16 February Saturday

പന്തലൊരുങ്ങി; ആഫ‌്റ്റർ കെയർ ഹോമിൽ ഇന്ന‌് കല്യാണമേളം

സ്വന്തം ലേഖികUpdated: Monday Feb 11, 2019

കോഴിക്കോട‌് > വെള്ളിമാട‌്കുന്ന‌് ഗവ. ആഫ‌്റ്റർ കെയർഹോമിൽ മുറ്റത്തൊരു പന്തലുയരുകയാണ‌്. അവിടെ വളർന്ന  മൂന്ന‌് പെൺകുട്ടികളുടെ വിവാഹം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ‌് എല്ലാവരും. ചിൽഡ്രൻസ‌് ഹോമിലും ആഫ‌്റ്റർ കെയർ ഹോമിലുമായി  ഒരുമിച്ച‌് കളിച്ചും പഠിച്ചും വളർന്ന അഞ‌്ജു, മോഹിനി, സിന്ധു എന്നീ പെൺകുട്ടികളാണ‌് കുടുംബജീവിതത്തിലേക്ക‌് കടക്കുന്നത‌്.

പാലക്കാട‌് കൂറ്റനാട‌് തിരുമിറ്റകോട‌് സ്വദേശി ഗൾഫുകാരനായ ശ്രീജിത‌്, മൊടക്കല്ലൂർ പൊന്നാടത്ത‌് ജസിൽ, മലപ്പുറം പോരൂർ പൂത്രക്കോവ‌് സ്വദേശി ഷിനോജ‌് എന്നിവരാണ‌് ആ നന്മ മനസ്സിനുടമകൾ. തിങ്കളാഴ‌്ച പകൽ 11നും 11.30നും ഇടയിൽ ഇവർ വിവാഹിതരാകും. സാമൂഹ്യനീതി വകുപ്പ‌്, വനിതാശിശു ക്ഷേമ വകുപ്പ‌് എന്നിവയുടെയും സന്നദ്ധ സംഘടന ആം ഓഫ‌് ജോയിയുടെയും  സഹകരണത്തോടെയാണ‌് വിവാഹം. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ പ്രദീപ‌് കുമാർ എംഎൽഎ, കലക്ടർ സാംബശിവറാവു എന്നിവർ അതിഥികളായെത്തും.

ജീവിച്ചുതുടങ്ങുന്നതിന‌് മുമ്പേ അനാഥ മന്ദിരത്തിൽ എത്തിയതാണ‌് അഞ‌്ജുവും മോഹിനിയും സിന്ധുവും. ഇവർ മികച്ച വിദ്യാഭ്യാസവും നേടി. ഇതിനിടെയാണ‌് വിവാഹാലോചന വരുന്നത‌്. പതിവിൽനിന്നും വിപരീതമായി ഇത്തവണ ആഫ്റ്റർ കെയർ ഹോമിന്റെ മുറ്റത്ത്  തന്നെയാണ് വിവാഹം. വിവാഹ ദിവസം 600 പേർക്ക‌് സദ്യയുമുണ്ട‌്.  കെഡിസി ബാങ്കാണ് സഹായം നൽകുന്നത‌്. സബ് കലക്ടറുടെ ഓഫീസിലെ ജീവനക്കാരുടെ പിന്തുണയുമുണ്ട‌്. ഒരു ലക്ഷത്തിൽപരം രൂപയുടെ ധനസഹായവുമായി സന്നദ്ധ സംഘടന സ‌്മൈൽസ‌ും കൈത്താങ്ങാവുന്നു. കൂടാതെ മൂന്ന് പെൺകുട്ടികൾക്കും ഓരോ ലക്ഷം രൂപയുടെ സഹായം സംസ്ഥാന വനിതാ–-ശിശുക്ഷേമ വകുപ്പും നൽകുന്നുണ്ടെന്ന‌് ഗവ. ആഫ‌്റ്റർ കെയർ ഹോം സൂപ്രണ്ട‌് കെ സതി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top