19 March Tuesday

ഇന്ത്യ: യൂറോപ്യൻ വിഭാവനങ്ങൾ

സുനില്‍ പി ഇളയിടംUpdated: Sunday Dec 17, 2017

സഞ്ജയ് സുബ്രഹ്മണ്യം ഏറ്റവുമൊടുവിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് 'യൂറോപ്പിന്റെ ഇന്ത്യ: വാക്കുകൾ, ജനസമൂഹങ്ങൾ, സാമ്രാജ്യങ്ങൾ 15001800' ലോകപ്രസിദ്ധമായ ഹാവാർഡ് യൂണിവേഴ്‌സിറ്റി പ്രസ് 2017 ആദ്യമാസത്തിലാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.  

 

ആദ്യകാല ആധുനിക ലോക (Early Modern Per-iod) ത്തിന്റെ ചരിത്രകാരൻ എന്ന നിലയിൽ ഇതിനകം ലോകപ്രസിദ്ധി കൈവരിച്ച ആളാണ് സഞ്ജയ് സുബ്രഹ്മണ്യം. ലോകത്തെ വിശ്രുതപുരസ്‌കാരങ്ങളിൽ പലതും ചെറിയകാലത്തിനുള്ളിൽത്തന്നെ അദ്ദേഹത്തെ തേടിയെത്തി. നാം വായിക്കുന്നതിനേക്കാൾ വേഗത്തിൽ ഒന്നാംതരം ചരിത്രമെഴുതുന്ന ആൾ' എന്ന് സഞ്ജയ് സുബ്രഹ്മണ്യം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അതൊട്ടും അതിശയോക്തിയല്ലതാനും. 1990കൾ മുതലാരംഭിക്കുന്ന അദ്ദേഹത്തിന്റെ രചനാജീവിതത്തിൽ, എഴുതിയതും എഡിറ്റ് ചെയ്തവയുമായി മുപ്പതോളം ഗ്രന്ഥങ്ങളുണ്ട്. ഓക്‌സ്ഫഡും ഹാവാർഡും പോലെയുള്ള ലോകത്തെ ഒന്നാംകിട അക്കാദമിക് പ്രസാധകരാണ് സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ കൃതികളത്രയും പ്രസിദ്ധീകരിച്ചിട്ടുള്ളത്. തെക്കുകിഴക്കൻ മേഖലകൾമുതൽ പടിഞ്ഞാറൻ യൂറോപ്പിന്റെവരെ ആദ്യകാല ആധുനികചരിത്രത്തിൽ ഇടപെട്ടുപ്രവർത്തിക്കുകയും ഒരു ഡസനോളം ഭാഷകളിൽ നിഷ്ണാതനായിരിക്കുകയുംചെയ്യുന്ന, അസാധാരണമായ ധൈഷണിക ജീവിതമാണ് സഞ്ജയ് സുബ്രഹ്മണ്യത്തിന്റേത്. ഡൽഹിമുതൽ ഓക്‌സ്‌ഫോർഡും പാരീസും കാലിഫോർണിയയുംവരെ വ്യാപിച്ചുകിടക്കുന്നു അദ്ദേഹത്തിന്റെ അക്കാദമികജീവിതം.

സഞ്ജയ് സുബ്രഹ്മണ്യം ഏറ്റവുമൊടുവിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് 'യൂറോപ്പിന്റെ ഇന്ത്യ: വാക്കുകൾ, ജനസമൂഹങ്ങൾ, സാമ്രാജ്യങ്ങൾ 1500-1800' (Europe's India: Words, People, Empires 1500-1800). ലോകപ്രസിദ്ധമായ ഹാവാർഡ് യൂണിവേഴ്‌സിറ്റി പ്രസ് 2017 ആദ്യമാസത്തിലാണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ സവിശേഷ പഠനമേഖലയായ ആദ്യകാല ആധുനികതയുടെ ഘട്ടംതന്നെ ഈ ഗ്രന്ഥത്തിന്റെയും വിഷയപരിധി. ഇക്കാലയളവിൽ ഇന്ത്യയെ യൂറോപ്പ് വിഭാവനംചെയ്തതിന്റെ ചരിത്രമാണ് ഈ ഗ്രന്ഥം ചർച്ചചെയ്യുന്നത്. സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ പതിവുരീതിയിൽ, പ്രമാണങ്ങളെയും പുരാരേഖാസഞ്ചയത്തെയും വൻതോതിൽ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഈ ഗ്രന്ഥവും രചിക്കപ്പെട്ടിട്ടുള്ളത്. സാഹിത്യവും യാത്രാവിവരണവും കൊട്ടാരരേഖകളും ചിത്രങ്ങളും കലാചരിത്രവുംവരെയുള്ള അത്യന്തവിസ്തൃതമായ പ്രമാണശേഖരത്തിന്റെ പിൻബലം സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ കൃതികളിൽ പൊതുവെ കാണാം. ഈ ഗ്രന്ഥവും അതിനൊരപവാദമല്ല.

പതിനാറുമുതൽ പത്തൊമ്പതുവരെയുള്ള നൂറ്റാണ്ടുകളിൽ യൂറോപ്പ് ഇന്ത്യയെ വിഭാവനംചെയ്തതിന്റെയും ഈ വിഭാവനക്രമങ്ങൾ യൂറോപ്പിന്റെ സ്വത്വനിർവചനത്തിൽ ഇടപെട്ടതിന്റെയും ചരിത്രമാണ്, ആമുഖവും നാല് അധ്യായങ്ങളുമായി നാനൂറോളം പുറങ്ങളുള്ള ഈ ഗ്രന്ഥം ചർച്ചചെയ്യുന്നത്. ഇത്തരമൊരു വിഷയത്തിന്റെ 'ഭൂതകാലത്തെയും ചരിത്രത്തെയും നിർണയിച്ച രണ്ട് പ്രാമാണികഗ്രന്ഥങ്ങളെക്കുറിച്ച് ഗ്രന്ഥകാരൻ പ്രത്യേകം പരാമർശിക്കുന്നുണ്ട്. കലാചരിത്രകാരനായ പാർഥാ മിറ്റർ 1972ൽ പ്രസിദ്ധീകരിച്ചതും അത്യസാധാരണമായ ഉൾക്കാഴ്ചകൾ നിറഞ്ഞതായിരിക്കെത്തന്നെ അർഹിക്കുന്ന ശ്രദ്ധ ലഭിക്കാതെപോയതുമായ ഗ്രന്ഥമാണ് ആദ്യത്തേത് (Much Malinged Monsters-1977). കഴിഞ്ഞ മൂന്ന് - നാല് പതിറ്റാണ്ടുകൾക്കിടയിൽ വിശ്വമഹാഗ്രന്ഥങ്ങളുടെ പദവിയിലേക്ക് ഉയർന്ന, എഡ്വേർഡ് സെയ്ദിന്റെ പ്രാമാണികഗ്രന്ഥമാണ് രണ്ടാമത്തേത് (Orientalism-1978). സെയ്ദിന്റെ ഗ്രന്ഥത്തിന് മുമ്പുതന്നെ പാർഥാമിറ്ററുടെ രചന പുറത്തുവന്നിരുന്നു. സെയ്ദ് അവതരിപ്പിച്ച ആശയങ്ങളെ ആദ്യകാല ആധുനികഘട്ടത്തിലെ ചിത്രങ്ങളെ മുൻനിർത്തി, പ്രകരണനിഷ്ഠമായി വിശദീകരിച്ച കൃതിയായിരുന്നു പാർഥാമിറ്ററുടേത്. കലാചരിത്രത്തിന്റെ പരിമിതസീമകളിൽ ഒതുങ്ങിപ്പോയതിനാൽ ആ കൃതിയുടെ നിർണായകപ്രാധാന്യം തിരിച്ചറിയപ്പെട്ടില്ല എന്നുമാത്രം.

സെയ്ദും അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകളെ പിൻപറ്റിക്കൊണ്ട് ബെർണാഡ് കോൻ (Colonialism and its Forms of Knowledge-1996), റൊണാൾഡ് ഇൻഡെൻ (Imagining India -1990) തുടങ്ങിയവരും വികസിപ്പിച്ചെടുത്ത, പൗരസ്ത്യവാദം എന്ന പരികൽപ്പനയെ മുൻനിർത്തിയുള്ള, വിശകലനരീതിയുടെ ആവർത്തനമല്ല സഞ്ജയ് സുബ്രഹ്മണ്യത്തിന്റേത്. 1500നും 1800നും ഇടയിൽ യൂറോപ്പ് ഇന്ത്യയെ നോക്കിക്കണ്ടതെങ്ങനെ യെന്ന് വിശദീകരിക്കുന്ന മൂന്ന് ജ്ഞാനപഥങ്ങളെയും താൻ നിരാകരിക്കുന്ന കാര്യം ഗ്രന്ഥകാരൻ എടുത്തുപറയുന്നുണ്ട്. പടിപടിയായി പെരുകിവരുന്ന സമ്പർക്കത്തിലൂടെ ഇന്ത്യയെക്കുറിച്ചുള്ള ആധികാരികജ്ഞാനം വികസിച്ചുവരുന്ന യൂറോപ്പ് എന്നതാണ് ആദ്യത്തെ വഴി. മതപരമായ മുൻവിധികളിൽനിന്ന് ഉടലെടുത്ത ശത്രുതാപരമായ ധാരണകൾ വസ്തുനിഷ്ഠമായ നിഗമനങ്ങളിലേക്ക് ക്രമേണ വികസിച്ചെത്തി എന്ന് പറയുന്നതാണ് രണ്ടാമത്തെ മാർഗം. ജ്ഞാനോദയം (Enlightenment) ആണ് ഈ ജ്ഞാനപഥത്തിലെ വഴിത്തിരിവായി ഗണിക്കപ്പെടുന്നത്. തെറ്റായ മുൻവിധികളുടെയും പൂർവധാരണകളുടെയും ഒരു ചട്ടക്കൂടിനുള്ളിൽവച്ച് പൗരസ്ത്യമായ അപരദേശമായി ഇന്ത്യയെ നിർമിച്ചെടുക്കുന്നതിനെക്കുറിച്ചുള്ളതാണ് മൂന്നാമത്തെ സമീക്ഷ. ഈ മൂന്ന് സമീപനങ്ങളെയും നിരസിച്ചുകൊണ്ട്, പ്രമാണങ്ങളെയും പ്രകരണത്തെയും അടിസ്ഥാനമാക്കി ഇന്ത്യയെക്കുറിച്ചുള്ള യൂറോപ്യൻ വിഭാവനത്തിന്റെ ചരിത്രമാണ് സഞ്ജയ് സുബ്രഹ്മണ്യം ചർച്ചചെയ്യുന്നത്.

അമ്പതോളം പുറങ്ങൾവരുന്ന ദീർഘമായ ആമുഖവും തുടർന്ന് നാല് അധ്യായങ്ങളും ഉപസംഹാരവും എന്ന നിലയിലാണ് ഈ ഗ്രന്ഥം സംവിധാനംചെയ്തിരിക്കുന്നത്. 16-18 നൂറ്റാണ്ടുകളിലെ യൂറോപ്യൻ വിഭാവനക്രമങ്ങളുടെ സാമാന്യചിത്രമാണ് ആമുഖം. തുടർന്ന് ഒന്നാമധ്യായത്തിൽ ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള ബന്ധത്തെ മുൻനിർത്തി, പതിനാറാം ശതകത്തെ ഗ്രന്ഥകാരൻ സവിശേഷമായി പരിശോധിക്കുന്നു. പതിനേഴും പതിനെട്ടും ശതകങ്ങളിലെ പ്രമാണങ്ങളെ ആശ്രയിച്ചുകൊണ്ട്, ഇന്ത്യയിലെ മതജീവിതത്തെക്കുറിച്ച് യൂറോപ്പ് വികസിപ്പിച്ചെടുത്ത ധാരണകളെക്കുറിച്ചാണ് രണ്ടാമധ്യായം ആലോചിക്കുന്നത്. ജെയിംസ് ഫ്രേസർ (1712--1754) രൂപംനൽകിയ ഇന്ത്യാവിജ്ഞാനത്തിന്റെ മൗലികതയാണ് മൂന്നാമധ്യായത്തിലെ ആലോചനാവിഷയം. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിൽ, അധിനിവേശത്തിന്റെ ദൃഢീകരണത്തോടെ യൂറോപ്പിന്റെ ഇന്ത്യൻവിഭാവനത്തിൽ വന്ന വ്യത്യാസങ്ങളാണ് അവസാന അധ്യായം പരിഗണിക്കുന്നത്.

 ഈ നിലയിൽ, ഇന്ത്യയെക്കുറിച്ചുള്ള യൂറോപ്പിന്റെ വിഭാവനത്തെ ചരിത്രപരമായും പ്രകരണനിഷ്ഠമായും ചലനാത്മകമായും പരിശോധിക്കാനുള്ള അത്യന്തം സമഗ്രവും സഫലവുമായ ശ്രമമാണ് സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ ഗ്രന്ഥം. വാർപ്പുമാതൃകൾക്കപ്പുറത്തേക്ക് കടക്കുന്ന ചരിത്രവിചാരത്തിന്റെ ഊർജസ്വലമായ ഒരു മാതൃകയാണത്. ചരിത്രവിദ്യാർഥികൾക്ക് മികച്ച ഒരടിസ്ഥാനഗ്രന്ഥവും.

പ്രധാന വാർത്തകൾ
 Top