05 April Sunday

ജോഷ്വാ കാൾട്ടൺ എന്ന രൂപാന്തരം

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Feb 23, 2020

 കന്യാകുമാരിയിൽ മോട്ടിവേഷണൽ സ്‌പീക്കറായ വിജു പ്രസാദി (ഫഹദ് ഫാസിൽ) ന്റെ രൂപാന്തരമാണ്‌ ട്രാൻസ്. ആയിരക്കണക്കിനു വിശ്വാസികൾ പിന്തുടരുന്ന പാസ്റ്റർ (മതപ്രഭാഷകൻ) ജോഷ്വാ കാൾട്ടണിലേക്കുള്ള വിജു പ്രസാദിന്റെ വളർച്ചയും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് ഇതിവൃത്തം. മതമെന്ന  വീര്യമേറിയ മയക്കുമരുന്നിനെ കൃത്യമായ കോർപറേറ്റ് പ്ലാനിങ്ങിലൂടെ ആളുകളിലേക്ക് കുത്തിവയ്‌ക്കുന്ന സമകാലിക ലോകകാഴ്‌ചയാണ് സംവിധായകൻ അൻവർ റഷീദ് പ്രേക്ഷകരിലേക്ക് തുറന്നിടുന്നത്.

 

ഏഴാണ്ടിനുശേഷമെത്തുന്ന അൻവർ റഷീദ് ചിത്രം, അമൽ നീരദിന്റെ ക്യാമറ, ഫഹദ്-–-നസ്റിയ കൂട്ടുകെട്ട് തുടങ്ങി കച്ചവടസിനിമയുടെ സാധ്യതകളെ നന്നായി ഉപയോഗപ്പെടുത്താവുന്ന നിരവധി ഘടകങ്ങളുണ്ട്‌ ട്രാൻസിൽ. എന്നാൽ, മലയാളത്തിന്‌ പരിചിതമല്ലാത്ത  പുതിയ കാഴ്‌ചശൈലിയെ പരിചയപ്പെടുത്തുന്നതിനൊപ്പം വളരെ പ്രകടവും വാചാലവുമായ ശബ്ദത്തിന്റെയും നിറങ്ങളുടെയും ആവിഷ്‌കാരം കൂടിയാണ് ഈ സിനിമ. ടൈറ്റിലിങ്ങിൽ തുടങ്ങുന്ന ഈ തെര‍‍‍ഞ്ഞെടുപ്പ് സിനിമയിലുടനീളമുണ്ട്. അതിനാൽത്തന്നെ എല്ലാവരുടെയും കപ്പിലെ കാപ്പിയായി ട്രാൻസ് മാറില്ല.

പലപ്പോഴും സിനിമയിൽ തമാശയായിമാത്രം കാണിച്ചിരുന്ന വിഷയത്തിന്റെ അപകടകരമായ വശത്തിലാണ് ട്രാൻസിന്റെ ഊന്നൽ. ഏറ്റവും വിപണിസാധ്യതയുള്ളവയിലാണ് കോർപറേറ്റ് കണ്ണ്. അത് സ്വാഭാവികമായും മതമെന്ന വലിയ സാധ്യതയിലുമെത്തും. പ്രഭാഷകനിൽനിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, വലിയ കമ്പനികളിലെ നിക്ഷേപങ്ങൾ, ഇതിനെല്ലാം മറയായി നിൽക്കുന്ന അനാഥാലയങ്ങൾ തുടങ്ങിയ സേവനകേന്ദ്രങ്ങളുടെ കച്ചവട സാധ്യതയാണ്‌ സിനിമയിൽ നിറയുന്നത്‌. പാസ്റ്ററിന്റെ കഥാപാത്രത്തിലൂന്നിയാണ് ചിത്രമെങ്കിലും മതത്തിനു പിന്നിൽ അണിനിരക്കുന്ന വിവിധ പേരുകാരുടെ ചൂഷണ സംവിധാനങ്ങളെയാകെ ട്രാൻസ്‌ വിമർശിക്കുന്നു. വിജു പ്രസാദിനെ ജോഷ്വാ കാൾട്ടണും ജെ സി എന്ന ബ്രാൻഡുമാക്കുന്നതുമെല്ലാം
അൻവർ റഷീദ്

അൻവർ റഷീദ്

ഈ കമ്പോളസാധ്യതയിലാണ്. ജെ സിയെന്നാൽ ജീസസ് ക്രൈസ്റ്റ് എന്നാണ് വിശേഷണം. ഫഹദ് ഫാസിലിന്റെ പ്രകടനമികവുതന്നെയാണ് സിനിമയുടെ അച്ചുതണ്ട്. സാധാരണക്കാരനായ വിജു പ്രസാദിൽനിന്ന് പാസ്റ്ററായുള്ള പരകായപ്രവേശം ഗംഭീരമായാണ് ഫഹദ് അവതരിപ്പിച്ചത്. ഓരോ രംഗവും ആവശ്യപ്പെടുന്ന സൂക്ഷ്‌മതയും ശൈലിയും തന്റെ മുൻകാല പ്രകടനങ്ങളുടെ ഹാങ്‌ ഓവർ ഇല്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. കണ്ട് പരിചിതമായ കഥാപാത്രമല്ല നസ്റിയയുടെ എസ്‌തർ. സൗബിൻ സാഹിർ, ഗൗതം വാസുദേവ് മേനോൻ, ചെമ്പൻ വിനോദ് ജോസ്, വിനായകൻ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അർജുൻ അശോക്, സ്രിന്ദ, ജോജു ജോർജ്, ധർമജൻ, ജിനു ജോസഫ്, ഉണ്ണിമായ പ്രസാദ് തുടങ്ങി വലിയ താരനിരയും തങ്ങളുടെ ഭാഗം കൃത്യമായി അവതരിപ്പിച്ചുണ്ട്. റസൂൽ പൂക്കുട്ടിയുടെ സൗണ്ട്‌ ഡിസൈനും അമൽ നീരദിന്റെ ക്യാമറയുംസുഷിൻ ശ്യാം-,  ജാക്സൺ വിജയൻ എന്നിവരുടെ സംഗീതവും വിൻസെന്റ് വടക്കന്റെ രചനയുമെല്ലം ഏറ്റവും കൃത്യമായി ചേർത്തുവയ്‌ക്കാൻ സംവിധായകന്‌ കഴി‍‍ഞ്ഞു. തന്റെ സിനിമാ ശൈലിയെ സ്വയം നവീകരിക്കുന്ന അൻവറിന്റെ ആ ശ്രമം അഭിനന്ദനാർഹം.  ഇനിയും പൂരിപ്പിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നുവെന്നതാണ് ട്രാൻസിന്റെ സവിശേഷത.
പ്രധാന വാർത്തകൾ
 Top