07 October Friday

‍‍ബ്ലിറ്റ്സിലെ ബർലിൻ

അനിൽകുമാർ എ വിUpdated: Tuesday Aug 9, 2022


ബാലസംഘം സ്ഥാപക നേതാവ്.കമ്യൂണിസ്റ്റ് പാർടി ഒന്നാം കോൺഗ്രസിലെ പ്രായംകുറഞ്ഞ പ്രതിനിധി. കരഞ്ചിയയുടെ ബ്ലിറ്റ്സ് വാരികയിലെ പത്രപ്രവർത്തകൻ. പിന്നെ യൂറോപ്യൻ പ്രതിനിധി. കുഗ്രാമത്തിൽനിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന രാഷ്ട്രീയപത്രപ്രവർത്തന രംഗത്തെ സാഹസികൻ. പി കൃഷ്ണപിള്ള പാർടി അംഗത്വം നൽകിയ കുഞ്ഞനന്തൻനായർ ഒരു കാലഘട്ടത്തിന്റെ ചരിത്ര സാക്ഷിയാണ്. ആദ്യകാല പാർടി നേതൃത്വവുമായി അഭേദ്യബന്ധമുണ്ടായ അദ്ദേഹം പിന്നീട് ലോക പ്രസ്ഥാനത്തിലെ മഹാരഥന്മാരുമായി ഇടപഴകി.

മുംബെെയിലെയും കോഴിക്കോട്ടെയും കമ്യൂണുകളിലെ സജീവാംഗവുമായി. തറവാട്ടിന്റെ മച്ചിൻപുറത്ത് കൃഷ്ണപിള്ളയെ കൃഷ്ണമണിപോലെ കാത്തതിന്റെ അനുഭവത്തിൽനിന്നാണ് ജാഗ്രത വളർന്നതും.  ഒളിവിലായ എം എസിന്റെ പ്രധാന സഹായി കുഞ്ഞനന്തൻനായരായിരുന്നു. ബോട്ടുകളിലും തീവണ്ടികളിലും സാഹസികമായാണ് കൊണ്ടുപോയത്. എം എസിന്റെ വിക്ക് വലിയ തടസ്സമായി. ആളുകൾ എന്തെങ്കിലും ചോദിച്ചാൽ, മൂകനാണെന്നു പറഞ്ഞ് ഒഴിവാക്കും. അങ്ങനെ കുറേ അനുഭവങ്ങൾ. മീശവച്ച എം എസിന്റെ ഒളിവുകാല ചിത്രത്തെക്കുറിച്ച് കുഞ്ഞനന്തൻനായർ, "എൺപതു തികഞ്ഞ ഇഎംഎസി എഴുതി.

പി സുന്ദരയ്യയുമായി കേരളത്തിൽ അഗാധമായ അടുപ്പമുണ്ടായിരുന്നവരിൽ പ്രധാനിയാണ് കുഞ്ഞനന്തൻ നായർ.  പാർടിനിരോധനം നീക്കിയപ്പോൾ മുഴുവൻ സമയ പ്രവർത്തകനായി. പിന്നീട് ബെർലിനിൽപോയി ജർമൻ പഠിച്ച് പത്രപ്രവർത്തകനായി. ബ്ലിറ്റ്സിൽ സാർവദേശീയ സ്ഥിതി എഴുതി. സുന്ദരയ്യയെയും എം എസിനെയുംപോലുള്ളവരുടെ നിർദേശത്താലാണ് കുഞ്ഞനന്തൻനായർ പത്രപ്രവർത്തനം തൊഴിലാക്കിയത്. ബ്ലിറ്റ്സ് തുടക്കകാലത്ത് മുംബെെയിലെ ഇടതുപക്ഷ കോൺഗ്രസുകാരുടെ താവളങ്ങളിലൊന്ന്. 1941 ഫെബ്രുവരിയിൽ ആദ്യ ലക്കം പുറത്തിറങ്ങിയ ബ്ലിറ്റ്സിലേക്ക് കുഞ്ഞന്തൻ നായരുടെ പ്രവേശനവും പരിഗണനയിൽ. മൊറാഴ ചെറുത്തുനിൽപ്പിനെ തുടർന്ന് വധശിക്ഷ വിധിക്കപ്പെട്ട കെ പി ആറിന് അനുകൂലമായി കരഞ്ചിയ കുറിപ്പെഴുതി. ബ്ലിറ്റ്സിനെ പ്രശസ്തമാക്കിയ അന്വേഷണാത്മക റിപ്പോർട്ടുകളിൽ അദ്ദേഹം വലിയ സംഭാവന നൽകി. അമേരിക്കൻ പിന്തുണയോടെ മൂന്നാം ലോകത്ത്നടന്ന സാമ്രാജ്യത്വാനുകൂല ആശയ പ്രചാരണമായിരുന്നു മറ്റൊരു അന്വേഷണം. 

ബെർലിനിൽനിന്ന് കുഞ്ഞനന്തൻ നായർ എന്ന പേരിൽ ആദ്യകാലത്ത് ചില മലയാളം പ്രസിദ്ധീകരണങ്ങളിൽ ലേഖനം എഴുതിയതോടെയാണ് പുളിയാങ്കോടൻ കല്യാട്ട് കുഞ്ഞനന്തൻനായരുടെ പേരിനൊപ്പം ബർലിൻ അഭേദ്യഭാഗമായത്. ന്യൂഏജ്, ദേശാഭിമാനി, നവയുഗം, നവജീവൻ, ജനയുഗം തുടങ്ങിയവയിലും എഴുതി. 1958 റഷ്യയിലെത്തിയ അദ്ദേഹം മോസ്കോ വഴിയാണ് ബർലിനിൽ പോയത്. വർഷം റഷ്യൻ പാർടി സ്കൂളിൽനിന്ന് രാഷ്ട്രമീമാംസയിലും മാർക്സിസംലെനിനിസത്തിലും ബിരുദവും നേടി. 1959 സോവിയറ്റ് കോൺഗ്രസിലും പങ്കെടുത്തു.     1986 പ്രസിദ്ധീകരിച്ച "ഡെവിൽ ആൻഡ് ഹിസ് ഡാർട്' കുഞ്ഞനന്തൻ നായരെ അന്താരാഷ്ട്ര പ്രശസ്തനാക്കി. പുസ്തകം ഹമീദ് ചേന്നമംഗലൂർ പരിഭാഷപ്പെടുത്തി "പിശാചും അവന്റെ ചാട്ടുളിയും' എന്ന ശീർഷകത്തിൽ ദേശാഭിമാനി വാരിക ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. വിൻസ്റ്റൺ ചർച്ചിൽ, ക്രൂഷ്ച്ചേവ്, ചൗഎൻ ലായി, കാസ്ട്രോ, അറാഫത്ത്, നാസർ തുടങ്ങിയവരെയെല്ലാം അഭിമുഖം നടത്തിയിരുന്നു കരഞ്ചിയ. അതിന്റെ തുടർച്ചയുണ്ടാക്കിയത് കുഞ്ഞനന്തൻ നായർ. കാസ്ട്രോയുമായി നടത്തിയ കൂടിക്കാഴ്ച കുറേക്കാലം ചർച്ചയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top