23 May Thursday

സൂര്യനെ ചുംബിക്കാൻ....

ഡോ. പി എം സിദ്ധാർഥൻUpdated: Wednesday Aug 29, 2018

 നമ്മുടെ നിലനിൽപ് സൂര്യനെ ആശ്രയിച്ചാണെന്ന് ചരിത്രാതീതകാലംതൊട്ടേ മനുഷ്യർ മനസ്സിലാക്കിയിട്ടുണ്ടാവണം. ഉദയസൂര്യന്റെ പ്രഭാവമോ അസ്തമയ സൂര്യന്റെ മനോഹാരിതയോ ആസ്വദിക്കാത്തവർ ഉണ്ടാകില്ല. നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രമാണ് സൂര്യൻ. സൂര്യന്റെ അതിവിശാലമായ സ്വാധീനമേഖലയിലാണ് നമ്മുടെ ഭൂമിയും നമ്മളും ഉള്ളത്. അതിനാൽ സൂര്യനെക്കുറിച്ചുള്ള ഏതറിവും നമുക്ക് ഗുണംചെയ്യും. സൂര്യനെക്കുറിച്ച് ഒരമ്പതുകൊല്ലം മുമ്പുള്ളതിനേക്കാൾ എത്രയോ മടങ്ങ് അറിവ് നമുക്കിപ്പോൾ ഉണ്ട്. എങ്കിലും ഇനിയും എത്രയോ പുതിയ കാര്യങ്ങൾ അറിയാനുമുണ്ട്. ആ അറിവ് തേടിയുള്ള യാത്രയിലെ ഏറ്റവും പുതിയ ഉപകരണമാണ് നാസയുടെ പാർക്കർ സോളാർ പ്രോബ്. സൂര്യനെ തൊടാനാണ് പാർക്കർ പ്രോബ് പോയിരിക്കുന്നത്. 

സൂര്യനെ തൊടലോ..?
സൂര്യനെ പഠിക്കാൻ ഇരുപതോളം ദൗത്യങ്ങൾ അയച്ചിട്ടുണ്ട്. മറ്റ് പര്യവേക്ഷണങ്ങൾക്കിടയിൽ സൂര്യനെ പഠിച്ച ആ ദൗത്യങ്ങളെയും കൂട്ടിയാൽ ആകെ 38നടുത്ത് വരും. പിന്നെ എന്താണ് പാർക്കർ ദൗത്യത്തിന്റെ പ്രാധാന്യം?
 സൂര്യന്റെ അതിഭീമമായ ഊർജപ്രസരണവും ചൂടും കാരണം മിക്ക ദൗത്യങ്ങളും സൂര്യനെ ദൂരെനിന്ന് നിരീക്ഷിക്കുകയാണ് പതിവ്. അടുത്തുപോയാൽ പൊള്ളും! പ്രസിദ്ധമായ സോഹോ എന്ന സ്പേസ് ക്രാഫ്റ്റ് സൂര്യനിൽനിന്ന്‌ 14കോടി 85ലക്ഷം കിലോമീറ്റർ ദൂരെനിന്നുകൊണ്ടാണ് സൂര്യനെ നിരീക്ഷിച്ചിരുന്നത്. ഭൂമിയിൽനിന്ന്‌ 15 ലക്ഷം കിലോമീറ്റർ അകലെ മാത്രം. സോഹോയുടെ പഠനങ്ങളെ കൂടുതൽ പരിശോധിക്കുകയാണ് പാർക്കറിന്റെ ലക്ഷ്യം. സൂര്യന്റെ ഏറ്റവും പുറത്തെ ഭാഗമായ കൊറോണയെക്കുറിച്ച് വിശദമായി പഠിക്കാനാണ് പാർക്കർ പ്രോബ് പോകുന്നത്*. അതിനാൽ പാർക്കർ പ്രോബിന് സൂര്യന്റെ 61ലക്ഷം കിലോമീറ്റർ അടുത്തുവരെ പോകണം. സൂര്യന്റെ വളരെ അടുത്ത്!. ഇതിനേക്കാൾ സൂര്യന്റെ അടുത്ത് പോയവർ ചില വാൽനക്ഷത്രങ്ങൾ മാത്രമാണ്. അവയെ പിന്നെ ആരും കണ്ടിട്ടില്ല.
പാർക്കർ പ്രോബ് 
ഉരുകിപ്പോകുമോ..?
സൂര്യന്റെ ഇത്രയും അടുത്തുപോകുന്ന പാർക്കർ പ്രോബ് ചൂടിൽ ഉരുകിപ്പോകില്ലേ? സൂര്യന്റെ കൊറോണയിലെ താപമാനം ഏകദേശം 15ലക്ഷം ഡിഗ്രി സെൽഷ്യസ് ആണെന്നോർക്കുക. ഉപകരണങ്ങൾ തകരാറാവാതിരിക്കാൻ മൂന്ന് സംവിധാനങ്ങൾ സ്പേസ് ക്രാഫ്റ്റിൽ ഉണ്ട്. 
1. താപകവചം: കാർബൺ സംയുക്തങ്ങൾ കൊണ്ടുണ്ടാക്കിയ നാലര ഇഞ്ച് കനമുള്ള മുൻഭാഗത്ത് വെള്ളപൂശിയ താപകവചം സൂര്യ താപത്തെ തടുത്ത് നിർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. 
2. സ്പേസ് ക്രാഫ്റ്റിലെ കംപ്യൂട്ടറും സംവേദനികളും ഉപഗ്രഹത്തിന്റെ ഏതെങ്കിലും ഭാഗത്ത് ചൂട് തട്ടുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കും. ചൂട് തട്ടുന്നുണ്ടെങ്കിൽ താപകവചത്തിന്റെ ദിശ കുറച്ചുമാറ്റി അത് ശരിയാക്കും. 
3. സോളാർ പാനലിന് പിൻഭാഗങ്ങളിൽകൂടിയും സ്പേസ് ക്രാഫ്റ്റിലെ പ്രധാനഭാഗങ്ങൾക്ക് ചുറ്റും ട്യൂബുകളിൽകൂടി വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നുണ്ട്. ഇത് ചൂട് കുറക്കാൻ സഹായിക്കും. ഇവ കൂടാതെ രണ്ട് പ്രധാന കാര്യങ്ങൾ കൂടിയുണ്ട്. (1). ചൂടും താപവും വ്യത്യസ്തമാണ്. ചൂട് 15ലക്ഷം ഡിഗ്രിയാണെങ്കിലും താപം വഹിച്ച് പോകുന്ന കണികകൾ വളരെ കുറവായിരിക്കും. അതിനാൽ സൂര്യതാപം ഉപഗ്രഹത്തിൽ എത്തുന്നത് കുറവായിരിക്കും. (2). ദീർഘവൃത്താകാരപഥത്തിൽ സഞ്ചരിക്കുന്ന പാർക്കർ പ്രോബ് ഓരോ യാത്രയിലും ഏകദേശംപത്തുദിവസം മാത്രമേ സൂര്യനടുത്ത് ഉണ്ടാവൂ. ഇതാണ് സൂര്യനെ 'തൊടൽ'. മറ്റ് സമയത്ത് സൂര്യനിൽനിന്ന് അകലെയായിരിക്കും.
  
* ദൗത്യത്തിന്റെ മറ്റൊരു ലക്ഷ്യം സൂര്യനിൽനിന്ന് സൗരവാതം  എങ്ങനെ ഉണ്ടാവുന്നു എന്ന് പഠിക്കലാണ്.
 
 
യൂജിൻപാർക്കർ
ചിക്കാഗോ സർവകലാശാലയിലെ ഭൗതികശാസ്‌ത്രജ്ഞൻ. 1958ൽ സുര്യനും നക്ഷത്രങ്ങളും എങ്ങനെ ഊർജം പ്രസരിപ്പിക്കുന്നു എന്നതിനെക്കുറിച്ച്‌ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. പ്ലാസ്‌മ കാന്തിക മണ്ഡലം, ഊർജസ്വലരായ കണങ്ങൾ എന്നിവയൊക്കെയുള്ള ഈ സങ്കീർണമായ പ്രതിഭാസത്തെ അദ്ദേഹം സൗരവാതം എന്നുവിളിച്ചു. സൂര്യന്റെ കൊറോണയുടെ ഉയർന്ന താപമാനം എങ്ങനെ സംഭവിക്കുന്നു എന്നും പാർക്കർ വിശദീകരിച്ചു. അദ്ദേഹത്തിന്റെ പേരാണ്‌ നാസ പുതിയ ദൗത്യത്തിന്‌ നൽകിയത്‌. 
പ്രധാന വാർത്തകൾ
 Top