25 April Thursday

അരികുജീവിതങ്ങൾ സങ്കടങ്ങൾ

ജോസ് പാഴൂക്കാരൻUpdated: Sunday Jul 15, 2018

 

കട്ടച്ചിറപ്പള്ളിക്കൂടവും ഇഷ്ടികപ്പാടങ്ങളും മീനിച്ചിലാറും തോട്ടക്കാടും കിടങ്ങൂരും പൂവരശിൻ തലപ്പുകളും  കണ്ട് കൊതിതീരാതെ വിശപ്പുമാറാത്തകാലത്ത് നിക്കർ വരിഞ്ഞുകെട്ടിയാണ് അന്ന് കട്ടച്ചിറയോട് വിടപറഞ്ഞ് എഴാംവയസ്സിൽ വയനാട്ടിലേക്ക് കുടിയേറിയത്. കാട് വെട്ടിത്തെളിച്ചോ കുറഞ്ഞകാശിന് സ്ഥലം വാങ്ങിയോ കൃഷിചെയ്ത് ജീവിക്കാമെന്ന ആത്മവിശ്വാസമായിരുന്നു അപ്പൻ വർക്കിമാപ്ളയ‌്ക്കന്ന്.  പിന്നീട് പുൽപ്പള്ളിയിലെ കബനിയോട് ചേർന്ന മണ്ണിടവഴികളും തെരുവപ്പറമ്പും കൊച്ചലോൻ കപ്പത്തോട്ടങ്ങളും കുരുമുളകുതോട്ടങ്ങളുടെ പച്ചപ്പുമെല്ലാം ഹൃദയത്തിൽ നിറഞ്ഞു. അജിതയുടെ പൊലീസ‌് സ്റ്റേഷൻ ആക്രമണമൊക്കെ കഴിഞ്ഞ് ചായക്കടകളിലൊക്കെ അത് ചർച്ചചെയ്യുന്ന കാലം ഓർമയുണ്ട്. കഥയെഴുത്തൊക്കെ പിന്നീട് സംഭവിച്ചതാണ്. 2005ന് ശേഷം. വയനാട്ടിലെ കർഷകർ ആത്മഹത്യചെയ്യുന്ന കാലത്താണ് ചാവുകര എന്ന കഥയുമായി കഥകളിലേക്ക് വരുന്നത്.  കൃഷിക്കാരന്റെ സങ്കടങ്ങൾ വയനാടിനുപുറത്തും അറിയണമെന്ന ചിന്തയോടെ.
 
കുടുംബത്തിൽ എഴുത്തുകാരായി ആരുമില്ല. നാട്ടിൽ ഗ്രന്ഥശാലകൾ ഉണ്ടായിരുന്നതുകൊണ്ട് ധാരാളം പുസ്തകങ്ങൾ വായിച്ചു. എം ടിയും മുട്ടത്തുവർക്കിയും കാനവും മലയാറ്റൂരും മുകുന്ദനും ബഷീറുമെല്ലാം കുത്തിയിരുന്നു വായിച്ചകാലത്തെ വെന്തുകിടന്ന ഓർമകളാണ് പിൽക്കാലത്ത് എഴുത്തുകളായത്. എഴുതിയ ഓരോ കഥയ‌്ക്കും പുസ്തകത്തിനും പിന്നിൽ എഴുതിയാൽ തീരാത്തത്ര കഥകളുണ്ട്‌. കർഷകരും ആദിവാസികളും ജാതിമതങ്ങളും അഴിമതിയുമെല്ലാം  എഴുത്തിന് വിധേയമായി.  പ്രസിദ്ധീകരിച്ച തൊണ്ണൂറോളം കഥകൾ സ്വകാര്യദുഃഖങ്ങളെക്കുറിച്ചുള്ളവയായിരുന്നില്ല. മൂന്ന് നോവൽ എഴുതി, മൂന്നിനും അംഗീകാരം കിട്ടി.  പുസ്തകങ്ങൾക്ക് സമൂഹത്തോട് ചിലതൊക്കെ പറയാനുണ്ടെന്നും  വാക്കുകൾക്ക് മനസ്സുകളെ ചലിപ്പിക്കാൻ കഴിയുമെന്നും വിശ്വസിച്ചു. അങ്ങനെയാണ് അരിവാൾ ജീവിതം എന്ന നോവൽ പിറന്നത്. പുസ്തകത്താളുകൾ പഠിപ്പിച്ച എഴുത്തല്ല എന്റേത്. യാത്രയാണ്, കണ്ടെത്തലുകളാണ്. 2010‐ൽ വയനാട്ടിലെ അരിവാൾരോഗികളുടെ ദുരവസ്ഥയറിഞ്ഞ ഞാൻ നടുങ്ങി. അംബികാസുതൻ മാഷ് എൻമകജെ ചെയ്തപോലെ ആരോരുമറിയാതെ മരിച്ചുവീഴുന്ന അരികുജീവിതങ്ങളെക്കുറിച്ച് എഴുതണമെന്ന് തീരുമാനിച്ചു. അരിവാൾരോഗം വയനാടിന്റെ ശാപമായിരുന്നു. ആയിരക്കണക്കിന് പ്രത്യക്ഷരോഗികളും പതിനായിരക്കണക്കിന് അനീമിക് രോഗികളും വയനാട്ടിലുണ്ടെന്ന നിഗമനത്തിലാണ് നോവൽ ജനിക്കുന്നത്. ജനിതകമായി കിട്ടിയ ഈ രോഗത്തെ പിഴുതെറിയാൻ പാടുപെടുന്ന  കിടപ്പുരോഗികളെ കോളനികളിൽച്ചെന്നു കണ്ടു. ചെട്ടിവിഭാഗങ്ങളേയും രോഗം പിടികൂടിയിരുന്നു. അവരെകാണാനായി തിരുനെല്ലിയിലും നൂൽപ്പുഴയിലും അമ്പലവയലിലും പോയി.  രോഗികളായ സരസ്വതിയും ശിവരാജനും കാര്യങ്ങളെക്കുറിച്ച് കൂടുതൽ പറഞ്ഞു.  രോഗത്തെക്കുറിച്ച് പൊതുസമൂഹം ബോധവൽക്കരിക്കപ്പെടണമെന്ന് കരുതി. അത് രോഗികൾക്ക് ഉപകാരപ്പെടുമെന്ന്‌ ആഗ്രഹിച്ചു.
കണ്ണൂർ കൈരളി പ്രസിദ്ധീകരിച്ച നോവൽ ബത്തേരിയിൽ പ്രകാശനംചെയ‌്ത പി  കൃഷ്ണപ്രസാദ് എംഎൽഎ പുസ്തകം വായിച്ച് നടുങ്ങി,  ഞാൻ എഴുതാൻ പ്രേരിപ്പിച്ച കാരണങ്ങൾ പറഞ്ഞു. പിറ്റേ ആഴ്ച അദ്ദേഹം എന്നേയും  ചില അരിവാൾരോഗികളേയും അന്നത്തെ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രനേയും കൂട്ടി സെക്രട്ടറിയറ്റിലെത്തി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെയും ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറെയും കണ്ടു, പുസ്തകത്തിന്റെ കോപ്പികൾ കൊടുത്തു. ഒരു യാഥാർഥ്യത്തെയാണ് ഫിക‌്‌ഷൻ ആക്കിയതെന്നും പുസ്തകം വായിക്കണമെന്നും  മരണം കാത്തുകിടക്കുന്ന അരിവാൾ രോഗികൾക്കായി   എന്തെങ്കിലും ചെയ്യണമെന്നും പറഞ്ഞു. ആ ആഴ്ചതന്നെ വയനാട്ടിലെ  ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലും ഇലക്ട്രോ ഫറോസീസ് ടെസ്റ്റിനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടു. ഡോ. ഖദീജ മുംതാസ് അരിവാൾ ജീവിതത്തിലെ ജഗന്ദി എന്ന കഥാപാത്രത്തെക്കുറിച്ച് പത്രത്തിലെഴുതി.  ആ വർഷംതന്നെ നോവലിന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ടി ഡി രാമകൃഷ‌്ണ (ഫ്രാൻസീസ് ഇട്ടിക്കോര) നൊപ്പം എനിക്കും കിട്ടി.  പൊതുസമൂഹം വിഷയം ഏറ്റെടുത്തു.  ഇന്ന് അരിവാൾരോഗികൾക്ക് പെൻഷനും മറ്റാനുകൂല്യങ്ങളും തിരിച്ചടയ‌്ക്കേണ്ടാത്ത സ്വയംതൊഴിൽ വായ്പയും കിട്ടുമ്പോൾ ആരോരുമറിയാത്ത അഭിമാനമുണ്ടെനിക്ക്.
 
പണിയ സമുദായത്തിന്റെ ഭൂമികൈയേറുന്നതിന്റെ കഥ പറയുന്ന ‘കറുത്ത പുലികൾ ജനിക്കുന്നത്’ എന്ന നോവൽ മുത്തങ്ങാ ഭൂസമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതി. ഡിസി പ്രസിദ്ധീകരിച്ച നോവലിന് ഒ വി വിജയൻ അവാർഡ് ലഭിച്ചു. ഇ പി രാജഗോപാലൻ 2012ലെ മികച്ചനോവലെന്ന് ദേശാഭിമാനിയിൽ എഴുതി. ആ വർഷം  സാമ്പത്തികബുദ്ധിമുട്ട്മൂലം ബിഹാറിലേക്ക് അധ്യാപനജോലിക്ക് പോകേണ്ടിവന്ന എനിക്ക് പുസ്തകത്തിന്റെ പ്രകാശനംപോലും നടത്താൻ കഴിഞ്ഞില്ല. വിൽപ്പനയെ അത‌് ബാധിച്ചു.  ഛത്തീസ്ഗഡും ദന്തേവാഡയുമെല്ലാം നോവലിൽ കൊണ്ടുവരാൻ സഹിച്ച വിഹ്വലതകൾ ചെറുതല്ല. എഴുത്തിന് ശക്തിപകരാൻ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിച്ച് അവടുത്തെ ആദിവാസി ഭൂസമരങ്ങൾ നോവലിലേക്ക് കൊണ്ടുവന്നു.
 
ആ വർഷംതന്നെ ആദിവാസി കുറുമ വിഭാഗത്തിന്റെ മൂപ്പനായ കാപ്പിമൂപ്പന്റെ ഓർമകളുടെ പുസ്തകം ചെയ്തു. നിരവധി പതിപ്പുകൾ ഇറങ്ങിയ ആ പുസ്തകത്തിന്റെ എഴുത്തും അന്വേഷണവും മാസങ്ങളോളം നീണ്ടു. പുൽപ്പള്ളിക്കടുത്ത് പാക്കം എന്ന സ്ഥലത്തെ ആദിവാസിമൂപ്പന്റെ കാടോർമകളുടെ സമാഹാരമാണിത്.
അരിവാൾ ജീവിതം ഇംഗ്ളീഷിലേക്ക് മൊഴിമാറ്റുക എന്നത് വലിയ ആഗ്രഹമായിരുന്നു. ലോകത്താകമാനമുള്ള അരിവാൾരോഗത്തിനെതിരെ പുസ്തകം മുന്നറിയിപ്പാകണമെന്നും ആഗ്രഹിച്ചു. അതിനായി പലരേയും സമീപിച്ചെങ്കിലും വിവർത്തകരുടെ അവഗണന  വെല്ലുവിളിയായി  ഏറ്റെടുത്തു. അങ്ങനെ ആറുവർഷംകൊണ്ട‌് SICKLE LIFE ഞാൻ പൂർത്തിയാക്കി.
 
ബിഹാർ ഓർമകളെ ഞാൻ ചിക്കിയെടുക്കുന്നു. ഗയയിലെ ഫാൽഗുനി നദീതീരത്തുകൂടെ മിക്കദിവസവും നടക്കും. പുഴനിറഞ്ഞ മണലുകാണുമ്പോൾ കേരളത്തെ ഓർക്കും. അതങ്ങനെ പള്ളവീർത്ത് പരന്നുകിടക്കുന്നു. ഇവിടാർക്കും മണൽവേണ്ട. വലിയ വീടുകൾപണിയേണ്ട. ഒറ്റവീട്ടിൽ കൂട്ടമായി താമസിക്കുന്നവർക്കെന്തിന് മണൽ. നേല ഗ്രാമത്തിൽപോയി പലദിവസം ഗ്രാമവാസികൾക്കൊപ്പം താമസിച്ച എന്നെ അവിടുത്തെ മനുഷ്യർ അത്ഭുതപ്പെടുത്തി. ചാറ്റൽ മഴക്കുപോലും വെള്ളപ്പൊക്കമുണ്ടാകുന്ന ഭൂമിക.  വീടിനുള്ളിൽ പശുവിനെകെട്ടുന്നവർ. മൃതശരീരം ബസിനുമുകളിലിട്ട് ഗംഗയിൽ  സംസ‌്കരിക്കാൻ കൊണ്ടുപോകുന്നവർ.  ജാതിവ്യവസ്ഥയും  ജന്മി‐കുടിയാൻവ്യവസ്ഥയും രാഷ്ട്രീയവുമെല്ലാം കൂടിക്കുഴഞ്ഞ ബിഹാർ.  ഗംഗയും  ബോധ‌്ഗയയുമെല്ലാം കണ്ട‌് ബിഹാറിനെ അടുത്തറിഞ്ഞു. കേരളവുമായുള്ള താരതമ്യം എന്നെ അസ്വസ്ഥനാക്കി. അങ്ങനെയാണ്‐ബുദ്ധൻ ചിരിക്കുന്നില്ല‐എന്ന നോവൽ പിറക്കുന്നത്. 

 

പ്രധാന വാർത്തകൾ
 Top