21 October Wednesday

സ്ഥാപക നേതാവിനെയും കൊന്നു തള്ളി

കെ ടി ശശിUpdated: Wednesday Sep 2, 2020


കണ്ണൂർ
മൊയാരത്ത്‌ ശങ്കരൻ എന്ന മഹാനായ കോൺഗ്രസ്‌ നേതാവിന്റെ, സ്വാതന്ത്ര്യസമരനായകന്റെ ചുടുചോര പുരണ്ടതാണ്‌ കേരളത്തിലെ കോൺഗ്രസുകാരുടെ കൈകളും ഖദറുടുപ്പും. സ്വാതന്ത്ര്യാനന്തരം കേരളത്തിൽ കോൺഗ്രസിന്റെ കൊലപാതക രാഷ്‌ട്രീയത്തിന്‌ തുടക്കം കുറിച്ചതുതന്നെ മൊയാരത്തിനെ തല്ലിക്കൊന്നുകൊണ്ടാണ്‌.   ചർക്കയിൽ നൂൽനൂറ്റും ഗാന്ധിജിയെ പഠിച്ചും ഗാന്ധിയൻജീവിതം നയിച്ചും കോൺഗ്രസായ മൊയാരത്ത് ശങ്കരൻ കേരളത്തിലെ കോൺഗ്രസ് സ്ഥാപകരിൽ പ്രമുഖനാണ്‌.

ചരിത്രകാരൻ, വാഗ്മി, എഴുത്തുകാരൻ, സാമൂഹ്യ പരിഷ്‌കർത്താവ് എന്നീ നിലകളിലും ജനമനസ്സുകൾ കീഴടക്കിയ ധിഷണാശാലി. അദ്ദേഹത്തെപ്പൊലൊരു യുഗപുരുഷനെ വകവരുത്താൻ കോൺഗ്രസിന്‌ തെല്ലും മനഃസാക്ഷിക്കുത്തുണ്ടായില്ല.

1948 മെയ് 11ന് എടക്കാട് റെയിൽവേ സ്റ്റേഷനുസമീപം വച്ചായിരുന്നു മൊയാരത്തിനുനേരെ കോൺഗ്രസ്‌ ഗുണ്ടാപ്പടയുടെ കിരാതമായ ആക്രമണം. ട്രെയിനിറങ്ങി കോയ്യോട്ടെ ഭാര്യാവീട്ടിലേക്കു നടന്നുപോവുകയായിരുന്ന  അദ്ദേഹത്തെ ‘കുറുവടിപ്പട’ എന്നറിയപ്പെട്ട ഗുണ്ടാസംഘം വളഞ്ഞ്‌ ആക്രമിച്ചു. കുറുവടികൾ ആ ശരീരം തകർത്തു. ഖദർവസ്ത്രം ചോരയിൽ കുതിർന്നു. പിന്നീട്‌ പൊലീസിന്റെ ഊഴം. ഒടുവിൽ ആ ചോരയിൽകുളിച്ച ഉടുവസ്‌ത്രത്തോടെ, മൃതപ്രായനായി കണ്ണൂർ സെൻട്രൽ ജയിലിലേക്ക്‌. മെയ്‌ 13ന്‌ ജയിലിൽ അന്ത്യം.

മൃതദേഹംപോലും ബന്ധുക്കൾക്കു വിട്ടുനൽകിയില്ല. സെൻട്രൽ ജയിൽ വളപ്പിലെ ഏതോമൂലയിൽ മറവുചെയ്‌തു. ബന്ധുക്കൾക്ക് തിരിച്ചുകിട്ടിയത് ചോരപുരണ്ട ഒരു ഖാദിമുണ്ടും നെഹ്രുവിയൻ മേൽക്കുപ്പായവും മാത്രം. കോയ്യോട്ടെ മൊയാരം ഹൗസിൽ ആ പരുക്കൻ ഖാദിത്തുണികൾ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്, കോൺഗ്രസ്‌ നരാധമത്വത്തിന്റെ പ്രതീകമായി.

 

ആദ്യ ബോംബേറും കോൺഗ്രസ്‌ വക
രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്താൻ കേരളത്തിൽ ആദ്യമായി ബോംബ്‌ ഉപയോഗിച്ചതും സമാധാനത്തിന്റെ മാലാഖ ചമയുന്ന കോൺഗ്രസ്‌. അടിയന്തരാവസ്ഥയുടെ കരാളനാളുകളിൽ, 1976 ജൂൺ അഞ്ചിനാണ്‌ ബോംബും മാരകായുധങ്ങളുമായി കോൺഗ്രസ്‌ ഗുണ്ടാസംഘം പന്തക്കപ്പാറ ദിനേശ്‌ ബീഡി കമ്പനി ആക്രമിച്ചത്‌. ബീഡിത്തൊഴിലാളി യൂണിയൻ പ്രവർത്തകനായ കൊളങ്ങരേത്ത്‌ രാഘവൻ നിഷ്‌ഠുരമായി കൊലചെയ്യപ്പെട്ടു.

മമ്പറം ദിവാകരന്റെ നേതൃത്വത്തിൽ നാൽപ്പതോളം കോൺഗ്രസ്‌ ഗുണ്ടകൾ ആദ്യം ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചിതറിയോടിയ ബീഡിത്തൊഴിലാളികളെ വളഞ്ഞുപിടിച്ച്‌ വെട്ടുകയും കുത്തുകയുമായിരുന്നു. മാരകമായി വെട്ടേറ്റാണ്‌ ‌കൊളങ്ങരേത്ത്‌ രാഘവൻ മരിച്ചത്‌. കണ്ണൂർ ജില്ലയിൽ അടിയന്തരാവസ്ഥക്കാലത്തെ ആദ്യ രക്തസാക്ഷി.
കേസിൽ ഏഴുവർഷം ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്‌ നിലവിൽ കെപിസിസി അംഗമായ മമ്പറം ദിവാകരൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top