20 February Wednesday

എന്റെ ഒപ്പം ഇറങ്ങിവന്നു ആമി

ഷംസുദ്ദീൻ കുട്ടോത്ത്Updated: Sunday Feb 18, 2018

കമൽ സംവിധാനംചെയ്ത 'ആമി' രണ്ടാംവാരത്തിലേക്ക് കടക്കുമ്പോൾ സിനിമയും മാധവിക്കുട്ടിയുടെ രചനാജീവിതവും വ്യക്തിജീവിതവും ഒരിക്കൽക്കൂടി ചർച്ചചെയ്യപ്പെടുന്നു.  മാധവിക്കുട്ടിയുടെ ആരാധകർ സ്വീകരിച്ച ചിത്രത്തിൽ മഞ്ജുവാര്യർ മാധവിക്കുട്ടിയായും കമല സുരയ്യയായും  പകർന്നാടുന്നു. ചിത്രീകരണം കഴിഞ്ഞിട്ടും കൂടെപ്പോന്ന ആമിയെക്കുറിച്ച്  മഞ്ജു:   

? ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയിലാണ് ആമി ഇന്നും.  പ്രതികരണങ്ങൾ എങ്ങനെ.
 ലോകമെങ്ങുമുള്ള  മാധവിക്കുട്ടിയുടെ ആരാധകർ ദിവസവും എന്നെ വിളിക്കുന്നു. അവരോടുള്ള സ്നേഹവും ബഹുമാനവുമൊക്കെ ആ വിളികളിൽനിന്ന് മനസ്സിലാകുന്നുണ്ട്. സത്യൻ അന്തിക്കാടിനെ പോലുള്ളവരും വിളിച്ചു. എല്ലാം വലിയ അംഗീകാരമായി കാണുന്നു. 
? മഞ്ജുവാണ് മാധവിക്കുട്ടിയാകുന്നത് എന്നതറിഞ്ഞപ്പോൾ പ്രേക്ഷകരുടെയും സുഹൃത്തുക്കളുടെയുമൊക്കെ പ്രതികരണം
ആദ്യമായാണ് ഒരു ബയോപിക് ചെയ്യുന്നത്. മാധവിക്കുട്ടിയുടെ മുഖം, വസ്ത്രം, ചിരി, കണ്ണിന്റെ ചലനങ്ങൾ ഇങ്ങനെ എല്ലാ കാര്യങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്നവരാണ് അവരുടെ ആസ്വാദകർ. അതുകൊണ്ടുതന്നെ എന്റെ ഓരോ ചലനവും ശ്രദ്ധിക്കും. ആവശ്യമില്ലാതെ വിരലൊന്ന് അനങ്ങിയാൽ, കൺപീലികൾ പിടഞ്ഞാൽ അവർക്ക് മനസ്സിലാകും.  കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ ഓരോ കാര്യവും ഏറെ ശ്രദ്ധയോടെയാണ് ചെയ്തത്. ആരാധകരുടെ മനസ്സിൽ ജീവിക്കുന്ന ഒരാളെ പുനഃസൃഷ്ടിക്കുക വലിയ വെല്ലുവിളിയാണ്. 
ചിത്രീകരണം തുടങ്ങിയ ദിവസം മാധവിക്കുട്ടിയുടെ മക്കളും സഹോദരിയും ബന്ധുക്കളുമൊക്കെ കൂട്ടുണ്ടായിരുന്നു. ആ ദിവസങ്ങളിലെ എന്റെ  ഓരോ നിമിഷവും ആ അമ്മ ഒപ്പമുള്ളതുപോലെ.  മേക്കപ്പിട്ട് ഞാൻ ചെന്നിറങ്ങിയ ഉടനെ 'ഇത് ആമിയോപ്പു തന്നെ, ആമിയോപ്പു മുന്നിൽ വന്നുനിൽക്കുന്നപോലെ തന്നെയുണ്ട്' എന്നൊക്കെ അവരിൽ ചിലർ പറയുന്നുണ്ടായിരുന്നു. ഷൂട്ടിങ്ങിനിടയിൽ സുലോചന ആന്റി (ഡോ. സുലോചന നാലപ്പാട്ട്) എന്നെത്തന്നെ നോക്കിയിരുന്നത് മറക്കാനാകുന്നില്ല. അവരുടെ കണ്ണിൽ അപ്പോൾ നനവുണ്ടായിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ ഞാൻ നോക്കി ചിരിച്ചപ്പോഴാണ് ആന്റി ചിന്തകൾവിട്ട് തിരിച്ചെത്തിയത്.  
? സിനിമയുടെ ചിത്രീകരണം തുടങ്ങിയത് പുന്നയൂർക്കുളത്തെ നീർമാതളച്ചുവട്ടിലാണ്. കമലയുടെ പാദസ്പർശമേറ്റ മണ്ണിൽ മാധവിക്കുട്ടിയായി മാറിയപ്പോഴുള്ള വികാരം
ആമിയായും മാധവിക്കുട്ടിയായും അവർ ചവിട്ടിനടന്ന, ഓടിക്കളിച്ച സർപ്പക്കാവിലും നീർമാതളച്ചുവട്ടിലും ചവിട്ടി അഭിനയിച്ചപ്പോഴുള്ള വികാരം പറഞ്ഞറിയിക്കാൻ കഴിയില്ല. ജീവിതത്തിന്റെ എത്രയെത്ര കാലഘട്ടങ്ങളിൽ അവർ അവിടെ വന്ന് നിന്നിട്ടുണ്ടാകും, ആ നീർമാതളത്തിൽ എത്രതവണ തൊട്ടിട്ടുണ്ടാകും എന്നൊക്കെ ഓർത്തുപോയി. പാട്ടുരംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. നീർമാതളത്തെ തഴുകുന്നതും നോക്കിനിൽക്കുന്നതുമെല്ലാം ചിത്രീകരിച്ചു. 
? ആ എഴുത്തുകാരിയെ മഞ്ജു എന്ന വായനക്കാരി എങ്ങനെ നോക്കിക്കാണുന്നു
'നെയ്പായസ'മാണ് ആദ്യം വായിച്ച കഥ. സ്കൂളിൽ പഠിക്കുന്ന കാലത്ത്. പിന്നെ 'എന്റെ കഥ'യും. സിനിമയിൽ വന്നശേഷം ഒരിക്കൽ അവർക്കെന്നെ കാണണമെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞതനുസരിച്ച് ഞാൻ പോയി കണ്ടു.  "സുന്ദരി കുട്ട്യേ കാണണമെന്ന്  വലിയ ആഗ്രഹമായിരുന്നു' എന്നു പറഞ്ഞു. ഒരുമിച്ച് ഭക്ഷണം കഴിച്ചു. നോക്കിയിരുന്ന് പോയിട്ടുണ്ട് അവരുടെ സൗന്ദര്യം. മയക്കമുള്ള കണ്ണുകളും ഒഴുക്കുള്ള സംസാരവും എല്ലാം... അടുത്തിരുന്നപ്പോൾ വല്ലാത്ത സുരക്ഷിതത്വമായിരുന്നു. സൗന്ദര്യത്തിലും എപ്പോഴും അവർ നന്നായി ശ്രദ്ധിച്ചു.  ആ ഓർമകൾ ഇപ്പോഴും പച്ചയായി കൂടെയുണ്ട്. പിന്നീട് വ്യക്തിപരമായ അടുപ്പം പുലർത്താൻ കഴിഞ്ഞിട്ടില്ല. പത്രത്തിലുംമറ്റുമായി മതംമാറ്റവിവാദവും മറ്റ് വാർത്തകളുമൊക്കെ വായിച്ചറിഞ്ഞു. 
? മാധവിക്കുട്ടിയായി വിദ്യ ബാലനെയാണ്‌ ആദ്യം പരിഗണിച്ചത്.  അപ്രതീക്ഷിതമായി സംവിധായകന്റെ വിളി വന്നപ്പോൾ എന്തുതോന്നി.
ഒരു നടിയുടെ കലാജീവിതത്തിൽ കിട്ടുന്ന അപൂർവഭാഗ്യങ്ങളിൽ ഒന്നാണ് ഇത്തരം കഥാപാത്രം. കമൽസാർ വിളിച്ചുപറഞ്ഞപ്പോൾ ആദ്യം പേടി തോന്നി. 'അയ്യോ സാർ ഞാനോ' എന്നാണ് ആദ്യം ചോദിച്ചത്. കുറച്ചുനേരം ഒന്നും പറയാനായില്ല.  എന്നെക്കൊണ്ട് ചെയ്യാൻപറ്റുമെന്ന് സാറിന് വിശ്വാസമുണ്ടെന്നുണ്ടെങ്കിൽ ഞാൻ നൂറുവട്ടം തയ്യാറാണെന്ന് പറഞ്ഞു. ആ ഉറപ്പുള്ളതുകൊണ്ടാണല്ലോ വിളിച്ചത് എന്നായിരുന്നു മറുപടി.  മാധവിക്കുട്ടിയെ പോലെയൊരാളെ അവതരിപ്പിക്കുക എന്നത് സങ്കൽപ്പത്തിനുമപ്പുറമുള്ള കാര്യമാണ്. സ്വപ്നമോ എന്നൊക്കെ തോന്നി. നേരത്തെ ഇങ്ങനെ ഒരു സിനിമ അനൗൺസ് ചെയ്തപ്പോൾത്തന്നെ വലിയ സന്തോഷവും പ്രതീക്ഷയുമൊക്കെയായിരുന്നു. എല്ലാ പ്രേക്ഷകരെയുംപോലെ ഞാനും ഈ സിനിമ ഇറങ്ങാൻ കാത്തിരിക്കുകയായിരുന്നു. ഇത്രയും വലിയ എഴുത്തുകാരിയുടെ ജീവിതം എല്ലാതരത്തിലും അടയാളപ്പെടുത്തേണ്ട ഒന്നാണ് എന്ന് തോന്നിയിട്ടുണ്ട്. പിന്നീട്  പല ചടങ്ങിലും മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ സമ്മാനം കിട്ടിത്തുടങ്ങി. യുട്യൂബിൽ അവരുടെ ഇന്റർവ്യൂകൾ കണ്ടു. 
 ഞാൻ മാധവിക്കുട്ടിയായാൽ എത്രത്തോളം ശരിയാകും എന്ന് ഒരുപാട് പേർക്ക് സംശയമുണ്ടായിരുന്നു. എന്നാൽ, ആദ്യ പോസ്റ്റർ ഇറങ്ങിയതോടെ അഭിപ്രായം മാറിത്തുടങ്ങി. സത്യത്തിൽ മാധവിക്കുട്ടിയുടെ ഒരു മുഖച്ഛായയും എനിക്കില്ല. എന്നെ അങ്ങനെ മാറ്റിയെടുക്കാൻ കഴിയുമെന്ന് നേരത്തെ തിരിച്ചറിഞ്ഞ കമൽ സാറിനാണ്  മുഴുവൻ ക്രെഡിറ്റും. പിന്നെ മേക്കപ്പ് ചെയ്ത പട്ടണം റഷീദ്ക്ക ഉൾപ്പെടെയുള്ളവരുടെ പങ്കും എടുത്തുപറയണം. ആമി ഇറങ്ങിയതോടെ നടി എന്ന നിലയിൽ എന്റെ ഉത്തരവാദിത്തം കൂടിയതായി തോന്നുന്നു. ചില വേഷങ്ങൾ അഭിനയിച്ചുകഴിഞ്ഞാൽ വേഗം അഴിച്ചുവയ്ക്കാൻ പറ്റും. ചിലത് നമ്മോടൊപ്പം പോരും.  ആമി എന്റെ ഒപ്പം പോന്ന കഥാപാത്രമാണ്.  
?  മലയാളികൾക്ക് 'മാധവിക്കുട്ടി' എന്നും വലിയ ചർച്ചാവിഷയമായിരുന്നു. വിവാദങ്ങൾ എക്കാലവും അവരുടെ സാഹിത്യത്തിലും ജീവിതത്തിലും ഒപ്പമുണ്ടായിരുന്നു. അവരെ മനസ്സിലാക്കുന്നതിൽ നമുക്ക് പലപ്പോഴും പിഴച്ചുപോയോ എന്നുവരെ സംശയിക്കാവുന്നതാണ്
എഴുത്തിൽ ഇത്രയും സ്വാതന്ത്ര്യം അനുഭവിച്ച എഴുത്തുകാരി ഇന്ത്യയിൽ വേറെയുണ്ടോ എന്ന് സംശയം.  മാധവിക്കുട്ടി സ്ത്രീയുടെ അവകാശത്തിനുവേണ്ടി പ്രത്യക്ഷമായി പോരാടിയിട്ടില്ല. അതേസമയം എഴുത്തിൽ സ്ത്രീയുടെ കരുത്ത് തെളിയിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. സ്ത്രീയുടെ മനസ്സിനെ, ചിന്തകളെ  ലളിതമായി ആവിഷ്കരിക്കാൻ അവർക്ക് കഴിഞ്ഞു. മനുഷ്യപക്ഷത്തു നിന്ന് രചന നിർവഹിച്ച പ്രതിഭയായിരുന്നു അവർ.
 

കമൽ

സ്ത്രീയുടെ സ്വത്വമെന്താണെന്ന് മാധവിക്കുട്ടിക്ക് കൃത്യമായിട്ടറിയാം. പുരുഷനൊപ്പമാകുന്നതല്ല അവർക്ക് സ്വാതന്ത്ര്യം. സ്ത്രീക്ക് സ്ത്രീയുടേതായ ലോകവും സ്വാതന്ത്ര്യവും ഐഡന്റിറ്റിയുമുണ്ട് എന്നവർ വിശ്വസിച്ചു. പ്രണയം, രതി തുടങ്ങിയ വിഷയങ്ങൾകൊണ്ട് മലയാളികൾ അക്കാലത്ത് മാധവിക്കുട്ടിയെ ശരിക്ക് മനസ്സിലാക്കിയിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം കുപ്പായം മാറുന്നത് പോലാണ് മതം മാറുന്നതും.  
മാധവിക്കുട്ടിയുടെ ജീവിതത്തിന്റെ ഏത് ഭാഗമാണ് സിനിമയാക്കേണ്ടതെന്ന ആശങ്കയും പേടിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.  മാധവിക്കുട്ടിയെ അങ്ങനെയാണ് ഒന്നുകൂടി മുഴുവനായി വായിച്ചുതുടങ്ങിയത്. മഞ്ജുവാര്യർ അസാധാരണമായാണ് മാധവിക്കുട്ടിയെ അവതരിപ്പിച്ചത്.
 

ബാലചന്ദ്രൻ ചുള്ളിക്കാട് 

ബാലചന്ദ്രൻ ചുള്ളിക്കാടായിട്ടുതന്നെയാണ് ഞാൻ ആമിയിൽ അഭിനയിക്കുന്നത്. ഒരുപാട് അടുത്തുനിന്ന് മാധവിക്കുട്ടിയുടെ ജീവിതത്തെ നോക്കിക്കാണാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ജാതി‐മത‐രാഷ്ട്രീയ ചട്ടക്കൂടിനുള്ളിലുള്ളൊരാളായിരുന്നില്ല അവർ. വ്യക്തിസ്വാതന്ത്ര്യത്തിൽ വിശ്വസിച്ചിരുന്ന അവർക്ക് ഊർജം ലഭിക്കുന്നത് ആരോടെങ്കിലും കലഹിക്കുമ്പോഴാണ്. ആ പ്രകോപനത്തിലാണ് എഴുത്ത് പോലും. പക്ഷേ ചിലത് അവരെ പീഡിപ്പിച്ചിട്ടുണ്ട്, വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ പോലും അവരുടെ സർഗാത്‌മകതയെ സ്വാധീനിച്ചത്‌ ഈ സംഘർഷമാണ്. ശാന്തമായ അവസ്ഥ അവർ ആഗ്രഹിച്ചിരുന്നേയില്ല. മാധവിക്കുട്ടിയുടെ കഥകളും സംഭവബഹുലമാണ്. എഴുത്തിലും ചിന്തയിലുമൊക്കെ അടിമുടി ആധുനികയായിരുന്നു മാധവിക്കുട്ടി. യൂറോപ്യനും ഗ്രാമീണവുമായ ബന്ധങ്ങളിൽനിന്നും ജീവിതാനുഭവങ്ങളിൽനിന്നും രൂപപ്പെടുത്തിയെടുത്തതാണത്.  അവർ ഒരിക്കലും  മാനസികവികാരങ്ങൾ തുറന്നുപറയുന്നതിൽ മടികാണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആകർഷണവും ഹിപ്പോക്രസിയെ ചോദ്യംചെയ്യുന്നതിലുള്ള വിരോധവും ഒരേസമയം മലയാളികൾക്ക് അവരോടുണ്ട്.
   

പട്ടണം റഷീദ്

മാധവിക്കുട്ടിക്കും മഞ്ജുവാര്യർക്കും രണ്ട് മുഖങ്ങൾതന്നെയാണ്. അതുകൊണ്ട് മാധവിക്കുട്ടിയെ ഒരുക്കുന്നത് വലിയ വെല്ലുവിളിയായി. മാധവിക്കുട്ടിയെ കുറിച്ച് എല്ലാവരുടെയും മനസ്സിൽ ആർക്കും മാറ്റാനാകാത്ത ഒരു ബിംബമുണ്ട്.  അതുകൊണ്ടുതന്നെ മാധവിക്കുട്ടിയുടെ മുഖാവരണമല്ല, മഞ്ജുവാര്യർ എന്ന പ്രതിഭയുടെ മാധവിക്കുട്ടിയിലേക്കുള്ള മനംമാറ്റമാണ് വേണ്ടത്. അതുവഴി അവരുടെ ശരീരഭംഗിയിലേക്കെത്തിക്കുക എന്നതാണ്. മഞ്ജുവാര്യരിൽനിന്നുതന്നെ മാധവിക്കുട്ടിയുടെ ഐഡന്റിറ്റി ഉണ്ടാക്കാനാണ് ശ്രമിച്ചത്. ആ തലത്തിലാണ് മേക്കപ്പ്. മൂക്കുത്തി, പൊട്ട്, കണ്ണട, മുടിയിടുന്ന സ്വഭാവം ഇതൊക്കെ അതിനുദാഹരണങ്ങളാണ്. അതുപോലെ പ്രായമാകുമ്പോൾ അവർക്ക് സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ ഘട്ടംഘട്ടമായി അവതരിപ്പിച്ചു. മൂന്നുമണിക്കൂറോളമാണ് ആമിയാകാനായി എന്റെ മുന്നിൽ ക്ഷമയോടെ മഞ്ജു ഇരുന്നുതന്നത്.  
 

മധു നീലകണ്ഠൻ

ക്യാമറ ആയാലും ലെൻസ് ആയാലും ഏറ്റവും ക്വാളിറ്റിയുള്ള ഹൈ എൻഡ് എക്വിപ്മെന്റുകളാണ് ഞാനിതിൽ ഉപയോഗിച്ചത്. എന്നാൽ സിനിമ ചലഞ്ചിങ് ആകുന്നത് അഭിനേതാക്കളുടെ മാനസികവ്യാപാരങ്ങളിലേക്ക് നമുക്ക് എത്രത്തോളം കടന്നുചെല്ലാൻ പറ്റുന്നു എന്നത് സംബന്ധിച്ചാണ്.  മാധവിക്കുട്ടിയും മഞ്ജുവാര്യരും മലയാളികൾക്ക് പരിചയമുള്ള ഇമേജുകളാണ്. ഒന്നിനെ മറ്റൊന്നിനോട് അടുപ്പിക്കുകയാണ് ചെയ്തത്. 
 

റഫീഖ് അഹമ്മദ്

ചിത്രത്തിൽ രണ്ട് പാട്ടാണ് ഞാനെഴുതിയത്. ഇത്രയും വലിയൊരു എഴുത്തുകാരിയുടെ മനസ്സിൽ കയറിയിരുന്ന് എഴുതണം. അതുകൊണ്ടുതന്നെ ആത്മവിശ്വാസക്കുറവ് ഉണ്ടായിട്ടുണ്ട്. ഞാനും ജയചന്ദ്രനും കമൽസാറും ഒരുപാട്‌ മാറ്റിയും തിരുത്തിയുമാണ് പാട്ടുകളുണ്ടാക്കിയത്. 
 

എം ജയചന്ദ്രൻ

മാധവിക്കുട്ടി എന്ന ബഹുമുഖപ്രതിഭയുടെ ക്യാരക്ടറിൽനിന്ന് സംഗീതം കണ്ടുപിടിക്കാനാണ് ഞാൻ ശ്രമിച്ചത്. രണ്ട് പാട്ടുകൾ ഞാൻ കമ്പോസ് ചെയ്തു. മലയാളത്തിന്റെ ചൂരുള്ള സംഗീതത്തിൽനിന്ന് പെട്ടെന്ന് ബംഗാളിയിലേക്കുള്ള ഒരു കൂടുമാറ്റമുണ്ട്‌. അത്‌ സംഗീതസംവിധായകന്‌ വെല്ലുവിളിയാണ്. നാലു ദിവസംകൊണ്ടാണ്  പാട്ടുകൾ ചെയ്തുതീർത്തത്.
  

ടൊവിനോ തോമസ് 

നുണപോലും കഥകളാക്കിയ സാഹിത്യകാരിയാണ് മാധവിക്കുട്ടി. അവരുടെ ക്രിയേറ്റിവിറ്റിയെയും ആവിഷ്കാരസ്വാതന്ത്ര്യത്തെയും ഞാൻ ബഹുമാനിക്കുന്നു. മഞ്ജു നടി എന്ന നിലയിലും ഹ്യൂമൺ ബീയിങ് എന്ന നിലയിലും എനിക്ക് വളരെ ഇഷ്ടമുള്ള വ്യക്തിയും. ആമിയിൽ മാധവിക്കുട്ടി ജീവിതത്തിലെ എല്ലാ സ്വകാര്യങ്ങളും ചർച്ചചെയ്യുന്നത് ഞാൻ അഭിനയിക്കുന്ന കഥാപാത്രത്തോടാണ്. ഒട്ടും സമ്മർദം തരാതെ നമ്മളിൽനിന്ന് വേണ്ടത് വേർതിരിച്ചെടുക്കാനുള്ള സ്കിൽ സംവിധായകനായ കമൽ സാറിനുണ്ട്. അദ്ദേഹത്തെ അന്ധമായി വിശ്വസിച്ചാൽമാത്രം മതി. അതുകൊണ്ടുതന്നെ ഷൂട്ടിങ് വളരെ റിലാക്സ്ഡ് ആയിരുന്നു. സ്ക്രിപ്റ്റിലെ ഓരോ ഡയലോഗും പോയറ്റിക് ആണ്. അപകടം പിടിച്ച വിഷയം അതിമനോഹരമായാണ് കൈകാര്യംചെയ്യുന്നത്. ഫാന്റസിയും ഫിക്ഷനും അങ്ങനെ ഒരു സിനിമയ്ക്ക് വേണ്ടിയുള്ളതെല്ലാമുണ്ട്. 
 

മുരളി ഗോപി

കമലാദാസിന്റെ ഭർത്താവ് മാധവദാസിനെയാണ് ഞാൻ അവതരിപ്പിക്കുന്നത്. അവരുടെ എഴുത്തുലോകം നോക്കിയാൽ അതിൽ അദൃശ്യമായി മാധവദാസിന്റെ സാന്നിധ്യം കാണാം. എഴുത്തിനെ പരിപോഷിപ്പിക്കാൻ അദ്ദേഹം ഒപ്പംനിന്നു.  മറ്റൊരാളുടെ വളർച്ചയ്ക്ക് കൂട്ടുനിൽക്കുക എന്നത് വലിയ സംഗതിയാണ്. ഗിഫ്റ്റഡ് ആക്ടർ ആണ് മഞ്ജു. അങ്ങനെയുള്ളവരുടെ കൂടെ അഭിനയിക്കുന്നത്‌ ആസ്വാദ്യകരമാണ്‌.
 
 
Shamsudheen.p@gmail.com
പ്രധാന വാർത്തകൾ
 Top