01 February Wednesday

ലൂസി ഇതാ അരികിലൂടെ...

വെബ് ഡെസ്‌ക്‌Updated: Sunday Oct 16, 2022

അകലങ്ങളിൽനിന്ന്‌ ലൂസി  ഭൂമിക്കരികിലേക്ക്‌ എത്തുന്നു. വ്യാഴത്തിനടുത്ത്‌ സൂര്യനെ ചുറ്റുന്ന  ട്രോജൻ ഛിന്നഗ്രഹങ്ങളെ (Jupiter Trojan asteroids) അടുത്തറിയാൻ പുറപ്പെട്ട ഈ പേടകം ശക്തി സമാഹരിക്കാനെത്തുകയാണ്‌. ഞായറാഴ്‌ച വൈകിട്ട്‌ 4.30ന്‌, ലൂസി ഭൂമിയുടെ 350 കിലോമീറ്റർ അടുത്തുകൂടി കടന്നുപോകും. ഭൂമിയെ വീണ്ടുമൊന്നു ചുറ്റി ഗ്രാവിറ്റി അസിസ്റ്റ് എന്ന സംവിധാനംവഴി കൂടുതൽ  വേഗമാർജിച്ചാകും ലൂസിയുടെ ഇനിയുള്ള സഞ്ചാരം. രണ്ടു വർഷത്തെ സഞ്ചാരപഥത്തിന്‌ കരുത്താകും ഭൂമിക്ക്‌ അരികിലൂടെയുള്ള ഈ കടന്നുപോകൽ. അത്ഭുതങ്ങളുടെ കലവറയായ ട്രോജൻ ഛിന്നഗ്രഹങ്ങളിലേക്കുള്ള ആദ്യ ദൗത്യമാണ്‌ ലൂസി. കഴിഞ്ഞ ഒക്ടോബർ 16നാണ്‌ 1500 കിലോയുള്ള ഈ  പേടകം നാസ വിക്ഷേപിച്ചത്‌. 12 വർഷമാണ്‌ ദൗത്യകാലാവധി. രണ്ടു വർഷത്തിനുശേഷം വീണ്ടും ശക്തി സമാഹരിക്കാൻ ലൂസി ഭൂമിക്കടുത്ത്‌ എത്തുന്നുണ്ട്‌.

മടക്കയാത്രയിൽ  ഛിന്നഗ്രഹമേഖലയിലേക്ക്‌ പേടകം എത്തും. അവിടെനിന്നുള്ള വിവരങ്ങളും ചിത്രങ്ങളുമായി ആറു വർഷത്തിനുശേഷം (2030) ഒരിക്കൽക്കൂടി ലൂസി ഭൂമിക്കടുത്തുകൂടി കടന്നുപോകും. സൗരയൂഥത്തെപ്പറ്റിയുള്ള കൂടുതൽ വിലപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുമെന്നാണ്‌ പ്രതീക്ഷ. ഹൈ റെസല്യൂഷൻ കാമറകടളടക്കം ആറ്‌ പരീക്ഷണ ഉപകരണമാണ്‌ പേടകത്തിലുള്ളത്‌.

ഭൂമിക്കരികിലെ ‘തിരക്കേറിയ മേഖല’യിലൂടെ ലൂസിയുടെ യാത്ര ‘അപകടം’ നിറഞ്ഞതാണ്‌. നാൽപ്പത്തേഴായിരത്തിലധികം കൃത്രിമ ഉപഗ്രഹങ്ങളും ലക്ഷക്കണക്കിനു ചെറുതും വലുതുമായ ബഹിരാകാശ മാലിന്യങ്ങളും നിറഞ്ഞ മേഖല. ഇതുവഴി കൂട്ടിയിടി ഒഴിവാക്കി കടന്നുപോകുക എന്ന ദുഷ്‌കരമായ ദൗത്യം സാങ്കേതിക വിദ്യയുടെയും ശാസ്‌ത്രമികവിന്റെയും കരുത്തിൽ മറികടക്കാനാകുമെന്ന്‌ നാസയിലെ ശാസ്‌ത്രജ്ഞർ പറയുന്നു.
അപകടകാരികളായ ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനുള്ള ഡാർട്ട്‌ ദൗത്യം വിജയം കണ്ടത്‌ അടുത്ത ദിവസങ്ങളിലാണ്‌. ഡാർട്ട്‌ പേടകം ഇടിച്ചിറങ്ങിയ ആഘാതത്തിൽ  ഡൈമർഫോസ്‌ എന്ന ഛിന്നഗ്രഹത്തിന്‌ പാതാവ്യതിയാനം ഉണ്ടായിരിക്കുകയാണ്‌. സഞ്ചാരവേഗം 32 മിനിറ്റ്‌ കുറയ്‌ക്കാനുമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top