10 July Friday

ആ ജീവനെടുത്തത്‌ കണ്ണില്ലാത്ത ക്രൂരത

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020


നിലമ്പൂർ
  പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്ട്ഗർഭിണിയായ കാട്ടാന ചരിഞ്ഞത്‌‌ സ്‌ഫോടകവസ്തു നിറച്ച പഴം കഴിച്ച്‌ വായ തകർന്നതിനെ തുടർന്നെന്ന്‌‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌. മുഖത്തെ മുറിവിൽ ഈച്ച വരാതിരിക്കാൻ പുഴയിൽ മുങ്ങിയതിനെ തുടർന്ന്‌ ശ്വാസകോശത്തിൽ വെള്ളം കയറിയാണ്‌ മരണം. പോസ്‌റ്റ്‌ മോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം സ്ഥിരീകരിച്ചു.   

കൈതച്ചക്കയിലോ മറ്റേതെങ്കിലും പഴത്തിലോ നിറച്ച സ്‌ഫോടകവസ്‌തു ഭക്ഷിച്ച ആനയ്‌ക്ക്‌ പരിക്കേറ്റതാണെന്നാണ്‌ നിഗമനം. മെയ്‌ 27നാണ്‌ വെള്ളത്തിൽ ആന ചരിഞ്ഞത്‌.  ആനയുടെ വായ പൂർണമായും തകർന്നിരുന്നു. ഭക്ഷണമോ വെള്ളമോ കഴിക്കാനാവാതെ ദിവസങ്ങളോളം ആന വേദനകൊണ്ട് പുളഞ്ഞു. ഇതിനുശേഷം‌ ജനവാസകേന്ദ്രത്തിലെത്തി പുഴയിലിറങ്ങുകയായിരുന്നു. ആനയുടെ ദാരുണാവസ്ഥ കണ്ട് രണ്ട് കുങ്കിയാനകളെ കൊണ്ടുവന്നെങ്കിലും കരയ്ക്കെത്തിക്കാൻ  കഴിഞ്ഞില്ല. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മോഹൻകൃഷ്ണൻ ഫെയ്സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് ആനയുടെ മരണകാരണം  ജനങ്ങള്‍ അറിഞ്ഞത്.

 

ആനയുടെ മേൽത്താടിയും കീഴ്‌ത്താടിയും തകർന്നു
ആനയുടെ വായിലുണ്ടായിരുന്ന മുറിവ് പൈനാപ്പിളിലോ മറ്റോ വച്ച പന്നിപ്പടക്കം പൊട്ടിയത് മൂലമെന്ന്‌ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചപ്പോൾ ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നു. ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ളതാണ്‌ മുറിവ്‌. തുടർന്ന് മുറിവിലെ‌ പുഴുക്കളെ ഒഴിവാക്കാൻ വെള്ളിയാറിലെ വെള്ളത്തിൽ തുമ്പിക്കൈയും വായും മുക്കിനിൽക്കെയാണ് ആന ചരിഞ്ഞത്‌.  ഈ സമയം ആന ഒരുമാസം  ഗർഭിണിയായിരുന്നെന്ന്‌ അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസറായ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. പൊള്ളലേറ്റതിനുപുറമേ തുമ്പിക്കൈ ഏറെ നേരം വെള്ളത്തിൽ താഴ്ത്തിനിന്നതിനാൽ ശ്വാസനാളത്തിലും ശ്വാസകോശത്തിലും വെള്ളം കയറുകയായിരുന്നു–-ഇതാണ്‌ മരണകാരണം.  ആനയെ നിരീക്ഷിച്ചപ്പോൾതന്നെ രക്ഷപ്പെടാനുള്ള സാധ്യതയില്ലെന്ന്‌  തിരിച്ചറിഞ്ഞിരുന്നു. ദയാവധം നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ചികിത്സ നൽകാനുള്ള ശ്രമങ്ങൾ തുടരാനായിരുന്നു ലഭിച്ച നിർദേശമെന്നും അദ്ദേഹം പറഞ്ഞു. 

25ന്‌ പുലർച്ചെയാണ് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പിടിയാനയെ നാട്ടുകാർ ആദ്യമായി കാണുന്നത്. നാട്ടുകാരെ കണ്ടതോടെ ആന തോട്ടത്തിൽനിന്ന് ഇറങ്ങി  പുഴയിൽ നിലയുറപ്പിക്കുകയായിരുന്നു. സംഭവത്തിൽ പ്രാഥമിക‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ദാരുണാന്ത്യത്തിന് കാരണം കണ്ടെത്തുമെന്ന്‌  ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം ശശികുമാർ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top