20 March Wednesday

സാംസ്കാരിക സമന്വയത്തിന്റെ രാജവീഥികൾ

ഡോ. അനിൽ കെ എം ayansarang@gmail.comUpdated: Sunday Sep 16, 2018

മുഗൾ രാജവംശത്തിന്റെ തകർച്ചയ്‌ക്കുശേഷമാണ് ഇന്ത്യയിൽ സംസ്കൃതത്തിന്റെ ജ്ഞാനപാരമ്പര്യം ക്ഷയിച്ചു തുടങ്ങിയത്. മുഗൾ ചരിത്രത്തെ പുതിയ ദൃഷ്ടിയോടെ കാണാൻ ശ്രമിച്ചാൽ മാത്രമേ സാംസ്കാരിക സമന്വയത്തിനു മുകളിൽ അവർ പടുത്തുയർത്തിയ രാഷ്ട്രീയ വ്യവസ്ഥയുടെ സവിശേഷതകൾ നമുക്ക് മനസ്സിലാവൂ എന്ന് ഗ്രന്ഥകാരി പറയുന്നുണ്ട്. ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെ മുഗൾ രാജാക്കൻമാർ ഒരിക്കലും നിഷേധിച്ചിട്ടില്ല. ഇന്ത്യക്കാരുടെ ലോകവീക്ഷണം മനസ്സിലാക്കാൻതന്നെയാണ് മുഗൾ രാജാക്കൻമാർ തദ്ദേശീയ ഭാഷകളിലേക്കും സംസ്കാരങ്ങളിലേക്കും ശ്രദ്ധതിരിച്ചത് 

 

മുഗൾഭരണത്തെ ഇന്ത്യാചരിത്രത്തിലെ ഇരുണ്ട അധ്യായമായിക്കാണുന്ന രീതി വ്യാപകമാകുമ്പോൾ മുഗൾചരിത്രത്തെക്കുറിച്ചുള്ള ഏതു പഠനത്തിനും പ്രസക്തിയുണ്ട്.  മുസ്ലിം അപരത്തെ സ്ഥാപിച്ച് ഹിന്ദുത്വത്തെ ഇന്ത്യയുടെ ഏകശിലാത്മക സ്വത്വമായി അവതരിപ്പിക്കുന്നതിന്റെ ഭാഗമാണിത്.  ഇതിന്റെ ഭാഗമാണ് ബാബറെയും ഷാജഹാനെയും മറ്റും രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത്. തെരുവ് പ്രസംഗങ്ങളിൽത്തുടങ്ങി അക്കാദമിക്‌ ഗവേഷണത്തിൽവരെ ഈ അപരവൽക്കരണമുണ്ട്. ഈ സന്ദർഭത്തിലാണ് സർവകലാശാലയിലെ അധ്യാപിക ഔദ്രെ ട്രസ്കിയുടെ  Culture of Encounters: Sanskrit at the Mughal Court  എന്ന പുസ്തകം ശ്രദ്ധേയമാകുന്നത്.

 
പേർഷ്യൻ രാജവംശത്തിൽപ്പെട്ടവരായ മുഗളന്മാർ ഭരണപരവും സാംസ്കാരികവുമായ ആവശ്യങ്ങൾക്ക്‌ പേർഷ്യൻ ഭാഷ ഉപയോഗിച്ചു. പതിനാറാം നൂറ്റാണ്ടിന്റെ മധ്യകാലംമുതൽ മുഗൾ രാജാക്കന്മാർ കലയും സാഹിത്യവും പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. അതോടെ മുഗൾ കൊട്ടാരം ഏഷ്യയിലുടനീളമുള്ള പേർഷ്യൻ കവികളുടെയും ചിന്തകരുടെയും കലാകാരന്മാരുടെയും മെക്കയായി. ഭരണം ചിട്ടപ്പെടുത്താൻ 1582ൽ പേർഷ്യനെ അക്ബർ  ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു.  ഈ രണ്ട് പ്രക്രിയകളെയും പരസ്പരം ബന്ധിപ്പിച്ച് 1580കൾക്ക് ശേഷം കൊട്ടാരത്തിൽ ഇന്ത്യൻ ഭാഷകൾക്ക് വളരാൻ ഇടമുണ്ടായിരുന്നില്ലെന്ന നിഗമനത്തിലാണ് പല പണ്ഡിതരും എത്തിച്ചേർന്നത്. ഇൻഡോളജിസ്റ്റുകളാകട്ടെ മുഗൾസാമ്രാജ്യത്തിന്റെ വ്യവഹാരങ്ങൾ പേർഷ്യൻ ഭാഷയിലൊതുങ്ങിയതായി വിലയിരുത്തി. അപൂർവമായി അറബിക്, ടർക്കിഷ് ഭാഷകളും വ്യവഹാരങ്ങളിൽ കടന്നുവന്നതായും ഇൻഡോളജിസ്റ്റുകൾ കരുതി. എന്നാൽ,  മുഗൾകൊട്ടാരത്തിൽ സംസ്കൃതത്തിനും അതിലെ വൈജ്ഞാനികതയ‌്ക്കും വലിയ സ്ഥാനമുണ്ടായിരുന്നു.  അക്കാലത്തെ രാഷ്ട്രീയം, സാഹിത്യം, ബൗദ്ധികത എന്നീ മേഖലകളിലെല്ലാം സംസ്കൃതത്തിനിടമുണ്ടായിരുന്നതായി ഔദ്രെ തെളിയിക്കുന്നു.  ഇൻഡോളജിസ്റ്റുകളുടെ വിശകലനങ്ങൾ പലപ്പോഴും ഇന്ത്യാചരിത്രത്തെ സാമുദായികമായി വ്യാഖ്യാനിക്കുന്നവരെ സഹായിച്ചു. 1580 കളിൽത്തന്നെ മുഗൾകൊട്ടാരത്തിൽ ജൈനപണ്ഡിതരും ബ്രാഹ്മണരും ഉണ്ടായിരുന്നു. സംസ്കൃതകൃതികളുടെ രചനയെ വലിയതോതിൽ പുരസ്കരിക്കുന്ന ധാരാളം പദ്ധതികളുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനം സംസ്കൃതകൃതികളുടെ വിവർത്തനമായിരുന്നു. പലപ്പോഴും സംസ്കൃതപണ്ഡിതരെ കൊട്ടാരത്തിലേക്കയച്ചും രാജാക്കന്മാരെ സംസ്കൃതത്തിൽ സ്തുതിച്ചും മുഗളന്മാരുടെ പ്രീതി പിടിച്ചുപറ്റാൻ നാട്ടുരാജാക്കന്മാർ നടത്തിയ ശ്രമത്തെക്കുറിച്ചും  കൃതിയിൽ പരാമർശമുണ്ട്. ജഹാംഗീറിന്റെയും ഷാജഹാന്റെയും കാലത്താണ് പേർഷ്യൻ‐സംസ്കൃത സാംസ്കാരികവിനിമയം ഏറ്റവും ശക്തമായത്. 1560‐1660 കാലത്ത് മുഗൾകൊട്ടാരത്തിൽ സംസ്കൃതഭാഷയിൽ നടന്ന വ്യവഹാരങ്ങളെക്കുറിച്ച് വിശദമായി കൃതിയിൽ പ്രതിപാദിക്കുന്നു.  മുഗൾ രാജവംശത്തിന്റെ തകർച്ചയ‌്ക്കുശേഷമാണ്‌ സംസ്കൃതത്തിന്റെ ജ്ഞാനപാരമ്പര്യം ക്ഷയിച്ചുതുടങ്ങിയത്.  ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെ മുഗൾരാജാക്കന്മാർ ഒരിക്കലും നിഷേധിച്ചിട്ടില്ല. ഇന്ത്യക്കാരുടെ ലോകവീക്ഷണം മനസ്സിലാക്കാൻതന്നെയാണ് മുഗൾ രാജാക്കന്മാർ തദ്ദേശീയഭാഷകളിലേക്കും സംസ്കാരങ്ങളിലേക്കും ശ്രദ്ധതിരിച്ചത്. മുഗൾകൊട്ടാരത്തിൽ നടന്ന ഈ അന്വേഷണങ്ങൾ സാംസ്കാരികവും മതപരവും ഭാഷാപരവുമായ നിരവധി കൊള്ളക്കൊടുക്കലുകൾക്ക് ഇടയാക്കി. മതപരമായ സ്വത്വങ്ങളെ ആധാരമാക്കിയായിരുന്നു ഇൻഡോളജിസ്റ്റുകളുടെ ആദ്യകാല പഠനങ്ങൾ.
 
സംസ്കൃതവിജ്ഞാനത്തിന്റെ ലോകവുമായി ആദ്യമായി ഇടപാടുണ്ടാക്കിയ അക്ബറിന്റെ കാലത്ത് നിരവധി സംസ്കൃതകൃതികൾ പേർഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റി. വ്യത്യസ്ത മതങ്ങൾ തമ്മിലുള്ള സംവാദത്തിനുള്ള വേദി അക്ബർ തന്റെ കൊട്ടാരത്തിൽ ഒരുക്കിയിരുന്നു, ‘ഇബാദത്ത്ഖാന’ എന്ന പേരിൽ. അക്ബറിന്റെ കൊട്ടാരത്തിൽ ധാരാളം സംസ്കൃതകൃതികളുണ്ടായിരുന്നു. സാർവലൗകിക സമാധാനം എന്നത് അക്ബറിന്റെ മഹത്തായ ആശയമായിരുന്നു. സമാധാനത്തിന് ഭംഗമുണ്ടാക്കുന്നവരാരായിരുന്നാലും അവരെ താക്കീതുചെയ്യാൻ അവരുടെതന്നെ വിശ്വാസസംഹിതകളെ പ്രയോജനപ്പെടുത്തണമെന്ന് അക്ബർ കരുതി. ഇതിനായാണ് അദ്ദേഹം സംസ്കൃതകൃതികളെ ആശ്രയിച്ചത്. ജഹാംഗീറിന്റെ കാലത്തും  സംസ്കൃതത്തെ പുരസ്കരിച്ചു. പേർഷ്യനിൽ പുനരാഖ്യാനം ചെയ്യപ്പെട്ട രാമായണപാഠങ്ങൾ ജഹാംഗീറിന് സമർപ്പിക്കപ്പെട്ടതായിക്കാണാം. ജഗന്നാഥ പണ്ഡിതരാജൻ, കവീന്ദ്രാചാര്യ സരസ്വതി എന്നീ സംസ്കൃതപണ്ഡിതർ ഷാജഹാനുമായി അടുത്ത ബന്ധം പുലർത്തി.  ഇതിൽ ജഗന്നാഥൻ പതിറ്റാണ്ടുകൾ കൊട്ടാരത്തിൽ വസിച്ച്  സംസ്കൃതകൃതികൾ രചിച്ചു.
 
മുഗൾകൊട്ടാരത്തിലെ സംസ്കൃതവ്യവഹാരങ്ങൾക്ക് മങ്ങലേൽക്കുന്നത് പതിനേഴാം നൂറ്റാണ്ടോടുകൂടിയാണ്. ഇക്കാലമായപ്പോഴേക്കും ഹിന്ദിയുടെ സാഹിതീയമൂല്യം അതിശയകരമാംവിധം ഉയർന്നിരുന്നു. സംസ്കൃതത്തെ പുറന്തള്ളി ഹിന്ദി പ്രധാനപ്പെട്ട വ്യവഹാരമാധ്യമമായി വികസിച്ചു.  ഔറംഗസീബിന്റെ കാലത്താണ് മുഗൾകൊട്ടാരം സംസ്കൃതവുമായുള്ള  ബന്ധം വിച്ഛേദിച്ചത്. ഇത് അദ്ദേഹത്തിന്റെ മതപരമായ അസഹിഷ്ണുതയായി വിലയിരുത്തിയവരുണ്ട്. വാസ്തവത്തിൽ ഇതിന് രാഷ്ട്രീയമായ കാരണങ്ങളാണുണ്ടായിരുന്നത്.  ജ്യേഷ്ഠൻ ദാരാഷുക്കോയെ തടവിലാക്കിയാണ് ഔറംഗസീബ് രാജാവായത്. ദാരാഷുക്കോ ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റിയ പണ്ഡിതനായിരുന്നു. ഇതിനായി അദ്ദേഹം പതിനഞ്ച് വർഷം വാരാണസിയിൽ പോയി താമസിച്ച് സംസ്കൃതം പഠിച്ചു. ഹിന്ദു‐മുസ്ലിം ഐക്യം പ്രതിപാദിക്കുന്ന മജ്മ‐അൽ‐ബഹറൈൻ എന്ന കൃതിയും ദാരാഷുക്കോ എഴുതിയിട്ടുണ്ട്. ഔറംഗസീബാകട്ടെ ജ്യേഷ്ഠനോടുള്ള രാഷ്ട്രീയവൈരാഗ്യം അദ്ദേഹത്തിന് പ്രിയപ്പെട്ട സംസ്കൃതത്തോടും തീർക്കുകയാണ് ചെയ്തത്. 
 
പ്രധാനമായും മുഗൾ രാജാക്കന്മാരെ പ്രകീർത്തിച്ച് സംസ്കൃതത്തിലെഴുതിയ കവിതകൾ, ബൗദ്ധികപ്രമാണങ്ങൾ, സംസ്കൃതകാവ്യങ്ങൾ എന്നിവയെല്ലാമാണ് ഔദ്രെ പരിശോധിച്ചിട്ടുള്ളത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഭരിക്കാൻ പ്രാപ്തിയുള്ളവരാണ് തങ്ങൾ എന്ന് സ്വയം ബോധ്യപ്പെടുത്താനും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ഈ സംസ്കൃതബന്ധം മുഗൾ രാജാക്കന്മാരെ സഹായിച്ചിരിക്കണം. മാത്രമല്ല, രാഷ്ട്രീയവും സൗന്ദര്യബോധവുംതമ്മിലുള്ള ബന്ധം സുദൃഢമാക്കാനും ഇത് സഹായിച്ചു. സംസ്കൃതത്തോട്  മുഗൾ രാജാക്കന്മാർ പുലർത്തിയ ആഭിമുഖ്യത്തെ കേവലം ഉപകരണാത്മകമായി കണ്ടുകൂടാ. സംസ്കൃതവുമായുള്ള ബന്ധം സ്ഥാപിച്ചതുവഴി പേർഷ്യൻ ഭാഷയ‌്ക്ക് അവകാശപ്പെടാൻ കഴിയാത്ത സാഹിതീയപാരമ്പര്യത്തിന്റെ നേരവകാശികളായി തങ്ങളെ അടയാളപ്പെടുത്താൻ മുഗൾരാജാക്കന്മാർക്ക് കഴിഞ്ഞു. മുസ്ലിം രാജാക്കന്മാർ എന്നതിനേക്കാൾ ഇന്ത്യൻ രാജാക്കന്മാർ എന്ന്‌ അറിയപ്പെടാനാണ് അവർ ആഗ്രഹിച്ചത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷംവരുന്ന ജനതയുടെ ജീവിതവുമായി ബന്ധപ്പെട്ടതായിരുന്നില്ല സംസ്കൃതവിജ്ഞാനം. ആയതിനാൽ ജനങ്ങളെ സ്വാധീനിക്കുന്നതിനുള്ള ഒരെളുപ്പവഴി എന്ന നിലയിലാണ് മുഗൾ രാജാക്കന്മാർ സംസ്കൃതത്തെ പുരസ്കരിച്ചതെന്ന വാദം നിലനിൽക്കുന്നതല്ല. സ്വന്തം രാഷ്ട്രീയാധികാരത്തെ സൗന്ദര്യവൽക്കരിക്കുന്നതിന്റെയും സാംസ്കാരികമായി നവീകരിക്കുന്നതിന്റെയും ഭാഗമായിരുന്നു അത്.
 
ഇന്ത്യയിലെ സംസ്കൃതപാരമ്പര്യത്തെ ഏകശിലാത്മകമായല്ല ഔദ്രെ കാണുന്നത്. മതപരവും പ്രാദേശികവുമായ വിഭിന്നധാരകൾ സംസ്കൃതത്തിനുണ്ട്. ഈ ധാരകളിൽ തങ്ങളുടെ പ്രതിഭയെ ആവിഷ്ക്കരിക്കാനാണ് ഓരോ കവികളും ശ്രമിച്ചിട്ടുള്ളത്. മുഗൾകൊട്ടാരത്തിലെ അനുഭവങ്ങളുടെ വിപുലമായ വിവരണമുള്ള ആഖ്യാനങ്ങൾ ജൈനസന്യാസിമാർ തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ, ബ്രാഹ്മണർ അത്തരത്തിലുള്ള ആഖ്യാനങ്ങൾ തയ്യാറാക്കിയതായിക്കാണുന്നില്ല. ഇതെല്ലാം ഇന്ത്യയിലെ സംസ്കൃതധാരകൾക്കകത്ത് നിലനിൽക്കുന്ന ആന്തരവൈരുധ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജൈനസന്യാസിമാർ മുഗൾഭരണത്തെക്കുറിച്ച് സംസ്കൃതത്തിലെഴുതിയ കാവ്യങ്ങളെയുംമറ്റും ചരിത്രമായി സ്വീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് പാശ്ചാത്യചരിത്രകാരന്മാർ അവയെ തഴഞ്ഞത്. എന്നാൽ, അവയിൽ സാംസ്കാരിക വിനിമയങ്ങളുടെ നിരവധി ഭാവനാരൂപങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് ഈ കൃതിയിൽ സ്ഥാപിക്കുന്നുണ്ട്. മാത്രമല്ല, ഇന്ത്യയുടെ സംസ്കൃത പാരമ്പര്യത്തെക്കുറിച്ചും ഈ കൃതി വേറിട്ട ഒരു കാഴ്ച അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ സംസ്കൃതപാരമ്പര്യത്തെ നാം ബ്രാഹ്മണപാരമ്പര്യത്തിന്റെ പര്യായമായാണ് മനസ്സിലാക്കിപ്പോരുന്നത്. എന്നാൽ, സംസ്കൃതത്തിന് ജൈനസന്യാസിമാർ നൽകിയ സംഭാവനകളിലേക്കംേ ഈ കൃതി വെളിച്ചംവീശുന്നു. ജൈനമുനികൾ കൊട്ടാരത്തിന്റെ ദൈനംദിനത്തെ രേഖപ്പെടുത്താൻ സംസ്കൃതം ഉപയോഗിച്ചപ്പോൾ ബ്രാഹ്മണർ തങ്ങളുടെ ജാതിസ്വത്വത്തെ വേറിട്ട് നിലനിർത്തിക്കൊണ്ടാണ് കൊട്ടാരത്തിന്റെ പുരസ്കാരം സ്വീകരിച്ചത്. ആയതിനാൽ അവർ തങ്ങളുടെ അനുഭവങ്ങളോ കൊട്ടാരവുമായി ബന്ധപ്പെട്ട ഭാവനകളോ സംസ്കൃതത്തിൽ ആവിഷ്ക്കരിക്കുകയുണ്ടായില്ല. എന്നാൽ, ചില പരമ്പരാഗത ജ്ഞാനപദ്ധതികളെ വികസിപ്പിക്കാൻ ബ്രാഹ്മണപണ്ഡിതർ ഇക്കാലത്ത് നടത്തിയ ശ്രമങ്ങൾ പ്രത്യേകം പരാമർശിക്കേണ്ടതാണ്. പേർഷ്യൻ ഭാഷയുടെ സംസ്കൃതത്തിലുള്ള നിരവധി വ്യാകരണകൃതികൾ ഇക്കാലത്ത് രചിക്കപ്പെട്ടിട്ടുണ്ട്. ഇവയുടെയെല്ലാം കർത്താക്കൾ മുഗൾകൊട്ടാരത്തിലെ ബ്രാഹ്മണപണ്ഡിതരായിരുന്നു. വിഹാരി കൃഷ്ണദാസൻ അക്ബറിന്റെ നിർദേശപ്രകാരം രചിച്ച ‘പാരസീപ്രകാശം’ (പേർഷ്യയുടെ വെളിച്ചം) ഇക്കൂട്ടത്തിൽപ്പെട്ടതാണ്. ഇത്തരം നിരവധി ഉദാഹരണങ്ങൾ ഗ്രന്ഥകർത്രി ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രധാന വാർത്തകൾ
 Top