19 January Sunday

കരിങ്കണ്ണനും കവിതയും പിന്നെ ഞാനും

ദീപ സ്വരൻUpdated: Sunday Oct 20, 2019

‘ഓർമകൾക്കില്ല ചാവും ചിതകളും ഊന്നുകോലും ജരാനര ദുഃഖവും'

 
ദീപ സ്വരൻ

ദീപ സ്വരൻ

കവി വിജയലക്ഷ്‌മിയുടെ മഴയിലെ  ഈ വരികളാണ് ജീവിതത്തിന്റെ തീക്ഷ്ണസഞ്ചാരങ്ങളെ അടയാളപ്പെടുത്താനൊരുങ്ങുമ്പോൾ മനസ്സിലെത്തുന്നത്. നെഞ്ചിലെവിടെയൊക്കെയോ പറ്റിച്ചേർന്ന ഭാരക്കട്ടയായി, ഇടയ്‌ക്കിടെ സ്വയമലിഞ്ഞും വീണ്ടും ഘനീഭവിച്ചും ഏറിയും കുറഞ്ഞുമെത്തുന്ന അനുഭവങ്ങളുടെ നീരൊഴുക്കുകളെ വെറും വാക്കുകളിലെങ്ങനെ തളച്ചിടാനാകും? സ്വയമറിഞ്ഞ അനുഭൂതികളെ, ആനന്ദങ്ങളെ, സങ്കടങ്ങളെ, ഉന്മാദങ്ങളെയൊക്കെ അതേ അളവിലെങ്ങനെ മറ്റുള്ളവരെ അനുഭവിപ്പിക്കാനാകും?
തൊടിയിലും പറമ്പിലുമൊക്കെ ഒറ്റയ്‌ക്കിരുന്ന് സ്വപ്‌നം കാണുന്ന പെൺകുട്ടിയുടെ ചിത്രം ഇപ്പോഴും ഒളിമങ്ങാതെയുണ്ട്.  ഒരു പുസ്‌തകം എപ്പോഴും നെഞ്ചോടടക്കിപ്പിടിച്ചിരിക്കും.  രസകരമായ കഥകളുണ്ടാക്കി അതിലെ കഥാപാത്രങ്ങളാവും, സ്വയം വർത്തമാനം പറയും, പൊള്ളിപ്പനിച്ച് നിലവിളിക്കും, അസ്വസ്ഥതകളെ കുടഞ്ഞെറിഞ്ഞ് വീണ്ടും പഴയ പടിയാകും.    
ചില കാഴ്‌ചകളും രൂപങ്ങളുമിങ്ങനെ ഞാൻ മുന്നേയെന്ന തിക്കുമുട്ടലോടെ ഓടിയെത്തുമ്പോൾ, ഓർമയിൽ നിന്നടർത്തി മാറ്റാനാവാത്ത വിധം അത്രയേറെ ആഴത്തിൽ പതിഞ്ഞു പോയൊരു മുഖമാണ് കരിങ്കണ്ണനെന്ന ഉന്മാദിയുടേത്.  നാടോ വീടോ പേരോ ആർക്കുമറിയില്ല.  അമ്പതിനോടടുത്തു പ്രായം. കൺതടങ്ങളിൽ സ്ഥിരമായി കരിമഷിപോലെന്തോ. ഞാൻ കരിങ്കണ്ണനെന്ന് സ്വയം വിളിച്ചു.  കറുത്തിരുണ്ട്, ആറടിയിലേറെപ്പൊക്കവും അതിനൊത്തവണ്ണവുമുള്ള, വെട്ടിയൊതുക്കാത്ത നിറയെ തലമുടിയുള്ള, മുഷിഞ്ഞ ഒരൊറ്റമുണ്ടു മാത്രം ധരിച്ച മനുഷ്യൻ. ചിരിക്കുമ്പോൾ വല്ലാത്തൊരു മുഴക്കം, തീക്ഷ്‌ണമായ നോട്ടം, ഉച്ചത്തിലുള്ള പിറുപിറുക്കലുകൾ. ബസ് സ്റ്റോപ്പിലെ മൂലയിൽ ചടഞ്ഞിരിക്കുന്ന അദ്ദേഹത്തെ തൂണിനു പിറകിൽ ഒളിച്ചു നിന്ന് ദിവസവും പേടിയോടെ നോക്കി.  ഉന്മാദം ഉച്ചസ്ഥായിയിലെത്തിയൊരു ദിവസമായിരുന്നിരിക്കണം ഒരു പുസ്‌തകം പിടിച്ച്  അലസമായി,  ഒരു പ്രത്യേക താളത്തിൽ ഉറക്കെ വായിക്കുന്നുണ്ടായിരുന്നു.  മുഷിഞ്ഞു നാറിയ, പകുതിയോളം കീറിപ്പോയിരുന്ന അതിന്റെ പുറന്താളിൽ ‘മഞ്ഞ്' എന്നെഴുതിയിരുന്നു.  നൈനിതാളിലൂടെയും വിഫലപ്രണയത്തിന്റെ സ്‌മൃതിമണ്ഡപമായ വിമലയുടെ വീക്ഷണകോണുകളിലൂടെയുമൊക്കെ അദ്ദേഹം സഞ്ചരിക്കുന്നുണ്ടായിരുന്നു. ഇടയ്‌ക്കിടെ ദേഷ്യപ്പെട്ടു, പുച്ഛത്തിന്റെ സീൽക്കാരം. എനിക്കു വല്ലാത്ത കൗതുകം.  ആ ഉന്മാദപ്പേച്ചുകൾ പലപല വിചാരങ്ങളുടെ തുരുത്തുകളിലൂടെ എന്നെ നടത്തി. സുഭാഷ് മെമ്മോറിയൽ ഗ്രന്ഥശാലയിൽനിന്ന് അന്നുതന്നെ എം ടിയുടെ മഞ്ഞ് സംഘടിപ്പിച്ചു.  വായിക്കുന്തോറും തെളിഞ്ഞു വരുന്ന തീക്ഷ്ണപ്രണയത്തിന്റെ  ഭാവതലങ്ങൾ പതിനാലുകാരിയിൽ ഉണ്ടാക്കിയ മാറ്റം ചെറുതല്ല.  ഏതോ കാത്തിരിപ്പിലാണദ്ദേഹമെന്നും അസഹനീയമായ വേദനകൾക്കിടയിലെപ്പോഴെങ്കിലുമാവണം ഭ്രാന്തിന്റെ വിത്തുകൾ മുളയ്‌ക്കുന്നതെന്നും വിശ്വസിച്ച് ഇനിയുമെത്തിച്ചേർന്നേക്കാവുന്ന ഒരു വിമലയെക്കുറിച്ച് കഥ മെനഞ്ഞ് അദ്ദേഹവുമായി ഐക്യപ്പെടാൻ ശ്രമിച്ചു. 
 
തികച്ചും അപ്രതീക്ഷിതമായമാണ് അദ്ദേഹത്തിന്റെ ‘നാറാണത്തു ഭ്രാന്തൻ' കേൾക്കാനിടയായത്.  അത്രയും ഘനഗംഭീര ശബ്ദത്തിൽ അതുവരെ ആ കവിത ചൊല്ലിക്കേട്ടിരുന്നില്ല. മനസ്സിൽ കരിങ്കണ്ണൻ മലയോളം പൊക്കം വയ്‌ക്കുകയായിരുന്നു. മുഴുവട്ടുകളെന്ന ആക്ഷേപങ്ങൾക്കിടയിലും അദ്ദേഹവുമായി ചങ്ങാത്തം കൂടാനാഗ്രഹിച്ചു.  പക്ഷേ ഉന്മാദിയല്ലാത്ത ദിവസങ്ങളിൽ തീരെ മൗനിയായി, ഏതെങ്കിലുമൊരു കാഴ്‌ചയിലേക്ക് കണ്ണയച്ച് ഒരേയിരുപ്പിരിക്കും. ദിവസങ്ങളോളം അത് തുടരും.  കവിത വറ്റിയ കരിങ്കണ്ണൻ എന്നെ വേദനിപ്പിച്ചു.  അവ കേൾക്കാനുള്ള ആഗ്രഹത്തെ ഉള്ളിലിട്ടു വളർത്തി മൂന്നാലു വർഷങ്ങളുടെ തമ്മിൽക്കാണലുകളിലൂടെ ചിലപ്പോഴൊക്കെ ചിരി കൊണ്ടൊരു പാലം തീർക്കാൻ ശ്രമിച്ചു.  ഒരിക്കലെപ്പോഴോ ‘ആ കവിത ഒന്നൂടി ചൊല്ലാമോ?' എന്നു ആകാംക്ഷയോടെ ചോദിച്ചു. നിസ്സംഗതയുടെ തണുപ്പിനെ കണ്ണുകളിൽ വിളക്കിവച്ച് എന്നെ അവഗണനയുടെ നട്ടുച്ചയിലേക്ക് തള്ളിയിട്ടു. ഇനിയും കേൾക്കാനാവാത്ത ഈരടികളെ വെറുതേ സ്വപ്‌നം കണ്ടു.  അത്രയും മനോഹരമായി ഒരു കവിതയും പിന്നീടാരും ചൊല്ലിക്കേട്ടിട്ടേയില്ല, കണ്ണുകളിൽ കടലൊളിപ്പിച്ച ഒരു നോട്ടവും കണ്ടിട്ടേയില്ല, ഉള്ളു തുറന്ന അത്രയും മനോഹരമായ ഒരു ചിരിയും എന്നെ സന്തോഷിപ്പിച്ചിട്ടേയില്ല, അജ്ഞാതനായ ഒരാളുടെ മരണവും അത്രയധികം നഷ്‌ടബോധം ഉണ്ടാക്കിയിട്ടേയില്ല. മഴത്തണുപ്പിൽ വിറങ്ങലിച്ചു കിടന്ന ഒരു പ്രഭാതത്തിലും പിന്നീടിങ്ങോട്ടുള്ള ഓരോ ദിനങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ആഗ്രഹിച്ചു പോയിട്ടുണ്ട്.  ഉള്ളിലൊതുക്കിവച്ച കേൾവിയുടെ നിറചഷകത്തിൽനിന്ന് ഒരു തുള്ളിയെങ്കിലും തുളുമ്പിയെങ്കിലെന്ന് ചിന്തിച്ചിട്ടുണ്ട്.  പിന്നീട്‌ ഇതുവരെ എഴുതിക്കഴിയുന്ന ഓരോ കവിതയും അദ്ദേഹത്തിന്റെ ശബ്ദത്തിൽ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ആവലാതികളും വേവലാതികളുമില്ലാത്ത, നിരാശയുടെ നെഞ്ചിടിപ്പില്ലാത്ത, പരസ്‌പരമറിയുക പോലുമില്ലാത്ത, തികച്ചും അജ്ഞാതനായ കരിങ്കണ്ണനെന്ന ആ മനുഷ്യനിലേക്കാണ് എന്റെ വായനയുടെയും എഴുത്തനുഭവങ്ങളുടെയും ഭൂതകാല വഴികൾ.   
 
സ്‌കൂൾ കോളേജ് പഠനകാലത്തൊന്നും തന്നെ ഗൗരവമായ എഴുത്തുണ്ടായിരുന്നില്ല.  മ്യൂസിക് ക്ലാസിൽ സ്വയമെഴുതിയ നാലു വരിക്കവിത കൂട്ടുകാരികളെക്കൊണ്ട് ചൊല്ലിച്ചതിന് കിട്ടിയ ശകാരം പിന്നെ കുറേക്കാലം എഴുതാതിരിക്കാൻ   പ്രേരിപ്പിച്ചു. ആത്മവിശ്വാസത്തിന്റെ കണിക പോലും ഉള്ളിലില്ലാത്തൊരുവൾക്ക് മറ്റൊരുപാധിയും ഉണ്ടായിരുന്നുമില്ല.  
സസ്യ ശാസ്‌ത്രത്തോടുള്ള പ്രണയം വല്ലാതെ മുറുകിയപ്പോൾ ഗവേഷണത്തിലേക്കു തിരിഞ്ഞു. ആ കാലഘട്ടം തന്ന തിരിച്ചറിവുകൾ വളരെ വലുതാണ്.  കാടകങ്ങളുടെ സ്വച്ഛതയിലലിഞ്ഞ് മറ്റൊരാളായി. ആകാശം മുട്ടെ വളർന്ന മരങ്ങളോടും പടർവള്ളികളോടും ഉദ്വേഗമൊളിപ്പിച്ച് മനുഷ്യനോടെന്ന പോലെ കുശലം പറഞ്ഞു.  അത്യധികം സങ്കീർണമായ ഭൂമികകളിലൂടെ യാത്രകൾ ചെയ്‌തു.  പല പല ജീവിതങ്ങളെ, ദേശങ്ങളെ, സംസ്‌കാരങ്ങളെ ഒക്കെ അടുത്തറിഞ്ഞു.  ഒരേ സമയം ആഹ്ലാദത്തിന്റെയും അനുഭൂതിയുടെയും മാസ്‌മരികതയിൽപ്പെട്ട് ലോകമെത്ര സുന്ദരമെന്നു വിധിയെഴുതി.  അപൂർവസുന്ദരമായ കാണാക്കാഴ്‌ചകൾക്കു വേണ്ടി ക്ഷമയോടെ കാത്തിരുന്നു. ചില പരിസ്ഥിതിക്കവിതകളും കഥകളും എപ്പോഴൊക്കെയോ പിറന്നു വീണു.
 
ഒഴുക്കിനൊത്തു മാത്രം നീന്തി ശീലിച്ചതുകൊണ്ടാവാം ഒഴുകിയെത്തിയ ഇടങ്ങളോടുള്ള പൊരുത്തപ്പെടൽ പലപ്പോഴും ബാധ്യതയായി.  അധ്യാപികയുടെ വേഷം പാകമല്ലാത്തൊരുടുപ്പാണെന്നു തോന്നിയിരുന്നു ആദ്യമൊക്കെ.  സ്വന്തം വൈകാരികതകളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് സ്വയം ഉപേക്ഷിക്കപ്പെടലല്ലാതെ എത്ര പേരെ ചേർത്തു പിടിക്കാനാവുമെന്നു ഭയന്നിട്ടുണ്ട്.  പക്ഷേ യാഥാർഥ്യം എത്രയോ അകലെയായിരുന്നു.  ഓരോ കുഞ്ഞും പേറുന്നത് അനുഭവങ്ങളുടെ തീച്ചൂളകളാണ്.  ഒരിക്കലും മായ്ച്ചു കളയാൻ കഴിയാത്ത വിധമുള്ള ചില വടുക്കളെ കോറിയിട്ടു തരും മനസ്സിൽ.  തുന്നിക്കെട്ടിയാലും മുറിവാഴം കൂടുന്ന പ്രഹേളികയാവും ചിലർ.  സ്വന്തം വേവുകളെക്കാൾ പ്രാണനോടണച്ചു പിടിച്ചാൽ മനോഹരമായൊരു കവിതയായി മാറുമവർ.  ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ലാതെ തുടർച്ചയുടെ നിരവധി വിരാമ ചിഹ്നങ്ങളിൽ തടഞ്ഞ് എന്റെ പാഠപുസ്‌തകങ്ങളേ, നിങ്ങൾക്കു നന്ദി എന്ന് ഞാനവരോട് പറയാതെ പറയും.  അടച്ചിട്ട സങ്കടങ്ങളുടെ ഊടുവഴികളിലൂടെ കലങ്ങിമറിഞ്ഞൊഴുകുമ്പൊഴും അനുഭവങ്ങളുടെ കൂട്ടുകഷായത്തിൽ നിന്നിത്തിരി എന്നിലേക്കു പകർന്നു തന്നതിന്... വാക്കുകളുടെ കലമ്പലുകളെയിങ്ങനെ കുടഞ്ഞിട്ടു തന്നതിന്....
 
ഞാനിപ്പൊഴും അതേ പാവാടക്കാരിയാണ്.  ഒറ്റമൈനയെക്കണ്ട ദോഷം മാറാൻ മുള്ളു കൈതയുടെ ഇല മടക്കിക്കുത്തവേ പാമ്പിനെക്കണ്ട് ബോധരഹിതയായ കുറുമ്പിപ്പെണ്ണ്.  സ്‌കൂൾ ഗ്രൗണ്ടിലെ വലിയ പുളിമരച്ചോട്ടിലെ വേരിലിരുന്ന്  എന്തൊക്കെയോ എഴുതിക്കൂട്ടുന്ന ആറാം ക്ലാസുകാരി. പാഠപുസ്‌തകങ്ങൾക്കു പകരം ലൈബ്രറി പുസ്‌തകങ്ങൾ മാത്രം ബാഗിൽക്കണ്ട് ചൂരലടി വാങ്ങേണ്ടി വന്നവൾ. കരഞ്ഞു വീർത്ത കണ്ണുകളുമായി അരപ്പാവാട കൊണ്ട് അടിയുടെ പാടുകൾ മറയ്‌ക്കാൻ പാടുപെട്ടവൾ. യക്ഷിക്കഥകൾ ഭയന്ന് രാത്രി മുഴുവൻ ഉറങ്ങാതെ ഉണർന്നിരുന്നവൾ. കണ്ടു മതിവരാത്ത ഓർമകളുടെ കൊളാഷ് ആണ് തല നിറയെ.  കാലത്തിന്റെ അനിവാര്യമായ കുതിച്ചുപായലിൽ നഷ്‌ടമായവ.
ഇന്നിപ്പോൾ വാക്കുകളാൽ വരച്ചുവയ്‌ക്കുകയാണ് ഞാനെന്റെ ജീവിതത്തെ. ചില്ലകൾ ആകാശത്തെ കൊതിക്കു മ്പോഴും വേരുകളെ ആഴത്തിലേക്കു പടർത്തുകയാണ്. ഓർമയുടെ വസന്തകാലത്ത് പഴയ പുളിമരച്ചോട്ടിലിരുന്ന് അവൾ പാടുകയാണ്:
 
‘ഇല്ല ഭാഷയൊന്നില്ല മൂളുവാ, നെൻ ഗീതിക -
ളൊക്കെയും ചുഴന്നെന്റെ മസ്‌തകം മുറുക്കുന്നു
എൻ ലിപിക്കാവുന്നില്ല, യൊക്കെയും പൊലിപ്പിക്കാ-
നത്രമേലനന്തമാം ദീർഘമൗനത്തിൻ ഭാരം
പ്രധാന വാർത്തകൾ
 Top