25 May Monday

സ്വരസമാധിയിലേക്കുള്ള യാത്ര

നദീം നൗഷാദ‌് noushadnadeem@gmail.comUpdated: Sunday Sep 22, 2019

തുമ്രിയെ ലളിതസംഗീതത്തില്‍നിന്ന് ശാസ്‌ത്രീയസംഗീതത്തിന്റെ പദവിയിലേക്ക് ഉയര്‍ത്തി എന്നതാണ് സിദ്ധേശ്വരിയുടെ സംഭാവന. അവരുടെ തുമ്രി ഖയാലിന്റെ ആഴമുള്ളതായിരുന്നു. ഖയാല്‍ പാടിക്കൊണ്ടാണ് സിദ്ധേശ്വരി  പരിപാടികള്‍ തുടങ്ങുക. പിന്നീട് തുമ്രിയിലേക്കും കജ്‌രിയിലേക്കും മാറും. സിദ്ധേശ്വരിയുടെ തുമ്രിയും ഖയാല്‍ പോലെ ആയിരുന്നു. ഖയാല്‍ ഗായിക  എന്നതിനെക്കാള്‍ തുമ്രി ഗായിക എന്നാണ് അവർ  അറിയപ്പെട്ടിരുന്നത്

സിദ്ധേശ്വരി

സിദ്ധേശ്വരി

സിദ്ധേശ്വരി എന്ന തുമ്രി ഗായികയുടെ ജീവിതത്തിന്‌ ഒരു യക്ഷിക്കഥയുടെ പകിട്ടുണ്ട്‌. നിരന്തരമായ അവഗണനയും കഷ്‌ടതകളും സഹിച്ച്‌ ഒടുവിൽ വിജയവും അംഗീകാരവും നേടിയ സിൻഡെറല്ല ജീവിച്ച ജീവിതത്തിന്‌ സമാനമായ ഒന്നാണ്‌ ബനാറസിലെ തുമ്രി ഗായിക സിദ്ധേശ്വരി ദേവിയുടെ ജീവിതം.   

ശ്യാമാദേവിയുടെയും ശംഭുമിത്രയുടെയും രണ്ടു മക്കളിൽ മൂത്തവൾ ഗോഗോ. ശ്യാമാദേവി അകാലത്തിൽ മരിച്ചു. ഗോഗോയുടെ അച്ഛൻ ഭാര്യാസഹോദരി രാജേശ്വരിയെ മകളെ നോക്കാൻ ഏൽപ്പിക്കുന്നു. ഗോഗോയുടെ അനിയത്തി നേരത്തെ തന്നെ മരിച്ചിരുന്നു. അറിയപ്പെടുന്ന ഗായികയാണ്‌ രാജേശ്വരി. തന്റേടി, അഹങ്കാരി. അവരുടെ ബംഗ്ലാവിൽ ഒരുപാട് സന്ദർശകർ വരും. ഗോഗോ ആരാലും ശ്രദ്ധിക്കപ്പെടാതെ വളർന്നു. കാലങ്ങൾ കഴിഞ്ഞിട്ടും ഗോഗോയുടെ പേരിടൽകർമം പോലും നടന്നില്ല. ബംഗ്ലാവിലെ നിത്യസന്ദർശകനായ മഹാദേവ് പ്രസാദ്‌ എന്ന സ്വാമി ഒടുവിൽ ഗോഗോയ്‌ക്ക്‌ ഒരു പേർ നൽകി. സിദ്ധേശ്വരി ദേവി.  

മകൾ കമലേശ്വരിയെ വലിയൊരു ഗായികയാക്കണം എന്നായിരുന്നു രാജേശ്വരിയുടെ മോഹം. മകളെ സംഗീതം പഠിപ്പിക്കാൻ സിയാജി മഹാരാജ് എന്ന ഗായകനെ നിയോഗിച്ചു. എന്നാൽ, സംഗീതാഭിരുചിയുള്ള ഗോഗോയെ ആരും ശ്രദ്ധിച്ചില്ല. അവൾ പരിചാരകർക്കൊപ്പം വളർന്നു. അടുക്കളയിലെ ജോലിഭാരം മുഴുവൻ അവളിലായിരുന്നു. പുലർച്ചെമുതൽ രാത്രി വൈകുംവരെയുള്ള ജോലി കഴിഞ്ഞ് തളർന്നുറങ്ങുന്നത് തലയണ പോലുമില്ലാത്ത ചെറിയ കട്ടിലിൽ.  

സിയാജി മഹാരാജ് കമലേശ്വരിയെ സംഗീതം പഠിപ്പിക്കുമ്പോൾ സിദ്ധേശ്വരി അടുക്കളയിൽനിന്ന് കേട്ട് പഠിക്കും. ഒരിക്കൽ സിയാജി കമലേശ്വരിയോടു പാടാൻ ആവശ്യപ്പെട്ടു. അവൾക്കു പാടാൻ കഴിഞ്ഞില്ല. ഇത് കണ്ട രാജേശ്വരിക്ക് ദേഷ്യം വന്നു. അവർ മകളെ അടിക്കാൻ തുടങ്ങി. ‘സിദ്ധീ എന്നെ രക്ഷിക്കൂ’ എന്ന് അവൾ ഉറക്കെ വിളിച്ചു കരഞ്ഞു. സിദ്ധേശ്വരി ഓടിവന്ന് അവളെ ആശ്വസിപ്പിച്ചു. ഞാൻ പാടുന്ന പോലെ പാടൂ എന്നുപറഞ്ഞ് സിദ്ധി പാടാൻ തുടങ്ങി. സിയാജി പഠിപ്പിച്ചതെല്ലാം അതുപോലെ പാടി. എല്ലാവരും അത്ഭുതപ്പെട്ടു.

പിറ്റേന്ന്‌ സിയാജി  മുഖവുരയില്ലാതെ കാര്യം അവതരിപ്പിച്ചു. “സിദ്ധേശ്വരിയെ ഞാൻ ശിഷ്യയായി ഏറ്റെടുക്കുന്നു. പരിശീലനം വേണ്ടത് അവൾക്കാണ്.” രാജേശ്വരി എതിർത്തെങ്കിലും സിയാജി പിന്മാറിയില്ല.  ഒടുവിൽ വീട്ടിലെ ജോലികൾ തീർത്തിട്ട് മാത്രം ഗുരുവിന്റെ വീട്ടിൽ പോയി പഠിക്കുക എന്ന ഉപാധിയിൽ  പഠനം. മക്കളില്ലാത്ത സിയാജിക്കും ഭാര്യയ്‌ക്കും അവൾ മകളായി. 

ഒരുനാൾ കമലേശ്വരി ആരോടും പറയാതെ കൂട്ടുകാരനൊപ്പം വീടുവിട്ടതിന്‌ രാജേശ്വരി ശകാരിച്ചതത്രയും സിദ്ധേശ്വരിയെ. അവളുടെ മൗനം രാജേശ്വരിയെ കൂടുതൽ പ്രകോപിപ്പിച്ചു. രാജേശ്വരിയുടെ സഹോദരനും ആ വീട്ടിലെ ആശ്രിതനുമായ അമർനാഥിന്‌ അത്‌ സഹിക്കാനായില്ല. തർക്കത്തിൽ ഇടപെട്ട അയാളെ രാജേശ്വരി പുറത്താക്കി. അമർനാഥിനും ഭാര്യയ്‌ക്കുമൊപ്പം സിദ്ധേശ്വരിയും തെരുവിൽ.

സിദ്ധേശ്വരി നിരാശയായില്ല. ദുരിതങ്ങൾക്കിടയിലും നിരന്തരപരിശീലനം. കച്ചേരികളിൽ പാടിത്തുടങ്ങി. ഇരുപത്തഞ്ച്‌ വയസ്സിൽത്തന്നെ സിദ്ധേശ്വരി ബനാറസിലെ അറിയപ്പെടുന്ന ഗായികയായി മാറി. ഒരിക്കൽ ലാഹോറിലെ കച്ചേരിയിൽ പണ്ഡിറ്റ്‌ ഇക്ബാൽ നരേൻ എന്ന കച്ചവടക്കാരനെ പരിചയപ്പെട്ടു. ബനാറസിൽ  വീണ്ടും പരിചയം പുതുക്കി. ആ ബന്ധം വിവാഹത്തിലെത്തി. 

1930കളിൽ സിദ്ധേശ്വരി ഹിന്ദി സിനിമാലോകത്ത് എത്തിപ്പെട്ടു. സൈഗൾ, അമീർ ഭായ്, സോഹ്‌റാഭായ് എന്നിവർ തിളങ്ങി നിന്ന കാലം. അവർ കുറച്ച് സിനിമകളിൽ പാടി, അഭിനയിച്ചു. ശാസ്‌ത്രീയസംഗീത ലോകത്തെ പലരെയും പോലെ സിദ്ധേശ്വരിക്കും ബോളിവുഡിലെ രീതികളോട് പൊരുത്തപ്പെടാനായില്ല.  സിനിമ ഉപേക്ഷിച്ച് വീണ്ടും ബനാറസിലേക്ക്.  

1965ൽ ഡൽഹിയിലേക്ക്‌ പറിച്ചുനട്ടു. ഡൽഹി അവർക്ക് അപരിചിതമായി തോന്നിയില്ല. സംഗീതാസ്വാദകർ  അവരെ സാദരം സ്വീകരിച്ചു. ഡൽഹിയിൽ അവരുടെ കച്ചേരികൾ വൻവിജയമായി. ബനാറസിലെ വേരുകൾ അവർ ഉപേക്ഷിച്ചിരുന്നില്ല. കബീർ ചൗരയിലെ വീട് നിലനിർത്തി.  

ഒരിക്കൽ മുംബൈയിൽ സംഗീത സമ്മേളനത്തിൽ അവർ പാടി. മുൻനിരയിൽ ഉസ്‌താദ് ഫയാസ് ഖാൻ. പാട്ടിനുശേഷം അദ്ദേഹം പറഞ്ഞു. “ഗൌഹർ ജാനിനും മലിക ജാനിനും ശേഷം ഈ കിരീടം നിനക്കുള്ളതാണ്. നീയാണ് ഇനി തുമ്രിയുടെ രാജ്ഞി.”   

തുമ്രിയെ ലളിതസംഗീതത്തിൽനിന്ന് ശാസ്‌ത്രീയസംഗീതത്തിന്റെ പദവിയിലേക്ക് ഉയർത്തി എന്നതാണ് സിദ്ധേശ്വരിയുടെ സംഭാവന. അവരുടെ തുമ്രി ഖയാലിന്റെ ആഴമുള്ളതായിരുന്നു. ഖയാൽ പാടിക്കൊണ്ടാണ് സിദ്ധേശ്വരി പരിപാടികൾ തുടങ്ങുക. പിന്നീട് തുമ്രിയിലേക്കും കജ്‌രിയിലേക്കും മാറും. സിദ്ധേശ്വരിയുടെ തുമ്രിയും ഖയാൽ പോലെ ആയിരുന്നു. ഖയാൽ ഗായിക എന്നതിനെക്കാൾ തുമ്രി ഗായിക എന്നാണ് അവർ  അറിയപ്പെട്ടിരുന്നത്. 

പാകിസ്ഥാനി ഗായിക രേഷ്‌മയുടെ പാട്ട് സിദ്ധേശ്വരിക്ക് വലിയ ഇഷ്‌ടമായിരുന്നു. ഒരു ദിവസം അവർ മാർക്കറ്റിലേക്ക് പോകവെ രേഷ്‌മയുടെ പാട്ട്, ഹൈ ഓ റബ്ബാ ഹൈ ഓ ലഗ്ഡാ ദിൽ മേരാ ഓർമവന്നു. എല്ലാം മറന്ന്‌ വീട്ടിലേക്കു കുതിച്ചു. രേഷ്‌മയുടെ റെക്കോഡ്‌ കൈവശമുള്ള സുഹൃത്തിനെ ഫോൺ ചെയ്‌തുവരുത്തി. അന്ന് മുഴുവൻ രേഷ്‌മയുടെ പാട്ട് കേട്ടു. മറ്റൊരിക്കൽ റേഡിയോവിൽ രേഷ്‌മയുടെ പാട്ടുകേട്ടപ്പോൾ സംസാരം മതിയാക്കി ശ്രദ്ധയോടെ ഇരിക്കുന്നത് കണ്ടിട്ടുണ്ട് എന്ന് ശിഷ്യ ഗീത മേയർ രേഖപ്പെടുത്തുന്നു.

വലിയ മനുഷ്യസ്നേഹിയായിരുന്ന സിദ്ധേശ്വരി കഷ്‌ടപ്പെടുന്നവരെയും വേദനിക്കുന്നവരെയും സഹായിച്ചു. ബാല്യത്തിലെ തീവ്രവേദനകൾ അവരിൽനിന്ന് വിട്ടുപോയിരുന്നില്ല.   

“വികാരമുള്ള ഹൃദയം, സർഗാത്മകമായ മനസ്സ്‌, അവ പ്രകടിപ്പിക്കാൻ പറ്റുന്ന ശബ്ദം” എന്നിവയാണ് ശാസ്‌ത്രീയ സംഗീതം പാടുന്നവർക്കുവേണ്ട പ്രധാന ഗുണങ്ങൾ എന്ന് സിദ്ധേശ്വരി ഒരിക്കൽ പറഞ്ഞു. അവരുടെ ആലാപനം‌ പ്രത്യേകതയുള്ളതായിരുന്നു. പാടുമ്പോൾ കണ്ണടച്ച്, ഇടതു കൈകൊണ്ട് ചെവി അണച്ചുപിടിച്ച് വലതു കൈ ആകാശത്തേക്കുയർത്തി സ്വരസമാധിയിലേക്ക് ആഴ്‌ന്നിറങ്ങുന്ന പോലെ. ദുഃഖം ചിരിയിൽ ഒളിപ്പിച്ച സിദ്ധേശ്വരി വേദനകൾ പാട്ടിൽ ലയിപ്പിച്ചു. 1977 മാർച്ച്‌ 18ന് ആ നാദം നിലച്ചു.

പ്രധാന വാർത്തകൾ
 Top