27 May Wednesday

ജോർദാനിലുണ്ട്‌ ചൊവ്വയുടെ ഒരു തുണ്ട്‌

കുഞ്ഞനിയൻ ശങ്കരൻ മുതുവല്ലൂർ kunhaniyanneerad@gmail.comUpdated: Sunday Sep 15, 2019

 

ദക്ഷിണ ജോർദാനിൽ അത്യാകർഷകമായ ചുകന്ന മണലാരണ്യവും അതിനോടു ചേർന്ന അത്യപൂർവമായ പാറക്കെട്ടുകളും ഉൾക്കൊള്ളുന്ന അതിവിശാലമായ ഒരു ഭൂഭാഗമുണ്ട്. വാദിറം എന്നപേരുള്ള 75,000 ഏക്കർ വരുന്ന ഈ വിസ്‌മയക്കാഴ്‌ചയെ ഭൂമിയിലെ ചൊവ്വ എന്നാണ്‌ വിളിക്കുക. ചന്ദ്രന്റെ താ‌ഴ‌്‌വരയെന്ന ചെല്ലപ്പേരുകൂടിയുണ്ട്‌.  ലോകാത്ഭുതമായ പെട്രയ്‌ക്കും ചെങ്കടലിന്റെ രാജ്ഞി അഖബയ്‌ക്കും സമീപം  ദൈവത്തിന്റെ പൂന്തോട്ടമായ ജോർദാന് പ്രകൃതി സൂര്യതാലത്തിൽ നേദിച്ചുനൽകിയ അർച്ചനയാണിത്‌. യുനെസ്‌കോ ലോക പൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിതപദവി നൽകിയിട്ടുണ്ട്‌ ഈ ചുവപ്പു മണലാരണ്യത്തിന്‌. ഉദയസൂര്യന്റെ കിരണങ്ങളാൽ അരുണ വർണമണിയുമ്പോൾ ഭൂമിയിലെ ചൊവ്വാ ഗ്രഹമെന്ന പേര്‌ അന്വർഥമായപോലെ. അനാദിയായ ചുവന്ന മണൽപ്പരപ്പിലൂടെ ഉയർന്ന പാറക്കൂട്ടങ്ങൾക്ക്‌ അരികിലൂടെ നടക്കുന്ന ഏകാന്ത സഞ്ചാരികൾ ഒരു നിമിഷം അറിയാതെ മന്ത്രിക്കും... ഇത് ഭൂമിയല്ല: - ഒരു അന്യഗ്രഹമാണെന്ന്. അതുകൊണ്ടുതന്നെയാകാം ഹോളിവുഡിനെയും ബോളിവുഡിനെയും എന്തിനേറെ മലയാളത്തെപ്പോലും ഈ ദേവഭൂമി അഭ്രപാളികളിൽ എത്തിച്ചത്. ചെന്നിറമുള്ള  മണൽത്തിരമാലകളോ ബൃഹദാകാരംപൂണ്ട കരിങ്കൽ പർവതങ്ങളോ മാത്രമല്ല വാദിറമിനെ വ്യത്യസ്‌തമാക്കുന്നത്. അടുക്കിവച്ച മണൽ തിട്ടകളുടെ, അവയെ ചുറ്റുന്ന വളഞ്ഞ പാറക്കെട്ടുകളുടെ, നിഗൂഢമായ മണൽ ഗുഹകളുടെ  അനന്തവിസ്‌മയമാണ്‌ ഇവിടം. പ്രകൃതിയെ പെരുന്തച്ചൻ തീർത്ത വിസ്‌മയാവഹമായ കുറെ കരിങ്കൽ പാലങ്ങളുണ്ട്‌ ഇവിടെ. ഖോർ അൽ അജ്റം (കുള്ളൻ പാലം), ഉമ്മു ഫ്രൂത്ത് പാലം, ബുർദ് പാലം എന്നിവ അക്ഷരങ്ങൾകൊണ്ട് വർണിക്കാൻ പറ്റാത്ത മഹാനിർമിതികൾ. 

കാഴ്‌ചകളുടെ കാൽപ്പനികാനുഭവത്തേക്കാൾ അതിസാഹസികതയുടെ നിഗൂഢവഴികളുമുണ്ട്‌ ഇവിടെ.   ചെമ്മരിയാടിനെ അറുത്തെടുത്ത്  വിഭവസമൃദ്ധിയുടെ മാൻസെഫും ചുട്ടെടുത്ത ബാർബിക് ഫുഡും  ബെദുവിൻ കാപ്പിയും കഴിച്ച്  അറബിക്കുപ്പായത്തിന്റെയുള്ളിൽ പൊതിഞ്ഞ് വാദി റമ്മിൽ രാപ്പാർക്കുമ്പോൾ ആകാശത്തിലെ നക്ഷത്രങ്ങൾ താഴെ ഇറങ്ങിവരുന്നപോലെ.  മണലാരണ്യത്തിലെ ഉദയാസ്‌തമയങ്ങൾ സാക്ഷിയാകുമ്പോൾ ആയിരം പൂർണചന്ദ്രന്മാരെ കണ്ട നിർവൃതി. ഭീമൻ കല്ലുകോട്ടകൾക്കു മേലെനിന്നുള്ള അസ്‌തമയക്കാഴ്‌ച അവർണനീയം. നിമിഷാർധംകൊണ്ട്‌ കടുംനീലയിലും ചെഞ്ചോരനിറത്തിലും  മിന്നിമറയുന്ന സൂര്യന്റെ അസ്‌തമയ ലീലകൾ ഏറെ ആനന്ദകരം. ഉണങ്ങിയ മണൽ പ്രദേശത്തെ ഒറ്റപ്പെട്ട ഗുഹാമനുഷ്യരുടെ വിലാപങ്ങളല്ല വാദി റമിന് പറയാനുള്ളത്.  ഉയരങ്ങൾ താണ്ടിയ അതിസാഹസികരായ പർവതാരോഹകരുടെ,  മരുപ്പച്ചകൊണ്ട് മൃതസഞ്ജീവനി

ഒരുക്കിയ അശ്വിനി ദേവൻമാരുടെ, സൂര്യതാപത്തിലും എരിഞ്ഞടങ്ങാതെ മാനിനെയും കുരുവിയെയുമെല്ലാം നെഞ്ചോടു ചേർത്ത് കാത്തുരക്ഷിച്ച കരുണാമയരായ മനുഷ്യരുടെ കഥകൂടിയുണ്ട്‌ ഈ നാടിനു പറയാൻ. പാറകളില്ലൊം കോറിയിട്ട അമ്പിന്റെയും വില്ലിന്റെയും ഒട്ടകത്തിന്റെയും കുതിരയുടെയും രേഖാചിത്രങ്ങളിൽനിന്ന്‌ മനുഷ്യരാശിയുടെ വികാസപരിണാമങ്ങളുടെ ചരിത്രം വായിച്ചെടുക്കാം. കാൽലക്ഷത്തോളം ശിലാലിഖിതങ്ങളും നൂറ്റമ്പതിലേറെ പുരാവസ്‌തുകേന്ദ്രങ്ങളും മഹാസംസ്‌കൃതിയുടെ ശേഷിപ്പുകൾ. നബാത്തായൻ, ഇസ്ലാമിക് സംസ്കാരങ്ങളുടെ സമഞ്ജസ ഭൂമിയായ വാദി റം പതിനായിരങ്ങളുടെ ഉല്ലാസകേന്ദ്രമാകുമ്പോൾ ഒരു പഴയകാലത്തിന്റെ  ശേഷിക്കുന്ന തലമുറയ്‌ക്ക് അന്നവും അഭയവുംകൂടിയാണ്. ഒരുകാലത്ത് ഒരു മഹാസമുദ്രമായിരുന്ന വാദിറം   ഭൂമിയിലെ ചൊവ്വയായി അറിയപ്പെടുമ്പോൾ കടലോർമകളിൽ ശേഷിക്കുന്നത് വലിയ മത്സ്യങ്ങളുടെ ഫോസിലുകൾ മാത്രം. വാദിറമിന്റെ തനിമ കാത്തുസൂക്ഷിക്കുന്ന ബദുയിൻകാർ നമ്മോട്‌ പറയുന്നത്‌ ‘ഈ ലോകനിർമിതിയിൽ എല്ലാവർക്കും തനതായ പങ്കുണ്ടെന്ന’ ഗുരുനാഥയുടെ വചനങ്ങളല്ലാതെ മറ്റൊന്നുമല്ല.  പടിഞ്ഞാറൻ ചക്രവാളങ്ങളിൽ സൂര്യൻ പാതിമായുമ്പോൾ ചുവന്ന താഴ്‌വരയിലൂടെ ഒരു സവാരി നടത്തി അറബിപ്പാട്ടിന്റെ ഹബീബി താളങ്ങൾ കേൾക്കുമ്പോൾ എല്ലാവരും ചേർന്ന് പറയും... അതെ വാദി റം ചന്ദ്രന്റെ താഴ്‌വര തന്നെ.

പ്രധാന വാർത്തകൾ
 Top