06 July Monday

സൃഷ്ടിപരതയുടെ അനന്യസൗഭഗം

ഡോ. മുഞ്ഞിനാട് പത്മകുമാര്‍Updated: Sunday Sep 22, 2019

കാലഗണന കൃത്യമായി ദീക്ഷിച്ചുകൊണ്ട് പരമ്പരാഗത ശൈലിയിൽ കഥ പറഞ്ഞു പോകുന്ന രചനയാണ് സജിൽ ശ്രീധറിന്റെ ഷഡ്പദം എന്ന നോവൽ. രൂപപരമായ പരീക്ഷണങ്ങൾക്കോ പൊളിച്ചെഴുത്തുകൾക്കോ ശ്രമിക്കുന്നില്ല.  അതീവ ലളിതമായ ആഖ്യാനം

 
നോവൽ സാഹിത്യം  അനുദിനം പുതിയ മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. പുതിയ പ്രമേയങ്ങളും ആഖ്യാനരീതികളും ഭാഷയിലെ പൊളിച്ചെഴുത്തുകളും കൊണ്ട് നോവൽ സാഹിത്യത്തിനുണ്ടായിട്ടുളള വളർച്ച ഇതര സാഹിത്യശാഖകളിൽ സംഭവിച്ചിട്ടുണ്ടോ എന്നുതന്നെ സംശയം. മലയാളത്തിലും  സമാനമായ അവസ്ഥകൾ രൂപപ്പെട്ടിട്ടുണ്ട്. സജിൽ ശ്രീധറിന്റെ ഷഡ്പദം എന്ന നോവൽ കാലഗണന കൃത്യമായി ദീക്ഷിച്ചുകൊണ്ട് പരമ്പരാഗത ശൈലിയിൽ കഥ പറഞ്ഞു പോകുന്ന രചനയാണ്. രൂപപരമായ പരീക്ഷണങ്ങൾക്കോ പൊളിച്ചെഴുത്തുകൾക്കോ ശ്രമിക്കുന്നില്ല.  അതീവ ലളിതമായ ആഖ്യാനം. 
 
രാമുണ്ണി എന്ന നായകകഥാപാത്രം പരസ്‌പര വിഭിന്നമായ അവസ്ഥാവിശേഷങ്ങളിലൂടെ കടന്നു പോകുന്നു. രണ്ട് ഘട്ടത്തിലും അയാൾക്ക് നിസ്സഹായതയാണ് അനുഭവപ്പെടുന്നത്. ഒന്നിൽ നിന്ന്  അടുത്തതിലേക്ക് പലായനംചെയ്യുമ്പോൾ അത് ആദ്യത്തേതിനേക്കാൾ ഭീഷണമാണെന്ന തിരിച്ചറിവിലെത്തുന്നു അയാൾ.  
ഭാര്യയും  മക്കളും ഉയർന്ന സാമ്പത്തികസ്ഥിതിയും മറ്റ് ജീവിതസൗകര്യങ്ങളും സ്വന്തം അധ്വാനം കൂടാതെ ലഭ്യമായിട്ടും രാമുണ്ണിക്ക് അതിലൊന്നും സന്തോഷം കണ്ടെത്താനാകുന്നില്ല. വ്യത്യസ്‌ത അനുഭവങ്ങൾക്കും അനുഭൂതികൾക്കുമായി അയാളുടെ മനസ്സ്‌ അഭിലഷിക്കുന്ന ഘട്ടത്തിലാണ്‌  അസാധാരണമായ പ്രത്യേകതകൾ നിറഞ്ഞ ഒരു ദേശത്തെക്കുറിച്ച് രാമുണ്ണി കേൾക്കുന്നത്. അവിടെ ചെന്നുപെടുന്ന രാമുവിന് അപ്രതീക്ഷിതമായ ദിവ്യപരിവേഷം ലഭിക്കുന്നു.  മാന്ത്രികവിദ്യ കൈവശമുളള രാമുവിനെ ആ കല തീർത്തും അപരിചിതമായ ദ്വീപ് നിവാസികൾ ദൈവമായി തെറ്റിദ്ധരിക്കുന്നു. തുടർന്ന്‌ അയാൾ ദിവ്യപുരുഷനാകുന്നു. 
 
ഒരുഘട്ടത്തിൽ ആശ്രമജീവിതവും രാമുവിന് മടുക്കുന്നു. നിത്യേന ഒരേ വിധത്തിൽ ഭക്തർക്ക് ദർശനം കൊടുക്കുന്ന, അവരെ ആശ്ലേഷിച്ച് ആശ്വാസവാക്കുകൾ ഉരുവിടുന്ന ഒരു യന്ത്രമായി മാറുന്നതിന്റെ ആവർത്തനം അയാളെ മടുപ്പിക്കുന്നു. ഗ്രാമത്തിലെ കൂട്ടുകാരും പുഴമീനും സ്വാതന്ത്ര്യവും അടക്കമുള്ള എല്ലാ സ്വകാര്യതകളും ഹനിക്കപ്പെടുന്നത് അയാളെ അസ്വസ്ഥനാക്കുന്നു. കുടുംബത്തിൽനിന്ന് പലായനം ചെയ്‌ത്‌ ദ്വീപിലെത്തിയ രാമു  വീണ്ടും വീട്ടിലെത്താൻ ആഗ്രഹിക്കുന്നു. ഭാര്യയും മക്കളും അയാളെ തിരിച്ചറിയാത്ത അവസ്‌ഥയിൽ വീട്ടിൽനിന്ന്‌ വീണ്ടും അയാൾ ആശ്രമത്തിലേക്ക്‌ മടങ്ങുന്നു.  എന്നാൽ അയാൾ കാലം ചെയ്‌തു എന്ന് വരുത്തിത്തീർത്ത ആശ്രമാധികൃതർ അയാൾക്ക് പകരം അവിടം പ്രതിമകൾ കൊണ്ട് നിറയ്‌ക്കുന്നു. താൻ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാനുളള ഉപാധികൾ ഒന്നും അയാൾക്ക് മുന്നിലില്ല.  ഗത്യന്തരമില്ലാതെ അയാൾക്ക് അത് അനുസരിക്കേണ്ടി വരുന്നു. അങ്ങനെ സ്വന്തം രൂപത്തെ  വണങ്ങേണ്ടി വരുന്ന ധർമസങ്കടത്തിലേക്ക് അയാൾ നിപതിക്കുന്നു. 
 
ദൈവം ഈ നോവലിൽ ഒരേ സമയം പ്രത്യക്ഷവും പരോക്ഷവുമായ ഒരു ഘടകമാണ്.  ലൗകികജീവിതത്തിലും ആധ്യാത്മിക ജീവിതത്തിലും ബാഹ്യരൂപം പ്രധാനഘടകമായി മാറുന്നതിലെ അപഹാസ്യത തുറന്നു കാട്ടുകയാണ് നോവലിസ്റ്റ്. 
 
ഭാഷയുടെ ലാവണ്യമാണ് മറ്റൊരു ആകർഷണീയത. ആരെയും മോഹിപ്പിക്കുന്ന ആഖ്യാനകൗശലത്തിലൂടെ അനുവാചകന്റെ മനസ്സിൽ ആഴത്തിൽ ഒരടയാളം ബാക്കിയിട്ട് പോകാൻ നോവലിസ്റ്റിന് കഴിയുന്നു. മനുഷ്യാവസ്ഥയെ സംബന്ധിച്ച് പുതിയ ഉൾക്കാഴ്ചകൾ പകർന്നു നൽകാനും സജിൽ ശ്രീധറിന് കഴിയുന്നുണ്ട്.
പ്രമേയം, ദർശനം, ഭാഷ, ശിൽപ്പഭംഗി, പ്രതിപാദനരീതി, പാത്രസൃഷ്ടി, അന്തരീക്ഷസൃഷ്ടി..എന്നിങ്ങനെ നോവലിനെ മികച്ചതാക്കുന്ന സമസ്ത തലങ്ങളും ഒരേ മികവോടെ സമന്വയിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് നോവലിസ്‌റ്റിന്റെ വിജയം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top