01 June Monday

ജീവിതങ്ങളെ സ്‌നേഹിച്ച എഴുത്തുകാരൻ

ജോർജ്‌ തഴക്കര georgethazhakara@gmail.comUpdated: Sunday Sep 22, 2019

ഈയിടെ അന്തരിച്ച കഥാകൃത്തും നോവലിസ്റ്റുമായ ശിവരാമൻ ചെറിയനാടിനെ ജോർജ്‌ തഴക്കര അനുസ്‌മരിക്കുന്നു

 

ശിവരാമൻ ചെറിയനാട്

ശിവരാമൻ ചെറിയനാട്

വലിയ കാര്യങ്ങൾ സ്വപ്‌നം കാണാൻ കഴിയാത്ത ജീവിതപശ്ചാത്തലത്തിലിരുന്നുകൊണ്ടാണ്‌  ലോകത്തിലേക്ക് ശിവരാമൻ ചെറിയനാട് പ്രവേശിച്ചത്. വായനയിൽ അഭിരമിച്ചപ്പോഴാണ് വലിയ സ്വപ്നങ്ങൾ കാണേണ്ടവരാണ് ഓരോ ചെറിയജീവിതങ്ങളെന്നും അദ്ദേഹം മനസ്സിലാക്കിയത്‌.
 
 ചെങ്ങന്നൂർ താലൂക്കിലെ പരിമിതികളുള്ള ഒരു കർഷക കുടുംബം. അച്ഛൻ വേലായുധൻനായർ. അമ്മ ചെല്ലമ്മ. വെള്ളം കിട്ടാൻ ബുദ്ധിമുട്ടിയ ഗ്രാമവാസികൾ വെട്ടിത്തെളിച്ച ഒരു തോടുണ്ട്‌ ചെറിയനാട്ട്‌,  കല്ലടാന്തി തോട്‌.  തോടുവെട്ടുന്നതുമായി ബന്ധപ്പെട്ട കുട്ടിക്കാല കണക്കും ഓർമയിലുണ്ട്. ‘ഉഴക്കു കുറച്ച് തൊള്ളായിരപ്പറ ജീരകം' അരയ്‌ക്കേണ്ടിവന്നു എന്ന കണക്ക്. 
 
 മാറിമാറി പല തൊഴിൽ ചെയ്‌തിട്ടും അതിലൊന്നും വിജയിക്കാൻ കഴിയാത്ത ഹതഭാഗ്യനായിരുന്നു അച്ഛൻ. പ്രാരാബ്ധങ്ങൾ വീടിനെ വരിഞ്ഞു. രണ്ടാംലോകയുദ്ധത്തിനു ശേഷമുള്ള പട്ടിണിക്കാലം. അതൊരു ഒഴിയാചിന്തയായി പിൽക്കാലത്തും മനസ്സിലിടം തേടി.  ചെറിയനാട് ശ്രീവിജയേശ്വരി സ്‌കൂളിൽ  മിക്കവാറും മറ്റു കുട്ടികളെപ്പോലെ ശിവരാമനും മുമ്പു പഠിച്ചവരുടെ പുസ്‌തകങ്ങൾ വാങ്ങിയാണ് പഠിച്ചത്.
 
ഒരിക്കൽ കപ്പയും മീനും വാങ്ങാൻ  അമ്മ ചന്തയിൽ വിട്ടു.  ചന്തയിൽ ഒരാൾ ചപ്ലാക്കട്ട അടിച്ചു  തൊണ്ടകീറി പാടുന്നു. ശിവരാമൻ പാട്ടിനൊപ്പം അയാളെയും ശ്രദ്ധിച്ചു.
  
‘‘ക്രൂഡോയിൽ വാങ്ങീട്ട് വെള്ളമൊഴിക്കുന്ന
മണ്ടന്മാർ ചാകണേ രാമനാരായണ
റേഷനരിയെല്ലാം കരിഞ്ചന്തേൽ വിൽക്കുന്ന
ദുഷ്ടന്മാർ ചാകണേ രാമനാരായണ’’ 
 
 കൈയിലിരുന്ന പൈസകൊടുത്ത്  ഒരു പാട്ടുപുസ്‌തകം വാങ്ങി. പാട്ടുപുസ്‌തകവും വാങ്ങിവന്ന ചെക്കനെ അമ്മ ശകാരിച്ചില്ല.  അക്ഷരങ്ങളോടുള്ള ആവേശം അവിടെ തുടങ്ങി.   അന്തിച്ചന്തയിൽ പോകുമ്പോഴൊക്കെ ആ മെലിഞ്ഞുണങ്ങിയ മനുഷ്യനെ ചന്തക്കോണുകളിൽ തിരയും. ആ പാട്ടുകാരൻ ശിവരാമന്റെ ഉള്ളിൽ കഥകളുണർത്തി.
 തേൻവരിക്ക എന്ന കഥ ജീവിതാനുഭവങ്ങളായിരുന്നുവെങ്കിലും അതിനെ ഒരു കോമഡിയാക്കിയാണ് അവതരിപ്പിച്ചത്. അതിന്റെ കൈയെഴുത്തുപ്രതി ആദ്യം വായിച്ചത് ദേശാഭിമാനി വാരിക  പത്രാധിപർ തായാട്ട് ശങ്കരൻ. സാഹിത്യപരിചയം വേണ്ടത്ര ഇല്ലാതിരുന്ന കാലം. ഒടുവിലത്തെ രണ്ടുമൂന്ന്‌ അധ്യായം പൂർണമായും അഴിച്ചുപണിയണമെന്ന്‌ നിർദേശിച്ചു.  കുട്ടികളെ മുന്നിൽ കണ്ടുകൊണ്ട് എഴുതുന്ന കഥകളിൽ പ്രതീക്ഷയും പ്രത്യാശയുമുണ്ടാകണം. ഇളംമനസ്സുകളെ അധികം വേദനിപ്പിക്കരുത്. അതൊരു സന്ദേശമായിരുന്നു. ആ കൃതി സാഹിത്യപ്രവർത്തക സഹകരണസംഘം പിൽക്കാലത്ത് പ്രസിദ്ധീകരിച്ചു.
 
ഏഴാംക്ലാസിൽ പഠിക്കുന്ന കാലത്ത്  ബീഡിത്തൊഴിലാളിയുടെ സഹായിയായി. പിന്നെ  ടൈപ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം. ടിടിസിക്കുശേഷം ചെറിയനാട് ദേവസ്വം ബോർഡ് സ്‌കൂളിൽ അധ്യാപകവൃത്തി.  പിന്നെ നിലമ്പൂരിലും ഗൂഡല്ലൂരിലും.  അവിടെ അധ്യാപനത്തിനൊപ്പം സാംസ്‌കാരികപ്രവർത്തനവും കഥാപ്രസംഗവും.  അങ്ങനെ കഴിയവെ അല്പം കച്ചവടമാകാമെന്നു വിചാരിച്ചു. ഇഞ്ചിക്കൃഷിയുടെ വിളവെടുപ്പുസമയം. കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്ന ഇഞ്ചിമല മൊത്തമായി വിലയ്‌ക്കെടുത്തിട്ട് ലോറിക്കാർക്ക് മറിച്ചുവിറ്റു. അത്യാവശ്യം പണം കൈവശമായി. ഇഷ്ടപ്പെട്ട പുസ്‌തകം വാങ്ങാനും വീട്ടിലേക്ക് അയച്ചുകൊടുക്കാനും കഴിഞ്ഞു.
 
കേരളത്തിലേക്ക് മാറാൻ പിഎസ്‌സിക്ക് അപേക്ഷ കൊടുത്തു. മലപ്പുറം വേങ്ങരയിലെ കിളിനക്കോട് മലയിലെ  ചെറിയ സർക്കാർ പള്ളിക്കൂടത്തിൽ ജോലി കിട്ടി.  പതിമൂന്ന്‌ കിലോമീറ്റർ നടന്നുവേണം സ്‌കൂളിലെത്താൻ. വാഹനസൗകര്യങ്ങൾ ഇല്ല. ചേലോട്ടു സ്കൂളിലേക്കുള്ള അധ്യാപകരും ഒപ്പം നടക്കും. യാത്രയിലുടനീളം കഥകൾ പറഞ്ഞാണ് പോകുക. കണക്കുകൂട്ടൽ ജീവിതത്തെക്കുറിച്ചാണ്. വയനാട്ടിലൊക്കെ മലമ്പനി പടർന്നിരുന്ന കാലം. അവിടേക്ക് പഠിപ്പിക്കാൻ പോകാൻ അധ്യാപകർ മടിച്ചിരുന്നു. മലമ്പനിപ്രദേശങ്ങളിലേക്ക് പഠിപ്പിക്കാൻ പോകുന്ന അധ്യാപകർക്ക് 37 രൂപ അധികമായി അലവൻസ് കിട്ടുമെന്ന് അറിഞ്ഞു. 84 രൂപ ശമ്പളത്തോടൊപ്പം 37 രൂപ കൂടി. വയനാട്ടിലേക്കുപോയി. ഒരുപാടുകഥകൾ ശിവരാമനെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ആദിവാസികളും അവർക്കുനേരിട്ട ചൂഷണങ്ങളും പിന്നീട് നോവലുകൾക്ക് വിഷയമായി.
തായാട്ട് ശങ്കരൻ ദേശാഭിമാനിയിൽ വന്നപ്പോൾ തുടർച്ചയായി കഥകൾ ആവശ്യപ്പെട്ടു.
 
വയനാടൻ പശ്ചാത്തലം മനസ്സിൽ കിടന്നതിന്റെ ഭാഗമായിട്ടാണ് വിയറ്റ്നാം കഥകൾ വിവർത്തനം ചെയ്തത്. വയനാട്ടിലെ മിക്ക ചെറുപ്പക്കാരും ഗറില്ല സമരത്തോട് ആഭിമുഖ്യം ഉള്ളവരായിരുന്നു.
എഇഒ ആയിരുന്ന നാരായണൻനായർ ഐവറി കോം എന്ന പുസ്തകം നൽകി. വിപ്ലവങ്ങളെക്കുറിച്ച് പറയുന്നിടത്തെല്ലാം സായുധവിപ്ലവത്തെക്കുറിച്ചാണ് പറയുന്നത്. ഉറങ്ങിക്കിടക്കുന്നവന്റെ കഴുത്തുവെട്ടുന്ന വിപ്ലവമായിരുന്നില്ല അത്. അദ്ദേഹത്തിന്റെകൂടി സഹായത്തോടെ ആ കൃതി മലയാളത്തിലേക്ക് മൊഴിമാറ്റി.
1973ൽ ശിവരാമൻ ചെറിയനാട് വിവാഹിതനായി. ഭാര്യ സരസമ്മ ചെട്ടികുളങ്ങര എൽപി സ്കൂളിൽ അധ്യാപികയായിരുന്നു. 1981ൽ മാവേലിക്കര ഗവ.ഗേൾസ് ഹൈസ്കൂളിലേക്ക് സ്ഥലംമാറ്റം കിട്ടിയതോടെ ശിവരാമൻ ചെറിയനാടിന്റെ തട്ടകം മാവേലിക്കരയായി.
  
ശിവരാമൻ ചെറിയനാട് അധ്യാപകസംഘടനയിൽ പ്രവർത്തിച്ചിരുന്നു. ആദ്യകാലത്ത് സർക്കാർ പ്രൈമറി സ്കൂൾ അധ്യാപകർക്ക് പി കെ നമ്പ്യാരുടെ നേതൃത്വത്തിലുള്ള കെജിപിടിഎ എന്ന സംഘടന മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ശിവരാമൻ ചെറിയനാട് എന്നും ഇടതുപക്ഷപ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നു. എഴുത്തിനെ ബാധിക്കും എന്ന കാരണത്താൽ സംഘടനാ നേതൃത്വത്തിലേക്ക് പ്രവേശിച്ചില്ല.
  
ചെറുകഥയ്ക്ക് അബുദാബി ശക്തി അവാർഡും എ പി കളയ്ക്കാട് അവാർഡും  തെരുവുനാടകത്തിന് ഇപ്റ്റയുടെ സമ്മാനവും നേടി. പുതിയ പാഠങ്ങൾ, ഒരു പാവം കഴുത, ഇങ്ങനെ ഓരോ വിഡ്ഢിത്തം, അസിധാര, വലിയവരുടെ മരണം വലിയ മരണം, നീതിപീഠത്തിലെ കുരുടൻ, വിയറ്റ്നാം കഥകൾ, കാറ്റിന്റെ നിറം, കള്ളൻ വാസുപിള്ളയുടെ ഷഷ്ടിപൂർത്തി സ്മരണിക, ഉദയഗീതം, ഭ്രാന്തില്ലാത്ത ഭ്രാന്തൻ, ദൈവത്തിന്റെ കാള (കഥകൾ); ഭഗവതിത്തെരുവിലെ കാറ്റ് (നോവലെറ്റ്); ചെപ്പുകുടത്തിലെ ചെങ്കടൽ, കൂട് വീട്, സുന്ദരപുരിയിലെ ചെങ്കടൽ, നെയ്യപ്പം, അണുബോംബിന്റെ പിതാവ്, മുനിബാലൻ, അമ്മ വിളിക്കുന്നു (ബാലസാഹിത്യം); പാറപ്പുത്ത് ഓണാട്ടുകരയുടെ കഥാകാരൻ, മലയാറ്റൂരിന്റെ ജീവിതവും കൃതികളും (പഠനങ്ങൾ) തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച കൃതികൾ.
 
എ ആർ രാജരാജവർമ സ്മാരകം വൈസ്‌‌പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, കുഞ്ചൻ നമ്പ്യാർ സ്മാരകസമിതി അംഗം, കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരണവിഭാഗം നിർവാഹകസമിതി അംഗം  എന്നീ നിലകളിൽ പ്രവർത്തിച്ചു.
പ്രധാന വാർത്തകൾ
 Top