26 March Tuesday

അപ്പാനി രവി അഥവാ ശരത്

സി അജിത്Updated: Sunday Oct 15, 2017

അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കാലത്തുതന്നെ ശരത്കുമാർ (അപ്പാനി ശരത്) അരങ്ങിലും അഭിനയത്തിലും ഹരിശ്രീ കുറിച്ചു. പാഠപുസ്തകങ്ങളേക്കാൾ പ്രണയിച്ചത് അഭിനയകലയെ. അഭിനയം അഭിനിവേശംമാത്രമായിരുന്നില്ല; ജീവിക്കാനുള്ള മാർഗംകൂടിയായിരുന്നു. ദിനചര്യപോലെ നാടകവും നാടകപ്രവർത്തനവും. ഒടുവിൽ സിനിമയെന്ന സ്വപ്‌നത്തിലേക്ക്. ആദ്യചിത്രം അങ്കമാലി ഡയറീസിലെ അപ്പാനി രവിയെന്ന പ്രതിനായക കഥാപാത്രം, നായകനോളം തിളങ്ങി. തരംഗമായി മാറിയ വെളിപാടിന്റെ പുസ്തകത്തിലെ 'ജിമിക്കി കമ്മലി'ന് ചുവടുവച്ചു. പോക്കിരി സൈമണിലെ കടുത്ത വിജയ് ആരാധകൻ ലവ് ടുഡേ ഗണേശും പ്രേക്ഷകരുടെ ഹൃദയം കവർന്നു. കൈനിറയെ ചിത്രങ്ങളുമായി, തിരക്കേറിയ നടനാണിന്ന് ശരത്. സിനിമയെന്നപോലെ ആകസ്മികതകൾ നിറഞ്ഞതാണ് ഈ യുവനടന്റെ ജീവിതവും.

കളിച്ചുവളർന്ന നാടകക്കളരി

തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയാണ് സ്വദേശം. കളിച്ചുനടക്കുന്ന കാലംമുതൽതന്നെ നാടകക്കാരോടൊപ്പം കൂടി. വീടിനടുത്തുള്ള കലാമന്ദിരം നാടകസംഘമാണ് ഇതിന് പ്രേരണയായത്. സ്‌കൂൾ കാലത്ത് എല്ലാ മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം വാങ്ങും. പലതവണ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ, തിരുവനന്തപുരത്തെ വിവിധ നാടക ട്രൂപ്പുകളുമായി സഹകരിച്ചുതുടങ്ങി. കാവാലം നാരായണപ്പണിക്കർ സാറിന്റെ സോപാനം ട്രൂപ്പിന്റെ ചില നാടകങ്ങളിലും അഭിനയിച്ചു. തെരുവുനാടകങ്ങളിലും സജീവം. പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത് ഇത്തരത്തിലായിരുന്നു. നാടകപ്രവർത്തനത്തിന് വീട്ടിൽനിന്ന് ഒരു പിന്തുണയും ലഭിച്ചിരുന്നില്ല. പഠിച്ച് വല്ല ജോലിയും നേടാനായിരുന്നു അവരുടെ ഉപദേശം. എന്നാൽ, ഈ സമ്മർദങ്ങളിലൊന്നും വീഴാതെ കലാജീവിതം മുന്നോട്ടുകൊണ്ടുപോകാനായിരുന്നു എന്റെ തീരുമാനം. നാടകവും അഭിനയവുമല്ലാതെ മറ്റൊന്നും എനിക്ക് അറിയുമായിരുന്നില്ല. പ്ലസ്ടുവിനുശേഷം കറസ്‌പോണ്ടൻസായി ബിരുദം നേടി. പതിനെട്ടാം വയസ്സിൽത്തന്നെ എനിക്ക് സ്വന്തമായി കലാ ട്രൂപ്പ് ഉണ്ടായിരുന്നു. സ്‌കൂൾ കലോത്സവങ്ങൾക്ക് നാടകം പഠിപ്പിക്കാനും കലോത്സവങ്ങളിൽ നാടകത്തിനും മറ്റും ജഡ്‍ജായും പോകുമായിരുന്നു. വരുമാനമാർഗംകൂടിയായിരുന്നു അത്.

അങ്കമാലിക്കാരൻ

പോക്കിരി സൈമണിൽ ശരത്

പോക്കിരി സൈമണിൽ ശരത്

നാടകത്തിൽ ബിരുദാനന്തരബിരുദത്തിന് കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിൽ ചേർന്നതോടെയാണ് അങ്കമാലിയുമായുള്ള ബന്ധം തുടങ്ങിയത്. അത് ക്രമേണ കൂടുതൽ ദൃഢമായി.  അങ്കമാലിക്കാരുടെ നിറഞ്ഞ സ്‌നേഹവും സൗഹൃദവും അനുഭവിച്ചറിയാൻ ഈ കാലയളവ് സഹായിച്ചു. ഈ സമയത്താണ് ക്യാമ്പസിൽ അങ്കമാലി ഡയറീസിന്റെ ഓഡിഷൻ നടക്കുന്നത്. നിരവധിപേർ ഓഡിഷനുണ്ടായിരുന്നു. വലിയ പ്രതീക്ഷയോടെയൊന്നുമല്ല ഞാൻ പങ്കെടുത്തത്. ഏതാനും ദിവസങ്ങൾക്കുശേഷം സിനിമയിൽ ഒരു വേഷം ഉണ്ടെന്ന് അറിയിച്ചു. പിന്നീട് കാസ്റ്റിങ് ഡയറക്ടർ വിളിച്ച് ഡ്രൈവിങ് പഠിക്കണമെന്നും പറഞ്ഞു. അപ്പോഴും ചെറിയ ഏതെങ്കിലും റോളായിരിക്കും എന്നാണ് എന്റെ ധാരണ. ഒടുവിൽ തിരക്കഥ കേൾക്കാനായി വിളിപ്പിച്ചപ്പോഴാണ് സിനിമയിലെ പ്രധാന വില്ലൻ അപ്പാനി രവിയായാണ്  അഭിനയിക്കേണ്ടതെന്ന് ബോധ്യമായത്. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ് യാഥാർഥ്യമായത്.
ലിജോ ജോസ് പെല്ലിശ്ശേരിയെന്ന പ്രതിഭാശാലിയായ സംവിധായകനോടൊപ്പംതന്നെ ആദ്യസിനിമ ചെയ്യാൻ കഴിഞ്ഞത് അനുഗ്രഹമായാണ് കാണുന്നത്. ആദ്യസിനിമയെന്ന പതർച്ചയൊന്നും കാര്യമായി ഉണ്ടായിരുന്നില്ല. സിനിമയിലെ 86 പേർ പുതുമുഖങ്ങളാണ്. എല്ലാവരും പരസ്പരം നല്ല ബന്ധം. പിന്നെ സംവിധായകന്റെ മികവുംകൂടിയായപ്പോൾ എന്നിലെ മികച്ചതിനെ പുറത്തെടുക്കാൻ കഴിഞ്ഞു. ചിത്രത്തിന്റെ ആദ്യ പ്രദർശനം അങ്കമാലിയിലെ തിയറ്ററിൽനിന്നാണ് കണ്ടത്. അമ്മ, പിന്നീട്  ഞാൻ വിവാഹംചെയ്ത രേഷ്മ തുടങ്ങിയവരോടൊപ്പമാണ് സിനിമ കണ്ടത്. സിനിമയ്ക്ക് ജനം നൽകിയ അകമഴിഞ്ഞ പിന്തുണ  വലിയ ആത്മവിശ്വാസമാണ് നൽകിയത്.

ജിമിക്കി കമ്മൽ

അങ്കമാലി ഡയറീസിന്റെ വലിയ വിജയത്തോടെതന്നെ എന്നെ എല്ലാവരും തിരിച്ചറിയാൻ തുടങ്ങിയിരുന്നു. അഭിനന്ദിച്ചുള്ള നിരവധി ഫോൺകോളുകളും മെസേജുകളും വന്നു. ചലച്ചിത്രരംഗത്തുള്ള പലരും സിനിമയെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ നല്ലത് പറഞ്ഞിരുന്നു. ലാൽജോസ് സാറും അഭിനന്ദനക്കുറിപ്പ് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു. പിന്നീടാണ് അദ്ദേഹത്തിന്റെ വെളിപാടിന്റെ പുസ്തകത്തിലേക്ക് എന്നെ തെരഞ്ഞെടുത്തത്. ഫ്രാൻക്ലിൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. മോഹൻലാൽസാറിനൊപ്പം അഭിനയിക്കുകയെന്നത്  വിശ്വസിക്കാനായില്ല. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാനായത് ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ മുഹൂർത്തമാണ്. ആ മഹാനടനിൽനിന്ന് ഒരുപാട് പഠിക്കാനുണ്ട്. കഥാപാത്രത്തെക്കുറിച്ച് പറയുമ്പോൾത്തന്നെ ജിമിക്കി കമ്മൽ ഡാൻസിനെക്കുറിച്ചും ലാൽജോസ് സാർ പറഞ്ഞിരുന്നു. ശാസ്ത്രീയമായി നൃത്തം പഠിച്ചിട്ടില്ലെങ്കിലും തിയറ്റർ ആർട്ടിസ്റ്റ് എന്ന നിലയിലുള്ള മെയ്‌വഴക്കം എന്നെ സഹായിച്ചു. സ്‌കൂളിൽ പഠിക്കുമ്പോൾ ഗ്രൂപ്പ് ഡാൻസിൽ എപ്പോഴോ ചുവടുവച്ചത് മാത്രമാണ് ഇതിനു മുമ്പുള്ള നൃത്താനുഭവം. പിന്നെ അഭിനയത്തിനുവേണ്ടി ഞാൻ  എന്തും ചെയ്യും. ജിമിക്കി കമ്മൽ തരംഗമായിമാറിയപ്പോൾ സന്തോഷം.

ലവ് ടുഡേ ഗണേഷ്

കടുത്ത വിജയ് ആരാധകനായ ലവ് ടുഡേ ഗണേഷ് എന്ന കഥാപാത്രത്തെയാണ് പോക്കിരി സൈമൺ എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്. യഥാർഥ ജീവിതത്തിലും വിജയ്യുടെ വലിയ ആരാധകനാണ് ഞാൻ. തികച്ചും വേറിട്ട കഥാപാത്രമായിരുന്നു. കോമഡിയും ഇമോഷൻ രംഗങ്ങളുമെല്ലാമുള്ള കഥാപാത്രം. ഇതും നല്ലപോലെ ജനം സ്വീകരിച്ചു.

പൈപ്പിൻചുവട്ടിൽ കാണാം

സിനിമയും നാടകവും അഭിനയവുമൊക്കെത്തന്നെയാണ് എന്റെ  ജീവിതം. സ്വയം നവീകരിച്ച് കൂടുതൽ മികവോടെ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ശ്രമമാകും ഉണ്ടാകുക. നീരജ് നായകനാകുന്ന പൈപ്പിൻചുവട്ടിലെ പ്രണയമാണ് അടുത്ത് റിലീസിനൊരുങ്ങുന്ന ചിത്രം. വിശാൽ നായകനാകുന്ന സണ്ടകോഴി2 ഉൾപ്പെടെ രണ്ട് തമിഴ് ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്.
അങ്കമാലി ഡയറീസിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നിർമാതാവ് വിജയ് ബാബു, തിരക്കഥാകൃത്ത് ചെമ്പൻ വിനോദ്, എന്റെ അധ്യാപകരായ ഗോപൻ ചിദംബരം, രമേഷ് വർമ, ഉഷ നങ്ങ്യാർ, കലാമണ്ഡലം കൃഷ്ണകുമാർ, മധു, പ്രിയപ്പെട്ട എന്റെ നാട്ടുകാർ, സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണയാണ് എന്നെ ഇവിടെയെത്തിച്ചത്. അവർക്കെല്ലാം ഒരായിരം നന്ദി.
ആറുമാസം മുമ്പാണ് വിവാഹിതനായത്. ഭാര്യ രേഷ്മ കുച്ചുപ്പുടി നർത്തകിയാണ്. എറണാകുളത്ത് നൃത്തവിദ്യാലയം തുടങ്ങാൻ ആലോചനയുണ്ട്.

ajithdesh@gmail.com

പ്രധാന വാർത്തകൾ
 Top