18 February Monday

ഏകാന്തതയുടെ മഞ്ഞ്

ചന്ദ്രമതിUpdated: Sunday Jul 30, 2017

ഉള്ളിലുണ്ട് അവളിപ്പോഴും. എന്റെ ഉള്ളിന്റെ ഉള്ളിലെ ഘനീഭവിച്ച ഏകാന്തതയായി. അവള്‍ ആര്യ. 'ആര്യാവര്‍ത്തന'ത്തിലെ ആര്യ. പതിനെട്ടുവര്‍ഷത്തെ നീണ്ട മൌനത്തിനുശേഷം എഴുത്തിലേക്കുള്ള രണ്ടാംവരവിലാണ് അവള്‍ മനസ്സിലേക്ക് കയറിക്കൂടിയത്. കുടുംബത്തില്‍, സമൂഹത്തില്‍, എന്തിന് തന്നില്‍ത്തന്നെയും ഒറ്റപ്പെടുന്ന പെണ്ണ്. ഏത് ആള്‍ക്കൂട്ടത്തിലും അവളില്‍ അജ്ഞാതമായ കാരണങ്ങളാല്‍ ഏകാന്തതയുടെ മഞ്ഞ് നിറയും. ആര്യ എല്ലാ സ്ത്രീയിലും ആവര്‍ത്തിക്കപ്പെടുന്നു. എല്ലാ കാലത്തും അവളുണ്ട്.

നോവലോ നോവലെറ്റോ ആയി അത് എഴുതണം എന്നായിരുന്നു ആദ്യം തോന്നിയത്. പക്ഷേ നോവല്‍ എഴുതാനുള്ള അക്ഷമയും മടിയും ഒക്കെ പിടികൂടി. കഥയില്‍ അല്‍പ്പംകൂടി ഉറയ്ക്കട്ടെ എന്നും തോന്നിയിട്ടുണ്ടാകണം. ആര്യ മനസ്സിന്റെ നീറ്റലായി കിടക്കുമ്പോള്‍ത്തന്നെ മറ്റൊരു കഥ എഴുതുകയും ചെയ്തു- ദേവിഗ്രാമം.

എഴുത്തിന്റെ വഴികള്‍ വിചിത്രങ്ങളാണ്. കണ്ടും കേട്ടും വായിച്ചും അറിഞ്ഞവര്‍ കഥാപാത്രങ്ങളായി മുന്നില്‍ വന്നുനില്‍ക്കും. അവര്‍ക്ക് കഥകളുണ്ടാകും, എന്നിലൂടെ പറയാന്‍. ചിലര്‍ പലരാണ്. പലരുടെ വ്യക്തിത്വങ്ങള്‍കൂടി ചേര്‍ന്ന് ഒന്നായവര്‍. അങ്ങനെ വേഷപ്രച്ഛന്നരായി അവര്‍ പ്രത്യക്ഷപ്പെടും.

കഥകള്‍ ജനിക്കുന്നത് കുട്ടികള്‍ ജനിക്കുമ്പോലെയാണ്. ജനിച്ച ഉടന്‍ നാം അവരെ പുറത്തുകാണിക്കാറില്ല. തുടച്ചുമിനുക്കി പുതിയ വെള്ളത്തുണിയില്‍ പൊതിഞ്ഞാണല്ലോ നവജാതശിശുക്കളെ പ്രസവമുറിയുടെ പുറത്തെത്തിക്കാറുള്ളത്. അതുപോലെ ആണ് കഥകളും. ഒന്നാം എഴുത്തില്‍ എല്ലാം പച്ചയായി കിടക്കും. ജീവിതത്തില്‍നിന്നുള്ള മോഡലുകള്‍ ചിലപ്പോള്‍ അതില്‍ അങ്ങനെതന്നെ ഉണ്ടാകാം. പക്ഷേ പിന്നീടുള്ള മിനുക്കുപണികളില്‍ അതൊക്കെ മാറിയേക്കാം.

കഥയാണ് എന്റെ മാധ്യമം എന്ന് അറിയായ്കയല്ല. എങ്കിലും ചില നോവല്‍പദ്ധതികള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. മടിയുടെ പുതപ്പിനുള്ളില്‍ പനി നടിച്ചിരിക്കുന്നതിലെ സുഖത്തില്‍ നോവല്‍ എഴുത്ത് അകന്നകന്നുപോയി. സമയം കടന്നുപോകുന്നു എന്ന അപായസൂചന കേള്‍ക്കുന്നുണ്ട്.

ചന്ദ്രമതി

ചന്ദ്രമതി

അടുത്തകാലത്ത് ഒരു ലേഖനം തയ്യാറാക്കുന്നതിനിടയില്‍ ടോള്‍സ്റ്റോയിയുടെ ഭാര്യ സോഫിയ ടോള്‍സ്റ്റോയിയെക്കുറിച്ച് വായിക്കാനിടയായി. പത്തൊമ്പതാം വയസ്സില്‍ ടോള്‍സ്റ്റോയിയുടെ ജീവിതത്തിലേക്ക് കടന്നുവന്നവള്‍. മഹാപ്രതിഭയായ എഴുത്തുകാരന്റെ പതിമൂന്നുമക്കളെ പ്രസവിച്ച സ്ത്രീമാത്രമായിരുന്നില്ല അവര്‍. ടോള്‍സ്റ്റോയിയുടെ സര്‍ഗാത്മകതയുടെ പ്രകാശന നിമിഷങ്ങളുടെ ഏകസാക്ഷികൂടി ആയിരുന്നു. വാര്‍ ആന്‍ഡ് പീസും അന്ന കരിനീനയും ഒക്കെ എത്രതവണ അവര്‍ പകര്‍ത്തിയെഴുതി. അര്‍ധരാത്രിയുടെ നിശ്ശബ്ദതയില്‍ കുട്ടികളും ജോലിക്കാരും എല്ലാം ഉറങ്ങിയശേഷം എഴുത്തുമുറിയില്‍ കത്തിച്ച മെഴുതിരികള്‍ക്കിടയില്‍ അവര്‍ ഉറങ്ങാതിരുന്നു ജോലിചെയ്തത് മാസങ്ങളോളം. തന്റെ ജീവിതം സോഫിയയുടെ ഡയറിക്കുറിപ്പുകളില്‍ നമുക്കു വായിക്കാം. 1862 മുതല്‍ 1919 വരെ എഴുതപ്പെട്ട ആ കുറിപ്പുകളിലൂടെ കടന്നുപോയപ്പോള്‍ അര്‍ഹിക്കുംവിധം അടയാളപ്പെടാതെപോയ ഒരു സ്ത്രീജീവിതത്തെ ഞാന്‍ കണ്ടു. സോഫിയ മനസ്സിലുണ്ട്. ഞാനാണ് അവരെപ്പറ്റി എഴുതേണ്ടതെങ്കില്‍ അത് സംഭവിക്കും.

സോഫിയ ടോള്‍സ്റ്റോയിയെ വായിക്കുമ്പോള്‍ ചതുരംഗപ്പലകയില്‍നിന്ന് വിരല്‍കൊണ്ട് തട്ടിത്തെറിപ്പിക്കപ്പെട്ട കരുപോലെ ഞാന്‍ തെറിച്ചുപോയി. അത്ര വൈകാരികവിസ്ഫോടനം ഉണ്ടാക്കാന്‍ അതിന് കഴിഞ്ഞു. ടോള്‍സ്റ്റോയി കുടുംബം എഡിറ്റ് ചെയ്തശേഷമാണ് സോഫിയയുടെ ഡയറി പ്രസിദ്ധീകരിച്ചത്. എന്നിട്ടുപോലും അതിശക്തമായ രചനയായി അത് നില്‍ക്കുന്നു.

എഴുത്തില്‍ മടിയുണ്ടെങ്കിലും വായനയില്‍ അങ്ങനെ അല്ല. എം ടി ആയിരുന്നു ആദ്യകാലമാതൃക. അദ്ദേഹത്തെ പോലെ ആകുക എന്നതൊക്കെ ആയിരുന്നു അന്നത്തെ സ്വപ്നം. ഭീമനും സേതുവും ഒക്കെ പ്രിയപ്പെട്ട എം ടി കഥാപാത്രങ്ങള്‍. എം മുകുന്ദന്റെ 'ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുമ്പോളി'ല്‍ അവനും അവളും ഹരിദ്വാറില്‍ ഒരു മരത്തില്‍ റിബന്‍ കെട്ടി പ്രാര്‍ഥിക്കുന്ന ഭാഗമുണ്ട്. അവള്‍ പ്രാര്‍ഥിക്കുന്നത് കാമുകന് വേണ്ടി. അവനോ? വിശ്വത്തിന് മൊത്തം വേണ്ടി ആണ് പുരുഷപ്രാര്‍ഥന. രണ്ട് കാഴ്ചപ്പാടുകള്‍. എനിക്ക് അവളോട് സഹതാപം തോന്നി. അവളുടെ ലോകം അയാള്‍ മാത്രമാണല്ലോ. പിന്നീട് അവളില്ലാതെ ഭ്രാന്തനെ പോലെ അവന്‍ വീണ്ടും ഹരിദ്വാറിലേക്ക് വരുകയാണ്. മുകുന്ദന്റെതന്നെ 'മുണ്ഡനം ചെയ്യപ്പെട്ട ജീവിത'ത്തില്‍ ദാഹജലം കൊടുത്തതിന്റെപേരില്‍ അപമാനിക്കപ്പെടുന്ന കഥാപാത്രം മനസ്സില്‍ മായാതെ ഉണ്ട്. ദാഹിക്കുന്നവര്‍ക്ക് വെള്ളം കൊടുക്കാന്‍ നീ ആര്‍ എന്ന ചോദ്യമാണ് അയാളോട് ഉന്നയിക്കപ്പെടുന്നത്. ഇങ്ങനെ മറ്റുള്ള എഴുത്തുകാരുടെ കഥാപാത്രങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങിയാല്‍ തീരില്ല.

പ്രധാന വാർത്തകൾ
 Top