27 February Thursday

ഒന്നേ അവള്‍ക്കായി കുറിച്ചിടാനുള്ളൂ

ഇ പി ജ്യോതിUpdated: Sunday Dec 15, 2019

ഇ പി ജ്യോതി

കുട്ടികളോട് സംസാരിക്കുകയെന്നത് ഏറെ ഊർജദായകമായി തോന്നിയിട്ടുണ്ട്‌. അവരിലൊരാളായി മാറുന്നത്‌ നിർവചിക്കാനാകാത്ത അനുഭൂതി. നിത്യമനോഹരമായ ഭൂതകാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന വിദ്യാലയങ്ങൾ. അധ്യാപകരുടെ ചൂരൽ പ്രയോഗവും കൂട്ടുകാരൊത്തുള്ള സല്ലാപവും പിണക്കങ്ങളും അങ്ങനെ എന്തെല്ലാം

 

നെഞ്ചിലെരിയുന്ന കനലുകൾക്ക് ജീവിതപ്രകാശം കെടുത്താനും ജ്വലിപ്പിക്കാനും കഴിയുമെന്നറിഞ്ഞ നിമിഷം. മൗനം പങ്കുവച്ചുതരുന്ന നാനാർഥങ്ങൾക്കും ഒരു നോട്ടം എയ്‌തുവിടുന്ന ആശയങ്ങൾക്കും ലോകഗതിയെ മാറ്റിമറിക്കാൻ നിഷ്‌പ്രയാസം സാധിക്കുമെന്ന് തിരിച്ചറിഞ്ഞ ദിവസം. അറിവുകൾ തിരിച്ചറിവുകളായി പരിണമിച്ചപ്പോൾ കണ്ണീരുപ്പല്ല കണ്ണിൽനിന്ന് ഉതിർന്നുവീഴുന്ന രക്തത്തുള്ളികളും നമ്മെ ഇരുത്തിച്ചിന്തിപ്പിക്കും എന്നറിഞ്ഞു. 

 

കുട്ടികളോട് സംസാരിക്കുകയെന്നത് ഏറെ ഊർജദായകമായി തോന്നിയിട്ടുണ്ട്‌. അവരിലൊരാളായി മാറുന്നത്‌ നിർവചിക്കാനാകാത്ത അനുഭൂതി. അതുകൊണ്ടുതന്നെ ആ സ്‌കൂളിലേക്കുള്ള ക്ഷണം അത്യാഹ്ളാദത്തോടെ സ്വീകരിച്ചു. നിത്യമനോഹരമായ ഭൂതകാലത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന വിദ്യാലയങ്ങൾ. അധ്യാപകരുടെ ചൂരൽ പ്രയോഗവും കൂട്ടുകാരൊത്തുള്ള സല്ലാപവും പിണക്കങ്ങളും അങ്ങനെ എന്തെല്ലാം. നമ്മെ നാമാക്കുന്ന വിദ്യാലയങ്ങൾ.
 
ക്ഷണിക്കപ്പെട്ട വിദ്യാലയത്തിലേക്കുള്ള യാത്രയിലും കുട്ടിപ്പാവാടയിട്ട്‌ മുടി ഇരുവശത്തേക്കും പിന്നിയിട്ട ആ എന്നെ ഞാൻ നെഞ്ചോട്‌ ചേർത്തുപിടിച്ചു. ഒറ്റപ്പെടലിന്റെ വേദനകൾ അക്ഷരങ്ങളായി കടലാസിൽ പതിയുന്ന ദിവസങ്ങളിൽ ആത്മനിർവൃതിയോടെ, സമാധാനത്തോടെ ഉറങ്ങിയ പാവാടക്കാരി ഊർജമായി, ആത്മധൈര്യമായി ഉള്ളിൽ നിറയാറുണ്ട്‌. ആനന്ദമല്ല ആത്മസംഘർഷങ്ങൾ കവിതകൾക്കും കഥകൾക്കും വിഷയമായപ്പോൾ ഉറച്ച ചുവടോടെ മുന്നോട്ടുനടക്കാൻ പ്രേരിപ്പിച്ച അക്ഷരങ്ങൾ ജീവിതപന്ഥാവിൽ വഴിവിളക്കാകുകയായിരുന്നു. ആ വെളിച്ചമായിരിക്കാം ലോകത്തെ അയറിയാൻ ഒപ്പംനിന്ന മാർഗദർശി.
 
 കവാടം കടന്ന് മുറ്റത്തെത്തിയപ്പോൾ വരാന്തയിൽ നിൽക്കുകയായിരുന്ന പ്രഥമാധ്യാപിക അരികിലെത്തി. ഉച്ചവെയിലിന്റെ രൂക്ഷതയെക്കുറിച്ച്‌ അലസമായി പറഞ്ഞുകൊണ്ട്‌ അതിഥികൾക്കായുള്ള മുറിയിലേക്ക് ആനയിച്ചു. സൗഹൃദ സംഭാഷണമധ്യേ അവർ പറഞ്ഞുതുടങ്ങി, ഗർഭിണിയായ എട്ടാം ക്ലാസുകാരിയുടെ കഥ. ടിസി വാങ്ങാൻ അവൾ വരുമത്രെ. സ്വന്തം അച്ഛന്റെ ബീജം ഉദരത്തിൽ പേറുന്ന കുട്ടിയുടെ ഭാവിയോ ആത്മസംഘർഷമോ ആയിരുന്നില്ല അവരെ അലട്ടിയ പ്രശനം. അവൾ ആ വിദ്യാലയത്തിൽ തുടർന്നാൽ മറ്റുള്ള കുട്ടികളുടെ ഭാവിയെന്താകുമെന്നതായിരുന്നു ആശങ്ക. ഇത് പുറത്തറിഞ്ഞാൽ ഏതെങ്കിലും രക്ഷിതാവ് മക്കളെ ഇനി അവിടെ ചേർക്കുമോ എന്നുള്ളതും. എന്തോ ഒരസ്വസ്ഥത  ശരീരത്തെയാകെ കീഴ്പ്പെടുത്തിയതായി തോന്നി. മനസ്സിനെയും. ആ കുട്ടിയുടെ നേർക്ക് നീളാൻപോകുന്ന ചൂണ്ടുവിരലുകൾ... അവയെന്നെ ഭയപ്പെടുത്തി. 
 
ഉച്ചസമയം. രണ്ടരയോടടുക്കുന്നു. അധ്യാപകരും കുട്ടികളും ബഞ്ചും കസേരകളും ഒരുക്കിവയ്‌ക്കുന്ന തിരക്കിലായിരുന്നു. രണ്ടരമുതൽ മൂന്നരവരെയാണ് എനിക്കനുവദിച്ചുതന്ന സമയം. മുറ്റത്തെ മുത്തശ്ശിമാവിന്റെ ചുവട്ടിലായി കുട്ടികൾ നിരന്നിരിപ്പായി. സംസാരിച്ചുതുടങ്ങവെ പ്രഥമാധ്യാപിക അരികിലെത്തി. കുട്ടികളുടെ നിരയുടെ പിറകിലേക്ക് വിരൽചൂണ്ടി. ടിസി വാങ്ങാൻ അമ്മയ്‌ക്കൊപ്പം നടന്നുപോകുന്ന കുട്ടി. പ്രായത്തിനനുസരിച്ചുള്ള  ശരീരവളർച്ചയെത്താത്ത കൊച്ചുകുട്ടി. സംസാരം തുടർന്നു. എന്നാലും എന്റെ കണ്ണുകൾ അവൾക്കു പിറകെയായിരുന്നു. അൽപ്പനേരത്തിനുശേഷം അമ്മയുടെ വിരൽ പിടിച്ച് പുറത്തേക്കുള്ള കവാടം ലക്ഷ്യമാക്കി അവൾ നടന്നു. സർവസ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവകാശത്തിനുനേരെ പല്ലിളിച്ച് പുറംലോകം അവൾക്കുമുമ്പിൽ കവാടം കൊട്ടിയടച്ചു. നിസ്സംഗതയും ദൈന്യതയും ആത്മസംഘർഷങ്ങളും നിറഞ്ഞ മുഖത്ത് കാലത്തിന്റെ വിരൽപ്പാടുകൾ തെളിഞ്ഞുവന്നു. ഇനിയെന്ത്‌? ആ അമ്മ മുഖം തൂവാലയാൽ പൊത്തിപ്പിടിച്ചു. ഉള്ളിലൊരു നീറ്റൽ. അവൾക്കുമെനിക്കുമിടയിലെ ദൂരം കുറഞ്ഞുവരുന്നു. മനസ്സിൽ അഗാധഗർത്തം രൂപപ്പെടുന്നു. ഒരു വിധത്തിൽ മനഃസാന്നിധ്യം വീണ്ടെടുത്തു.
 
സംസാരം തുടരവേ മുന്നിലിരുന്ന കുട്ടികളോട് പ്രത്യേകം സംസാരിക്കണമെന്ന് തോന്നി.  ഇടത്തേയറ്റത്തെ കുട്ടിയുടെ മുഖം വിളറിയിരിക്കുന്നു. ഞാനവളുടെ അടുത്തുചെന്ന്‌ വീടിനെക്കുറിച്ച് ചോദിച്ചപ്പോൾ അവളുടെ മുഖം പൂർവാധികം വിളറി. ചോദ്യങ്ങൾക്കുള്ള മറുപടി മൗനം മാത്രം. ഒരുവേള എന്റെ മുഖത്ത് അവളുടെ കൈ പതിയുമോ എന്നുപോലും ഭയപ്പെട്ടു. അങ്ങനെ ഓരോരുത്തരെയായി സമീപിക്കവെ പെട്ടെന്ന്‌ അവളെന്റെ സാരിത്തുമ്പിൽ വലിച്ചു. തിരിഞ്ഞുനോക്കിയ എനിക്കുനേരെ അവൾ കൈയിലിരുന്ന നോട്ടുപുസ്‌തകം നീട്ടി. ഹൃദയമിടിപ്പുയർന്നു. തെല്ല് ഭയത്തോടെയാണ് പുസ്‌തകം തുറന്നത്. ആദ്യതാളിൽ മാതാപിതാക്കളുടെ ചിത്രം വരച്ച് ബ്ലേഡുകൊണ്ട്‌ കോറിയിട്ടിരിക്കുന്നു. മദ്യപിച്ച് വീട്ടിലെത്തി അമ്മയെ ചുമരോടു ചേർത്ത്  മർദിക്കുന്ന അച്ഛനും വഴിവിട്ട ബന്ധങ്ങളുള്ള അമ്മയും കലഹിക്കുന്നതിനിടയിൽ വെന്തുവെണ്ണീറായ പുസ്‌തകങ്ങളും അംഗച്ഛേദം വന്ന രചനകളും. വരയും എഴുത്തും മേലിൽ ആവർത്തിക്കരുതെന്ന ഭീകരശാസനകൾ. മറ്റുള്ളവരെ നോക്കരുത്, സംസാരിക്കരുത് തുടങ്ങിയ ഭീഷണികൾ. നിരവധി വിദ്യാലയങ്ങളിൽച്ചെന്ന് കുട്ടികളുമായി സംസാരിച്ചുവെങ്കിലും ആ ദിവസം സമ്മാനിച്ചത്‌  ദുരന്താനുഭവങ്ങളാണെന്ന് വേദനയോടെ തിരിച്ചറിഞ്ഞു. ഇളം പ്രായത്തിൽ ചിതറിപ്പോയ സ്വപ്‌നങ്ങൾ തിരിച്ചുതരാൻ എനിക്ക് കഴിയുന്നില്ലല്ലോ. സംഘർഷത്താൽ വീർപ്പുമുട്ടിക്കിടക്കുന്ന പുതിയ തലമുറ ഉൾപ്പെടുന്ന സമൂഹത്തിന്റെ ചിത്രമായിരുന്നു അത്.
 
ബോധവൽക്കരണമെന്ന്‌ ആയിരംവട്ടം ഘോഷിക്കുമ്പോഴും‍ ഒരു തവണ ചിന്തിക്കേണ്ടതുണ്ട്. ബോധവൽക്കരണം ആർക്കാണ് വേണ്ടതെന്ന്. മുതിർന്നവർ നൽകുന്ന ഉറപ്പുകൾ കുട്ടിയെ അങ്കലാപ്പിലാക്കുന്നുവെന്നും മുതിർന്നവരുടെ വാക്കുകൾ വിശ്വസിക്കരുതെന്നവൾ  പഠിക്കുന്നുവെന്നുമുള്ള  സിമോൺ ദി ബുവ്വയുടെ  വാക്കുകൾ ഒരു തീനാളമായി ഉള്ളുപൊള്ളിച്ചു. പീഡിതരും ദുഷ്‌കരമായ സംഘർഷങ്ങളിൽ പെട്ടുഴലുന്നവരുമായ കുട്ടികൾ സമൂഹത്തിൽ വളരുന്ന അരക്ഷിതാവസ്ഥയെ പ്രതിനിധീകരിക്കുന്നു. 
 
വിദ്യാലയത്തിൽനിന്ന് യാത്രപറഞ്ഞിറങ്ങുമ്പോൾ ഉദ്ദേശം പന്ത്രണ്ടുവയസ്സ്‌ തോന്നിക്കുന്ന പെൺകുട്ടി ദയനീയതയോടെ എനിക്ക് മുന്നിൽ വന്നുനിന്നു. അൽപ്പനേരത്തെ മൗനത്തിനുശേഷം അവളുടെ നിഷ്‌കളങ്കമായ ചോദ്യം: ‘‘ഞങ്ങളുടെ സ്‌കൂളിലേക്ക് ടീച്ചർ ഇനിയും വര്വോ?’’ ആവർത്തിച്ചുള്ള ചോദ്യങ്ങൾ വരാമെന്ന ഉറപ്പിലേ അവസാനിച്ചുള്ളു. ആ നേരത്ത് ഞാനവളുടെ അമ്മയാകുകയായിരുന്നു... സഹോദരിയാകുകയായിരുന്നു.
 
വിദ്യാലയം കടന്നപ്പുറമെത്തുമ്പോഴും അമ്മയുടെ വിരൽത്തുമ്പിൽ പിടിച്ച് പടിയിറങ്ങിപ്പോയ കുട്ടിയായിരുന്നു മനസ്സിൽ. ആക്കിത്തീർക്കലുകളും ആയിത്തീരലുകളും ഒരു കുഞ്ഞിനെ... അല്ല നിരവധി കുഞ്ഞുങ്ങളെ ഇരുട്ടിലേക്കെറിയുന്നു. ഇന്നലെവരെ അറിയാതിരുന്ന നീ ഇന്നെനിക്ക്‌ ആരൊക്കെയോ ആണ്. മോളേ... ഞാനുൾപ്പെട്ട സമൂഹം എങ്ങനെ നിന്നോടുള്ള കടം വീട്ടും? എന്റെ മനസ്സ് അവളോട് ചോദിച്ചു. ഒന്നേ എനിക്കറിയാമായിരുന്നുള്ളൂ. ഒന്നേ അവൾക്കായി ഉള്ളിൽ കുറിച്ചിടാനുണ്ടായിരുന്നുള്ളു. ഞാനെഴുതുന്ന ഓരോ അക്ഷരവും നിനക്കുള്ളതായിരിക്കും.
പ്രധാന വാർത്തകൾ
 Top