20 March Wednesday

സിക്ക വൈറസിന്റെ ചരിത്രം: കേരളത്തിന് പഠിക്കാന്‍ ഏറെ

ഡോ. ബി ഇക്ബാല്‍Updated: Sunday Aug 20, 2017

2016ലെ റിയോ ഒളിമ്പിക്സിന്റെ കാലത്താണ് ബ്രസീലില്‍നിന്ന് സിക്ക വൈറസ് ബാധ ലോകമെമ്പാടും ഭീതിപരത്തിക്കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കായികതാരങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്നും വിവിധ രാജ്യങ്ങളില്‍നിന്നെത്തുന്ന കായികതാരങ്ങളിലൂടെ രോഗം ലോകംമുഴുവന്‍ പരന്നേക്കാമെന്നും ഭയന്ന് ഒളിമ്പിക്സ് ബ്രസീലില്‍നിന്ന് മാറ്റുന്ന കാര്യവും ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. പിന്നീട് ഏറെ കര്‍ശനമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാണ് ഭയത്തിന്റെ അന്തരീക്ഷത്തില്‍ ഒളിമ്പിക്സ് നടത്തിയത്. തുടര്‍ന്ന് ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം പടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക്ക വൈറസ് രോഗം അഹമ്മദാബാദില്‍ ഈ വര്‍ഷം  മൂന്നുപേരെ ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ആദ്യമായാണ് സിക്ക രോഗം ഇന്ത്യയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞവര്‍ഷം നവംബറില്‍ ഒരു ആണ്‍കുട്ടിയെ പ്രസവിച്ച 34 വയസ്സുള്ള സ്ത്രീയിലാണ് ഈ വര്‍ഷം ജനുവരിയില്‍ ആദ്യമായി സിക്ക രോഗം സംശയിച്ചത്. പിന്നീട് 111 രക്തസാമ്പിളുകള്‍ നിരീക്ഷണത്തിന്റെ ഭാഗമായി പരിശോധിച്ചപ്പോള്‍ 22 വയസ്സുള്ള ഗര്‍ഭിണിയില്‍ രോഗം കണ്ടെത്തി. 64 വയസ്സുകാരനിലാണ് അവസാനമായി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്.
വൈറസ് ബാധ സംശയിച്ചതിനെത്തുടര്‍ന്ന് രോഗവിവരങ്ങള്‍ ഇന്ത്യ ലോകാരോഗ്യസംഘടനയെ അറിയിച്ചിരുന്നു. ലോകാരോഗ്യസംഘടന നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ബി ജെ മെഡിക്കല്‍ കോളേജിലും പുണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നടത്തിയ രക്തപരിശോധനയെയും നിരീക്ഷണങ്ങളെയും തുടര്‍ന്നാണ് മൂന്നുപേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരെല്ലാം ഗുജറാത്തിലെ അഹമ്മദാബാദിലെ ബാപുനഗര്‍ മേഖലയില്‍നിന്നുള്ളവരാണ്. സിക്കബാധ ഇന്ത്യയിലും വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍, ആരും ഇത് ഗൌരവമായി പരിഗണിച്ചില്ലെന്നുവേണം കരുതാന്‍.

ഇന്ത്യയില്‍നിന്ന് സിക്ക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ഈ രോഗത്തെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. സാമൂഹ്യശൃംഖലകള്‍വഴിയുള്ള അശാസ്ത്രീയ പ്രചാരണങ്ങളും നടന്നു. ഈ സാഹചര്യത്തിലാണ് സിക്ക വൈറസിനെ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങളടങ്ങിയ ദ സീക്രട്ട് ലൈഫ് ഓഫ് സിക്ക വൈറസ്  എന്ന വിലപ്പെട്ട ഗ്രന്ഥം കല്‍പിഷ് രത്ന (The Secret life of Zika Virus: Kalpish Ratna: Tiger Books: 2017) രചിച്ചത്. സിക്ക വൈറസിനെപ്പറ്റി അറിയേണ്ടുന്ന എല്ലാ വിവരങ്ങളുമടങ്ങിയിട്ടുള്ള ഈ പുസ്തകം പോപ്പുലര്‍ ശാസ്ത്രസാഹിത്യത്തിന് കനപ്പെട്ട മുതല്‍ക്കൂട്ടുകൂടിയാണ്.

സിക്ക വൈറസിന്റെ ഉത്ഭവം, വ്യാപനരീതി, രോഗപ്രതിരോധത്തിനായിട്ടുള്ള ഔഷധം വികസിപ്പിച്ചെടുക്കുന്നതിനായി നടന്നുവരുന്ന ഗവേഷണം തുടങ്ങി സിക്കവൈറസിനെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും വിശദമായി പുസ്തകത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. ഫ്ലാവി വിറിഡേ (Flaviviridae) എന്ന വൈറസ് കുടുംബത്തിലെ ഒരംഗമാണ് സിക്ക വൈറസ്. ഈഡിസ് വിഭാഗത്തില്‍ പെട്ട ഈഡിസ് ഈജിപ്തൈ, ഈഡിസ് ആല്‍ ബോപിക്റ്റസ് എന്നീ കൊതുകുകളാണ് സിക്ക വൈറസ് വാഹകര്‍. 1947ല്‍ ഉഗാണ്ടയില്‍ സിക്കകാടുകളില്‍നിന്നാണ് സിക്ക വൈറസ് ആദ്യമായി കണ്ടെത്തിയത്. വൈറസിന് സിക്ക എന്ന പേര് ലഭിച്ചത് അതുകൊണ്ടാണ്. കുരങ്ങന്മാരില്‍ കൊതുക് പരത്തുന്ന ഒന്നായിരുന്നു ആദ്യകാലത്ത് സിക്ക രോഗം. പിന്നീടാണ് മനുഷ്യരിലേക്കും രോഗം വ്യാപിച്ചത്. 1950കള്‍വരെ ചില ആഫ്രിക്കന്‍- ഏഷ്യന്‍ രാജ്യങ്ങളില്‍ അപൂര്‍വമായി സിക്ക രോഗബാധ കണ്ടിരുന്നു. 2007-16 കാലത്താണ് ബ്രസീല്‍ അടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്ക് രോഗം വലിയതോതില്‍  വ്യാപിച്ചത്.
ഡെങ്കിപ്പനി, ജാപ്പനീസ് മസ്തിഷ്കജ്വരം, മഞ്ഞപ്പനി, വെസ്റ്റ് നൈല്‍ രോഗം തുടങ്ങിയ വൈറസ് രോഗങ്ങളോട് രോഗലക്ഷണങ്ങളിലും മറ്റും സിക്ക വൈറസ് രോഗത്തിനു സാമ്യമുണ്ട്. തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, തൊലിയില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ് തുടങ്ങിയ ലക്ഷണങ്ങളാണ് സിക്ക വൈറസ് ബാധയിലും പ്രത്യക്ഷപ്പെടാറുള്ളത്. കൊതുകുകടിക്കു പുറമെ രക്തദാനത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും രോഗം പകരാന്‍ സാധ്യതയുണ്ട്. അര്‍ജന്റീന, ചിലി, ഫ്രാന്‍സ്, ഇറ്റലി, ന്യൂസിലന്‍ഡ്, അമേരിക്ക എന്നീ ആറുരാജ്യങ്ങളില്‍നിന്ന് ലൈംഗികബന്ധത്തിലൂടെ രോഗം പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2015ല്‍ ബ്രസീലില്‍ രക്തദാനത്തിലൂടെ രണ്ടുപേരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്തി.

സിക്ക സ്വയംനിയന്ത്രിതമായ വൈറസ് രോഗമാണ് എങ്കിലും ഗുരുതരമായ പല പ്രത്യാഘാതങ്ങളും അതുകൊണ്ടുണ്ടാകാം. ഗര്‍ഭിണികളെ രോഗം ബാധിച്ചാല്‍ ഗര്‍ഭസ്ഥശിശുക്കളില്‍ ഗുരുതരമായ ജന്മവൈകല്യം ഉണ്ടാക്കാനിടയുണ്ട് എന്നതാണ് സിക്ക രോഗത്തെ ഭീതിജനിപ്പിക്കുന്ന ഒന്നായി മാറ്റുന്നത്. ഗര്‍ഭസ്ഥശിശുവിന്റെ തല അസാമാന്യമായ രീതിയില്‍ ചുരുങ്ങുകയും (Microcephaly) നാഡീവ്യൂഹത്തിന് തകരാര്‍ സംഭവിക്കുകയും ചെയ്യുന്നതിനും പുറമെ മറ്റ് ജനിതകവൈകല്യങ്ങള്‍ക്കും കാരണമാകും. കൈകാലുകള്‍ തളര്‍ന്ന് പോകുന്ന സുഷുമ്നാനാഡിയെ ബാധിക്കുന്ന ഗില്ലന്‍ ബാരി സിന്‍ഡ്രോം (Guillain–Barré Syndrome) സിക്ക വൈറസ് ബാധയുടെ പ്രത്യാഘാതമായി അപൂര്‍വമായി കണ്ടുവരുന്നുണ്ട്. സിക്കരോഗത്തിന് പ്രത്യേകിച്ച് ചികിത്സയൊന്നും നിര്‍ദേശിക്കേണ്ടതായിട്ടില്ല. ഗുരുതരാവസ്ഥ ഉണ്ടാകാതിരിക്കാന്‍ പനി കുറയ്ക്കുന്നതിനുള്ള മരുന്നും ആവശ്യാനുസരണം ലായനികളും വിശ്രമവുമാണ് രോഗികള്‍ സ്വീകരിക്കേണ്ട കരുതല്‍ നടപടികള്‍.

സിക്ക വൈറസ് രോഗത്തിനെതിരെ വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു. 18 കമ്പനിയാണ് സിക്ക വൈറസ് വാക്സിന്‍ ഗവേഷണം നടത്തിവരുന്നത്. 2016ല്‍ അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ Food and Drug Adminitsration) ഒരു ഡിഎന്‍എ  വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എങ്കിലും പത്തുവര്‍ഷമെങ്കിലും കഴിഞ്ഞെങ്കില്‍മാത്രമേ ഫലപ്രദമായ വാക്സിന്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയൂ എന്നാണ് കരുതപ്പെടുന്നത്.
സിക്ക വൈറസിനെപ്പറ്റിയുള്ള ഈ പുസ്തകം കേരളത്തില്‍ ആരോഗ്യപ്രവര്‍ത്തകരും ആരോഗ്യ നയരൂപീകരണം നടത്തുന്നവരും നിര്‍ബന്ധമായി വായിച്ചിരിക്കേണ്ടതാണ്. ഗുജറാത്തില്‍നിന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കിലും സിക്ക വൈറസ് രോഗം കേരളത്തിലും വ്യാപിക്കാനുള്ള സാധ്യത പല കാരണങ്ങള്‍കൊണ്ടും വളരെ വലുതാണ്. അതുകൊണ്ട് കേരളം ഇതൊരു മുന്നറിയിപ്പായി കണക്കാക്കി സിക്കരോഗവ്യാപനം തടയുന്നതിനുള്ള  ശക്തമായ കരുതല്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കേരളത്തിലുള്ളവര്‍ നിരന്തരം യാത്രചെയ്തുകൊണ്ടിരിക്കയാണ്. മാത്രമല്ല, വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിനാളുകളാണ് കേരളത്തില്‍ ഇപ്പോള്‍ ജോലിചെയ്തുവരുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നും സിക്കരോഗം കേരളത്തിലെത്താനുള്ള വലിയ സാധ്യതയുണ്ട്. അതുപോലെ പ്രധാനമാണ് സിക്കരോഗം പരത്തുന്ന ഈഡിസ് ഈജിപ്തൈ കൊതുകിന്റെ കേരളത്തിലെ സാന്നിധ്യവും. ഈഡിസ് ഈജിപ്തൈ കൊതുകുകളുടെ സാന്ദ്രത ഏറ്റവുമധികമുള്ള സംസ്ഥാനമാണ് കേരളം. ഇതേ കൊതുകാണ് കേരളത്തില്‍ ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയും പരത്തിക്കൊണ്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടന ഇതിനകം വികസ്വരരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ള, ഈഡിസ് ഈജിപ്തൈ കൊതുക് പരത്തുന്ന മഞ്ഞപ്പനി (Yellow fever) എന്ന മരണസാധ്യത കൂടുതലുള്ള രോഗവും കേരളത്തിലെത്തിക്കൂടെന്നില്ല. ഈ സാഹചര്യത്തില്‍ ഈ പുസ്തകത്തിന് കേരളത്തില്‍ വലിയ പ്രസക്തിയുണ്ട്. പുസ്തകത്തിന്റെ ഒരു മലയാളം പതിപ്പ് പ്രസിദ്ധീകരിക്കുന്നത് ഉചിതമായിരിക്കും.

യഥാര്‍ഥത്തില്‍ ഇഷ്റസ് സെയ്ദ്, കല്‍പന സ്വാമിനാഥന്‍ (Ishrat Syed, Kalpana Swaminathan) എന്നീ സര്‍ജന്മാര്‍ ചേര്‍ന്നാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്. കല്‍പിഷ് രത്ന എന്നത് ഇവരുടെ തൂലികാനാമമാണ്. ഇതേ പേരില്‍ ഇരുവരും ചേര്‍ന്ന് ദി ക്വാറന്റൈന്‍ പേപ്പേഴ്സ്-(The Quarantine papers) എന്ന നോവലും 1896ല്‍ ബോംബെയില്‍ ആയിരക്കണക്കിനാളുകളുടെ ജീവന്‍ അപഹരിച്ച പ്ളേഗ് മഹാമാരിയെ സംബന്ധിച്ചുള്ള റൂം 000 (Room 000) എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.

പ്രധാന വാർത്തകൾ
 Top