17 February Sunday

പിന്നെയും പൂക്കുമീ ചില്ലകള്‍

വിജേഷ് ചൂടല്‍Updated: Sunday Apr 17, 2016

വിതുരയില്‍നിന്ന് കാട്ടുപാത താണ്ടി തലസ്ഥാനജില്ലയിലെ അനവധി ആദിവാസി ഊരുകളിലൊന്നായ പൊന്മുടി മലയോരത്തെ മണലിയില്‍ എത്തുമ്പോള്‍ അവിടെ ക്ളാസ്മേറ്റ്സ് വിശേഷങ്ങള്‍ പങ്കുവച്ച് തുടങ്ങിയിരുന്നു. എല്ലാവരുടെയും കൈയില്‍ ഓരോ സഞ്ചിയുണ്ട്. അതില്‍ പരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കറ്റും പഴയ പുസ്തകങ്ങളും. വയസ്സ് എഴുപതോടടുക്കുന്ന രണ്ട് ഭാരതിമാര്‍, മീനാക്ഷി, യശോദ, നാല്‍പ്പത്തിമൂന്നുകാരി ലളിത, അമ്പത്തെട്ടുകാരി വനജ, അറുപതുകാരി ഓമന.. അങ്ങനെ ഇരുപതോളം വിദ്യാര്‍ഥികള്‍; ഒപ്പം അവരുടെ ടീച്ചറും– ഇരുപത്തിരണ്ടുകാരി ഷൈലജ.

ജീവിതം പെറുക്കിക്കൂട്ടുന്നതിനിടയില്‍ അക്ഷരം കൂട്ടിവായിക്കാന്‍ മറന്നുപോയ ഈ ആദിവാസി അമ്മമാര്‍ക്ക് അറിവിന്റെ ആത്മബോധം പകര്‍ന്നത് സാക്ഷരതാപ്രസ്ഥാനമാണ്. പഠനം അക്ഷരങ്ങളില്‍നിന്ന് അധ്യായങ്ങളിലേക്ക് നീണ്ടു. തുല്യതാപരീക്ഷയെഴുതി നാലാംക്ളാസ് പാസായി. ഇപ്പോള്‍ പകല്‍ മായുന്ന സന്ധ്യകളില്‍ പേരക്കുട്ടികള്‍ക്കൊപ്പമിരുന്ന് അവര്‍ പഠിക്കുന്നു. വലിയ പുസ്തകങ്ങളിലെ പുതിയ ലിപികള്‍ ഈ പഴംമനസ്സുകള്‍ തപ്പിത്തടയാതെ വായിച്ചെടുക്കുന്നു. ഈ വയസ്സുകാലത്ത് പഠിച്ച് പാസായിട്ട് എന്തുകിട്ടിയെന്ന ചോദ്യത്തിന് ഭാരതിയും ലളിതയും മീനാക്ഷിയുമെല്ലാം ഒറ്റക്കെട്ടായി മറുപടി നല്‍കും: "ഞങ്ങള്‍ക്ക് ധൈര്യം കിട്ടി സാറെ..''  ഇനി എന്താണ് ആഗ്രഹമെന്ന ചോദ്യത്തിനും ഒരേയൊരുത്തരം: "ഞങ്ങക്കിനീം പഠിക്കണം. ഏഴാംക്ളാസും പാസാവണം.''

1991 ഏപ്രില്‍ 18ന് കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനത്ത് ചേലക്കോടന്‍ ആയിഷയെന്ന മലപ്പുറത്തുകാരി കൊളുത്തിവച്ച അക്ഷരദീപം തെളിഞ്ഞുകത്തുകയാണ് ഇരുപത്തഞ്ച് സംവത്സരങ്ങള്‍ക്കുശേഷവും ഇങ്ങകലെ പശ്ചിമഘട്ട താഴ്വരയിലെ ഈ ആദിവാസി ഊരിലും. സമ്പൂര്‍ണസാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം ചരിത്രത്തില്‍ ഇടംനേടിയിട്ട് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ ഈ മുഖങ്ങളില്‍ തെളിയുന്ന ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയാണ് കേരളം നേടിയ ഏറ്റവും വലിയ നേട്ടമെന്ന് തോന്നും.

കേരളം കണ്ട ഏറ്റവും വലിയ ജനകീയ ക്യാമ്പയിന്‍ ഏത് എന്ന ചോദ്യത്തിന് സാക്ഷരതാപ്രസ്ഥാനം എന്നല്ലാതെ മറ്റൊരുത്തരം തെരയേണ്ടതില്ല. പിന്നീടുവന്ന ജനകീയാസൂത്രണവും കുടുംബശ്രീയും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കെല്ലാം അടിത്തറയും ഊര്‍ജവുമായത് സാക്ഷരതയാണ്. കേരളത്തിലെ സാക്ഷരതാപ്രസ്ഥാനത്തിന്റെ ചരിത്രം വിപുലവും വിശാലവുമാണ്. സമൂഹ നിര്‍മിതിയില്‍ വിദ്യാഭ്യാസത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് രാജഭരണകാലത്തുതന്നെ ‘ഉടലെടുത്ത അക്ഷരാഭിനിവേശം തീവ്രമാക്കിയത് കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനമാണ്. അടിച്ചമര്‍ത്തപ്പെട്ടവന്റെ വിമോചനപോരാട്ടത്തിന്റെ തിരികൊളുത്താന്‍ അക്ഷരജ്വാലയല്ലാതെ മറ്റൊന്നില്ലെന്ന് തിരിച്ചറിഞ്ഞ മനീഷികള്‍ വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ ആഹ്വാനംചെയ്തു. മറ്റു പല കാര്യങ്ങളിലുമെന്നപോലെ മലയാളിയുടെ ഉന്നതമായ വിദ്യാഭ്യാസ സംസ്കാരത്തിനും നാം കടപ്പെട്ടിരിക്കുന്നത് നവോത്ഥാന കാലഘട്ടത്തോടാണ്. അവിടെനിന്ന് പുരോഗമനപ്രസ്ഥാനങ്ങള്‍ അതേറ്റെടുക്കുകയായിരുന്നു.

1991 ഏപ്രില്‍ 18ന് കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനത്ത് ചേലക്കോടന്‍ ആയിഷ സമ്പൂര്‍ണ സാക്ഷരതാപ്രഖ്യാപനം നടത്തുന്നു

1991 ഏപ്രില്‍ 18ന് കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനത്ത് ചേലക്കോടന്‍ ആയിഷ സമ്പൂര്‍ണ സാക്ഷരതാപ്രഖ്യാപനം നടത്തുന്നു

1957ല്‍ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭതന്നെ ജനകീയവിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കിയിരുന്നു. 1960കളുടെ അവസാനത്തോടെയാണ് കേരളത്തില്‍ ആസൂത്രിതമായ സാക്ഷരതാപ്രവര്‍ത്തനം ആരംഭിക്കുന്നത്. രണ്ടാം ഇ എം എസ് മന്ത്രിസഭയുടെ കാലത്ത് 1968ല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഈ രംഗത്തേക്ക് കടന്നുവന്നു. ഒരു ഗ്രാമപഞ്ചായത്ത് ആദ്യമായി സമ്പൂര്‍ണസാക്ഷരത നേടിയത് 1986ലാണ്. കണ്ണൂര്‍ ജില്ലയിലെ ഏഴോം ഗ്രാമപഞ്ചായത്ത്. 1987ല്‍ അധികാരത്തില്‍വന്ന ഇ കെ നായനാര്‍ സര്‍ക്കാര്‍ കേരളത്തിലെ സാക്ഷരതാപ്രവര്‍ത്തനങ്ങള്‍ക്ക് തണലൊരുക്കി. വിവിധ സന്നദ്ധസംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ നടന്നുവന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് ഏകോപിപ്പിച്ചു. 1989ല്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ സഹകരണത്തോടെ കോട്ടയം നഗരസഭയും ജില്ലാ ഭരണകൂടവും സംയുക്തമായി നൂറുദിന ക്യാമ്പയില്‍ ഏറ്റെടുത്തു. ഇന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ പട്ടണമെന്ന ഖ്യാതി ആ വര്‍ഷം ജൂണ്‍ 12ന് കോട്ടയത്തെ തേടിയെത്തി. ഇതില്‍നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് സമീപജില്ലയായ എറണാകുളത്ത് സാക്ഷരതാപ്രവര്‍ത്തനം ശക്തമായി. 1989ലെ റിപ്പബ്ളിക് ദിനത്തില്‍ 'വെളിച്ചമേ നയിച്ചാലും' എന്ന പേരില്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെ മുന്‍കൈയില്‍ ജനകീയ സാക്ഷരതാ പദ്ധതി ആരംഭിച്ചു. അതിനും ഫലമുണ്ടായി. രാജ്യത്ത് സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ജില്ലയായി 1990 ഫെബ്രുവരി നാലിന് എറണാകുളം പ്രഖ്യാപിക്കപ്പെട്ടു.

കേരളത്തിലാകമാനം സാക്ഷരതാപ്രസ്ഥാനം വേരുറപ്പിച്ച കാലഘട്ടമായിരുന്നു ഇത്. 'പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ, പുത്തനൊരായുധമാണ് നിനക്കത്. പുസ്തകം കൈയിലെടുത്തോളൂ..' എന്നു പാടി സാക്ഷരതാപ്രവര്‍ത്തകര്‍ ഇടവഴികളും നാല്‍ക്കവലകളും കയറിയിറങ്ങി. വയലേലകളും തെങ്ങിന്‍തോപ്പുകളും കടവരാന്തകളും ക്ളാസ്മുറികളായി. പതിനഞ്ചുവയസ്സുകാരന്‍മുതല്‍ തൊണ്ണൂറുകാരിവരെ അവിടെ അക്ഷരം പഠിക്കാന്‍ ഒത്തുകൂടി. അച്ഛനും മകനും മുത്തശ്ശിയും പേരക്കുട്ടിയുമെല്ലാം അവിടെ സഹപാഠികളായി. ഒരേ ബെഞ്ചിലിരുന്ന് പഠിച്ചു. ജീവിതത്തിന്റെ പ്രഭാതത്തിലും നട്ടുച്ചയിലും സായാഹ്നത്തിലുമെല്ലാം പക്ഷഭേദമില്ലാതെ ആ ഓലപ്പുരകളില്‍ തറയും പറയും പിറന്നു. മണ്‍വെട്ടിയും വെട്ടുകത്തിയും പിടിച്ച് തഴമ്പിച്ച കൈകള്‍ കുഞ്ഞു പെന്‍സിലുകള്‍ പിടിക്കാന്‍ ശീലിച്ചു. വാര്‍ധക്യം വിറയാര്‍ന്ന വിരലുകള്‍ അക്ഷരങ്ങള്‍ക്ക് വടിവൊപ്പിക്കാന്‍ ശ്രമിച്ചു.

തുല്യതാപരീക്ഷയെഴുതി നാലാംക്ളാസ് പാസായ പൊന്മുടി മലയോരത്തെ മണലി ആദിവാസി ഊരിലെ അമ്മമാര്‍ പഠനത്തില്‍

തുല്യതാപരീക്ഷയെഴുതി നാലാംക്ളാസ് പാസായ പൊന്മുടി മലയോരത്തെ മണലി ആദിവാസി ഊരിലെ അമ്മമാര്‍ പഠനത്തില്‍

ഏഴോം ഗ്രാമപഞ്ചായത്തും കോട്ടയം നഗരവും എറണാകുളം ജില്ലയും സൃഷ്ടിച്ച ചരിത്രം കേരളത്തിലാകെ വ്യാപിപ്പിക്കാനുള്ള ദൌത്യം നാടാകെ ആവേശമായി പടരുകയായിരുന്നു. എറണാകുളത്തെ ദൌത്യവിജയത്തിന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ സാക്ഷരതയ്ക്കായുള്ള 'അക്ഷരകേരളം' പദ്ധതി നായനാര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. 1990–91 കാലഘട്ടത്തില്‍ നടന്ന മഹത്തായ സാക്ഷരതായജ്ഞത്തില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ പങ്കെടുത്തു. 1990 ഏപ്രില്‍ എട്ടിന് സംസ്ഥാനമൊട്ടാകെ വീടുവീടാന്തരം കയറിയിറങ്ങി നടത്തിയ സര്‍വേയില്‍ 28,20,338 നിരക്ഷരരെ കണ്ടെത്തി. ഇതില്‍ 16 ലക്ഷത്തോളം പേരെ ക്ളാസുകളില്‍ എത്തിക്കാനായി. നിരക്ഷരതയുടെ കൂരിരുട്ടിലായിരുന്ന പന്ത്രണ്ടര ലക്ഷം പേരെ സാക്ഷരവെളിച്ചത്തിലേക്ക് നയിക്കാന്‍ ഈ യജ്ഞം ഉപകരിച്ചു. മൂന്നുലക്ഷത്തോളം സന്നദ്ധപ്രവര്‍ത്തകര്‍ ഈ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായി നിസ്വാര്‍ഥം പ്രവര്‍ത്തിച്ചു. ഒടുവില്‍, 1991 ഏപ്രില്‍ 18ന് സമ്പൂര്‍ണ സാക്ഷരത നേടി കേരളം രാജ്യത്തിന് മാത്രമല്ല, ലോകരാഷ്ട്രങ്ങള്‍ക്കും വഴികാട്ടി. ആ വ്യാഴാഴ്ചയുടെ സൂര്യാസ്തമയത്തില്‍ സാക്ഷരതയുടെ സൂര്യന്‍ കേരളത്തിന്റെ മാനത്ത് ജ്വലിച്ചുയര്‍ന്നു. മാനാഞ്ചിറയില്‍ തടിച്ചുകൂടിയ പുരുഷാരത്തെയും വേദിയെ സമ്പന്നമാക്കിയ പ്രഗത്ഭരെയും സാക്ഷിയാക്കി നവസാക്ഷര ചേലക്കോടന്‍ ആയിഷ സമ്പൂര്‍ണസാക്ഷരതാപ്രഖ്യാപനം നടത്തി.

സാക്ഷരതാനന്തര കാലഘട്ടത്തില്‍ അക്ഷരങ്ങളുടെ വെളിച്ചം ഊര്‍ന്നിറങ്ങിയത് ആദിവാസി മേഖലകളിലെയും തീരദേശത്തെയും കുടിലുകളിലേക്കാണ്. 1993ല്‍ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ ചേര്‍ന്ന സമ്മേളനം ആദിവാസി മേഖലയിലെ സമ്പൂര്‍ണ സാക്ഷരതാനേട്ടം പ്രഖ്യാപിച്ചു.

സാക്ഷരതാപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി തുടര്‍വിദ്യാഭ്യാസ പദ്ധതിക്ക് കേരളം തുടക്കംകുറിച്ചതും ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്; 1998ലെ ഗാന്ധിജയന്തി ദിനത്തില്‍. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി എന്ന പേരില്‍ സ്വയംഭരണസ്ഥാപനം ഇതിനായി ആരംഭിച്ചു. എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും തുടര്‍വിദ്യാഭ്യാസപദ്ധതി നടപ്പാക്കിയ ആദ്യ സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തെ തേടിയെത്തി. ദേശീയ സാക്ഷരതാമിഷന്റെ സഹായം നേടിയെടുത്ത് അഞ്ചുവര്‍ഷത്തെ പ്രോജക്ടായാണ് പദ്ധതി ആരംഭിച്ചത്. ഈ സഹായം അവസാനിച്ചിട്ടും പദ്ധതി തുടര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ പണം അനുവദിച്ചതിനൊപ്പം തദ്ദേശഭരണസ്ഥാപനങ്ങള്‍ തുടര്‍വിദ്യാഭ്യാസ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടപ്പാക്കി. കേരളത്തില്‍ അവശേഷിച്ച നിരക്ഷരരെക്കൂടി സാക്ഷരരാക്കുന്നതിന് വിവിധ തലങ്ങളിലുള്ള പദ്ധതികള്‍ പല ജില്ലകളിലായി സാക്ഷരതാമിഷന്‍ ആവിഷ്കരിച്ച് നടപ്പാക്കി.

തുല്യതാപരിപാടിയുടെ ഭാഗമായി മലപ്പുറത്തെ നിലമ്പൂര്‍ ഗ്രാമപഞ്ചായത്തും കണ്ണൂരിലെ പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയും സമ്പൂര്‍ണ പ്രാഥമികവിദ്യാഭ്യാസം നേടുന്ന രാജ്യത്തെ ആദ്യ തദ്ദേശഭരണസ്ഥാപനങ്ങളായി. തുടര്‍ന്ന് കണ്ണൂര്‍ ജില്ല പ്രാഥമിക വിദ്യാഭ്യാസം സമ്പൂര്‍ണമാക്കി. ഒടുവില്‍ കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യം കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി. തിരുവനന്തപുരത്ത് കേരളസര്‍വകലാശാലാ സെനറ്റ് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമിദ് അന്‍സാരി ആ നേട്ടം പ്രഖ്യാപിച്ചു.

ലോകത്തിനുമുന്നില്‍ കേരളത്തിന്റെ അഭിമാന നിമിഷങ്ങളിലൊന്നില്‍ മലയാളിയുടെ മുഖമായി മാറിയ ആയിഷുമ്മയെക്കുറിച്ചുകൂടി പറയാതെ ഈ സാക്ഷരവര്‍ത്തമാനം പൂര്‍ണമാകില്ല. അതേ, സംസ്ഥാനം സമ്പൂര്‍ണ സാക്ഷരത നേടിയെന്ന് ലോകത്തോട് പ്രഖ്യാപിച്ച ചേലക്കോടന്‍ ആയിഷ. അവരുടെ പഠനം അക്ഷരങ്ങളില്‍ മാത്രമായി ഒതുങ്ങിയില്ല. അത് വാക്കുകളിലേക്കും വരികളിലേക്കും പുസ്തകങ്ങളിലേക്കും നീണ്ടു. പിന്നീട് സാക്ഷരതാ മിഷന്റെ തുല്യതാപരീക്ഷയെഴുതി നാലാംതരവും ഏഴാംതരവും വിജയിച്ചു. ഒടുവില്‍ എണ്‍പത്തിനാലാം വയസ്സില്‍ പത്താംക്ളാസും പാസായി. ജീവിതപരീക്ഷകള്‍ അവസാനിച്ചിടത്തുനിന്നാണ് അവര്‍ ആദ്യക്ഷരം കുറിച്ചത്; വായിക്കാന്‍ പഠിച്ചത്; പരീക്ഷയെഴുതിയത്. നാലാംതരവും ഏഴാംതരവും തുല്യതാപരീക്ഷകള്‍ വിജയിച്ച് ഒടുവില്‍ പത്താംക്ളാസിന്റെ പത്രാസുമായി വിസ്മയിപ്പിച്ച ആയിഷുമ്മ. വാര്‍ധക്യത്തിലും അക്ഷരങ്ങളിലൂടെ ബാല്യം തിരിച്ചെടുക്കാമെന്ന് തെളിയിച്ച ആ കുറുമ്പുകാരിയെ കാണാന്‍ മലപ്പുറം കാവനൂരിലെ പാലയ്ക്കല്‍പറമ്പ് വീട്ടിലേക്ക് ഒമ്പതുവര്‍ഷം മുമ്പ് പോയതിന്റെ ഓര്‍മകള്‍ ഇന്നലെയെന്നപോലെ മനസ്സിലുണ്ട്. സഹജമായ വാത്സല്യത്തോടെ വര്‍ഷങ്ങളുടെ പരിചയഭാവത്തോടെയാണ് ഉമ്മ വരവേറ്റത്. "വെര്‍തേ കാശ് ചെലവാക്കിക്കണോന്ന് ചിന്തിക്കും. ന്നാലും പഠിച്ചോണ്ടിരിക്കണ തന്നാണ് നല്ലത്. ആണായാലും പെണ്ണായാലും എല്ലാരും പഠിക്കണം. അത് തടയാന്‍ പാടില്ല''– ആയിഷുമ്മ പറഞ്ഞു.

തങ്ങളെപ്പോലുള്ളവര്‍ എഴുത്തും വായനയും പഠിക്കാന്‍ കാരണം നായനാരാണെന്നാണ് ആയിഷുമ്മയുടെ പക്ഷം. "ഇന്നിപ്പോ സ്വന്തം പേര് എഴുതാനറിയാത്ത ഏത് മനുഷനാ നാട്ടിലിള്ളത്'' –അവര്‍ ചോദിച്ചു. സാക്ഷരതാപ്രഖ്യാപനത്തിനുശേഷം കോഴിക്കോട്ട് വരുമ്പോഴെല്ലാം നായനാര്‍ തന്റെ കാര്യം തിരക്കിയിരുന്നെന്ന് അവര്‍ അഭിമാനത്തോടെ ഓര്‍ത്തു. "ഒരിക്കെ കൊണ്ടോട്ടീ വന്നപ്പം പ്രസംഗത്തിനിടെ ചോദിച്ചിരിക്കണ് നമ്മടെ ആയിഷുമ്മാന്റ വീട് ഇവിടല്ലേടോയെന്ന്'' മഞ്ചേരിയിലെ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ നായനാരെ ചെന്നുകണ്ടു. അന്നദ്ദേഹം  ചോദിച്ചത്രേ: "എന്താ ആയിഷുമ്മാ നന്നായി പഠിക്കുന്നില്ലേ. ഇനിയും പഠിക്കണോട്ടോ.''
(ജീവിതാവസാനം വരെ പഠനം തുടര്‍ന്ന ആയിഷുമ്മ മൂന്നാണ്ട് മുമ്പ് ഓര്‍മയായി.)

സമ്പൂര്‍ണ സാക്ഷരതയില്‍നിന്ന് സമ്പൂര്‍ണ പ്രാഥമികവിദ്യാഭ്യാസമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി കേരളം ഇന്ത്യക്കും ലോകത്തിനും വിസ്മയമാകുകയാണ്. കേവലസാക്ഷരതയില്‍നിന്ന് സാംസ്കാരിക സാക്ഷരതയിലേക്കുള്ള ഉയര്‍ച്ചയാണ് ഈ അഭിമാന നിമിഷങ്ങളില്‍ കേരളത്തിലെ സാക്ഷരതാപ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. പഠനം തൊഴിലിനുവേണ്ടി മാത്രമായി പരിമിതപ്പെടുത്തുന്ന പുതിയകാലത്ത് ഇത്തരമൊരു ദൌത്യം അനിവാര്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ശരിയാണ്. സ്വന്തം നാളെകള്‍മാത്രം സ്വപ്നംകാണുന്ന തലമുറ ഇന്നലെകളെ മറന്നുപോകുമ്പോള്‍ നവസാക്ഷരതാ പ്രസ്ഥാനം പുതിയ കടമകള്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നു.

vijeshchoodal@gmail.com-

 

പ്രധാന വാർത്തകൾ
 Top