23 May Thursday
അതിഥി /ഓർമ

ഓന്തുകൾ എന്തിന് പ്രത്യക്ഷപ്പെടണം?

സ്‌മിത ജി എസ്‌Updated: Sunday May 20, 2018
പുഴു തിന്ന വെണ്ടയ്ക്കയായിരുന്നു ഞാൻ ആദ്യം വരച്ച ചിത്രം എന്നാണ് ഓർമ. വെണ്ടയ്ക്കയുടെ അകത്തേക്ക് നുഴഞ്ഞുകയറുന്ന പുഴുവിനെ ഞാൻ കൗതുകത്തോടെ നോക്കിനിൽക്കുമായിരുന്നു. പറങ്കിമാങ്ങയിൽനിന്ന‌് പുറത്തുചാടുന്ന പുഴുക്കൾ, ചാണകത്തിനുള്ളിൽനിന്ന‌് പുറത്തേക്ക് കുതിച്ചുപായുന്ന കറുത്തതലയുള്ള വെളുത്ത പുഴുക്കൾ. തൊഴുതുനിൽക്കുന്ന പ്രാണിയും പച്ചക്കുതിരയും സംസാരിക്കുന്ന സാങ്കൽപ്പിക ലോകത്തിലായിരുന്നു എന്റെ കുട്ടിക്കാലം. കുഴിയാനകൾ വളർന്നുവലുതാകുന്നത് ഞാൻ നോക്കിനിന്നു. പറമ്പിലെ പാറക്കൂട്ടങ്ങൾക്കിടയിലൂടെ വെള്ളം ഉറവയെടുത്ത് ഒഴുകിനിറയുന്ന കുണ്ടുകളിലായിരുന്നു കളിയും കുളിയും. തവളക്കുഞ്ഞുങ്ങളെ പിടിച്ച് ബക്കറ്റിലിട്ട് വളർത്തുന്നതായിരുന്നു പ്രധാന വിനോദം. കുളക്കടവിലെ പാറക്കല്ലിൽ മത്സരമെന്ന‌്  തോന്നിക്കുംപോലെ അമ്മയും ഇളയമ്മയും തുണി വലിയ ശബ്ദത്തോടെ അടിച്ച് അലക്കുമ്പോൾ ഞാൻ  ആ ശബ്ദം വെള്ളത്തിൽ തീർക്കുന്ന ചെറുചലനങ്ങളും അതിനടിയിൽ നീന്തിത്തുടിക്കുന്ന മീനുകളെയും വെള്ളത്തിൽ എഴുത്തച്ഛനെയും  നോക്കിനിന്നു. 
 
കുളത്തിന് അതിർത്തി തീർത്ത കാട്ടുചെടികൾക്കിടയിലൂടെയുള്ള നടത്തം, വയലുകളിൽ നിറഞ്ഞ വെളുത്ത പുള്ളിക്കുത്തു ചേമ്പില ഇവയെല്ലാമാണ് ഞാൻ ഏറിയ പങ്കും പെയിന്റിങ്ങുകളാക്കിയത്. വീടിനടുത്തുള്ള നരിമാളത്തെക്കുറിച്ച് അച്ഛൻ പറയുമായിരുന്നു. ആ മാളത്തിൽ കയറണമെന്ന് ഞാൻ ആഗ്രഹിച്ചു. നടന്നില്ല. കാടിനു നടുവിലുള്ള ആ മാളം എന്റെ സ്വപ്നമായി. അതിനുള്ളിൽ എന്തായിരിക്കുമെന്ന ചിന്ത ഇപ്പോഴും എന്റെ ചിത്രങ്ങൾ അന്വേഷിക്കുന്നു.  ആ ഇരുട്ടറയിലെ വർണങ്ങൾ എന്റെ ബ്രഷിൻ തുമ്പിലെത്തുന്നു. ചിത്രങ്ങൾ ഓർമകളുടെ വർണപ്രതലത്തിൽനിന്ന് ക്യാൻവാസിലേക്ക് ഒഴുകുന്നു. 
 
ഉടുപ്പില്ലാതെ വരച്ചാൽ കാണുന്നവർ വഴക്കുപറയുമെന്ന പേടികൊണ്ട് അവ ആരും കാണാതെ വരച്ചു. സ്കൂൾ കാലത്ത് ഒരു ദിവസം ഇന്റർവെൽ സമയത്ത് വരയ്ക്കാൻ തുടങ്ങിയ ചിത്രം ബെല്ലടിച്ച് മാഷ് ക്ലാസിൽ വന്നിട്ടും ഞാനറിയാതെ വരച്ചുകൊണ്ടിരുന്നു. ഇതു കണ്ട മാഷ് എന്നെ പൊതിരെ തല്ലി. ചിത്രം ചുരുട്ടി പുറത്തേക്ക് എറിഞ്ഞു. അടിയേറ്റതിന്റെ വേദനയേക്കാൾ ചിത്രം ചുരുട്ടിയെറിഞ്ഞതാണ് എന്റെ ഹൃദയത്തെ നോവിച്ചത്. ആ വേദനയാണ് എന്റെ ചിത്രങ്ങളുടെ ജീവൻ. 
 
വരയ്ക്കുന്ന ഓരോ ചിത്രവും അച്ഛനെ കാണിക്കുമ്പോൾ ആ മുഖത്ത് വിതറുന്ന വർണങ്ങളായിരുന്നു എനിക്ക് കിട്ടിയ ആദ്യ പ്രോത്സാഹനം. അച്ഛനെയും അച്ഛമ്മയെയും വരയ്ക്കാൻ അച്ഛൻ അന്നൊക്കെ ആവശ്യപ്പെടുമായിരുന്നു. മേൽമുണ്ട് തോളിലിട്ട് മാറിടം പുറത്തുകാട്ടി, കൈയിൽ അരിവാളുമായി നടക്കുന്ന അച്ഛമ്മ. ബ്ലൗസ് ഇടാത്ത അച്ഛമ്മയെ വരയ്ക്കാൻ എനിക്കെന്തോ ഭയമായിരുന്നു. അവർ അരിവാളും പിടിച്ച് എന്റെ തല പിടിച്ചുവച്ച് പേനെടുക്കും. ഞാൻ പേടിയോടെ ശ്വാസമടക്കിപ്പിടിച്ച് അതിനു വഴങ്ങിക്കെടുക്കും. ആ വിരലുകൾ തരുന്ന സ്നേഹം നിമിഷങ്ങൾക്കകം ഭയം ഇല്ലാതാക്കും. അവർ ഇന്നില്ല. ആ ചിത്രവും ഞാൻ ഇതുവരെ വരച്ചിട്ടില്ല. എന്നെങ്കിലുമൊരു ദിവസം വരച്ചുതീർക്കുമത്. 
 
യൂണിവേഴ്സൽ ആർട്സ് സ്കൂളിലെ പഠനത്തിനു ശേഷം വിവാഹം. പിന്നിടുള്ള ഏഴുവർഷങ്ങളിൽ ഞാൻ ഒരിക്കൽപോലും ചിത്രം വരച്ചില്ല. ചിന്തകൾ ഏതോ തടവറയ്ക്കുള്ളിലായിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തോടെ വീണ്ടും എന്റെ ഉള്ളിൽ ഓർമകൾ വർണങ്ങളായി തിളച്ചു. ബ്രഷുകൾ പ്രകൃതിയിലേക്കിറങ്ങി. ചിന്തകൾ യാത്രകൾക്ക് വഴിമാറി. വർണങ്ങളുടെ പുതിയ ലോകം...
 
അധികം ആരും കൈവയ്ക്കാത്ത 'പോയിന്റിലിസം' ആണ് ഞാൻ പിന്തുടരുന്ന രീതി. 1886ൽ ജോർജ സ്യൂറട്ടും പോൾ സിഗാകുമാണ് ഈ രീതി അവലംബിച്ച് തുടങ്ങിയത്. നിറങ്ങൾ അടുത്തടുത്തുവച്ച് കുത്തുകളായി തോന്നിപ്പിക്കുന്ന രീതിയാണ് ഇതെന്ന് പറയാം. പ്രകാശവ്യതിയാനത്തിന് അനുസരിച്ച് രൂപങ്ങളുടെ ചലനത്തെയും ഭാവത്തെയും ചിത്രങ്ങളായി ഒരുക്കുന്ന ശൈലി. 
 
നാമാവശേഷമാകാനിടയുള്ള ജീവജാലങ്ങളെയാണ് ഞാൻ വരയ‌്ക്കുന്നത്്. എന്റെ സമരംകൂടിയാണിത്. പ്രകൃതിയോടൊപ്പം നിൽക്കാനുള്ള സമരം. ഈ പ്രകൃതിയിലെ ഓരോ സൂക്ഷ്മജീവിയും ഈ ഭൂമിയുടെ അവകാശികളാണ്. അവയുടെ സ്ഥാനം ചെറുതല്ല. അവയെ സഹാനുഭൂതിയോടെയും സ്നേഹത്തോടെയും കാണാൻ മറ്റുള്ളവരെക്കൂടി പ്രേരിപ്പിക്കുന്നതാണ് എന്റെ ചിത്രലോകം. തിരസ്കൃതരായ, അതിജീവനത്തിന് പോരാടുന്ന സൂക്ഷ്മജീവികളാണ് എന്റെ ചിത്രങ്ങളിലുള്ളത്. 
 
രാത്രിയിലാണ് ഞാൻ ചിത്രങ്ങൾ വരച്ചുതുടങ്ങുന്നത്. അത് ചിലപ്പോൾ പുലർച്ചെവരെയാകും. രാത്രിയുടെ താളത്തിനനുസരിച്ച് ക്യാൻവാസിൽ നിറങ്ങൾ പരക്കാൻ തുടങ്ങും.  അതിനാൽതന്നെ ചീവിടുകൾ അടക്കമുള്ള നിശാചരർ എന്റെ ചിത്രങ്ങളിൽ സ്ഥാനം ഉറപ്പിച്ചിരിക്കും. മനുഷ്യരെപ്പോലെ അവർക്കുമുണ്ട് കഥകൾ. സത്യത്തിൽ ആശയങ്ങളുടെ വലിയൊരു ലോകമാണ് അവർക്കു ചുറ്റുമുള്ളത്. അതിൽ കണ്ണുറപ്പിച്ചാണ് ഞാൻ നിറംചാലിക്കുന്നത്. സൂക്ഷ്മജീവികളെ കുഞ്ഞുനാളുകളിലെ ഞാൻ നിരീക്ഷിക്കുമായിരുന്നു. പറ്റാവുന്നതിനെയൊക്കെ കൈയിലെടുത്ത് സൂക്ഷ്മമായി നിരീക്ഷിക്കും.
 
അപ്പോൾ കാണാം അത് വലിയ ക്യാൻവാസിൽ ജീവിതം ചേർത്തുവയ്ക്കുന്നത്! അവരുടെ ആവാസവ്യവസ്ഥ ചെറുതായിക്കൊണ്ടിരിക്കുന്നു. കുട്ടിക്കാലത്ത് കണ്ട പ്രാണികളെയും സൂക്ഷ്മജീവികളെയും ഇന്ന് ഞാൻ കാണുന്നില്ല. പലതും വംശനാശത്തിലായി. ഓന്തുകൾ അപ്രത്യക്ഷമാകുന്നു. തങ്ങളേക്കാൾ എളുപ്പത്തിൽ നിറംമാറുന്ന കാലത്ത് ഓന്തുകൾ എന്തിന് പ്രത്യക്ഷപ്പെടണം? കിണറ്റിൽനിന്ന് പുറത്തേക്ക് ചാടി സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന തവളകൾ. ചിലന്തിയും ഉറമ്പും പുഴുവും... ഭയരഹിതരായാണ് അവർ എന്റെ ക്യാൻവാസിലേക്ക് കയറിവരുന്നത്. പറ്റാവുന്ന സൂക്ഷ്മജീവികളെയെല്ലാം ചേർത്തുവയ്ക്കുന്ന വലിയൊരു ക്യാൻവാസ് അതാണ് എന്റെ സ്വപ്നം. 
 
മനുഷ്യരെ വരയ്ക്കാൻ താരതമ്യേന എളുപ്പമാണ്. എന്നാൽ, എന്റെ ചിത്രങ്ങളിൽ മനുഷ്യരെ കാണാൻ കഴിയില്ല. വരയ്ക്കാൻ തുടങ്ങിയപ്പോഴൊക്കെ ഞാൻ അസ്വസ്ഥയാകുന്നതുപോലെ. മനുഷ്യർ കാപട്യമുള്ളവരാണ്. അത് തിരിച്ചറിയാൻ കഴിയില്ല. ഓന്തിനേക്കാളും വേഗത്തിൽ നിറംമാറുന്നവർ. അവരെ എങ്ങനെ ഒറ്റനിറത്തിൽ ക്യാൻവാസിൽ ചേർത്തുനിർത്താനാകും? കാപട്യം മുഴുവൻ എന്നാണോ എനിക്ക് പൂർണമായും തിരിച്ചറിയാൻ കഴിയുന്നത്, അന്ന് ചിലപ്പോൾ വരച്ചേക്കും.
 
 
പ്രധാന വാർത്തകൾ
 Top