26 May Sunday

ആ വെളിച്ചത്തിൽ ഞാനും നിലാവും

വിനോദ്‌ പായംUpdated: Sunday Jan 20, 2019

മലയാളിയുടെ മനസ്സിൽ അത്രമേൽ തീക്ഷ‌്ണമായി പതിഞ്ഞ പേരാണ് സൈമൺ ബ്രിട്ടോ. അദ്ദേഹത്തിന്റെ അതിസാഹസികമായ ജീവിതം മറ്റൊരു പാഠപുസ‌്തകമായി വൈദ്യശാസ്ത്രവിദ്യാർഥികളുടെ മേശപ്പുറത്താണിപ്പോൾ. ‘ജീവിതത്തെ അടങ്ങാതെ പ്രേമിച്ചൊരാൾ’ എന്നാണ്  ബ്രിട്ടോയെ  ജീവിതസഖി സീന വിശേഷിപ്പിക്കുന്നത്. ബ്രിട്ടോയുടെ മറ്റൊരു ദീർഘയാത്രയ‌്ക്ക‌് മൂന്നാഴ‌്ചയാകുമ്പോൾ, കൊച്ചി വടുതലയിലെ ബ്രിട്ടോയുടെ കയമെന്ന വീട്ടിൽ ഓർമകളുടെ കയം താണ്ടുകയാണ് പ്രിയ സഖാവ‌് സീന ഭാസ‌്കർ

 

ആ പ്രൗഢമായ യന്ത്ര വീൽചെയർ  ഉപേക്ഷിച്ചതെന്തേ എന്ന മട്ടിൽ ആകാംക്ഷയോടെ എന്നെ നോക്കി. ഷർട്ടൂരിയിടുന്നതുപോലെ അത്ര അനായാസമായി ബ്രിട്ടോ എന്നെ ഊരിയിടുന്നത് പതിവില്ലല്ലോ എന്നെന്നോട‌് ആ വീൽചെയർ ചോദിച്ചു. പതുക്കെ ഒരു വെളുത്ത തൂവാലകൊണ്ട‌് ആ കൈപ്പിടിയിൽ ഞാനൊന്ന‌് തലോടി. ഓർമകളുടെ നനുത്ത പൊടിഗന്ധം എന്നിലേക്ക‌് ഇരച്ചുകയറി. ബ്രിട്ടോ അതിൽ നിന്നിറങ്ങി, ഞങ്ങളില്ലാതെ നടന്നുതുടങ്ങിയിട്ട‌് മൂന്നാഴ‌്ചയാകുന്നല്ലോ. പതിവുപോലെ ആ യന്ത്രവീൽചെയർ ചാർജ് ചെയ്യാൻ വച്ചു. സ്വിച്ചിട്ട‌് മടങ്ങിയപ്പോൾ ബ്രിട്ടോയെപോലെ അതെന്നോട‌് ചോദിച്ചു... സീനാ എല്ലാം റെഡിയല്ലെ?

ബ്രി-ട്ടോ,- ഇന്നലെ നമ്മുടെ കൂട്ടുകാരി ബിജി ഹിലാൽ- വന്നിരുന്നു. കടലാസുപോലെ വിളറി വെളുത്ത‌് ഒരുകൈയിൽ കരിക്കുമായി തേങ്ങിയാണ‌് അവളുടെ വരവ‌്. അവളിന്നലെ ബ്രിട്ടോയെ സ്വപ‌്നം കണ്ടുവത്രേ! സ്വന്തം അമ്മയെപോലും സ്വപ‌്നത്തിൽ കാണാത്ത അവൾ രാത്രിയുടെ ഏതോ യാമത്തിൽ ബ്രിട്ടോയോട‌് സംസാരിച്ച‌് വിവശയായാണ‌് വരവ‌്. - ‘മകൾ- നി-ലാ-വ്-- കരിക്ക‌് വേണമെന്ന‌് പറയുന്നു. നീ-യത്-- വാ-ങ്ങി വീട്ടിലേക്ക‌് പോകാത്തതെന്തേ?’.. ആ സ്വപ‌്നത്തിൽ ബ്രിട്ടോ അങ്ങനെ പറഞ്ഞുവത്രെ. ശരിക്കും- ഞാൻ- ചി-രി-ച്ചു-പോ-യി. അത്രമേൽ ഭൗതികവാദിയായ നീ സ്വപ‌്നദർശനം നൽകിയെന്ന‌് പറയുന്നതുപോലുള്ള തമാശ വേറെയെങ്ങുണ്ട‌്. ബ്രി-ട്ടോ, നീ പോയിട്ടും നിലാവിന്റെ കാര്യമൊന്നും മറക്കുന്നില്ലല്ലോ. അവൾ നമ്മുടെ ജീവിതത്തിൽ വന്നതുമുതൽ, എന്റെമേൽ നിനക്കുണ്ടായിരുന്ന മുടിഞ്ഞ പിശുക്കെല്ലാം നീ കളഞ്ഞതാണല്ലോ. അന്ന‌് വിവാഹം കഴിഞ്ഞവാറെ, ഒരു റോസാത്തണ്ട‌് വാങ്ങാൻ അഞ്ചുരൂപ ചോദിച്ചിട്ട‌് തരാത്ത നിന്നെയും അന്ന‌്, മുള ചിന്തുംപോലെ നിലവിളിച്ച എന്നെയും നീയിപ്പോൾ ഓർക്കുന്നുണ്ടോ? ഞാൻ തീർച്ചയായും ഒാർക്കുന്നുണ്ട‌്. കഴിഞ്ഞ 20 ദിവസങ്ങളായി ഓർമയുടെ കയത്തിലാണ‌് ഞാനും നിലാവും. ഇടയ‌്ക്കവൾ ‘അബ്ബയെ’ ചോദിക്കും. ആ അഞ്ചാം ക്ലാസുകാരിയുടെ പകച്ച ചോദ്യം എന്നെ വീണ്ടും സങ്കടക്കയത്തിലാക്കും. അന്നേരമവൾ നിന്നോളം പക്വതയോടെ കണ്ണുതടവി പറയും. വിഷമിക്കല്ലെ.. അമ്മാ, അബ്ബ ഇവിടെയൊക്കെത്തന്നെയുണ്ടല്ലോ!
 

ബ്രിട്ടോയും സീനാഭാസ്‌കറും വിവാഹനാളുകളിൽ

ബ്രിട്ടോയും സീനാഭാസ്‌കറും വിവാഹനാളുകളിൽ

ജീവിതാസക്തൻ

 
35 വർഷം മുമ്പൊരു ഒക്ടോബർ 14ന‌് ജീവിതം അവരിൽനിന്ന‌് പിടിച്ചുവാങ്ങിയാണല്ലോ ബ്രിട്ടോ ‘നടന്നു’ തുടങ്ങിയത‌്. കൃത്യം 10 വർഷവും ഒരുദിവസവും കഴിഞ്ഞാണ‌്, അതുവരെ ചങ്ങാതിയായ എന്നെ  ഒപ്പം കൂട്ടുന്നത‌്. ഞങ്ങളുടെ  സൗഹൃദം പൂത്തത‌്, ബ്രിട്ടോയുടെ ഭാര്യയായി മാറണം എന്ന ലക്ഷ്യംവച്ചായിരുന്നില്ല. അതങ്ങനെ സംഭവിച്ചു. എങ്ങനെയായാലും ബ്രിട്ടോയുടെ പ്രിയപ്പെട്ടവൾ ആകണം എന്ന എന്റെ ചിന്തതന്നെയായിരിക്കണം ഞങ്ങളുടെ വിവാഹത്തിൽ എത്തിച്ചത‌്. അക്കാലം ഒരുനാൾ ബ്രിട്ടോ ചോദിച്ചത‌് ഓർമയുണ്ട‌്. ‘സീനാ.. നീ വേറൊരാളെ വിവാഹം കഴിച്ച‌ാലും നമ്മുടെ ഇപ്പോഴത്തെ സൗഹൃദം ഇതേപോലെ ഊഷ‌്മളമാകുമെന്ന‌് നിനക്കുറപ്പുണ്ടോ?’... അങ്ങനെ ഉറപ്പുണ്ടാകണമെന്ന‌് എനിക്ക‌് നിർബന്ധമുണ്ടായതിനാലാണ‌്, ഒരുതണൽക്കീഴിൽത്തന്നെ ജീവിതസഖാവായി മാറാൻ ഞാൻ ക്യാമ്പസും വീടും വിട്ടിറങ്ങിയത‌്; ബ്രിട്ടോയുടെ ദുരിതജീവീതം പകുത്തെടുത്ത‌് ആനന്ദിച്ചത‌്. 
 
ഇന്നിപ്പോൾ ശൂന്യതയുടെ വലിയ കയത്തിലാണെങ്കിലും എത്ര ധന്യമായിരുന്നു നമ്മുടെ യാത്രകളും ജീവിതപ്രേമം നിറഞ്ഞ നിന്റെ ദിനങ്ങളും. എന്തുവന്നാലും ജീവിച്ചേ തീരൂ എന്ന‌് ഇത്രമാത്രം ശാഠ്യമുള്ള മറ്റൊരാളെ ഞാൻ കണ്ടിട്ടേയില്ല. ഒരുനിമിഷം അധികം ലഭിച്ചാൽ അത്രയ‌്ക്കും ആനന്ദിക്കുന്ന നീ, ഒരു ചോക്കുവര മായ‌്ച്ചപോലെ നിസ്സാരമായി എന്റെയും നിലാവിന്റെയും ജീവിതത്തിൽനിന്ന‌് മാഞ്ഞുപോയത‌് എന്തിനാണ‌്? അതും ഞാനും മോളും ഇല്ലാത്ത സമയം നോക്കി. നീ തൃശൂരിൽനിന്ന‌് എന്നെന്നേക്കുമായി യാത്രതിരിച്ചപ്പോൾ ഞാനും മോളും ബിഹാറിലെ നളന്ദ സർവകലാശാലയിലേക്ക‌് മറ്റൊരു യാത്രയിലായിരുന്നു. പാറ്റ‌്ന മനീറിലെ നമ്മുടെ സഹായി അർജുൻ ദാസിനെ നാട്ടിലേക്ക‌് വിളിക്കാനാണല്ലോ ഞങ്ങൾ പോയത‌്. അവിടെ നളന്ദ സർവകലാശാലയിൽ ഹുയാൻ സാങ്ങിന്റെ ‘ഇന്ത്യൻ യാത്രകൾ’ എന്ന പുസ‌്തകം തപ്പിയെടുക്കാൻ ബ്രിട്ടോയല്ലേ പറഞ്ഞത‌്. ആ പുസ‌്തകം പറയുന്നപോലുള്ള യാത്ര 2020ൽ നടത്തണമെന്നും ബ്രിട്ടോ മോഹിച്ചതല്ലേ ? ഇനി നമ്മളൊന്നിച്ച‌് എങ്ങനെ യാത്രപോകും?. അതിലെ അനുഭവങ്ങൾ കൊരുത്ത പുസ‌്തകം ആരെഴുതും? അത‌് വായിച്ച‌് ഞാനെങ്ങനെ അന്ധാളിച്ചുനിൽക്കും? നിലാവ‌് ഇനി ആരോട‌് യാത്രകളെപ്പറ്റി സംശയം ചോദിക്കും?
 

കയത്തിലെ നിലാവ‌്

 
ഞങ്ങളുടെ സ്വകാര്യജീവിതത്തിൽ നീറ്റൽ കൂടിയപ്പോഴാണ‌് വടുതലയിൽ പുതിയ വീടുവച്ചത‌്. ചിന്തയുടെ ആഴം പ്രതിഫലിപ്പിക്കാനാകണം അതിന‌് ബ്രിട്ടോ ‘കയം’എന്നുപേരിട്ടു. അവിടേക്ക‌് മകൾ കൂടിവന്നപ്പോൾ അവൾ ഞങ്ങളുടെ നിലാവായി. കയത്തിലെ നിലാവ‌്–- കയീ നിലയായി. ഒടുങ്ങാത്ത പ്രതിസന്ധികളിലൂടെയുള്ള യാത്രയാണ‌് ഞങ്ങളുടെ ജീവിതമെന്ന‌് മുമ്പേ തിരിച്ചറിഞ്ഞവളാണ‌് നിലാവ‌്. വീൽചെയറിൽ ഇരുന്ന‌് വായിക്കുമ്പോൾ പുസ‌്തകം താഴെ വീണാൽ, കഴിക്കുന്ന പാത്രമൊന്ന് തെന്നിയാൽ, ഇഴഞ്ഞുവന്ന‌് എടുത്തുതരാൻ പോലുമുള്ള കരുത്തുള്ളവളായിരുന്നു ആറുമാസംമുതൽ നിലാവ‌്. അന്നവൾ, ഞങ്ങളെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കരുത‌് എന്ന‌് കരുതിയിട്ടാകണം, ഒരുകുഞ്ഞു നിലവിളിപോലും ഉണ്ടാക്കിയിരുന്നില്ല. വളർന്നുവലുതായി ബ്രിട്ടോയെ പോലെ ഗൗരവക്കാരിയായതിനുശേഷമാണ‌് അവളിപ്പോൾ ചിലപ്പോളൊക്കെ കുറുമ്പുകാരിയാകുന്നത്.
 
സെൻട്രൽ സ‌്കൂളിലെ പഠനമായതിനാൽ, നിലാവിന‌് മലയാളം പഠിക്കാനില്ലാത്തതും ബ്രിട്ടോയെ ഏറെ വിഷമിപ്പിച്ചു. സോവിയറ്റ‌് കുട്ടിക്കഥകൾ  വാങ്ങി നിലാവിനെ ബ്രിട്ടോ പഠിപ്പിച്ചു. നെഞ്ചിൽ കിടത്തി മധുരമുള്ള മലയാളം നിരന്തരം പറഞ്ഞുകൊടുത്തു. ‘ഡുക്ക’ എന്നാണ‌് അവളെ ബ്രിട്ടോ വിളിക്കുന്നത‌്‌. രണ്ടുപേരും ഫുട‌്ബോൾ കളിഭ്രാന്തരാണ്. ആ വീൽചെയറിലിരുന്ന‌് വലിയ വലിയ ജീവിതമൈതാനങ്ങളാണല്ലോ ബ്രിട്ടോ സ്വപ‌്നം കണ്ടതും. ബ്രിട്ടോ പോർച്ചുഗൽ പ്രേമിയും നിലാവ‌് ബ്രസീൽ ഫാനുമാണ‌്. അവരുടെ നീണ്ട തർക്കങ്ങൾക്കിടയിൽ ഞാൻ പലപ്പോഴും കളിനിയമമറിയാത്ത പൊട്ട റഫറിയായി. 
 
യാത്രയ‌്ക്കും ചെറിയ പ്രായംമുതൽ നിലാവ‌് ഞങ്ങൾക്കൊപ്പംകൂടി. ഹിമാലയംവരെ ഇത്ര ചെറുപ്രായത്തിൽ യാത്രചെയ‌്ത വേറെ കുട്ടിയുണ്ടാകില്ലെന്ന‌് ബ്രിട്ടോതന്നെ പലപ്പോഴായി പറഞ്ഞു. അലങ്കാരങ്ങളില്ലാതെ യാത്രപോകുക എന്നതാണ‌് ബ്രിട്ടോയുടെ എക്കാലത്തെയും മോഹം. അത്തരം അലങ്കാരങ്ങളില്ലാത്ത ഒടുവിലത്തെ യാത്ര, പക്ഷേ, എന്നെയും മോളെയും അറിയിക്കാതെയായിരുന്നു. ബ്രിട്ടോ പറയും: വെറുതെ യാത്രചെയ്യരുത‌്. അത‌് ജനറൽ കംപാർട്ട‌്മെന്റിലെ അസൗകര്യമുള്ള യാത്രപോലെയാകണം. പോയ സ്ഥലങ്ങളെക്കുറിച്ച‌് പഠിക്കണം. പറ്റുമെങ്കിൽ എഴുതണം. പോയ സ്ഥലങ്ങളെക്കുറിച്ചുള്ള റഫറൻസ‌്‌ ഗ്രന്ഥങ്ങൾ നീട്ടി ബ്രിട്ടോ തുടരും.
 

മടുക്കാത്ത കേൾവിക്കാരൻ

 
ബ്രിട്ടോയുടെ ഭാര്യ എന്ന വിശേഷണം ബ്രിട്ടോയും ഞാനും ഇഷ്ടപ്പെടുന്ന സ്ഥാനപ്പേരല്ല. സഖാവ‌്, കൂട്ടുകാരി, അതായിരുന്നു ഞാൻ. ചിലപ്പോഴൊക്കെ ആണധികാരത്തിന്റെ സ്വരം വരുമ്പോൾ, ഞാൻതന്നെ ഓർമിപ്പിക്കും–- ‘‘ബ്രിട്ടോ.. വേണ്ട!!’’ മറ്റൊരു തുടരുന്ന പുഞ്ചിരിയാകും അപ്പോൾ എതിർഭാഗം. ബ്രിട്ടോ വലിയൊരു കേൾവിക്കാരനാണ‌്. ഞാൻ ബ്രിട്ടോയിൽ കാണുന്ന ഏറ്റവും വലിയ ഗുണവും അതുതന്നെ. മീൻ വിൽക്കാനും മറ്റും വരുന്ന സ‌്ത്രീകളുമായി മണിക്കൂറുകളോളം ബ്രിട്ടോ സംസാരിച്ചിരിക്കും. അവരുടെ പായാരങ്ങൾ കേൾക്കും. സങ്കടങ്ങൾക്ക‌് കുട പിടിക്കും, പരിഹാരങ്ങൾക്ക‌് തണലാകും. ‘അതാരാ ബ്രിട്ടോ.. പഴയ കാമുകിയാണോ?’ എന്ന എന്റെ കളിയാക്കലിൽ, അതേ കൗതുകത്തോടെ ബ്രിട്ടോ പറയും. ‘അതല്ല സീനാ.. നാം അവരെ കേൾക്കുമ്പോൾ അവർക്കുണ്ടാകുന്ന സന്തോഷമുണ്ടല്ലോ, ആരെല്ലാമോ തനിക്കുമുണ്ട‌് എന്ന ആശ്വാസം അവരിൽ ഉണ്ടാക്കുക എന്നതാണ‌് വലിയ കാര്യം’. ബ്രിട്ടോ എംഎൽഎയായിരിക്കുമ്പോഴും ഞാനത‌് ശ്രദ്ധിച്ചിട്ടുണ്ട‌്. ഭിന്നശേഷിക്കാരുടെ സവിശേഷപ്രശ‌്നങ്ങൾ കേരളം വലിയതോതിൽ ചെവികൊടുക്കാൻ ബ്രിട്ടോയുടെ ഇടപെടലും കാരണമായി. നിയമസഭയിലടക്കം വീൽചെയറിനുള്ള റാമ്പ‌് നിർമിക്കുന്നത‌് ബ്രിട്ടോ എംഎൽഎ ആയതിന‌ുശേഷമാണ‌്. ജാതിരഹിത–- മതരഹിതരായ ആൾക്കാർ മരിച്ചാൽ ചടങ്ങൊന്നുമില്ലാതെ സംസ‌്കാരം നടത്താൻ ശ‌്മശാനം വേണമെന്നൊരു ബിൽ എംഎൽഎ കാലത്ത‌് ബ്രിട്ടോ അവതരിപ്പിച്ചു. അത‌് തള്ളിപ്പോയെങ്കിലും മരണാനന്തരം തനിക്കെന്ത‌് സംഭവിക്കുന്നു എന്നതിൽ ബ്രിട്ടോയ‌്ക്കും വലിയ ആശങ്കയുണ്ടായിരുന്നു. അഭിമന്യുവിന്റെ കൊലപാതകത്തിന‌ുശേഷം ആ ചിന്ത വല്ലാതെ കൂടി. തന്റെ ദേഹം മെഡിക്കൽ കോളേജിന‌് പഠിക്കാൻ നൽകണമെന്നും റീത്ത‌്, അനുസ‌്മരണസമ്മേളനം പോലുള്ള ആചാരങ്ങൾ പാലിക്കേണ്ടതില്ലെന്നും ബ്രിട്ടോ എന്നോട‌് അക്കാലം ആവർത്തിച്ചു. വേണ്ടത‌് ദേഹത്തൊരു പാർടി പതാക മാത്രമെന്നും പറഞ്ഞു. വളരെ ദൂരെക്കാലത്തെ ഒരു കറുത്ത ഫലിതംമാത്രമായിരിക്കും അതെന്നാണ‌് അപ്പോഴൊക്കെ ഞാൻ കരുതിയത‌്.
 

പൂക്കട്ടെ ആ പാഷൻഫ്രൂട്ട‌് പന്തൽ

 
കയത്തിന്റെ മുറ്റത്ത‌് ബ്രിട്ടോ പാഷൻഫ്രൂട്ട‌് ചെടി നട്ടിട്ടുണ്ട‌്. നിലാവ‌് ഏഴാം ക്ലാസിലെത്തുമ്പോൾ അത‌് വളർന്ന‌് മുറ്റമാകെ പന്തലൊരുക്കും. തൊട്ടപ്പുറമുള്ള എല്ലാക്കാലത്തും കായ‌് തരുന്ന മാവും അപ്പോഴേക്കും പൂക്കും. ആ പാഷൻഫ്രൂട്ട‌് പന്തലിൽ ഇരുന്ന‌് മാങ്ങ ചെത്തിത്തിന്നുന്ന അച്ഛനും മകളും–- വരച്ചുതീരാത്ത മനോഹരമായ ഒരു പെയിന്റിങ്ങാണത‌്. നിറക്കൂട്ടുകൾ ഒരുക്കിയ തട്ട‌് എന്നെ ഏൽപ്പിച്ചാണ‌് ബ്രിട്ടോ മറ്റൊരു യാത്രപോയത‌്. ആ ചിത്രം എനിക്ക‌് പൂർത്തിയാക്കണം. ഇപ്പോൾ മനസ്സിൽ വലിയൊരു ശൂന്യതയാണ‌്. വന്മരം പിഴുതുവീണപ്പോൾ ഉണ്ടായ ഞെട്ടൽ ബാക്കിവച്ച വലിയൊരു ശൂന്യത. അതങ്ങനെ തുടരാൻ ബ്രിട്ടോ ഒരിക്കലും വിടില്ലല്ലോ. പുതുമുകുളങ്ങൾ ആ വന്മരത്തിനടിയിലും ഉണ്ടാകുമല്ലോ. പുഷ‌്പിക്കട്ടെ ബ്രിട്ടോ എന്നിലും നമ്മളിലും നട്ടുവച്ചൊരു മഞ്ഞ പാഷൻഫ്രൂട്ട‌് പന്തൽ. എന്നിട്ട‌് വേണം സന്ധ്യകളിൽ എനിക്കും മകൾക്കും അതിലിരുന്ന‌് നിലാവു കായാൻ...
 

കേട്ടെഴുത്ത്‌: വിനോദ്‌ പായം

 

പ്രധാന വാർത്തകൾ
 Top