26 May Tuesday

റസിയ സുൽത്താൻ- ആസക്തികളുടെ വീഞ്ഞുപാത്രം

കെ ബി വേണു venukarakkatt@gmail.comUpdated: Sunday Mar 29, 2020

റസിയ സുൽത്താനിൽ ‌‌ധർമേന്ദ്രയും ഹേമമാലിനിയും

റസിയയുടെ വംശവേരുകള്‍ പടര്‍ന്ന തുര്‍ക്കിമുതല്‍ ഭാരതദേശം വരെയുള്ള സഞ്ചാരപഥത്തിനിടയിലെ നിരവധി രാജ്യങ്ങളുടെ പരമ്പരാഗത സംഗീതധാരകള്‍ ഈ ഗാനത്തെ സ്വാധീനിച്ചിട്ടു ണ്ടെന്ന് ഖയ്യാം പറയുന്നു

 

പർദ ഉൾപ്പെടെ യാഥാസ്ഥിതിക പാരമ്പര്യങ്ങൾ പലതും ഉപേക്ഷിച്ചാണ് ജലാലത്–-ഉദ്–-ദിൻ റസിയ എന്ന യുവസുന്ദരി 1236 നവംബറിൽ ഡൽഹിയിൽ അധികാരമേറ്റത്. 1206 മുതൽ 1290 വരെ ഇൻഡ്യ ഭരിച്ച അടിമരാജവംശത്തിന്റെ സ്ഥാപകൻ കുതുബുദിൻ ഐബക്കിന്റെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകനെ തോൽപ്പിച്ച് സുൽത്താനായ ഇൽത്തുമിഷിന്റെ പ്രിയപുത്രിയായിരുന്നു റസിയ. അധികാരപ്പോരാട്ടങ്ങളുടെ ചോരക്കഥകൾ റസിയയുടെ സിംഹാസനാരോഹണത്തിന്‌ പിറകിലുമുണ്ട്. "റസിയ സുൽത്താൻ' എന്ന പുരുഷനാമമായിരുന്നു ഡൽഹി ഭരിച്ച സുൽത്താൻ പരമ്പരകളിലെ ആദ്യത്തെ രാജ്ഞിക്കിഷ്ടം. "റസിയ സുൽത്താന' എന്ന സ്ത്രൈണനാമത്തിലെ വിധേയത്വം അവർ തിരിച്ചറിഞ്ഞിരുന്നു. "സുൽത്താന' എന്നാൽ സുൽത്താന്റെ ഭാര്യ അല്ലെങ്കിൽ വെപ്പാട്ടിമാത്രം; രാജ്ഞിയല്ല. ലിംഗപരമായ അസമത്വത്തിനെതിരെയുള്ള ചെറുത്തുനിൽപ്പ്‌ മരിക്കുംവരെ റസിയക്ക് തുടരേണ്ടിയിരുന്നു. തുർക്കി വംശപാരമ്പര്യത്തിൽ അഭിമാനിക്കുന്ന പ്രഭുക്കൻമാർ ഭരണത്തെ സ്വാധീനിച്ചിരുന്ന അക്കാലം പുരുഷമേധാവിത്വത്തിന്റേതായിരുന്നു. ഭരണം സുതാര്യമാക്കാനുള്ള ശ്രമങ്ങൾ റസിയയെ പ്രഭുക്കളുടെ ശത്രുവാക്കി. പോരാത്തതിന് ആയോധനകല പഠിപ്പിക്കാനെത്തിയ ജമാലുദ്ദീൻ യാകൂത് എന്ന ആഫ്രിക്കൻ അടിമയുമായി റസിയക്ക് ഗാഢപ്രണയവുമുണ്ടായിരുന്നു. റസിയയെ ഒളിഞ്ഞും തെളിഞ്ഞും കാമിച്ചിരുന്ന പ്രഭുക്കൻമാരുടെ പക ആളിക്കത്തിക്കാൻ ഈ ബന്ധം സൃഷ്ടിച്ച ലൈംഗിക അസൂയ കാരണമായി.

 
ചരിത്രത്തിൽ വിശദരേഖകളില്ലാത്ത ഈ രാജ്ഞിയുടെ ജീവിതത്തിലെ ഒരു പ്രക്ഷുബ്ധ കാലഘട്ടമാണ് കമാൽ അംരോഹിയുടെ റസിയ സുൽത്താൻ (1983) എന്ന സിനിമയുടെ പ്രമേയം. ചരിത്രകഥകളിൽപ്പോലും സംവിധായകർ കൈക്കൊള്ളാറുള്ള ആവിഷ്കാരസ്വാതന്ത്ര്യം അംരോഹിയും യഥേഷ്ടം പ്രയോഗിച്ചു–- വിശേഷിച്ചും റസിയയുടെ പ്രണയകഥയിൽ. കാലത്തെ അതിജീവിക്കുന്ന പാട്ടുകൾകൊണ്ട്‌ സമൃദ്ധമായ മഹൽ (1949), പകീസാ (1972) എന്നീ സിനിമകൾ സൃഷ്ടിച്ച അംരോഹി ഏഴ്‌ വർഷമെടുത്തു, റസിയ സുൽത്താൻ പൂർത്തിയാക്കാൻ. അക്കാലത്ത് പത്തു കോടി രൂപയോളം ചെലവഴിച്ച സിനിമ ബോക്സോഫീസിൽ തകർന്നതിൽ റസിയയുടെ വേഷമിട്ട "സ്വപ്‌നസുന്ദരി' ഹേമമാലിനിയുടെ ശരാശരിയിലും താഴെനിൽക്കുന്ന പ്രകടനത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. മേലാസകലം കറുപ്പുചായം തേച്ച് യാകൂത് എന്ന അബിസീനിയൻ അടിമയായെത്തിയ ധർമേന്ദ്രയ്ക്കുമുണ്ടായില്ല കൈയടി.
 
എങ്കിലും ഉന്നതനിലവാരമുള്ള ഗാനങ്ങളുടെ പേരിൽ റസിയ സുൽത്താൻ ഓർമിക്കപ്പെടും. തൊട്ടതെല്ലാം പൊന്നാക്കിയ ഖയ്യാം ആണ് ഗാനശിൽപ്പി. അക്കാലത്ത് ഏറ്റവും ജനപ്രിയരായിരുന്ന ലക്ഷ്മീകാന്ത്–-പ്യാരേലാൽമാരെ ഒരഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ഒഴിവാക്കിയാണ് അംരോഹി ഖയ്യാമിനെ തെരഞ്ഞെടുത്തത്. ഐ ദിൽ എ നാദാൻ, ചൂം കര് രാത് ജോ സുലായേഗി, ജല്താ ഹേ ബദൻ (ലത മങ്കേഷ്കർ), ആയീ സംജീര് കി ഝംകാർ, തേരാ ഹിജ്ര് മേരാ നസീബ് ഹേ (കബൻ മിർസ), ഹരിയാലാ ബൻനാ ആയേ രേ (ആശ ഭോസ്ലേ, ജഗ്ജിത് കൗർ), ഐ ഖുദാ ശുക്ര് തേരാ (ഭൂപീന്ദർ സിങ്, മഹേന്ദ്ര കപൂർ) തുടങ്ങിയ ഗാനങ്ങളിലൂടെ ഖയ്യാം റസിയ സുൽത്താന്റെ ശബ്ദപഥം സംഗീതസാന്ദ്രമാക്കി.
 
നാല്‌ പതിറ്റാണ്ടോളം ഉറുദു–-ഹിന്ദി ഗാനലോകത്ത്‌ നിറഞ്ഞുനിന്നിരുന്ന ജാൻ നിസാർ അഖ്തർ അവസാനമായെഴുതിയ "ഐ -ദിൽ–- എ–-നാദാൻ' തന്നെയാണ് സിനിമയുടെ പൊൻകിരീടം. ചിത്രം പുറത്തുവന്നത് 1983ലാണെങ്കിലും ഏഴുവർഷം മുമ്പുതന്നെ ഈ ഗാനം റെക്കോഡ് ചെയ്തിരുന്നു. ബോളിവുഡിലെ ചലച്ചിത്രപ്രവർത്തകർ പലരും പാട്ടിൽ മയങ്ങിവീണു. കഭീ കഭീയിലെ (1976) ഗാനങ്ങളൊരുക്കാൻ യശ് ചോപ്ര ഖയ്യാമിനെ ക്ഷണിച്ചത് "ഐ ദിൽ–- എ–-നാദാൻ' കൊളുത്തിയ അപ്രതിരോധ്യപ്രലോഭനം കൊണ്ടായിരുന്നു. റസിയയുടെ വംശവേരുകൾ പടർന്ന തുർക്കിമുതൽ ഭാരതദേശംവരെയുള്ള സഞ്ചാരപഥത്തിനിടയിലെ നിരവധി രാജ്യങ്ങളുടെ പരമ്പരാഗത സംഗീതധാരകൾ ഈ ഗാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഖയ്യാം പറയുന്നു–-""റസിയയുടെ മനസ്സിലെ സംഘർഷമാണ് ആ പാട്ടിന്റെ സത്ത. അവളിലെ സ്ത്രീ ഒരടിമയുമായുള്ള ഗാഢാനുരാഗത്തിന്റെ തടവിലാണ്. പക്ഷേ, ആ ബന്ധത്തെ മറികടക്കാനാണ് റസിയയിലെ രാജ്ഞി ശ്രമിക്കുന്നത്.''
 
കബൻ മിർസയും കമാൽ അംരോഹിയും

കബൻ മിർസയും കമാൽ അംരോഹിയും

ഹം ഭടക്തേ ഹേ, ക്യൂം ഭടക്തേ ഹേ ദശ്ത്–-ഒ–-സഹ്‌രാ മേ?/ഐസാ ലഗ്താ ഹേ മൗസ് പ്യാസീ ഹേ അപ്‌നേ ദരിയാ മേ / കൈസി ഉല്ഝന് ഹേ.. ക്യോം യെ ഉല്ഝന് ഹേ / ഏക് സായാ–-സാ രൂ–-ബ–-രൂ ക്യാ ഹേ/ഐ ദിൽ–-എ–-നാദാൻ, ഐ ദിൽ–-എ–-നാദാൻ/ആര്സൂ ക്യാ ഹേ? ജുസ്ത് ജൂ ക്യാ ഹേ?
ഈ മരുഭൂമിയുടെ വിജനതയിൽ ഞാൻ എന്തിനിങ്ങനെ അലഞ്ഞുനടക്കുന്നു? പിറന്ന കടലിൽത്തന്നെ ദാഹജലം തേടുന്ന തിരമാല പോലെ.. എന്തോ തേടുന്നു, എന്തോ കൊതിക്കുന്നു, പാവം ഹൃദയം.
സിന്ദ്ഗീ ജൈസേ ഖോയി ഖോയി ഹേ, ഹൈറാ ഹൈറാ ഹേ
 
""ജീവിതം എവിടെയോ നഷ്ടപ്പെട്ടതുപോലെ'' എന്നു പാടിക്കഴിഞ്ഞ് എതാനും നിമിഷത്തെ നിശ്ശബ്ദത.. പിന്നീട്,
യേ സമീൻ ഛുപ് ഹേ, ആസ്മാൻ ഛുപ് ഹൈ..
 
എന്ന് പാടി അൽപ്പനേരത്തെ മൂകതയ്ക്കുശേഷം റസിയയുടെ ഹൃദയമിടിപ്പുകൾപോലെ പതുക്കെ സജീവമാകുന്ന താളം.. ഇൻഡ്യൻ സിനിമാസംഗീത ചരിത്രത്തിൽ ഖയ്യാമിനെ അനശ്വരനാക്കാൻ ഇതൊക്കെ മതി.
 
സിതാറും സാരംഗിയും തബലയും മാത്രമുപയോഗിച്ച് വിസ്മയം തീർത്ത ""ജല്താ ബദൻ'', ഉറ്റതോഴി ഖാകൂനുമായി (പർവീൺ ബാബി) റസിയക്ക് സ്വവർഗാനുരാഗബന്ധമുണ്ടായിരുന്നു എന്ന് സൂക്ഷ്മമായി സൂചിപ്പിക്കുന്ന ""ചൂം കര് രാത് ജോ സുലായേഗി'' എന്നീ ഗാനങ്ങൾ ആസക്തിയുടെ വീഞ്ഞ്‌ പകരുന്നു. പക്ഷേ, കബൻ മിർസയുടെ അസാധാരണഗാംഭീര്യമുള്ള സ്വരത്തിൽ പിറന്ന രണ്ട്‌ പാട്ട്‌ യാകൂത് അനുഭവിക്കുന്ന അസ്തിത്വദുഃഖത്തിന്റെ മരുഭൂമിയിലൂടെയാണ് സഞ്ചരിക്കുന്നത്.
 
ഖുദാ ഖൈര് കരേ.. ആയീ സഞ്ജീര് കി ഝംകാര്..
ദിൽ ഹുവാ കിസ്കാ ഗിരഫ്താര് ഖുദാ ഖൈര് കരേ..
 
മനസ്സമാധാനം തരാൻ ദൈവത്തോട്‌ പ്രാർഥിക്കുകയാണ് കരുത്തനെങ്കിലും പ്രണയത്തിന്റെ തടവുകാരനായ യാകൂത്. ഈ ബന്ധം വരുത്തിവയ്ക്കാവുന്ന അപകടങ്ങളെക്കുറിച്ച് അയാൾക്കറിയാം. ഉറക്കമില്ലാത്ത രാത്രികളിൽ അയാൾ കേൾക്കുന്നത് ചങ്ങലക്കിലുക്കമാണ്.
ആകാശവാണിയിൽ അനൗൺസറായിരുന്ന കബൻ മിർസയുടെ ആലാപനം ധർമേന്ദ്രയുടെ ശബ്ദവുമായി അത്ഭുതകരമാംവിധം ചേർന്നുപോകുന്നതുകൊണ്ടാണ് യാകുത് എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇപ്പോഴും ഓർക്കുന്നതുതന്നെ. പ്രണയിനിയുമായി എക്കാലവും അകന്നിരിക്കുകയെന്ന വിധി അംഗീകരിക്കുന്ന യാകൂതിന്റെ വിരഹവും യാതനയും മറ്റൊരു ഗാനത്തിൽ മിർസ ആവിഷ്കരിക്കുന്നുണ്ട്. (തേരാ ഹിജ്ര് മേരാ നസീബ് ഹേ/തേരാ ഗം ഹി മേരീ ഹയാത് ഹേ..)
 
വിവിധ്ഭാരതി "ഗോൾഡൻ വോയ്സ്' പുരസ്കാരം നൽകി ആദരിച്ച, ശബ്ദഭംഗി ഉപജീവനമാർഗമാക്കിയ കബൻ മിർസ ശ്വാസനാളത്തിൽ അർബുദം ബാധിച്ച്, ഒന്നും ശബ്ദിക്കാനാകാതെ അവസാനകാലം കഴിച്ചുകൂട്ടി. റസിയ സുൽത്താനിലെ രണ്ടു ഗാനങ്ങളുടെ പേരിലാണ് മിർസ അറിയപ്പെടുന്നത്. പക്ഷേ, അറിയപ്പെടുന്ന പാട്ടുകാരുടെ ശബ്ദമാധുര്യത്തിനപ്പുറമാണ് പ്രണയച്ചൂടിൽ നീറുന്ന, അടിമബോധവും ആത്മഹത്യാത്വരയും വേട്ടയാടുന്ന ആ അടിമയുടെ പാട്ടിന് അദ്ദേഹം പകർന്ന വികാരവേപഥുപൂണ്ട ശബ്ദം.
പ്രധാന വാർത്തകൾ
 Top