20 March Wednesday

മൂന്നാം കോളത്തിൽ മിന്നുകെട്ട്‌

വിനോദ് പായംUpdated: Sunday Apr 15, 2018

സൂര്യയും ഇഷാനും

 മുമ്പായിരുന്നെങ്കിൽ 'അവൻ' ആ കണിക്കൊന്നപ്പൂ ചാടിപ്പറിച്ചെടുത്തെന്ന് എഴുതാമായിരുന്നു. തലസ്ഥാനത്തെ മ്യൂസിയം കോമ്പൗണ്ടിൽ അതിരിട്ട വലിയ കൊന്നമരത്തിലെ പൂക്കുല 'അവൾ'‐ സൂര്യ‐ ചാടിപ്പറിച്ചെടുത്തു. സൂര്യയുടെ ഇക്ക‐ ഇഷാൻ‐ പ്രണയപൂർവം ആ മഞ്ഞപ്പൂക്കുലയെ നോക്കി. തിളങ്ങുന്ന വെയിലിൽ സൂര്യ നാണം കുണുങ്ങിയായ കൊന്നപ്പൂവായി. അടുത്ത മാസം ദമ്പതികളാകുന്ന ഈ മിഥുനങ്ങളുടെ കൈയിലെന്താണ് ആൺപൂവോ? പെൺപൂവോ? എന്തൊരു ചോദ്യമാണിത്; ഈ പൂക്കളെ നോക്കി നമ്മൾ അതിന്റെ തരം ചോദിക്കാൻ മാത്രം ചെറുതായിപ്പോയോ?

നമ്മുടെ തീർത്തും ചെറുതായൊരു ലോകത്തിൽ വച്ചാണ് അടുത്ത മാസം തിരുവനന്തപുരം മണ്ണന്തലയിലെ സൂര്യയും വള്ളക്കടവ് സ്വദേശി ഇഷാനും വിവാഹിതരാകുന്നത്. ഭിന്നമതസ്ഥർ. വിവാഹച്ചടങ്ങിൽ മതങ്ങൾ ഇടപെടില്ല. മറിച്ച് മാനവികത പൂത്തുലയുന്ന പുതിയ ആചാരങ്ങൾക്ക് അത് തുടക്കമിടും. ട്രാൻസ്ജെൻഡർ എന്ന് പുതുകാലം വിളിപ്പേരു നൽകിയ 'മൂന്നാംകോള'ക്കാരുടെ ജീവിതത്തിൽ മഹത്തായൊരു സംഭവമാകും ഈ പ്രണയികളുടെ വിവാഹം. ആണായി പിറന്ന് നാലുവർഷം മുമ്പ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പെണ്ണായി മാറിയ സൂര്യയും പെണ്ണായി പിറന്ന് മൂന്നുവർഷം മുമ്പ് ആണായി മാറിയ ഇഷാനും തമ്മിൽ ചേരുമ്പോൾ നവ സമൂഹത്തിനും അതൊരു കുതിപ്പാകും തീർച്ച.
 

ഇനിയെത്ര കാലം വെയിലിൽ നിർത്തും

നമ്മളറിയും സൂര്യയെ. മിനി സ്ക്രീനിലെ കോമഡി പരിപാടികളിലെ താരം. പെൺവേഷം കെട്ടാൻ ഇഷ്ടമായതുകൊണ്ടാണ് അവൾ(?) ചാനൽ പരിപാടികളിൽ ആവേശത്തോടെ മേക്കപ്പിട്ടത്. തന്നിലെ വ്യക്തിസത്തയ്ക്കുള്ള അംഗീകാരമായും ഉടൽത്തടവ്‌ ഭേദിക്കാനുള്ള മാർഗമായും സൂര്യ ആ വേഷങ്ങളെ കണ്ടു. ഇത്രമാത്രം 'ഒറിജിനലായ' പെൺവേഷങ്ങളെക്കണ്ട് പ്രേക്ഷകർ ചിരിച്ചുമറിഞ്ഞു. പിന്നെയൊരു നാൾ ശസ്ത്രക്രിയ കഴിഞ്ഞവാറെ താൻ പെണ്ണായി എന്ന ധന്യത അറിഞ്ഞതുമുതൽ സൂര്യ  ചാനലിന്റെ പടിയിറങ്ങി. ഇപ്പോൾ അവൾ പെൺവേഷം കെട്ടുകാരിയല്ല; പെണ്ണുതന്നെ. പെൺ എന്ന കോളത്തിൽ ഒപ്പിട്ടുതുടങ്ങി. അതേ പേരിൽ തെരഞ്ഞെടുപ്പ് കാർഡ് തരപ്പെടുത്തി. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം പെൺ എന്ന കോളത്തിൽ ഒപ്പിട്ട് അവൾക്ക് വിവാഹസർട്ടിഫിക്കറ്റും വാങ്ങാം. പ്രതിശ്രുത വരൻ ഇഷാനാണ് വിവാഹം നിയമപരവും വീട്ടുകാരുടെ ആശീർവാദത്തോടെയും നടത്തണമെന്ന ആഗ്രഹം ഏറെയുണ്ടായിരുന്നത്. ആറുവർഷത്തെ പ്രണയത്തിനൊടുവിൽ അത് സാധിക്കുന്നതിന്റെ ത്രില്ലില്ലാണ്, ഈ യുവമിഥുനങ്ങൾ ആ കൊന്നമരച്ചോട്ടിൽ മഞ്ഞവെളിച്ചം പോലെ ചിരി ചൊരിഞ്ഞത്.
സൂര്യ പറയുന്നു: മറ്റ്‌ ട്രാൻസ്ജൻഡേഴ്സ് സുഹൃത്തുക്കളും  ഇതറിയണം. അവരും ഞങ്ങളെപ്പോലെ വിവാഹത്തിന് മുന്നിട്ടിറങ്ങണം. ഞങ്ങൾക്കും കുടുംബമായി ജീവിക്കണം എന്നാഗ്രഹമുണ്ട്. നിയമപരമായും അല്ലാതെയും ഒന്നിച്ചു ജീവിക്കുന്ന പലരും നമ്മുടെ നാട്ടിലുണ്ട്. അവരെല്ലാം മറനീക്കി പുറത്തുവരണം. അതിനുള്ള സാധ്യതകളിലേക്കാണ് ഞങ്ങളുടെ വിവാഹം തുടക്കം കുറിക്കുന്നത്. മുഖ്യധാരയിൽ ആണും പെണ്ണുമായി ജീവിക്കുന്ന സമൂഹവും മനസ്സിലാക്കണം ഞങ്ങൾക്കും കുടുംബവും കുട്ടികളുമായി ജീവിക്കാൻ കഴിയുമെന്ന്. അതിന് ഞങ്ങളുടെ വിവാഹം പ്രചോദനമാകും. ലിവിങ് ടുഗതറായി ജീവിക്കുന്ന സുഹൃത്തുക്കളെല്ലാം അക്കാര്യം നിയമപരമാക്കണം. അതിനുള്ള അവസരം സർക്കാരും ഉണ്ടാക്കണം. ഞങ്ങൾക്കുമുണ്ട് മനുഷ്യാവകാശം. നിങ്ങൾ പറയുന്ന ആണിനും പെണ്ണിനും മാത്രമല്ല ഇവിടെ ജീവിക്കാൻ അവകാശം. ഞങ്ങൾക്കും തുല്യ അവകാശമുണ്ട്. അപ്പോൾ ഞങ്ങളെ എന്തിന് ഈ വെയിലിൽ മാറ്റി നിർത്തുന്നു? ഞങ്ങളുടെ പ്രണയത്തെ, വിവാഹത്തെ, കുടുംബത്തെ  മാറ്റി നിർത്തുന്നു? സൂര്യയുടെ ഈ ഉറച്ച ചോദ്യങ്ങൾക്ക് ഇപ്പോൾ സമൂഹത്തിന്റെ കൂടി പിന്തുണയുണ്ട്. അതുകൊണ്ടാണവൾ ഡിവൈഎഫ്ഐ പിഎംജി യൂണിറ്റ് പ്രസിഡന്റായത്. അതുകൊണ്ടു തന്നെയാണ് സംസ്ഥാന ട്രാൻസ്ജൻഡേഴ്സ് ജസ്റ്റിസ് ബോർഡ്അംഗമായതും ഭിന്ന ലൈംഗികരുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാനമൊട്ടുക്കും പ്രവർത്തിക്കുന്നതും. ഇഷാൻ തിരുവനന്തപുരം ജില്ലാ ട്രാൻസ്ജൻഡേഴ്സ് ജസ്റ്റിസ് ബോർഡ്അംഗമാണ്.
 

നിങ്ങളും വേഷം കെട്ടുകാർ

ചുവന്ന കാഞ്ചിപുരം മോഡലിലുള്ള സാരി ചുറ്റി, ചെമ്പിച്ച മുടിക്കൂട്ടത്തിൽ നിന്നൊരുപിടി മുന്നിലിട്ട്, കുങ്കുമനിറമുള്ള ലിപ്സ്റ്റിക് ഇടയ്ക്കിടെ കർച്ചീഫു, കറുത്തൊരു വാനിറ്റി ബാഗും തൂക്കിവരുന്ന സുര്യയെ വേഷം കെട്ടുകാരിയെന്നാണ് നമ്മൾ വിളിക്കുന്നത്. അതിനും ഈ 'വേഷംകെട്ടുകാരി' തന്നെ മറുപടി പറയട്ടെ: ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുന്നത്, മുഖത്ത് പൗഡറിടുന്നത്, ലിപ്സ്റ്റിക്കിടുന്നത് ഞങ്ങൾ ചെയ്യുമ്പോൾ മാത്രമെന്താണ് നിങ്ങൾ ഇങ്ങനെ തുറിച്ചുനോക്കുന്നത്? കളിയാക്കി ചിരിക്കുന്നത്? നിങ്ങളും വേഷം കെട്ടി നടക്കുന്നില്ലേ? ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചല്ലേ നിങ്ങൾ നടക്കുന്നത്. എവിടെയെങ്കിലും ചിലർ ട്രാൻസ്ജൻഡേഴ്സ് മോശം സ്വഭാവം കാണിച്ചാൽ, ഞങ്ങൾ ആകെ എങ്ങനെ കുറ്റക്കാരാകും? ആൺ, പെൺ എന്ന് വേർതിരിഞ്ഞ് നടക്കുന്ന നിങ്ങളിലുമില്ലേ മോശം സ്വഭാവക്കാർ, അക്രമികൾ, മകളെ പീഡിപ്പിക്കുന്ന അച്ഛന്മാർ...
ഞങ്ങൾ കഠിനാധ്വാനം ചെയ്ത് ജീവിക്കുന്നവരാാണ്. സ്റ്റേജ് ഷോ, മിമിക്രി, ഡാൻസ് പോലുള്ള പരിപാടികൾ നടത്തി കഷ്ടപ്പെട്ടാണ് ഞാനൊക്കെ ജീവിക്കുന്നത്. ഇപ്പോൾ എനിക്ക്  കിട്ടുന്ന അംഗീകാരം ഞാൻ കഷ്ടപ്പെട്ട് സമൂഹത്തിൽനിന്നു പിടിച്ചു വാങ്ങിച്ചതാണ്.  ഞങ്ങളുടെ വിവാഹവും അത്തരത്തിൽ സമൂഹത്തിനോട് ബലമായി പിടിച്ചുവാങ്ങുന്ന ഒന്നാണ്. ഞങ്ങൾ ഭിന്നലിംഗക്കാർക്ക് കുടുംബം, മക്കൾ, അന്തസ്സാർന്ന ജീവിതം ഒക്കെ ഉണ്ടാകും എന്ന് ഞങ്ങൾ കാണിച്ചുകൊടുക്കുകയാണ്.
വിവാഹം എന്നൊക്കെ പറയുമ്പോൾ അതെങ്ങനെ എന്നാണ് ചിലർ നെറ്റി ചുളിക്കുന്നത്്. എന്തുകൊണ്ട് പറ്റില്ല, ഞങ്ങളെ വ്യക്തികളായി കാണൂ. ഞങ്ങളുടെ അവയവത്തേയോ ഞങ്ങളുടെ സൗന്ദര്യത്തേയോ അല്ല നിങ്ങൾ പരിഗണിക്കേണ്ടത്, ഞങ്ങളെ വ്യക്തികളായി പരിഗണിക്കൂ. ഞങ്ങളെ വ്യക്തികളായി പരിഗണിക്കാത്ത കാലമുണ്ടായിരുന്നു. ജാതി, മതം, നിറം ഒക്കെയായി പരിഗണിച്ചിരുന്ന അന്നത്തെ കാലമൊക്കെ കഴിഞ്ഞുപോയ പോലെ, ഞങ്ങളെ അവഗണിച്ചിരുന്ന കാലവും കൊഴിഞ്ഞേ പോകും. 
സംസാരിച്ചതെല്ലാം സൂര്യയായിരുന്നു. അപ്പോഴും, അവൾ ഇക്ക എന്ന് വിളിക്കുന്ന ഇഷാൻ പക്ഷേ, സൗമ്യനായി സൂര്യയോട് ചേർന്നിരുന്നു. മാർക്കറ്റിങ്് മേഖലയിലായിരുന്ന ഇഷാൻ 2015ലാണ് ഹൈദരാബാദിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണായത്. കല്യാണം കഴിഞ്ഞ് ബിസിനസ് സജീവമാക്കണമെന്നാണ് ഇഷാന്റെ ആഗ്രഹം. ഭിന്നലിംഗജീവിതത്തിന്റെ സ്വത്വം ഉറപ്പിക്കുന്നത് താൻ ഏതു ലിംഗക്കാരനാണെന്ന് തെളിയിക്കുന്നിടത്താണ്. സങ്കീർണമായ ശസ്ത്രക്രിയയാണ് ഇതിനുവേണ്ടത്. കേരളത്തിൽ ഇപ്പോൾ ലിംഗമാറ്റ ശസ്ത്രക്രിയ അത്ര പ്രചാരത്തിലില്ല. മറ്റുസംസ്ഥാനങ്ങളിൽ ഈ ശസ്ത്രക്രിയക്ക് രണ്ടുലക്ഷത്തിലധികം രൂപ ചിലവിടണം. കേരളത്തിൽ ഇത്തരം ചികിത്സകൾ സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കണമെന്നാണ് ആഗ്രഹം. അത്തരം ശ്രമങ്ങൾ സംസ്ഥാന സർക്കാർ സാമൂഹ്യ നീതിവകുപ്പിന്റെ ഭാഗമായി നടത്താനുള്ള ശ്രമത്തിലാണ് ഞങ്ങൾ‐ സൂര്യ വാചാലയായി.
സംസാരിക്കുന്നതെല്ലാം സൂര്യയാണല്ലോ? എന്തിനാണ് മൗനിയായിരിക്കുന്നത്‐ സൂര്യ തുടർന്നു. നമ്മൾക്ക് ഉറക്കെ പറയാനുള്ളതെല്ലാം പറയേണ്ടി വരും. ഏതുതരം കുടുംബങ്ങളിലാണ് നമ്മൾ ജീവിക്കുന്നത്. ഭർത്താവ് തല്ലിയാൽ പോലും അത് കുഴപ്പമില്ല എന്നു പറയുന്ന സ്ത്രീകളല്ലെ ഇവിടെയുള്ളത്. എന്തിനടിച്ചു എന്ന ചോദ്യം ഉയർന്നുവരുന്നിടത്താണ് തുല്യത വരുന്നത്. 
 

നടനം, മിമിക്രി... ഇനി സംവിധായിക

ഇപ്പോൾ ആൾക്കൂട്ടങ്ങളിൽ അവൾ ഏറെ സ്വീകാര്യയാണ്. പോകുന്നിടത്തെല്ലാം ആരാധകർ സെൽഫിക്കായി തിരക്കുകൂട്ടും.  പരിചയപ്പെടാൻ വരും. പൊരുതി നേടിയതാണ് ഈ അംഗീകാരം.പതിനഞ്ചു കൊല്ലം മുമ്പാണ് പെൺവേഷം കെട്ടി അരങ്ങിലെത്തിയത്. പിന്നീട്  കോമഡി പരിപാടികളിൽ സ്ഥിരം പെൺവേഷം. അത് ഹിറ്റായപ്പോൾ എന്നെപ്പോലുള്ളവർക്ക് അത് ഏറെ ആശ്വാസമായി. സ്ത്രീവേഷമഴിച്ച് സാക്ഷാൽ സ്ത്രീയായതോടെ ചാനൽ വിട്ടു. ഇപ്പോൾ സ്റ്റേജ് ഷോയും കോമഡി പരിപാടികളും നിറയെ. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലെ മാത്രമല്ല, അമേരിക്കയിലും ഉഗാണ്ടയിലും ഗൾഫ് രാജ്യങ്ങളിലും നിരവധി സ്റ്റേജുകളിൽ പരിപാടി അവതരിപ്പിച്ചു.
കല്യാണം കഴിഞ്ഞാൽ ഇക്ക ഇനി കൂടെ പരിപാടിക്കെല്ലാം വരേണ്ടി വരുമല്ലേ? ചോദ്യത്തിന് മറുപടിയായി ഇഷാൻ കൂമ്പിയൊരു ചിരി ചിരിച്ചു. നാണത്താൽ വിളറിയപ്പോൾ സൂര്യ തുടർന്നു‐ കുടുംബകാര്യങ്ങൾ നോക്കണം, അതോടൊപ്പം സിനിമാ സംവിധായികയാകണം.  സ്റ്റേജ് പരിപാടികളൊക്കെ നല്ലതുതന്നെ. എന്റെ അത്യന്തികമായ ആഗ്രഹം സിനിമാസംവിധായിക ആകണമെന്നാണ്. എന്നെ ഇങ്ങനെ നിർഭയമായി വാചാലയായി സംസാരിക്കാൻ പഠിപ്പിച്ചതും കലാപ്രവർത്തനമാണ്. പത്താം ക്ലാസുവരെ മാത്രമെ പഠിച്ചിട്ടുള്ളൂ. തുല്യതാ പരീക്ഷയിൽ രജിസ്റ്റർ ചെയ്ത് തുടർപഠനത്തിലാണ്. ഇഷാൻ പ്ലസ്ടുവിനും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സൂര്യയും ഇഷാനും പഠിക്കട്ടെ; പുതിയ അധ്യായങ്ങളിലേക്ക് കടക്കുന്ന ഇവരുടെ ജീവിതപുസ്തകത്തിൽനിന്ന് നമുക്കുമുണ്ട്‌ പഠിക്കാൻ. നല്ല അവനോ അവളോ ആയ നമ്മൾ അവരുടെ ഇനമേതെന്ന് ചോദിക്കാതെ മനുഷ്യനെന്ന സുന്ദരപദം ചൊല്ലാൻ എത്രമേൽ പഠിക്കണം?
 
vinodpayam@gmail.com
പ്രധാന വാർത്തകൾ
 Top