28 September Monday

‘നാലുകെട്ട്‌’ തുറന്ന്‌ ചിത്രജാലകം

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2019


കോഴിക്കോട്‌
‘‘അടഞ്ഞുകിടക്കുന്ന ആ പടിവാതിൽ അവൻ തള്ളിത്തുറന്നു. മേലോട്ടുവെട്ടിയുണ്ടാക്കിയ നിരനിരയായ ഒതുക്കുകൾ. പച്ച പൊതിഞ്ഞ മതിൽക്കെട്ടും കൂവളത്തറയും... എം  ടി വാസുദേവൻ നായർ വാക്കുകളിൽ ആവിഷ്‌കരിച്ച ‘നാലുകെട്ടി’ന്റെ ഭാവലോകം തുറന്ന്‌ ഫോട്ടോകൾ. ഇരുട്ടിന്റെ ചാരക്കണ്ണുപോലെ അകലെ കാണുന്ന റെയിൽവേ സിഗ്നലിന്റെ വെളിച്ചവും ഇരുട്ട്‌ പിളർന്ന്‌  അപ്പുണ്ണി നടന്നതുമായ പാതകൾ, കോന്തുണ്ണിനായർ പകിട എറിഞ്ഞ്‌ കളിക്കുന്ന കൂടല്ലൂർ അങ്ങാടിയിലെ പകൽക്കാഴ്‌ച, നിലാവകറ്റിയ ഇരുട്ടിന്‌ മുഴുവൻ അഭയം നൽകിയ സർപ്പക്കാവ്‌... കാലത്തിനപ്പുറം എം ടി വരച്ചിട്ട്‌ സഹൃദയരിൽ മായാതെ നിൽക്കുന്ന  വാങ്‌മയ ചിത്രങ്ങൾ പകർത്തിയ ഫോട്ടോകൾ നാലുകെട്ടിന്റെ രണ്ടാംവായനയുടെ സർഗസുഖം പകരുന്നു. എഴുത്തുകാരന്റെ സർഗമണ്ഡലം പകർത്തി ശ്രദ്ധേയനായ ഫോട്ടോഗ്രാഫർ ഡി മനോജാണ്‌ എംടിയുടെ രചനാപ്രപഞ്ചം ക്യാമറയിൽ പകർത്തിയിരിക്കുന്നത്‌. ലളിത കലാ അക്കാദമി ആർട്‌ ഗ്യാലറിയിലാണ്‌ മനോജിന്റെ ‘നാലുകെട്ടും നിളയും ’ ഫോട്ടോപ്രദർശനം.  

പകലും ഇരുട്ടും പതിയിരിക്കുന്ന കൈതോലപ്പായ ചുരുട്ടിവച്ച കോണിമുറി, കുരുതിപ്പറമ്പിനും വടക്കേപ്പാട്ട്‌ തറവാടിനും നടുവിലുള്ള നടവരമ്പ്‌, തുലാമാസത്തിൽ നിറഞ്ഞൊഴുകുന്നതും വരണ്ട്‌ മണൽപ്പരപ്പായ നീർച്ചാലുമായ  നിളയുടെ വിഭിന്ന മുഖങ്ങൾ .... അപ്പുണ്ണിയും സെയ്‌താലിക്കുട്ടിയും മുത്താച്ചിയും പൊറേമ്മാനും നാരായണമ്മാനും ജീവിച്ച കരിങ്കുട്ടിയാട്ടൻ നിറഞ്ഞാടിയ നാലുകെട്ടിന്റെ സാഹിത്യഭൂമിക വിവിധ ഫോട്ടോകളിൽ തെളിയുകയാണിവിടെ. മുത്തളീംകുന്ന്‌ ക്ഷേത്രത്തിലെ വട്ടമുടിത്തെയ്യവും പൂതനയും തിറയും, കോടിക്കുന്നത്ത്‌ കാവ്‌ ദേവിക്ഷേത്രം, കതിരറ്റവേല ഉത്സവം, അതിരാളൻകാവ്‌, കരിങ്കുട്ടിയാട്ടം, കൂടല്ലൂർ അങ്ങാടി, വടക്കേപ്പാട്ട്‌ തറവാട്‌, കണ്ണാന്തളിപ്പടർപ്പ്‌ വളർന്ന നരിവാളൻകുന്ന്‌...വായനയിലൂടെ സഹൃദയരിൽ പതിഞ്ഞ ഭൂവിഭാഗങ്ങൾ രണ്ടാംവായനയുടെ ഹൃദ്യത സമ്മാനിക്കുന്ന ദൃശ്യമായി തെളിയുന്നു. നാലുകെട്ടിനെ 56 ചിത്രങ്ങളിലായാണ്‌ മനോജ്‌ പകർത്തിയത്‌. 36 ചിത്രങ്ങളാണ്‌ പ്രദർശനത്തിലുള്ളത്‌. ഒ വി വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ വും എം മുകുന്ദന്റെ  ‘മയ്യഴിപ്പുഴയുടെ തീരങ്ങളും’  മനോജ്‌ പകർത്തി പുസ്‌തകങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘സ്‌മാരകശിലകൾ’ക്യാമറയിൽ പകർത്താനുള്ള ശ്രമത്തിലാണിപ്പോൾ. വൈക്കം സ്വദേശിയായ മനോജ്‌ ജന്മനാടിന്റെ ചരിത്രവഴികൾ പകർത്തി പുസ്‌തകമാക്കിയിട്ടുമുണ്ട്‌.

സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ പ്രദർശനം ഉദ്‌ഘാടനംചെയ്‌തു. എഴുത്തുകാരൻ വാക്കുകളിൽ ആവിഷ്‌കരിച്ചത്‌ മനോജ്‌ മനോഹരമായി  പകർത്തിവച്ചതായി  അടൂർ പറഞ്ഞു. ചടങ്ങിൽ വി പി ഷൗക്കത്തലി സ്വാഗതം പറഞ്ഞു. ആർട്‌ ഗ്യാലറിയിൽ എട്ടുവരെയാണ്‌ പ്രദർശനം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top