10 July Friday

ഗസല്‍–ആത്മഗീതത്തിന്റെ തളരാത്ത ചിറകുകള്‍

ഡോ. അനിൽ കെ എം ayansarang@gmail.comUpdated: Sunday Apr 19, 2020

ഗസലിലെ പ്രണയസങ്കല്‍പ്പം, സൗന്ദര്യസങ്കല്‍പ്പം, ആത്മത്തെ സംബന്ധിച്ച സങ്കല്‍പ്പം എന്നിവയെല്ലാം നാരംഗ്‌ ഈ കൃതിയില്‍  ചര്‍ച്ചചെയ്യുന്നുണ്ട്. ഗസലിലെ രൂപകങ്ങള്‍, ഉപമകള്‍, പ്രതീകങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള പഠനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗസലിന്റെ ചരിത്രസഞ്ചാരം അവസാനിച്ചിട്ടില്ല. സാഹിത്യത്തിലും കലയിലും രാഷ്ട്രീയത്തിലും അത് ചെലുത്തിയ സ്വാധീനം തീവ്രമാണ്

 

മനുഷ്യനാഗരികത കണ്ട എറ്റവും വലിയ ദുരന്തത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. മുതലാളിത്തലോകം വലിയ പ്രതിസന്ധിയാണ് നേരിടാൻ പോകുന്നത്. പ്രകൃതിയെയും മനുഷ്യരെയും ചൂഷണംചെയ്‌ത്‌ അത് സൃഷ്ടിച്ച വ്യവസ്ഥകൾക്ക് അത്ര എളുപ്പത്തിൽ കരകയറാനാവില്ല. മനുഷ്യപ്രകൃതത്തെ ഒട്ടുംതന്നെ പരിഗണിക്കാത്ത മുതലാളിത്ത വ്യവസ്ഥിതി മനുഷ്യരുടെ ആന്തരലോകങ്ങളെ നിഷേധിക്കുന്നു. ലോകത്തെ പുറത്തിട്ടടച്ച് നാമെല്ലാം ഇപ്പോൾ സ്വകാര്യലോകങ്ങളിലാണല്ലോ. പുറത്തേക്ക് നോക്കുന്നതിനുപകരം നമ്മിലേക്കുതന്നെ നോക്കാനുള്ള ഒരവസരമാണിത്.

 

“ഹേ, പടുവിഡ്ഢി/നീ എവിടെയാണ് അലയുന്നത്/ ഹൃദയം കളഞ്ഞുപോകാതെ നോക്കിക്കോ/ നിനക്കുള്ളിലെ ആ കണ്ണാടിയിൽ മഹത്തായ ഒന്നിന്റെ പ്രതിബിംബമുണ്ട്.” ഖ്വാജ മീർ ദർദിന്റെ ഗസലിലെ വരികൾ. പുറംലോകം വെട്ടിപ്പിടിക്കാൻ ആർത്തിപൂണ്ട് കുതിക്കുന്ന നമ്മുടെ മനസ്സിനെ ഒരുവേള പിടിച്ചുകെട്ടി അകത്തേക്കുള്ള വഴിയിലൂടെ നടത്തുന്നു ഗസലുകൾ. അകക്കണ്ണാടിയിൽ നിഴലിക്കുന്ന പരമമായ സത്യത്തെക്കാണാതെ പുറംകാഴ്‌ചകളിൽ ഭ്രമിച്ചുപോയവർക്കുള്ള താക്കീതാണവ. ഇന്ത്യൻ നാഗരികത സൃഷ്ടിച്ച ഏറ്റവും മനോഹരമായ ഈ സാംസ്‌കാരികോൽപ്പന്നത്തെക്കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല. അതുകൊണ്ടാവാം ഗസലുകളെക്കുറിച്ച് നിരവധി പുസ്‌തകങ്ങൾ വർഷംതോറും പുറത്തിറങ്ങുന്നത്. ഗോപിചന്ദ് നാരംഗിന്റെ ‘ഉറുദു ഗസൽ: എ ഗിഫ്റ്റ് ഓഫ് ഇന്ത്യാസ് കോമ്പോസിറ്റ് കൾച്ചർ’ ഈ ഗണത്തിൽപ്പെടുന്നു. ഉറുദു കൃതി ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത് സുരീന്ദർ ദിയോൾ.
 
ചാരുത, വശ്യത, മാന്ത്രികത, വൈകാരികത, സംഗീതാത്മകത, അർഥഗരിമ തുടങ്ങി ഏത് വിശേഷണവും ഗസലിന്‌ ചേരും. ഓരോ വരിയിലും സാന്ദ്രീകൃതമായ പ്രണയത്തിന്റെ മഹാകാശങ്ങൾ. പറഞ്ഞതിനേക്കാൾ പറയാൻ വെമ്പുന്നവ. ഗസലിന്റെ പ്രപഞ്ചം ഭാവനകൊണ്ടും രൂപകങ്ങൾകൊണ്ടും സമ്പന്നം. ഉറുദുവിന്റെ സൗന്ദര്യവും സൗരഭ്യവും ആസ്വദിക്കാൻ ഗസലുകളുടെ ആരാമത്തിൽത്തന്നെ ചെല്ലണം. വസന്തം വിരിഞ്ഞു നിൽക്കുന്ന കാട്ടുപാതയിലൂടെയുള്ള സഞ്ചാരത്തെ അവ ഓർമിപ്പിക്കും. ഇന്ത്യൻ സമൂഹത്തിന്റെ സങ്കരജീവിതം ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് ഗസൽ. ഈ സങ്കരജീവിതത്തിലൂന്നിയാണ് പുസ്‌തകം രചിക്കപ്പെട്ടിട്ടുള്ളത്. 14–-ാം നൂറ്റാണ്ടിൽ അമീർ ഖുസ്രുവിൽനിന്നാരംഭിക്കുന്ന പാരമ്പര്യം ഇപ്പോഴും അനുസ്യൂതമായി പ്രവഹിക്കുന്നു.
 
പ്രാചീനകാലം മുതൽതന്നെ ഇന്ത്യക്ക് ഇറാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളുമായി സാംസ്‌കാരിക ബന്ധമുണ്ടായിരുന്നു. മുസ്ലിം രാജവംശങ്ങൾ ഇന്ത്യ ഭരിക്കാൻ തുടങ്ങിയപ്പോൾ അറബ് പ്രവിശ്യകളുമായുള്ള ബന്ധം സുദൃഢമായി. പേർഷ്യൻ ഭാഷയുമായും അതിന്റെ സംസ്‌കാരവുമായും ഇന്ത്യക്കാർക്ക് ബന്ധപ്പെടാൻ അവസരം വന്നു. പഞ്ചാബിന്റെയും ഗുജറാത്തിന്റെയും ഭാഗങ്ങൾ മുഹമ്മദ് ഗോറി കീഴ്പ്പെടുത്തിയതോടെയാണ് അഫ്ഗാൻ ഭരണത്തിന് ഇന്ത്യയിൽ അടിത്തറയൊരുങ്ങിയത്. അത്  മൂന്ന് നൂറ്റാണ്ട് തുടർന്നു. സിക്കന്ദർ ലോദിയുടെ കാലത്താണ്  ജനസാമാന്യത്തിനിടയിൽ പേർഷ്യൻ വേരോടിയത്. അമീർ ഖുസ്രുവായിരുന്നു മുൻനിരയിലെ പേർഷ്യൻ കവി. അദ്ദേഹത്തിന്റെ പിതാവ്  രാജകൊട്ടാരത്തിലെ സേവകനായിരുന്ന തുർക്കിവംശജൻ. അമ്മ രജപുത്ര കുടുംബാംഗം. ഖുസ്രുവിന്റെ ജനനംതന്നെ ഒരു സങ്കരസംസ്‌കൃതിയിലായിരുന്നുവെന്ന് ചുരുക്കം. പല സുൽത്താൻമാരുടെയും കാലത്ത് കൊട്ടാരം കവിയായി ഖുസ്രു പ്രവർത്തിച്ചു. ഖുസ്രുവിന്റെ മാതൃഭാഷയായ ‘ഹിന്ദവി’  മിശ്രഭാഷയായിരുന്നു. അതിനെ പേർഷ്യനുമായി  കലർത്തിയാണ് ഖുസ്രു ഗസലുകൾ രചിച്ചത്. അവ സൂഫി സമ്മേളനങ്ങളിൽ ആലപിച്ച്  ശ്രദ്ധ നേടി. രേഖ്ത എന്നാണ് അവ അറിയപ്പെട്ടത്. സുൽത്താൻമാർ ആദ്യം ഗുജറാത്തിലേക്കും പിന്നീട് ഡക്കാനിലേക്കും നീങ്ങിയപ്പോൾ ഈ സങ്കരഭാഷയും അതോടൊപ്പം സഞ്ചരിച്ചു. അതത് പ്രദേശങ്ങളിൽ അത് ‘ഗുജരി’യെന്നും ‘ദക്കിനി’യെന്നും അറിയപ്പെട്ടു. വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിൽ ഈ ഭാഷ പല പേരിൽ വ്യവഹരിക്കപ്പെട്ടു. ഹിന്ദവി, ഹിന്ദുസ്ഥാനി, ഉർദു, ഉർദു–-ഇ മൗല്ല, ഹിന്ദി എന്നിവയെല്ലാം ഇതിൽപ്പെടും. ഖവാലി കണ്ടെത്തിയത് ഖുസ്രുവാണത്രേ. ഇവ കൂടാതെ ദോഹ, പഹേലി, ഗീത്, ഖ്വൽ, ഖൽബബ, തരാന എന്നീ നാടോടി രൂപങ്ങളും ഖുസ്രുവിന്റെ സംഭാവനയത്രെ. ഖുസ്രു ആദ്യമായി രചിച്ച രേഖ്തയിൽ ആദ്യത്തെ വരി പേർഷ്യനിലും തുടർന്നുള്ളവ ഹിന്ദവിയിലുമാണ്. ഉറവിടത്തിൽക്കാണുന്ന ഈ കലർപ്പുതന്നെയാണ് പിൽക്കാലത്ത് ഗസലിനെ  ജനപ്രിയമാക്കിയത്.
 
സുൽത്താൻ സൈനുൽ ആബിദിൻ ബാദ്ഷായുടെ കാലത്ത് ഈ സങ്കരസംസ്‌കൃതി കശ്‌മീരിലും പടർന്നു. അദ്ദേഹം കശ്‌മീർവിട്ടുപോയ ഹിന്ദുക്കളെ തിരികെ വിളിച്ച്‌ അവർക്ക് ഭരണത്തിൽ പദവികൾ നൽകി. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന്റെയും കശ്‌മീരി സംഗീതത്തിന്റെയും പുരസ്‌കർത്താവായിരുന്നു സൈനുൽ ആബിദീൻ. അദ്ദേഹം പല ഹിന്ദു പുരാണകൃതികളും പേർഷ്യനിലേക്ക് തർജമ ചെയ്യാൻ ഏർപ്പാട് ചെയ്‌തു. ഹിന്ദു സന്യാസി പാരമ്പര്യവും മുസ്ലിം സൂഫിപാരമ്പര്യവും ഇക്കാലത്ത് വ്യാപകമായി. ഇത് കശ്‌മീരി സംസ്‌കാരത്തെ വലിയതോതിൽ സമ്പന്നമാക്കി. ലല്ലേശ്വരിയുടെ ‘വത്സൂൻ’ എന്ന കാവ്യരൂപം ഈ സംസ്‌കാരത്തിന്റെ സന്തതിയാണ്.
 
ഗുപ്തകാലഘട്ടത്തിലാണ് ബുദ്ധമതത്തെ അടിച്ചമർത്തി ഹിന്ദുമതം അതിന്റെ മുന്നേറ്റം നടത്തിയത്. കാലാന്തരത്തിൽ അത് വർണാശ്രമ ധർമത്തിനടിപ്പെട്ട് തീർത്തും നീതിരഹിതമായ സമൂഹമായി മാറി. മുസ്ലിം രാജാക്കൻമാരുടെ കാലമായപ്പോഴേക്കും ജാത്യടിമകളുടെ സമൂഹമായി ഹിന്ദുമതം പരിണമിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇസ്ലാം മതം ജനസാമാന്യത്തിനിടയിൽ പ്രചാരം നേടിയത്. ഇസ്ലാമിന്റെ സമത്വസങ്കൽപ്പവും ലാളിത്യവും അവർണ ഹിന്ദുക്കളിൽ പുതിയ ആവേശമുണർത്തി. അവരിൽ വലിയൊരു വിഭാഗം ഇസ്ലാമിനെ ആശ്ലേഷിച്ചു. ഈ പരിവർത്തനത്തേക്കാൾ പ്രബലമാണ് അക്കാലത്ത് ഹിന്ദുസമൂഹത്തിനകത്തുതന്നെയുണ്ടായ മാറ്റങ്ങൾ. ഇതിലേറ്റവും പ്രധാനം ഭക്തിപ്രസ്ഥാനമാണ്. നിരവധി പാരമ്പര്യങ്ങളെ കൂട്ടിച്ചേർത്തതാണ് ഭക്തിപ്രസ്ഥാനം എന്ന് പറയുന്നതെങ്കിലും ജാതിവിരുദ്ധതയും വ്യക്തിയും ഈശ്വരനും തമ്മിലുള്ള വിനിമയവുമാണ് അതിന്റെ മുഖമുദ്ര. ഇന്ത്യൻ ഭക്തിപ്രസ്ഥാനത്തിലെ പ്രധാനധാരയാണ് സൂഫിസം. ബുദ്ധമത കേന്ദ്രമായിരുന്ന അഫ്ഗാനിസ്ഥാനിലെ ഖുറസൻ ദേശത്താണ് സൂഫിസം ആദ്യമായി വെന്നിക്കൊടി പാറിച്ചത്. പ്രധാനമായും ഇസ്ലാമിന്റെ അന്തർധാരയാണ് സൂഫിസത്തിനുള്ളതെങ്കിലും മറ്റ് മതങ്ങളിൽനിന്ന് അത് വൻതോതിൽ കടംകൊണ്ടിട്ടുണ്ട്. ബാൾക്കൻ ദേശത്തിനുപിന്നാലെ ഇറാഖിലും സൂഫിസത്തിന്റെ വേരോടി. എല്ലാ നന്മയേയും ഉൾക്കൊണ്ട സൂഫിസം മനുഷ്യരോടുള്ള ഏത് വിവേചനത്തേയും എതിർത്തു. സ്‌ത്രീകൾക്കിടയിൽ നിരവധി സൂഫിവര്യകളുണ്ടായിരുന്നു, റാബിയ ബസ്രിയെപ്പോലെ. ഇക്കാലമായപ്പോഴേക്കും പല ഉത്സവങ്ങളും ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് ആഘോഷിക്കാൻ തുടങ്ങി. ഹോളി, ദീപാവലി, ബസന്ത്‌ എന്നിവയെല്ലാം പൊതു ആഘോഷങ്ങളായി. മുഹറം പോലുള്ള മുസ്ലിം ഉത്സവങ്ങൾ ഇന്ത്യൻ സമ്പ്രദായത്തിൽ ആഘോഷിക്കാൻ തുടങ്ങി. ഇന്ത്യൻ പ്രാദേശിക സംഗീതപാരമ്പര്യങ്ങൾ പേർഷ്യൻ ഭാവനയിൽ കൂടിക്കലർന്ന് ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ചു. ഈശ്വരന് മുന്നിൽ എല്ലാവരും തുല്യരാണെന്നും മനുഷ്യർ നിർമിക്കുന്ന എല്ലാ വിവേചനങ്ങളും അർഥശൂന്യമാണെന്നുമുള്ള സന്ദേശമാണ് അവ പ്രസരിപ്പിച്ചത്. അറബ് ദേശത്തെ ഗോത്രവർഗക്കാർക്കിടയിലുണ്ടായിരുന്ന ഖ്വാസിദ എന്ന കാവ്യരൂപം വളരെയധികം പരിഷ്‌കരണങ്ങൾക്കുശേഷമാണ് ഇന്ത്യയിലും ഇറാനിലും മറ്റും എത്തിയത്. ചുരുക്കത്തിൽ നിരവധിദേശങ്ങളിൽ വികസിച്ചുവന്ന സംഗീത–-കാവ്യപാരമ്പര്യങ്ങളുടെ സങ്കലനമാണ് ഗസലിനെ സാധ്യമാക്കിയത്.
  
ഗസലിലെ പ്രണയ സങ്കൽപ്പം, സൗന്ദര്യ സങ്കൽപ്പം, ആത്മത്തെ സംബന്ധിച്ച സങ്കൽപ്പം എന്നിവയെല്ലാം നാരംഗ്‌ ഈ കൃതിയിൽ ചർച്ചചെയ്യുന്നുണ്ട്. ഗസലിലെ രൂപകങ്ങൾ, ഉപമകൾ, പ്രതീകങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള പഠനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗസലിന്റെ ചരിത്രസഞ്ചാരം അവസാനിച്ചിട്ടില്ല. സാഹിത്യത്തിലും കലയിലും രാഷ്ട്രീയത്തിലും അത് ചെലുത്തിയ സ്വാധീനം തീവ്രമാണ്. സൂഫിസം സ്ഥാപനവൽക്കരിക്കപ്പെട്ട മതങ്ങളോട് കലഹിച്ചു. ഈ കലാപത്തിന്റെ സ്വരം ഗസലുകൾ ആവാഹിച്ചിട്ടുണ്ട്. അധികാരത്തെ ചോദ്യംചെയ്‌ത്‌ പിൽക്കാലത്ത് വളർന്നുവന്ന പ്രസ്ഥാനങ്ങളോടൊപ്പം അതിനാൽത്തന്നെ ഗസലുകളും ഓടിയെത്തി. സ്വാതന്ത്ര്യസമരത്തിലും തുടർന്നുവന്ന അതിജീവനസമരങ്ങളിലും ഗസലുകളുടെ നിത്യസാന്നിധ്യം കാണുന്നതതുകൊണ്ടാണ്. 
 
ജോഷ് മലിഹാബാദി, ഫിറാഖ് ഗോരഖ്പുരി, ഫായിസ് അഹമ്മദ് ഫായിസ്, മഖ്ദൂം മൊഹിയുദ്ദീൻ, സാഹിർ ലുധിയാൻവി, മജാസ് ലഖ്നവി, അലി സർദർ ജാഫ്രി, ജാൻ നിസാർ അഖ്തർ, കൈഫി ആസ്‌മി, മജ്റൂഫ് സുൽത്താൻപുരി, അഹമ്മദ് ഫറാസ്, ഖാതിർ ഗസ്‌നവി, അലി അഹമ്മദ് സുരൂർ, അഹമ്മദ് നദീം കാസ്മി, ഹബീബ് ജാലിബ്, സെഹ്റ നിഗാഹ് തുടങ്ങിയ പുരോഗമനാശയക്കാരായ ഉറുദു കവികളെക്കുറിച്ചും അവരുടെ ഗസലുകളെക്കുറിച്ചും ഇതിൽ വിവരിക്കുന്നുണ്ട്. ഗസലുകളുടെ ഉറുദു മൂലവും ഇംഗ്ലീഷ് വിവർത്തനവും നൽകിയിരിക്കുന്നു. ആധുനിക–-ഉത്തരാധുനിക ഘട്ടത്തിലെ ഗസലുകളെക്കുറിച്ച് വിവരിക്കുന്ന അധ്യായവും ഇതിലുണ്ട്. 1971ൽ ജനിച്ച ഷക്കീൽ ആസ്‌മി എന്ന ഉറുദുകവിയുടെ ഗസലുകൾവരെ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. “ഗസലുകൾ വൈകാരികമായ പ്രണയകവിതകളായതുകൊണ്ടുമാത്രമല്ല ഈ സംഗീത–-കാവ്യരൂപം നൂറ്റാണ്ടുകളെ അതിജീവിച്ചത്. മറിച്ച് അതിന്റെ അയവേറിയ പ്രകൃതവും സൂചക, സൂചിതാർഥങ്ങൾ വിനിമയം ചെയ്യാൻ കഴിവുള്ള രൂപകവ്യവസ്ഥയും ജീവിതത്തിന്റെ നിഗൂഢതകളെ ആഘോഷിക്കാനുള്ള പ്രേരണയും സാമൂഹ്യവും രാഷ്ട്രീയവുമായ ഉൽക്കണ്ഠകളെ ഉൾക്കൊള്ളാനുള്ള ശേഷിയുമാണ് ഗസലുകളുടെ അതിജീവനത്തെ സഹായിച്ചത്.” എന്ന നിരീക്ഷണത്തോടെയാണ് പുസ്‌തകം അവസാനിക്കുന്നത്. ആന്തരപ്രകൃതിയിലേക്ക് നയിക്കുന്ന ഈ കാവ്യലോകം ഒരേസമയം ധ്യാനാത്മകവും വിപ്ലവാത്മകവുമായ ഭാവപരിസരത്തെ ഉൾക്കൊള്ളുന്നു. മനുഷ്യരുടെ വ്യവസ്ഥകൾ പരാജയപ്പെടുന്ന സന്ദർഭത്തിലെല്ലാം ഈ കാനനത്തിലൂടെയുള്ള സഞ്ചാരം നമ്മെ പലതും പഠിപ്പിക്കും.
പ്രധാന വാർത്തകൾ
 Top