലാ സഹായവും ലഭ്യമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കലക്ടർമാർക്കാണ് ഏകോപനച്ചുമതല. ക്യാമ്പിന്റെ ചുമതല റവന്യൂവകുപ്പിനാണ്‌. ആവശ്യമായ സൗകര്യങ്ങൾ തദ്ദേശവകുപ്പും ഒരുക്കും. ക്യാമ്പുകൾക്ക്‌ ഇനിയും വലിയതോതിൽ സഹായം എത്തിക്കണം. ജില്ലകളിലെ കലക്ടിങ്‌ സെന്ററുകളിൽ അവ ശേഖരിച്ച് ചുമതലപ്പെട്ടവർ ജില്ലകളിലേക്ക് എത്തിക്കും. ആവശ്യമായ ഉൽപ്പന്നങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.വിഷമം അനുഭവിക്കുന്നവരെ സഹായിക്കാൻ സാധാരണ ജനങ്ങളും സംഘടനകളും സ്ഥാപനങ്ങളും കാണിക്കുന്ന താൽപ്പര്യം അഭിനന്ദനാർഹമാണ്. ഈ സന്നദ്ധത പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഓരോ ക്യാമ്പിലും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റ്‌ പ്രകാരമാണ്‌ എത്തിക്കേണ്ടത്‌.

രണ്ടേകാൽ ലക്ഷത്തിലധികം ആളുകളെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി. ക്യാമ്പുകളിലേക്ക്‌ മാറിയവരുടെ  വീടുകൾക്ക് സുരക്ഷ ഒരുക്കും. സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം തടയണമെന്ന്‌ പൊലീസിന്‌ നിർദേശം നൽകി.  വീടുകളിൽ വൈദ്യുതി, കുടിവെള്ള കണക്‌ഷൻ തുടങ്ങിയവ മുടങ്ങിയിരിക്കും. അത്തരം കാര്യങ്ങളിൽ സന്നദ്ധതയുള്ളവരെ കണ്ടെത്തി പ്രശ്‌നം പരിഹരിക്കാൻ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം ; ഒറ്റദിവസം  64.07 ലക്ഷം
തിരുവനന്തപുരം
കുപ്രചരണങ്ങള്‍ തള്ളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം. ‍ഞായറാഴ്ച മാത്രം  ഇലകേ്‌ട്രാണിക്‌ പെയ്‌മെന്റ്‌ ഓപ്‌ഷൻ മുഖേന ലഭിച്ചത്‌ 64.07 ലക്ഷം. രാത്രി ഒമ്പതുമണിവരെയുള്ള കണക്കാണിത്. മിനിറ്റുകള്‍ തോറും നിക്ഷേപം വര്‍ധിച്ചുവരികയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുഖ്യമന്ത്രിയുടെ ഫണ്ട് ഏറ്റവും ഫലപ്രദമായി അർഹർക്ക് എത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. ഈ വസ്‌തുത മറച്ച്‌ വ്യാജപ്രചാരണം നടത്തുന്ന സാമൂഹ്യവിരുദ്ധർക്കുള്ള മറുപടിയായാണ്‌ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ദുരിതാശ്വാസനിധിയിലേക്ക്‌ സഹായധനം ഒഴുകിയെത്തുന്നത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സംഭാവനകൾ നൽകാനും വിശദാംശങ്ങൾ പരിശോധിക്കാനും സന്ദർശിക്കാം:- https://donation.cmdrf.kerala.gov.in/

കുടിവെള്ളം മുടങ്ങില്ല
പാലക്കാട്‌
ദുരിതാശ്വാസ ക്യാമ്പുകളിൽ കുടിവെള്ളം മുടങ്ങാതെ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചെന്ന് ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ജില്ലാ ദുരന്തനിവാരണ സമിതി ചെയർമാനായ ജില്ലാ കലക്ടറുടെ നിർദേശപ്രകാരമാണ് ജല അതോറിറ്റി ആവശ്യമായ ജലം നൽകുന്നത്. പ്രളയബാധിത പ്രദേശങ്ങളിലും ക്യാമ്പുകളിലും കുടിവെള്ളമെത്തിക്കാനുള്ള ക്രമീകരണമായി. ഇതിനായി വെള്ളയമ്പലം വാട്ടർ അതോറിറ്റി ആസ്ഥാനത്തും സർക്കിൾ ഓഫീസുകളിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്‌. വെള്ളപ്പൊക്കത്തിൽ ജല അതോറിറ്റിയുടെ ഇരുനൂറിൽപ്പരം കുടിവെള്ള വിതരണപദ്ധതികൾ തകരാറിലായി. പരിമിതിക്കിടയിലും എല്ലായിടത്തും ശുദ്ധമായ കുടിവെള്ളം മറ്റ് മാർഗങ്ങളിലൂടെ ലഭ്യമാക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.  പരാതികൾ 9495998258 എന്ന നമ്പറിൽ  വാട്സാപ്പായും അയയ്ക്കാം.

വീട്ടിലേക്ക്‌ മടങ്ങുമ്പോൾ
വെള്ളം കയറിയ വീടുകളിലേക്ക് മടങ്ങുന്നവർ  ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.
മുതിർന്നവരും രണ്ടോ അതിലധികമോ പേരോ ഒന്നിച്ചുപോകുക.
ആദ്യമായി പോകുമ്പോൾ കുട്ടികളെ ഒഴിവാക്കുക.
വീടിന്റെ ബലം പരിശോധിക്കുക.
ജനലുകൾ, വാതിലുകൾ ബലം പ്രയോഗിച്ച് തുറക്കരുത്.
വൈദ്യുതി മെയിൻ സ്വിച്ച്, ഗ്യാസ് സിലിണ്ടർ എന്നിവ ഓഫ് ചെയ്യുക.
തീപ്പെട്ടി, ലൈറ്റർ, മെഴുകുതിരി തുടങ്ങിയവ  ഉടൻ  കത്തിക്കരുത്‌.
ഉപകരണങ്ങൾ പരിശോധിക്കാൻ വിദഗ്‌ധരുടെ സഹായം തേടുക.
ഫ്രിഡ്ജ്, ഫ്രീസർ തുടങ്ങിയവ ശക്തമായി തുറക്കരുത്‌.
മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹമുണ്ടെങ്കിൽ തൊടരുത്.
പാമ്പുകളെയും  ഇഴജന്തുക്കളെയും സൂക്ഷിക്കുക.
പാമ്പുകടിയേറ്റാൽ  സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. ഉടൻ ആശുപത്രിയിൽ എത്തിക്കുക.
പാത്രങ്ങളെല്ലാം അണുനശീകരണം നടത്തുക.
പനി, പനിയോടൊപ്പം തടിപ്പുകളും തിണർപ്പുകളും, വയറിളക്കം, ഛർദി ഇവയുണ്ടായാൽ പെട്ടെന്ന് ഡോക്ടറെ സമീപിക്കുക.
ക്ലോറിനേഷൻ നടത്തുക.
കുടിവെള്ളസ്രോതസ്സുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തണം.
കുടിവെള്ളം 20 മിനിറ്റ് തിളപ്പിച്ചതിനുശേഷം  ഉപയോഗിക്കുക.
മുമ്പ്‌ സൂക്ഷിച്ചിരുന്നവ ഭക്ഷിക്കരുത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top