28 May Thursday

സ്‌നേഹത്തിന്റെ നറുനിലാവ്‌

ഇബ്രാഹിം വെങ്ങരUpdated: Tuesday Apr 7, 2020

ഭാര്യ ഭാരതിക്കൊപ്പം


 1957-‐ ദീർഘ    യാത്രകൾക്കിടയിൽ കൊച്ചിയിൽ വെച്ചാണ് അർജുനൻ മാഷെ പരിചയപ്പട്ടത്. 1964-ൽ  സി കെ രവീന്ദ്രൻ എഴുതി സംവിധാനം ചെയ്ത "യന്ത്രങ്ങൾ" നാടകത്തിന്റെ  സംഗീത സംവീധാനം മാഷായിരുന്നു. അന്നു മുതലുള്ള ബന്ധം ഒരിക്കൽ പോലും മുറിഞ്ഞില്ല. 1968-ൽ അദ്ദേഹം ആദ്യമായി സംഗീത സംവീധാനം ചെയ്ത "കറുത്ത പൗർണമി’ റിക്കോഡിങിന്‌  നിഴലുപോലെ ഞാനുമുണ്ടായി മദിരാശിയിലെ ശാരദ സ്റ്റുഡിയോയിൽ. ഗായകൻ യേശുദാസ്‌. മാഷെ  അസിസ്‌റ്റ്‌  ചെയ്തത് ആർ  കെ ശേഖറും.  1985-ൽ  ഞാൻ  ചിരന്തന തിയറ്റർ ആരംഭിച്ചപ്പോൾ അന്നുതൊട്ട് 2012വരെ എല്ലാ നാടകങ്ങൾക്കും സംഗീത സംവീധാനം മാഷായിരുന്നു.

മാഷ് ആകാശത്തോളം വലുതാണെങ്കിലും പുൽക്കൊടിയോളം ചെറുതാകാനായിരുന്നു ഇഷ്ടം. താൻ മറ്റുള്ളവർക്ക് ചെയ്തു കൊടുത്തതൊന്നും പാടിനടക്കുന്ന സ്വഭാക്കാരനായിരുന്നില്ല  അദ്ദേഹം. സ്നേഹം കൊണ്ടുനിർമിച്ച ഒരാൾരൂപം എന്നാണ്‌ ഏറ്റവും അടുപ്പമുള്ളവർ മാഷെ അടയാളപ്പെടുത്തിയത്‌.

ആർ കെ ശേഖർ മരിച്ചപ്പോൾ ആ കുടുംബത്തിന്റെ അത്താണിയായിരുന്നു മാഷ്. എ ആർ  റഹ്മാൻ കൊച്ചിൽ വന്നാൽ ആദ്യം വിളിക്കുക അദ്ദേഹത്തെ. കഞ്ഞിയും, ഉണക്കച്ചെമ്മീൻ ചമ്മന്തിയുമായി ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് കയറിപ്പോകുന്ന മാഷെ  ഒന്നോർത്തു നോക്കൂ. നാടകത്തെയും  സംഗീതത്തെയും ഇത്രയും ലയിപ്പിച്ച ഒരു സംഗീത സംവിധായകനെ എനിക്ക് പരിചയമില്ല.

മാഷ് സംഗീതം പഠിച്ചത് ദന്തഗോപുരവാസിയായിട്ടല്ല.  വിശപ്പിന്റെ കൊടുമുടിയിൽ സീ പോർട്ടിൽ ചായപ്പൊടിപ്പെട്ടി ചുമക്കാൻ പോയി. അർജുനനെ അറിയുന്നവർ അവിടെനിന്നു പിടിച്ചുകൊണ്ടുപോകും. ആ ഘട്ടത്തിലാണ് ഞാൻ പരിചയപ്പെടുന്നത്.    കൊല്ലം കാളീദാസ കേന്ദ്രത്തിൽ ഒരു ഹാർമോണിസ്‌റ്റിനെ ആവശ്യമുണ്ടെന്നറിഞ്ഞു. ദേവരാജൻ മാഷായിരുന്നു സംഗീത സംവിധായകൻ.അവിടെനിന്നുള്ള വളർച്ചയായിരുന്നു പിന്നീടുള്ള അർജുനൻ മാഷ്.


പ്രധാന വാർത്തകൾ
 Top