10 August Monday

വിളക്കുമരങ്ങളിൽനിന്ന്‌ നക്ഷത്രങ്ങളിലേക്ക്‌

പ്രമോദ് പയ്യന്നൂർUpdated: Sunday Mar 22, 2020

ഷാഹിദ്‌ നദീമിന്റെ ദാര എന്ന നാടകത്തിൽനിന്ന്‌

മാർച്ച് 24 ലോക നാടകദിനം. ഈ വർഷത്തെ ലോക നാടകദിന സന്ദേശം കുറിച്ചത് വിഖ്യാത പാകിസ്ഥാനി നാടകകൃത്ത് ഷാഹിദ് നദീം. പോയ വർഷത്തെ സന്ദേശം നൽകിയത് ക്യൂബൻ നാടക സൈദ്ധാന്തികൻ കാർലോസ് സെലിഡ്രൺ. ഇരു സന്ദേശങ്ങളും ഓർമപ്പെടുത്തുന്നത്, അതിരുകളില്ലാത്ത മാനവിക തയുടെ ലോകമാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് അന്വേഷണാത്മക നാടകവേദിയിലും പ്രൊഫഷണൽ നാടകരംഗത്തും പുതുചലനങ്ങൾ സൃഷ്ടിച്ച സംവിധായകൻ പ്രമോദ് പയ്യന്നൂർ

അരങ്ങിന്റെ സ്ഥലകാലങ്ങളിൽ കനലും കരുത്തുമേകി അധ്വാനിച്ചവരുടെ വിയർപ്പിനും ദൃശ്യബോധങ്ങളുടെ അനശ്വരതയ്‌ക്കും മുന്നിൽ ബിഗ്‌ സല്യൂട്ടുമായി ഒരു ലോക നാടകദിനംകൂടി വിരുന്നെത്തുന്നു. 1961ൽ ഇന്റർനാഷണൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ടാണ് ലോക നാടകദിനാഘോഷത്തിന് നാന്ദി കുറിച്ചത്. അന്തർദേശീയ തലത്തിലുള്ള രംഗാവതരണങ്ങൾക്കും നാടകക്കൂട്ടായ്‌മകൾക്കും പുറമെ ലോക നാടകവേദിക്കായുള്ള സന്ദേശമാണ് നാടകദിനാചരണത്തിന്റെ കേന്ദ്ര ആകർഷണം. ഐടിഐയുടെ ക്ഷണപ്രകാരം എത്തുന്ന സർഗവ്യക്തിത്വമാണ് ലോക നാടകദിന സന്ദേശം നാടക പ്രണയികൾക്കായ് കുറിക്കുന്നത്. 1961-ൽ വിയന്നയിൽ നടന്ന ഒമ്പതാമത് ഇന്റർനാഷണൽ തിയറ്റർ സമ്മേളനമാണ്  ലോക നാടകദിന സന്ദേശമെന്ന ആശയം മുന്നോട്ടുവച്ചത്. 1962ൽ ഫ്രാൻസിലെ ജീൻ കോക്‌റ്റോ ആദ്യ നാടകദിന സന്ദേശം ലോകത്തിന്‌ സമർപ്പിച്ചു.
മുറതെറ്റാതെ തുടരുന്ന ഈ സർഗസന്ദേശം ഇക്കുറി രേഖപ്പെടുത്തുന്നത് പാകിസ്ഥാനിലെ പ്രമുഖ നാടകകൃത്തും അജോക തിയറ്ററിന്റെ ജീവനാഡിയുമായ ഷാഹിദ് നദീമാണ്.
1947-ൽ കശ്‌മീരിലെ സോപോറിൽ അഭയാർഥി കുടുംബത്തിലാണ് നദീം പിറന്നത്. വർഗീയ ലഹളകൾ കൊടുമ്പിരികൊണ്ട വിഭജനകാലത്ത്‌ 1948ൽ നദീമിന്റെ കുടുംബം പാകിസ്ഥാനിലേക്ക് കുടിയേറി. വിദ്യാർഥിയായിരിക്കെത്തന്നെ നാടകങ്ങൾ എഴുതി. ലണ്ടനിൽ അഭയാർഥിയായിരിക്കെ മുഴുവൻ സമയ നാടകപ്രവർത്തകനായി. പാകിസ്ഥാനിലെ തെരുവിൽ പ്രതിരോധത്തിന്റെ തീയാളുന്ന നാടകങ്ങൾ ഒരുക്കി വേദികളിൽ സജീവമായ നാടകസംഘമാണ് അജോക. ഈ നാടക കൂട്ടായ്‌മയ്‌ക്കായി ഉറുദുവിലും പഞ്ചാബിയിലും അഞ്ഞൂറിലേറെ നാടക രചിതപാഠങ്ങൾ ഷാഹിദ് നദീമിന്റെ തൂലികയിൽനിന്നും പിറന്നു. അജോകയുടെ സ്ഥാപകയും ജീവിതപങ്കാളിയുമായ മദീഹ ഗൗഹറിനും പാകിസ്ഥാൻ നാടകവേദിക്കുമുള്ള അംഗീകാരമാണ് ഈ ലോക നാടകദിന സന്ദേശ രചനയ്‌ക്കായി തെരഞ്ഞെടുത്തതിലൂടെ കൈവന്നതെന്ന് നദീം പറയുന്നു. നാടക വേദിയിലും പാകിസ്ഥാൻ ടെലിവിഷൻ രംഗത്തും ചെറുത്തുനിൽപ്പിന്റെ ഉശിരുമായി അനുസ്യൂതം പ്രവർത്തിച്ച നദീം സൈനിക ഭരണകൂടങ്ങളുടെ അനീതിക്കെതിരെ പ്രതികരിച്ചതിന് മൂന്നുവട്ടം ജയിലിലടയ്‌ക്കപ്പെട്ടിരുന്നു. 
ഗ്രീക്ക് നാടക ചിന്തകനായ അരിസ്റ്റോട്ടിലിന്റെ കാവ്യശാസ്‌ത്രത്തിൽ, പവിത്രവും നിഗൂഢവുമായ മാനുഷിക ഭാവങ്ങളുടെ നേർ പ്രകടന കലയായി നാടകത്തെ വ്യാഖ്യാനിക്കുന്നുണ്ട്. വർഷാന്തരങ്ങൾക്കിപ്പുറം ഷാഹിദ് നദീം രംഗവേദിയെ പാവനമന്ദിരം എന്ന് വിശേഷിപ്പിക്കുമ്പോഴും നമ്മൾ അറിയുന്നത് നാടകവേദി മുന്നോട്ടു വയ്‌ക്കുന്ന മാനവികതയുടെ ആഴങ്ങളെയാണ്. 2019 മാർച്ച് 27 ലെ ലോക നാടകദിന സന്ദേശത്തിൽ ക്യൂബൻ നാടക സൈദ്ധാന്തികനും രചയിതാവും നാടകാധ്യാപകനുമായ പ്രൊഫ. കാർലോസ് സെലിഡ്രൺ കുറിച്ചിട്ട വാക്കുകൾ വർത്തമാന കാലത്ത്‌ തിളങ്ങിനിൽപ്പുണ്ട്. 
സത്യാനന്തരകാലത്തെ മനുഷ്യർ ഓരോന്നിനും അതിരുകൾ തീർത്ത് അവരവരുടെ കൊച്ചു തുരുത്തുകളിൽ അഭിരമിക്കുമ്പോൾ സെലിഡ്രൻ  ലോക നാടകദിന സന്ദേശം കുറിച്ചിട്ടതിങ്ങനെ.  “രാജ്യങ്ങൾക്ക് അതിരുകൾ, മനുഷ്യ മനസ്സുകൾക്കും അതിരുകൾ. അത് വംശീയതയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ പീഡനങ്ങൾ തീർക്കുന്നു. എന്നാൽ അരങ്ങിൽ സൃഷ്ടിക്കപ്പെടുന്ന സർഗാത്മകതയുടെ ലോകങ്ങൾക്ക് അതിരുകൾ ഇല്ല. അത് മാനവികതയുടെയും സ്‌നേഹത്തിന്റെയും സഹിഷ്‌ണുതയുടെയും ലോകങ്ങളെയാണ് പ്രകാശിപ്പിക്കുന്നത്“.
സെലിഡ്രന്റെ  അർഥഗർഭങ്ങളായ ഈ ചിന്തയെ മറ്റൊരു ദിശയിലൂടെ നോക്കിക്കാണുന്ന മാനവിക ദർശനമാണ് ഷാഹിദ് നദീമിന്റെ  ഈ വർഷത്തെ ലോക നാടകദിന സന്ദേശത്തിന്റെ അകം പൊരുൾ.

കഠിനകാലം നാടകത്തിന്റെ നല്ലകാലം

ഏഴ് പട്ടാള ഭരണാധിപത്യങ്ങൾക്ക് സാക്ഷ്യം വഹിച്ച മുസ്ലിം രാജ്യമാണ് എന്റേത്. അനേകം മതമൗലിക ലഹളകളും ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങളും ഞങ്ങൾ കണ്ടു. ആയിരത്താണ്ടുകളുടെ സാംസ്‌കാരിക പൈതൃകം പങ്കിടേണ്ടുന്ന ഈ ദേശങ്ങൾ ഇന്ന് ആണവായുദ്ധത്തിന്റെ വക്കിലാണ്. കഠിനകാലങ്ങൾ നാടകത്തിന്റെ നല്ല കാലമാണെന്നൊരു ചൊല്ലുണ്ട്. വെല്ലുവിളികളെ നേരിടാൻ, വൈരുധ്യങ്ങളെ വരച്ചുകാട്ടാൻ, വ്യവസ്ഥിതികളെ മാറ്റിമറിക്കാൻ ഒക്കെയുള്ള കാലമാണ് കഠിനകാലം. വർഷങ്ങൾക്ക് മുമ്പ് ലോകപ്രശസ്‌ത നാടക സൈദ്ധാന്തികനും കവിയുമായ ബെർതോർഡ് ബ്രെഹ്ത് ‘നാടകവേദി തത്വജ്ഞാനികളുടെ മേഖലയാണെന്നും, ലോകത്തെ വ്യാഖ്യാനിക്കുന്നവരുടേതല്ല, ലോകക്രമങ്ങളെ മാറ്റി മറിക്കുന്ന തത്വജ്ഞാനികളുടെതാണ്‘ എന്ന് പറഞ്ഞതും ഇവിടെ പുനർ വായിക്കപ്പെടുന്നു. 
1980-ലെ പട്ടാള ഭരണകാലത്ത് പ്രതികരണശേഷി പണയം വയ്‌ക്കാത്ത ചെറുപ്പക്കാരാണ് ‘അജോക‘യിലൂടെ സ്വേച്‌ഛാധിപത്യത്തിനെതിരെ അരങ്ങുണർത്തിയത്. അന്ന് വിയോജിപ്പിന്റെ സാമൂഹിക രാഷ്ട്രീയ സ്വരങ്ങളാണ് അജോക് പുറപ്പെടുവിച്ചത്. മുന്നൂറ് വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ബാബ ബുല്ലേ ഷാ എന്ന സൂഫി കവിയുടെ ദർശനങ്ങളിളൂടെയാണ് അജോക അരങ്ങിൽ, പ്രതിരോധത്തിന്റെ അഗ്നി പടർത്തിയത്. മതമൗലികവാദത്തെയും അഴിമതി നിറഞ്ഞ രാഷ്ട്രീയത്തെയും കരുത്താർന്ന അരങ്ങുഭാഷകളിലൂടെ അജോക വിറപ്പിച്ചു. ബുല്ലേ ഷാ ആയി അഭിനയിച്ച നടൻ പിന്നീട് സൂഫിയായി ജീവിക്കുകയും രണ്ട് ശ്രദ്ധേയ കാവ്യസമാഹാരങ്ങൾ രചിക്കുകയുംചെയ്‌തു. മതനിരപേക്ഷതയിൽ അടിയുറച്ച് വിശ്വസിക്കുന്ന ഷാഹിദ് നദീമിന്റെ നാടക ചിന്തകൾ പാകിസ്ഥാൻ അജോക തിയറ്ററിനെ ഇന്നും പ്രതിരോധത്തിന്റെ അടയാളമായി നിലനിർത്തുന്നു. 
നാടകവേദിയെ മുറുകെപ്പിടിച്ച് തികഞ്ഞ ദിശാബോധത്തോടെ സർഗസഞ്ചാരം നടത്തുന്ന ഷാഹിദ് നദീം എഴുതുന്നു. നാടകക്കാരായ ഞങ്ങളുടെ ദൗത്യം സാമൂഹ്യമാറ്റവും പുരോഗതിയുമാണ്.- ആ ബോധമാണ് നമ്മളെ നയിക്കുന്നത്. ഇന്ന് ദേശങ്ങളും മതങ്ങളും തമ്മിൽ ശത്രുതയോടെ പോരടിക്കുമ്പോൾ, വെറുപ്പ് പടർത്തുമ്പോൾ, ശിശുക്കൾ ഭക്ഷണമില്ലാതെ മരിക്കുന്നു. നമ്മുടെ ഭൂമി പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് ആണ്ടുപോകുന്നു. ഈ ആസുരകാലത്ത് നിസ്സംഗതയും പ്രതീക്ഷയില്ലായ്‌മയും നമ്മൾ കൈവെടിയണം. അത്യാഗ്രഹം മാറ്റിവച്ച് ഭൂമിയുടെയും മാനവരാശിയുടെയും സമഗ്രമായ നേട്ടത്തിനായി നാടകവേദികൾ ഇനിയുമിനിയുമുയരണം. തെക്കേ ഏഷ്യയിൽ അഭിനേതാക്കൾ അരങ്ങിലേക്ക് കയറും മുന്നെ മണ്ണും വേദിയും തൊട്ട് വന്ദിക്കാറുണ്ട്. രംഗവേദിയും പ്രേക്ഷകസമൂഹവും തമ്മിലുള്ള ഭൂതവും ഭാവിയും ഒത്തുചേരുന്ന പൊക്കിൾക്കൊടി ബന്ധത്തിന്റെ പ്രതീകാത്മകമായ വീണ്ടെടുപ്പാണത്.  ജനങ്ങൾക്കുവേണ്ടി നിലനിൽക്കുന്ന നാടകവേദിയുടെ സമഗ്രമായ വീണ്ടെടുപ്പിലൂടെ നിലനിർത്തേണ്ടത് പ്രതിരോധത്തിന്റെ കരുത്തും മാനവികതയുടെ നവബോധങ്ങളുമാണെന്ന് ഷാഹിദ് നദീം രേഖപ്പെടുത്തുന്നു.
അരങ്ങുഭാഷകളുടെ അനന്ത സാധ്യതകൾ നിർമിച്ചെടുക്കുന്ന ഷാഹിദ് നദീമെന്ന നാടക പ്രതിഭയെക്കുറിച്ച് ആദ്യമറിയുന്നത് അകാലത്തിൽ പൊലിഞ്ഞ നടൻ ഭരത് മുരളിയിൽ നിന്നാണ്. സംഗീത നാടക അക്കാദമിയുടെ അന്തർദേശീയ നാടകോത്സവത്തിൽ സൂഫി ചിന്തയുടെ ഉൾപ്പൊരുളുള്ള നദീമിന്റെ നാടകങ്ങൾ ക്ഷണിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജീവിതാനുഭവങ്ങളുടെ എരിതീയിൽനിന്നും ഉയിർത്ത ഷാഹിദ് നദീമെന്ന പ്രതിഭയുടെ സമഗ്ര നാടക ഗ്രന്ഥം മുരളിയേട്ടന്റെ വായനാമുറിയിൽ കരുതലോടെ സൂക്ഷിച്ചിരുന്നു. 
പ്രതിരോധത്തിന്റെ ഈ കൊറോണക്കാലത്ത് നദീമിന്റെ സന്ദേശം വായിക്കുമ്പോൾ വാക്കും വരികളും പിന്നെയും തിളങ്ങിനിൽപ്പുണ്ട്. “ഏറ്റവും കഠിന കാലമാണ് നാടകത്തിന്റെ നല്ല കാലം. കെട്ട കാലങ്ങളെ സർഗശേഷിയാൽ അതിജീവിക്കേണ്ടുന്ന നാടക പ്രവർത്തകരുടെ ഇച്ഛാശക്തിയുടെയും മാനവിക ബോധത്തിന്റെയും വെളിപാടുകളേയാണ്, അരങ്ങ് അതിജീവനത്തിന്റെതാണെന്ന തികഞ്ഞ ബോധത്തോടെ നദീം ഉള്ളുണർത്തി പറയുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top