19 June Wednesday

ആന്ധ്ര സിംഗപ്പൂരായില്ല ; ആദ്യ’ തെരഞ്ഞെടുപ്പിൽ ബഹുകോണ മത്സരം

വി ജയിൻUpdated: Saturday Feb 16, 2019


വിജയവാഡ
വിഭജനശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറെടുക്കുന്ന ആന്ധ്രപ്രദേശിൽ  വിവിധ മുന്നണികളുടെ സാന്നിധ്യം ബഹുകോണ മത്സരത്തിന‌് അരങ്ങൊരുക്കുന്നു.   ലോക‌്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താനാണ‌് തെരഞ്ഞെടുപ്പ‌് കമീഷൻ ആലോചിക്കുന്നത‌്. ഇതിനോട‌് സംസ്ഥാന സർക്കാരിന‌് യോജിപ്പില്ല.

തെലുഗുദേശവും കോൺഗ്രസും ദേശീയതലത്തിൽ യോജിച്ച‌് തെരഞ്ഞെടുപ്പിനെ നേരിടാമെന്ന‌് ധാരണയായിട്ടുണ്ടെങ്കിലും ആന്ധ്രപ്രദേശിൽ ഇതുസംബന്ധിച്ച‌് തീരുമാനമായിട്ടില്ല. സാധ്യത വിദൂരമാണ‌്. സഖ്യത്തിനില്ലെന്ന‌് വൈഎസ‌്ആർ കോൺഗ്രസും പ്രഖ്യാപിച്ചതോടെ ബിജെപി ഒറ്റപ്പെട്ടു. ഒറ്റയ‌്ക്കുനിന്നാൽ ആന്ധ്രപ്രദേശിൽ ബിജെപി നിലംതൊടില്ല. സിപിഐ എം, സിപിഐ, സിനിമാതാരം പവൻ കല്യാണിന്റെ ജനസേന എന്നീ പാർടികൾ യോജിച്ച‌് തെരഞ്ഞെടുപ്പിനെ നേരിടാമെന്ന‌് ധാരണയായിട്ടുണ്ട‌്.

സംസ്ഥാനത്തിന്റെ സമഗ്രവികസനം, പ്രത്യേകപദവി, കർഷകർക്ക‌് ഭൂമി, തൊഴിലാളികൾക്ക‌് മിനിമം വേതനം, കാർഷികോൽപ്പന്നങ്ങൾക്ക‌് ന്യായവില, സാമൂഹ്യനീതി എന്നീ ആവശ്യങ്ങളുയർത്തി ആന്ധ്രപ്രദേശിന്റെ വടക്കുനിന്നും പടിഞ്ഞാറുനിന്നും രണ്ട‌് ജാഥകൾ സിപിഐ എം, സിപിഐ നേതൃത്വത്തിൽ നടത്തി. വലിയ പ്രതികരണമാണ‌് ഇവയ‌്ക്ക‌് ലഭിച്ചത‌്.   സമാപനം കുറിച്ച‌് വിജയവാഡയിൽ വൻ റാലിയാണ‌് നടന്നത‌്. പവൻ കല്യാണിന്റെ ജനസേന പാർടി ഈ ആവശ്യങ്ങളോട‌് യോജിപ്പ‌് പ്രകടിപ്പിക്കുകയും തെരഞ്ഞെടുപ്പിനെ ഒന്നിച്ച‌് നേരിടാമെന്ന‌് അറിയിക്കുകയും ചെയ‌്തു. ഇതനുസരിച്ച‌് ആന്ധ്രപ്രദേശിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമുള്ള ബദൽ പരിപാടിക്ക‌് രൂപംനൽകി. മൂന്ന‌് പാർടികളുടെയും നേതാക്കൾ രണ്ടാംവട്ടവും ചർച്ച നടത്തി. ഫെബ്രുവരി അവസാനത്തോടെ സീറ്റുധാരണയാകും.

എൻഡിഎ ഘടക കക്ഷിയായിരുന്ന തെലുഗുദേശം പാർടി ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചാണ‌് തെരഞ്ഞെടുപ്പിനെ നേരിടുന്നത‌്. വിഭജിക്കുമ്പോൾ പ്രത്യേക സംസ്ഥാന പദവി നൽകാമെന്ന‌് യുപിഎ സർക്കാർ വാഗ‌്ദാനം ചെയ‌്തിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുമ്പോൾ  പ്രത്യേക പദവി നൽകാമെന്ന‌് ബിജെപിയും വാഗ‌്ദാനം ചെയ‌്തു. എൻഡിഎ ഭരണത്തിൽ പതിനാലാം ധന കമ്മീഷൻ ആന്ധ്രപ്രദേശിന‌് പ്രത്യേക പദവിയെന്ന ആവശ്യം നിരസിച്ചു. വടക്കുകിഴക്കൻ മേഖലയിൽ മാത്രമേ ഇത‌് നൽകാനാവൂ എന്നായിരുന്നു നിലപാട‌്. ഇതിനെതിരെ ആന്ധ്രയിലുണ്ടായ ജനവികാരത്തിന്റെ മുന്നിൽനിന്ന‌് തെരഞ്ഞെടുപ്പ‌് നേട്ടംകൊയ്യാനുള്ള ശ്രമത്തിലാണ‌് ഭരണകക്ഷിയായ ടിഡിപി.

എൻഡിഎ മന്ത്രിസഭയിൽ തെലുഗുദേശം മന്ത്രിമാരായിരുന്ന അശോക‌് ഗജപതിരാജു, സത്യനാരായണ ചൗധരി എന്നിവരും ആന്ധ്രപ്രദേശ‌് മന്ത്രിസഭയിൽനിന്ന‌് ബിജെപി മന്ത്രിമാരും രാജിവെച്ചിരുന്നു. വൈഎസ‌്ആർ കോൺഗ്രസ‌് ആന്ധ്രവികാരം ഉയർത്താൻ ശ്രമിക്കുന്നുവെങ്കിലും വേണ്ടത്ര ഫലിക്കുന്നില്ല.

ആന്ധ്രപ്രദേശിലെ സിംഗപ്പൂരിനെപ്പോലെയാക്കുമെന്ന‌് വാഗ‌്ദാനം ചെയ‌്താണ‌് 2014ൽ ചന്ദ്രബാബു നായിഡു അധികാരത്തിലെത്തിയത‌്. ഹൈദരാബാദിന്റെ നഷ‌്ടം അമരാവതിയിലെ പുതിയ തലസ്ഥാനനഗരിയുടെ നിർമാണത്തോടെ പരിഹരിക്കുമെന്നും വാഗ‌്ദാനംചെയ‌്തു. രണ്ടും പാലിക്കപ്പെട്ടില്ല. കർഷകർക്ക‌് കടാശ്വാസം, കൃഷിക്ക‌് ഒൻപത‌് മണിക്കൂർ സൗജന്യ വൈദ്യുതി, 50 വയസിനു മുകളിലുള്ള പട്ടികവർഗക്കാർക്ക‌് 1000 രൂപ പെൻഷൻ, പാവപ്പെട്ട മുസ്ലിം പെൺകുട്ടികൾക്ക‌് വിവാഹത്തിന‌് 50000 രൂപ ധനസഹായം, തൊഴിലില്ലായ‌്മ വേതനം 1000ൽ നിന്ന‌് 2000 രൂപയാക്കും തുടങ്ങി നിരവധി വാഗ‌്ദാനങ്ങൾ നായിഡു നൽകിയിരുന്നു. ഇവയൊക്കെ ഭാഗികമായാണ‌് നടപ്പാക്കിയത‌്. 24000 കോടി രൂപയുടെ കടാശ്വാസം ഇതിനകം നൽകിയെന്ന‌് മുഖ്യമന്ത്രി അവകാശപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ‌് പാട്ട കർഷകർക്ക‌് പ്രതിവർഷം 10000 രൂപ കേന്ദ്രസഹായത്തോടെ ലഭ്യമാക്കുന്ന ധനസഹായ പദ്ധതി പ്രഖ്യാപിച്ചത‌്. പാട്ട കർഷകർക്ക‌് കൃഷിക്ക‌് ധനസഹായവും ആശ്വാസപദ്ധതികളും ആവശ്യപ്പെട്ട‌് സിപിഐ എം കൃഷ‌്ണ–-ഗോദാവരി, പെണ്ണ നദീതട മേഖലയിൽ വലിയ സമരം നടത്തിയിരുന്നു. തൊഴിലില്ലായ‌്മ വേതനം 1000 രൂപയിൽ നിന്ന‌് 2000 രൂപയാക്കി വർധിപ്പിച്ചതും ഈ മാസമാണ‌്. വൈഎസ‌്ആർ കോൺഗ്രസ‌് നവരത്നങ്ങളെന്ന പേരിലാണ‌് വാഗ‌്ദാനങ്ങൾ മുന്നോട്ടുവയ‌്ക്കുന്നത‌്.

ആന്ധ്രപ്രദേശിലെ ഭൂരിപക്ഷം കർഷകർക്കും തൊഴിലാളികൾക്കും ഗുണകരമായ നയപരിപാടികളൊന്നും തെലുഗുദേശവും വൈഎസ‌്ആർ കോൺഗ്രസും ആവിഷ‌്കരിക്കാൻ തയ്യാറല്ല. തെലുഗുദേശവും കോൺഗ്രസും തമ്മിലുള്ള ധാരണ ആന്ധ്രപ്രദേശിൽ യാഥാർഥ്യമാകുമോ എന്നാണ‌് എല്ലാവരും ഉറ്റുനോക്കുന്നത‌്. അല്ലെങ്കിൽ തെലുഗുദേശം, വൈഎസ‌്ആർ കോൺഗ്രസ‌്, കോൺഗ്രസ‌്, ഇടതുപാർടികളും ജനസേന പാർടിയും, ബിജെപി എന്നിങ്ങനെ വ്യത്യസ‌്ത രാഷ‌്ട്രീയ ശക്തികളാകും തെരഞ്ഞെടുപ്പിനെ നേരിടുക.


പ്രധാന വാർത്തകൾ
 Top