16 June Sunday

ചേർത്തു വയ്‌ക്കാം

വിനോദ്‌ പായം vinodpayam@gmail.comUpdated: Sunday Feb 17, 2019

സേതുലക്ഷ്‌മിയും കിഷോറും ഭാര്യ ലക്ഷ്‌മിയും

നടി സേതുലക്ഷ‌്മിയുടെയും മകൻ മിമിക്രി ആർടിസ‌്റ്റും നടനുമായ കിഷോറിന്റെയും ജീവിതം സങ്കടങ്ങളുടെ വലിയൊരു തിരശ്ശീലക്കാഴ‌്ചയാണ‌്. എപ്പോഴും ചിരിച്ചു മാത്രം വർത്തമാനം പറയുന്നയാളാണ‌് കിഷോർ. തൊട്ടാൽ കരച്ചിൽ പൊടിയുന്ന ഒരമ്മയാണ‌് സേതുലക്ഷ‌്മി. ഇവരുടെ ജീവിത നാടകം ശുഭപര്യവസായിയായി തീർത്തേ പറ്റൂ നമുക്ക‌്....

കോമഡി ഷോയിലെ നിറസാന്നിധ്യമായ കിഷോറിന്റെ തമാശയിൽനിന്ന‌് തുടങ്ങാം:

ആ നാട്ടുമ്പുറത്തെ പള്ളിക്കൂടത്തിൽ ഫോൺ നിലയ‌്ക്കാതെ ശബ്ദിച്ചു. 

 ‘‘ഹലോ.. സ‌്കൂളല്ലേ?’’

‘‘അതേല്ലോ; ആരാ?’’

‘‘മാഷെ അവിടത്തെ ക്ലോക്ക‌് ഓടുന്നുണ്ടോ’’

‘‘ഉണ്ടല്ലോ; നന്നായി ഓടുന്നുണ്ട‌്; എന്താണ‌് കാര്യം?’’

‘‘സാറെ; ഓടുന്നുണ്ടെങ്കിൽ പിടിച്ചുകെട്ടിയിട്ടേര‌്; ഇറങ്ങി ഓടിക്കളയണ്ട!!!’’

സ്വ ന്തം ജീവിതത്തിൽനിന്ന‌് ചിരിയൊഴിയുന്നുവെന്ന‌്  മനസ്സിലാക്കിത്തന്നെയാണ‌്, പ്രമുഖ നടി സേതുല ക്ഷ‌്മിയുടെ മകൻ കിഷോർ, ഇത്തരം തമാശകൾ ഉണ്ടാക്കി പറയുന്നത‌്. പക്ഷേ, ഇപ്പോൾ തമാശ കാണിക്കാൻ നാടകത്തട്ടിലും ചാനലിലും പോകാറില്ല. വൃക്കകള്‍ പണിമുടക്കുന്ന ഘട്ടമെത്തിയതിനാല്‍ ഇനി അഭിനയം വേണ്ടെന്നാണ‌് ഡോക്ടർമാരുടെ നിർദേശം. ഓർമവച്ചതുമുതൽ അമ്മ നാടകവേഷമിടുന്നത് കിഷോർ കാണുന്നുണ്ട‌്. ജീവിതസായാഹ‌്നത്തിൽ കിഷോറായിരുന്നു അമ്മയ‌്ക്ക‌് തണലാകേണ്ടിയിരുന്നത‌്. അങ്ങനെയാണല്ലോ മിക്ക ജീവിതങ്ങളുടെയും ക്ലൈമാക‌്സ‌്. ഇവിടേക്കാണ‌്, അസ്സൽ വില്ലൻ വേഷവുമായി വൃക്കരോഗം ‐- പത്തുവർഷം മുമ്പ‌് ‐ കിഷോറിനെ പിടികൂടുന്നത‌്.

ജീവിതം അതിനാടകീയം

നാടകത്തെയും സിനിമയെയും വെല്ലുന്ന നാടകീയത നിറഞ്ഞ ജീവിതമാണ് ഈ അമ്മയുടെയും മകന്റേതും. ആണുങ്ങൾ  മുഖം മിനുക്കി പെണ്ണായി അരങ്ങിലെത്തിയിരുന്ന കാലത്താണ‌് സേതുലക്ഷ‌്മി എന്ന നടി തട്ടിൽ കയറുന്നത‌്. കൊല്ലം ചടയമംഗലത്താണ് കുടുംബം. സൈനികനായ അച്ഛനും കലാസ‌്നേഹിയായ അമ്മയും ചേർന്ന‌് തിരുവനന്തപുരം സംഗീത കോളേജിൽ സേതുലക്ഷ‌്മിയെ സംഗീതം പഠിപ്പിക്കാനയച്ചു. കോഴ്‌സ്‌ പാസായ അവർ പിന്നെ അരങ്ങിനെ കൈവിട്ടില്ല. അപ്പോഴേക്കും പെണ്ണിനെ പിന്നരങ്ങിൽ തളയ‌്ക്കുന്ന ആൺലോകം സടകുടഞ്ഞെഴുന്നേറ്റു. ‘ആട്ടക്കാരിയെ’ നാടും വീടും തള്ളുന്ന അവസ്ഥയുണ്ടായി. അപ്പോഴും അവർ അരങ്ങിൽ  ഉറച്ചുനിന്നു. കൊല്ലം നാനാ തിയറ്റഴ‌്സിലാണ് സേതുലക്ഷ‌്മിയുടെ അരങ്ങ‌് ജീവിതം തുടങ്ങുന്നത‌്. അരങ്ങിൽവച്ചുതന്നെ പരിചയപ്പെട്ട മേക്കപ്പ‌് ആർട്ടിസ്റ്റും നടനുമായ അർജുനനെ ജീവിതത്തിൽ ഒപ്പംകൂട്ടി. അവരുടെ ജീവിതത്തിലേക്ക്‌ നാലുമക്കളുമെത്തി. ഇളയവനും ഏക ആൺതരിയുമായി കിഷോറും. 

പട്ടിണി ഭക്ഷിച്ചാണ‌് അക്കാലം പുലർന്നതെന്ന‌്,  തമാശപറയുമ്പോലെ കിഷോറും അമ്മയും പറയും. രണ്ട‌് കളിയുള്ള നാടകദിവസം കുശാലാണ‌്. ആദ്യകളി കഴിഞ്ഞാൽ പൊറോട്ട കഴിക്കാൻ കിട്ടും. മക്കൾക്കായി ഭക്ഷണപ്പൊതി അമ്മ എടുത്ത‌് ഒളുപ്പിച്ചുവയ‌്ക്കും. നാടകമില്ലാത്ത ദിവസം, അയൽ വീട്ടിൽനിന്ന‌് കഞ്ഞിവെള്ളം വാങ്ങിക്കൊണ്ടുവരും. നടിയായ അമ്മയുടെ പുടവ മുക്കാനാണ‌് കഞ്ഞിവെള്ളം എന്നാണ‌് പറയുക. എന്നാൽ, അമ്മയും മക്കളും ഉപ്പിട്ട‌് ആ കഞ്ഞിവെള്ളം മോന്തി പട്ടിണിയെ ഒരുദിവസത്തേക്ക‌് പടികടത്തും. കിഷോറിന‌് 15 വയസ്സുള്ളപ്പോഴാണ‌് അച്ഛൻ മരിക്കുന്നത‌്. അതോടെ ദുരിതങ്ങളുടെ ശക്തി ഇരട്ടിച്ചു. മൂത്ത മൂന്ന‌് പെൺമക്കളും–- ബീനയും ബിന്ദുവും ലക്ഷ‌്മിയും–- ഇളയവന്‍ കിഷോറും അമ്മയ‌്ക്കൊപ്പം നാടകത്തിനായി കൂടി. കെപിഎസി, പാല കമ്യൂണിക്കേഷൻസ‌്, തിരുവനന്തപുരം സംഘചേതന, സങ്കീർത്തന, സമത, പൂഞ്ഞാർ നവധാര, അങ്കമാലി പൂജ, ചിറയിൻകീഴ‌് അനുഗ്രഹ, ചങ്ങനാശേരി ഗീഥ... ആ കുടുംബം വേഷംകെട്ടാത്ത കലാസമിതികൾ  വിരളം.

അരങ്ങിലും അം​ഗീകാരങ്ങളിലും ഈ കുടുംബം അതിസമ്പന്നരായിരുന്നു. ഭാഗ്യജാതകം (തിരുവനന്തപുരം സങ്കീർത്തന), മൺകോലം (പാലാ കമ്യൂണിക്കേഷൻസ‌്), ദ്രാവിഡവൃത്തം (കെപിഎസി), ചിന്നപാപ്പാൻ (ചിറയിൻകീഴ‌് അനുഗ്രഹ) എന്നീ നാടകങ്ങളിൽ സേതുലക്ഷ‌്മിക്ക‌് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ‌് ലഭിച്ചു. ചിന്നപാപ്പാനിൽ സേതുലക്ഷ‌്മിയുടെ അച്ഛനായാണ‌് കിഷോർ വേഷമിട്ടത‌്. മികച്ച ഹാസ്യതാരത്തിനുള്ള അംഗീകാരവും കിഷോറിന‌് ഈ നാടകത്തിലൂടെ ലഭിച്ചു.

അരങ്ങിൽനിന്ന‌് അരങ്ങിലേക്ക‌് വാലിന‌് തീപിടിച്ചപോലെ പാഞ്ഞ ഈ ജീവിതങ്ങളെ നാലാളറിയുന്നത‌്, സേതുലക്ഷ‌്മിയുടെ സിനിമാ പ്രവേശത്തോടെയാണ‌്. കെ ജി ജോർജിന്റെ ‘ഈ കണ്ണികൂടി’യാണ‌് സേതുലക്ഷ‌്മിയുടെ ആദ്യ സിനിമ. ടി എസ‌് സുരേഷ‌് ബാബുവിന്റെ ‘പാളയ’ത്തിലും നല്ല വേഷം ലഭിച്ചു. ബാലചന്ദ്രമേനോന്റെ ‘സൂര്യോദയം’ എന്ന ദൂരദർശൻ സീരിയലോടെ മിനിസ‌്ക്രീനിൽ തിരക്കേറി. മൂന്ന‌് ടെലിവിഷൻ സീരിയലുകളിൽ ഒരേസമയം അമ്മവേഷം പകർന്നാടുകയാണ‌് ഈ അമ്മ ഇപ്പോഴും. സത്യൻ അന്തിക്കാട‌് സിനിമകളിൽ സ്ഥിരസാന്നിധ്യമായതോടെ താരമായി. ‘ഹൗ ഓൾഡ‌് ആർ യു’ എന്ന സിനിമയിൽ മഞ്ജുവിനൊപ്പം തിളങ്ങിയതിന‌് സംസ്ഥാനപുരസ്കാരവും ലഭിച്ചു.

‘ഞാന്‍ തിരിച്ചുവരും’

നാടകക്കമ്പനികളുമായി കരാറിലാകുമ്പോൾ, അരികത്തായി വാടകവീടും എടുക്കും. വട്ടിയൂർക്കാവ‌് തോപ്പുമുക്ക‌് നേതാജി നഗറിലെ വാടകവീട്ടിലാണിപ്പോൾ സേതുല‌്ക്ഷമിയും കിഷോറും കുടുംബവും കഴിയുന്നത‌്. പത്തുവർഷംമുമ്പ‌ാണ‌് കിഷോറിന‌് വൃക്കരോഗമാണെന്ന‌് തിരിച്ചറിഞ്ഞത‌്. അന്നുമുതൽ നൂൽപ്പാലത്തിലൂടെയാണ‌് ജീവിതസഞ്ചാരം. ‘‘ . വിജയ‌് സേതുപതിയുടെ തമിഴ‌് സിനിമയ‌്ക്കായി ആലപ്പുഴയിൽ ചിത്രീകരണം കഴിഞ്ഞ‌് ഇന്നലെയാണ‌് അമ്മയെത്തിയത‌്. ഇന്നുമുതൽ സീരിയൽ ഡബ്ബിങ്ങിനായി പോകണം. 20 ദിവസത്തോളം മൂന്നു സീരിയലിൽ. ബാക്കി സിനിമയ‌്ക്കും. കിട്ടുന്ന കാശ‌് വാങ്ങി അമ്മ കുടുംബത്തിൽ ഏൽപ്പിക്കും. എന്റെ മരുന്നിനായിത്തന്നെ നല്ലൊരു തുക വേണം. രണ്ടുദിവസത്തിലൊരിക്കൽ  ഡയാലിസിസ‌്, മരുന്ന‌്...’’ കിഷോർ പകുതിയിൽ നിർത്തി.

സേതുലക്ഷ്‌മിയും കിഷോറും

സേതുലക്ഷ്‌മിയും കിഷോറും

അടുത്തമാസം വൃക്ക മാറ്റിവയ‌്ക്കൽ ശസ‌്ത്രക്രിയയാണ‌് കിഷോറിന‌്. ഭാര്യ ലക്ഷ‌്മിയാണ‌് വൃക്ക നൽകുന്നത‌്. ക്രോസ‌് മാച്ചിങ്ങും മറ്റ‌് ടെസ്റ്റുകളും പൂർത്തിയായി.  മരുന്നും വിശ്രമവും അനിവാര്യമായതിനാല്‍, ഇനി ചാനൽ ഷോയ‌്ക്ക‌് പോകരുതെന്നാണ‌് ഡോക്ടർമാരുടെ ചട്ടം‌. കഴിഞ്ഞമാസം പ്രമുഖ ചാനലിലെ പരിപാടിയിൽനിന്ന‌് വേഷമഴിച്ചു. രണ്ടുമാസം കഴി‍ഞ്ഞാല്‍ വീണ്ടും പഴയ ആവേശത്തോടെ പുതിയ തമാശകളുമായി ചാനലില്‍ തിരിച്ചെത്തണമെന്നാണ് ആഗ്രഹം. 

നടക്കാൻപോലും കഴിയാത്ത അവസ്ഥയായിട്ടുണ്ട‌് കിഷോറിന‌്. മരുന്നുകൾ സൂചിമുനയിലൂടെ നിരന്തരം കയറിയിറങ്ങിയതിനാൽ വല്ലാതെ തിണർത്തിട്ടുണ്ട‌് കൈകൾ. കാത്സ്യം ശോഷിച്ച‌് കൈകാലുകൾ ദുർബലമായി. അഭിനയത്തിനിടെ ഒന്ന‌് തട്ടിപ്പോയാൽ എല്ലൊടിയും; പിന്നെ അതാകും ഗുരുതരപ്രശ‌്നമെന്ന‌് ഡോക്ടർമാർ കർശനമായി പറഞ്ഞിട്ടുണ്ട‌്.

ടിവി ഷോയിലെ പ്രകടനം കണ്ടിട്ടാകണം, ചില സിനിമക്കാർ ഇപ്പോഴും വിളിക്കുന്നുണ്ട‌്. ദീർഘയാത്ര, ആയാസപ്പെട്ട അഭിനയം എന്നിവയ‌്ക്ക‌് ശരീരം വഴങ്ങാത്തതിനാൽ കിഷോർ സിനിമാമോഹമെല്ലാം തൽക്കാലം അടച്ചുവച്ചു. ‘ആക‌്ഷൻ ഹിറോ ബിജു’ എന്ന സിനിമയിൽ നല്ലൊരു കോമഡി വേഷം കിഷോറിന‌് പറഞ്ഞുവച്ചിരുന്നു. ശരീരസ്ഥിതി അനുവദിച്ചില്ല.  ‘ഗപ്പി’യടക്കം മൂന്നു സിനിമയില്‍ വേഷമിട്ടു.  ‘മാര്‍ച്ചുമാസം കഴിയട്ടെ, എന്നിട്ട് സിനിമയിലേക്കും മടങ്ങും’ - ആത്മവിശ്വാസത്തോടെ കിഷോര്‍ പറഞ്ഞു.

അമ്മക്കരച്ചിൽ

നാടകകുടുംബം ഉള്ളിലടക്കിപ്പിടിച്ചിരുന്ന വേദന സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പുറത്തെത്തിയത്. കൊച്ചിയിലെ ഷൂട്ടിങ്ങിനിടെ, മുറിയിൽ നിശ്ശബ്ദയായി തേങ്ങുന്ന സേതുലക്ഷ‌്മിയുടെ വേദന നടി തെസ‌്നി ഖാനാണ് പുറംലോകത്തെത്തിച്ചത്. മകന‌് രോഗം കലശലാണെന്നും വൃക്ക മാറ്റിവയ‌്ക്കൽ ചികിത്സയ‌്ക്കുള്ള വഴിയില്ലെന്നും പറഞ്ഞ് അവര്‍ കരയുകയായിരുന്നു. മോഹൻ ലാലിനോടും മറ്റും സങ്കടം പറയാൻ അമ്മയ‌്ക്ക‌് മടി. ‘അമ്മ’ താരസംഘടനയ‌്ക്കുള്ള മെമ്പർഷിപ‌് ഫീസ‌ുവരെ മോഹൻലാലാണ‌് നൽകിയത‌്‌. ഇനിയും വ്യക്തിപരമായ കാര്യത്തിനായി സഹായം ചോദിക്കാൻ മടി. ആ കണ്ണീര‌് സാമൂഹ്യമാധ്യമങ്ങളിലാകെ പടർന്നു. നിരവധി പേർ സാമ്പത്തികസഹായവുമായെത്തി. ഏതൊക്കെയോ ദേശങ്ങളിൽനിന്നുള്ള സഹായപ്രവാഹത്തില്‍ ആ കുടുംബം തേങ്ങിപ്പോയി. അപ്പോഴും വൃക്ക എങ്ങനെ കിട്ടും എന്ന ചോദ്യം ബാക്കിയായി.

കുട്ടിക്കാലത്ത‌് പിന്നരങ്ങിൽ കിഷോർ എന്ന ‘കുട്ടനെ’ എടുത്തു നടന്നിട്ടുണ്ട‌് നാടകനടികൂടിയായിരുന്ന പൊന്നമ്മ ബാബു. അക്കാലത്തെ സ‌്നേഹസ‌്മരണയാൽ, തന്റെ വൃക്ക നൽകാം എന്ന‌് പൊന്നമ്മ അറിയിച്ചു. എന്നാൽ, പ്രമേഹരോഗിയായതിനാൽ ഡോക്ടർമാർ ആ സ‌്നേഹം നിരസിച്ചു. പിന്നീടാണ‌് വയനാട്ടിൽനിന്ന‌് അജ്ഞാതനായ യുവാവ‌് സഹായവുമായെത്തുന്നത‌്. എന്നാൽ, സാങ്കേതികമായ കാരണങ്ങളാല്‍ അതും നടക്കാതെപോയി. പിന്നീടാണ് കിഷോറിന്റെ ഭാര്യ ലക്ഷ‌്മിയുടെ വൃക്ക സ്വീകരിക്കാമെന്ന് തീരുമാനിച്ചത്. ലക്ഷ‌്മിക്കും അസുഖങ്ങളുള്ളതിനാൽ വൃക്കദാനം നടത്താനാകില്ലെന്നാണ് ആദ്യം കരുതിയിരുന്നത്.  എന്നാൽ, എല്ലാ പരിശോധനയും കഴിഞ്ഞപ്പോൾ കുഴപ്പമൊന്നുമില്ല. ലക്ഷ‌്മിയുടെ വൃക്ക അടുത്തമാസം കിഷോറിന്റെ ഭാഗമാകും.

എല്ലാ ചെലവുകൾക്കുമായി ലക്ഷങ്ങൾ ഇനിയും വേണ്ടിവരും. മാധ്യമങ്ങളിലൂടെ അറിഞ്ഞവർ തന്ന സഹായംകൊണ്ട‌് ഡയാലിസിസ‌് ചെലവുകൾ ഇവിടംവരെയെത്തിച്ചു. വീട്ടുചെലവ‌്, മക്കളായ കാശിനാഥ‌്, അളകനന്ദ എന്നിവരുടെ പഠനച്ചെലവ‌്... അമ്മയൊരാളുടെ ജോലികൊണ്ട‌് അവമാത്രം അങ്ങനെയങ്ങനെ നീങ്ങുന്നു.

കിഷോറിനായി മിമിക്രി സുഹൃത്തുക്കളും കഴിഞ്ഞയാഴ‌്ച ഒത്തുചേർന്നു. പൂജപ്പുരയിൽ സംഘടിപ്പിച്ച ‘സൗഹൃദരാവ‌്’ എന്ന പരിപാടിയിലൂടെ അൽപ്പം തുക സമാഹരിച്ചു. മഞ്ജുവാര്യർ, സുരാജ‌് വെഞ്ഞാറമൂട‌്, രമ്യ നമ്പീശൻ എന്നിവർ പരിപാടിക്കെത്തി. മുഖ്യമന്ത്രിയുടെ ചികിത്സാ നിധിയിൽനിന്നും സഹായമെത്തിക്കുന്നുണ്ട‌്. ഇതിനുള്ള അപേക്ഷ മറ്റ‌് നൂലമാലകളെല്ലാം ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വീകരിച്ചിട്ടുണ്ട‌്.

മാർച്ച‌് മാസം കഴിഞ്ഞ‌് കൂടുതൽ ചിരിയുമായി അവൻ വരട്ടെ, അമ്മക്കണ്ണീര്‍ തോരട്ടെ. നമുക്കും അതിനായി കാത്തിരിക്കാം.

പ്രധാന വാർത്തകൾ
 Top