25 April Thursday

പ്രണയം ശബ്ദമാകുന്ന നിമിഷങ്ങൾ

കെ ഗിരീഷ്‌Updated: Sunday Feb 25, 2018

തനിയെ എന്ന നാടകത്തിൽനിന്ന്‌

ചില നേരങ്ങളിൽ ഒരു ശബ്ദമാകും ജീവിതത്തിലേക്ക് തിരികെ കൈപിടിക്കുന്നത്. അവസാനിച്ചെന്ന് കരുതുന്നേടത്തുനിന്ന് വസന്തത്തിലേക്ക് ഒരു പിന്മടക്കം. എല്ലാ വാർധക്യത്തിലും മടുപ്പിലും ശബ്ദമായെങ്കിലും വരുന്ന പ്രണയത്തിന്റെ ഊർജം, അതിലൂടെ തിരിച്ചുപിടിക്കുന്ന ജീവിതം എല്ലാം അത്ഭുതമാണ്. പ്രണയം അത്ഭുതമാണ്. അത് ഇക്കാണുന്നതിനെല്ലാം അപ്പുറമാണ്. മതിലിനപ്പുറത്തെ നാരായണിയെപ്പോലെ, മടുപ്പിക്കുന്ന ഏകാന്തതയെ പ്രണയം ശബ്ദംകൊണ്ട് ഉത്സവമാക്കും. വാർധക്യത്തിൽനിന്ന് കൗമാരത്തിലേക്ക് മനസ്സുകൊണ്ട് തിരിച്ചുനടക്കും. മരണത്തെപ്പോലും മാറിനിൽക്കാൻ പ്രേരിപ്പിക്കും. ഏതു പ്രതിസന്ധികളിലേക്ക് വളരുമ്പോഴും ഓർക്കാതെ നാം അതോടൊപ്പം വളരും. മടുപ്പ്, ഏകാന്തത അത്രമേൽ ഭയാനകമായ ജീവിതമുഹൂർത്തമാണ്. 
ഉദിനൂർ എ കെ ജി കലാവേദിക്കുവേണ്ടി മുതിർന്ന നാടകപ്രവർത്തകൻ ഉദിനൂർ ബാലഗോപാലൻ അവതരിപ്പിക്കുന്ന ഏകപാത്രനാടകം 'തനിയെ ' കൈകാര്യംചെയ്യുന്നത് ഇത്തരമൊരു വിഷയമാണ്. സ്നേഹരഹിതമായ വർത്തമാനകാലമാണ് ഈ കണ്ണാടിയിൽ കാണുന്നത്. ജോലിത്തിരക്കുള്ള  മക്കൾ ഉപേക്ഷിച്ച ഒരു വ്യദ്ധനാണ് നാടകത്തിലെ മുഖ്യകഥാപാത്രം. മിണ്ടിപ്പറയാൻ ഒരാളില്ലാതെ നിറമുള്ള ചുമരുള്ള ഫ്ളാറ്റിൽ അയാളുടേത് തടവുജീവിതം. മൃഗശാലയിലെ മൃഗത്തെപ്പോലെ. സമയാസമയം എത്തുന്ന ഭക്ഷണം, മുറിയിലെ മറ്റ് ആധുനികസൗകര്യങ്ങൾ ഇവയൊന്നും ഒറ്റപ്പെടലിന്റെ വേദന ഇല്ലാതാക്കുന്നില്ല. ദുസ്സഹമായ ഈ ഏകാന്തതയിലേക്കാണ് ഒരു ശീതളസ്പർശമായി ഒരു പെൺശബ്ദം ഫോണിലൂടെ അയാളെ തേടിയെത്തുന്നത്. ഇതോടെ ആ ജീവിതം മാറുന്നു. കാത്തിരിക്കാൻ എന്തോ ഉണ്ടെന്ന തോന്നൽ, ഏകാന്തതയെ പ്രണയിക്കൽ അതൊക്കെയായി ജീവിതം പ്രണയഭരിതവും പ്രതീക്ഷാനിർഭരവുമാകുന്നു. അഴിച്ചാലും കിട്ടാത്ത ഒരു കുരുക്കായി ആ ബന്ധം സങ്കീർണമാകുന്നു.
ഇ- വി- ഹ-രി-ദാ-സ്-

ഇ- വി- ഹ-രി-ദാ-സ്-

ഏറെ വൈകാരികതകളുമായി മുന്നോട്ടുപോകുന്ന നാടകം ഏകപാത്രനാടകത്തിന്റെ ചട്ടക്കൂട് ഭേദിച്ചും വളരുന്നുണ്ട് ചിലപ്പോൾ. ലളിതമായ രംഗഭാഷ്യമാണ് നാടകത്തിന്റെ പ്രത്യേകത. രചനയും സംവിധാനവും ഇ വി ഹരിദാസ്. പി പി ജയൻ സംഗീതവും മനു നടക്കാവ് ദീപവിതാനവും നിർവഹിച്ചു. കല സുരഭി ഈയ്യക്കാട്, രംഗോപകരണം സുരേന്ദ്രൻ നടക്കാവ്, ശബ്ദം മഞ്ജു കഹാർ എന്നിവരും നിർവഹിച്ചു. 
കെപിഎസി അടക്കം കേരളത്തിലെ പ്രമുഖ കലാസമിതികളിൽ നടനായി പ്രവർത്തിച്ച ബാലഗോപാലന് കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് ലഭിച്ചു. 50 വർഷത്തിലധികമായി ഗ്രാമീണ നാടകവേദിയിലും സജീവം.
പ്രധാന വാർത്തകൾ
 Top