25 April Thursday

ആത്മകഥയില്‍ മിന്നുന്ന രക്തനക്ഷത്രം

അനില്‍കുമാര്‍ എ വിUpdated: Sunday May 13, 2018

 കാലദൗത്യം ഏറ്റെടുത്ത മനുഷ്യർ നടത്തുന്ന ഒത്തുതീർപ്പില്ലാത്ത സമരങ്ങളിൽ ഒഴുകിവീണ ചോരയാലാണ് ചരിത്രം  രചിക്കപ്പെട്ടിരിക്കുന്നത്. അതിലെ പങ്കാളിത്തം സ്വജീവൻകൊണ്ട് സാക്ഷ്യപ്പെടുത്തിയവർ രക്തസാക്ഷികൾ. പിന്തിരിപ്പന്മാർക്കു വേണ്ടിയുള്ള മരണം പക്ഷിത്തൂവലിനേക്കാൾ നിസ്സാരവും ജനങ്ങൾക്കുവേണ്ടിയുള്ള രക്തസാക്ഷിത്വം പർവതങ്ങളേക്കാൾ ഉന്നതവുമാണെന്ന് പറയാറുണ്ട്. മരണത്തോടെ ഏകാധിപതിയുടെ ഭരണം അവസാനിക്കുമെങ്കിൽ രക്തസാക്ഷിയുടേത് ആരംഭിക്കുന്നേയുള്ളൂവെന്ന പ്രയോഗം  ഓർമപ്പെടുത്തുന്നതാണ് മൊയാരത്ത് ശങ്കരന്റെ  വിയോഗം. രാഷ്ട്രീയത്തിലെ സർഗാത്മക പ്രതിഭാ കോൺഗ്രസ് നേതാവ്, സോഷ്യലിസ്റ്റ് പോരാളി, കമ്യൂണിസ്റ്റ് വിപ്ലവകാരി, ആദ്യകാല തൊഴിലാളി കർഷക ബഹുജന സംഘാടകൻ എന്നിങ്ങനെയെല്ലാം ശ്രദ്ധേയനായി അദ്ദേഹം. 

മൊയാരത്തിന്റെ  ആത്മകഥ രാധിക പി മേനോൻ വിവർത്തനം ചെയ‌്‌ത‌് ‘മൊയാരത്ത് ശങ്കരൻ: ഓട്ടോബയോഗ്രഫി ഓഫ് എ ഫ്രീഡംഫൈറ്റർ ആൻഡ് മാർടിയർ’ എന്ന ശീർഷകത്തിൽ ചിന്ത പ്രസിദ്ധീകരിച്ചത് പ്രാദേശിക ചരിത്രത്തെ മറ്റൊരു വിതാനത്തിലേക്ക് ഉയർത്തുന്നു. ആമുഖത്തിൽ കെ എൻ പണിക്കർ ആ സംഭാവനകളിലേക്ക് കൃത്യമായി കടക്കുന്നുണ്ട്. കോഴിക്കോട് കടപ്പുറത്ത്  നിസ്സഹകരണ പ്രസ്ഥാനത്തിലെ വീരോചിത പങ്കാളിത്തം വിവരിക്കുന്നതോടെ ഒരു വിശദീകരണവും നൽകാതെ ആത്മകഥ അവസാനിപ്പിക്കുന്നു. തുടർന്ന‌് ഒന്നരപ്പതിറ്റാണ്ടിലധികം ജീവിച്ചെങ്കിലും ആ മൗനം പൂരിപ്പിക്കപ്പെട്ടില്ല. മറ്റ് സ്വാതന്ത്ര്യപോരാളികളുടെ ആത്മകഥകളിൽനിന്ന് മൊയാരത്തിന്റേത‌്  വിഛേദം കുറിച്ചത് അതിൽ  പ്രാദേശിക സമരങ്ങൾ ഇരമ്പിമറിയുന്നുവെന്ന നിലയിലാണ്.  
ചൊക്ലി വില്ലേജിൽ തൈപള്ളി കുങ്കുക്കുറുപ്പിന്റെയും ചിരുതയമ്മയുടെയും  മകനായി  1885 ആഗസ‌്തിലാണ് ശങ്കരൻ പിറന്നത്.  സാമ്പത്തികമായി മെച്ചമല്ലായിരുന്നു ഈ സവർണകുടുംബം. ബാല്യം   അമ്മാവന്മാരുടെ സംരക്ഷണത്തിൽ. പാനൂർ മിഷൻ കോളേജിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തലശേരി ബിഇഎംപിയിൽ പഠിക്കവെ ജാതിമേധാവിത്തത്തെ വെല്ലുവിളിച്ചു. പതിനാലാം വയസ്സിൽ  അംശം അധികാരിയുടെ   ദുഷ‌്‌പ്രവൃത്തികളെ ചോദ്യംചെയ്തത്  സംസാര വിഷയമായി. 1906ൽ ശ്രീനാരായണ ഗുരുവിനെയും കുമാരനാശാനെയും കണ്ടത് വഴിത്തിരിവായി. സാഹിത്യത്തിൽ അതീവ താൽപ്പര്യം കാട്ടിയ  ശങ്കരൻ ചൊല്ലിയ ശ്ലോകങ്ങൾ കേട്ട് ആശാൻ  അഭിനന്ദിച്ചു. ഡോക്ടറാവുകയെന്ന മോഹം സഫലമാക്കാൻ  പണം കണ്ടെത്താനായി പുറക്കാട് സ‌്‌‌കൂളിൽ അധ്യാപകനായി. കൽക്കത്ത നാഷണൽ മെഡിക്കൽ കോളേജിലെത്തി. 
ചെലവിന‌്  പണം കണ്ടെത്താൻ ‘ഇംഗ്ലീഷ് മെൻ’  പത്രത്തിൽ പ്രൂഫ് റീഡറായി. കൊൽക്കത്ത മലയാളി സമാജം സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. വിപ്ലവപ്രസ്ഥാനങ്ങളുമായുള്ള  അടുപ്പം ചിന്തകളെ മാറ്റി. പൊലീസ് നിരീക്ഷണം മുറുകിയപ്പോൾ അമ്മയ‌്ക്ക് രോഗമാണെന്നു പറഞ്ഞ്   സുഹൃത്തുക്കൾ പറഞ്ഞയച്ചു. അങ്ങനെ ദേശീയപ്രസ്ഥാനത്തിലേക്ക്.  ജന്മി നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായ  സമരങ്ങൾ. മർദനങ്ങളും  ദീർഘകാല ജയിൽവാസവും. എല്ലാം  കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്. 
 
ജയിൽമോചിതനായപ്പോഴേക്കും  കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി രൂപീകരണശ്രമങ്ങൾ. മലബാറിൽ കർഷകരെ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. കമ്യൂണിസ്റ്റായതോടെ  കടുത്ത മർദനങ്ങൾക്കിരയായി.  രണ്ടാംലോകയുദ്ധം തുടങ്ങിയപ്പോൾ ബ്രിട്ടൻ ഇന്ത്യയെ  അതിലേക്ക് വലിച്ചിഴച്ചു. ആ നയത്തിനെതിരെ രംഗത്തിറങ്ങാൻ  ഇടതുപക്ഷ കെപിസിസിയുടെ  ആഹ്വാനം. ചെർപ്പുളശേരിയിൽ  പ്രസംഗിച്ചതിന് രാജ്യരക്ഷാ നിയമപ്രകാരം വാറണ്ട്. മൊയാരം ഒളിവിൽ പോയി.  
പത്രപ്രവർത്തനം, വിവർത്തനം, ചരിത്രം, സാഹിത്യം, നാടകം  തുടങ്ങിയ തുറകളിലും  തിളങ്ങി.  കേരളസഞ്ചാരി  ആയിരുന്നു പ്രധാന തട്ടകം.1923ൽ വിവേകാനന്ദന്റെ കത്തുകൾ പരിഭാഷപ്പെടുത്തി പുസ‌്തകമാക്കി.     മലയാളത്തിലാദ്യം കോൺഗ്രസ് ചരിത്രം എഴുതിയതും അദ്ദേഹം. അവതാരിക കേസരി ബാലകൃഷ്ണപിള്ളയുടേത്. എന്റെ ജീവിതം ‌എന്ന ആത്മകഥയും  പെൺകിടാവിന്റെ തന്റേടം എന്ന നോവലും കൂടാതെ  മോത്തിലാൽ നെഹ്റു, ലാലാ ലജ്പത് റായ്, ദേശബന്ധു സി ആർ ദാസ് എന്നിവരുടെ ജീവചരിത്രങ്ങളും രചിച്ചു.  
കോൺഗ്രസിന്റെയും സോഷ്യലിസ്റ്റ് ധാരയുടെയും മുൻനിരയിൽനിന്ന മൊയാരത്ത് വർഗപ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ഉജ്വല  പങ്കാണ് വഹിച്ചത്.  കോൺഗ്രസ് ഭടനായി സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലൂടെ വളർന്ന മൊയാരത്തിനെ   പുത്തൻ വരേണ്യർക്ക്  സ്വീകാര്യമായില്ല.  കോൺഗ്രസ് കുറുവടി സംഘം മർദിച്ച് ജീവച്ഛവമാക്കുകയായിരുന്നു.  ജന്മി ബൂർഷ്വാ രാഷ്ട്രീയത്തിന് ബദലായി   തൊഴിലാളിവർഗത്തെയും അധ്വാനിക്കുന്ന ബഹുജനങ്ങളെയും  സ്വതന്ത്ര ശക്തിയായി വളർത്താനുള്ള ത്യാഗനിർഭര പ്രയത്നങ്ങൾക്കിടയിലാണ്   രക്തസാക്ഷിത്വം. 1948 മെയ് 11ന് കോയ്യോട്ട് ഭാര്യവീട്ടിലേക്ക് പോകുകയായിരുന്നു. എടക്കാട് റെയിൽവേ സ്റ്റേഷനിലിറങ്ങിയപ്പോൾ 'ദേശരക്ഷാസമിതി'യുടെ മറവിൽ പ്രവർത്തിച്ച കോൺഗ്രസുകാർ  പിടികൂടി തല്ലിച്ചതച്ചു. ഗുണ്ടാപ്പടയ്ക്കൊപ്പം  സായുധ പൊലീസും. ജീവഛവമാക്കി കണ്ണൂർ പൊലീസ് സ്റ്റേഷനിലേക്ക്. ലോക്കപ്പിൽ കൊടിയ മർദനം. കഴുത്തും കൈകാലുകളും ഒടിഞ്ഞു.  തുടർന്ന‌് സെൻട്രൽ ജയിലിലേക്ക്.  മെയ് 13ന്  രക്തസാക്ഷിയായി. ബന്ധുക്കളെ മൃതദേഹം    കാണാൻ പോലും അനുവദിച്ചില്ല.  ജയിൽവളപ്പിൽ അനാഥശവം പോലെ മറവുചെയ്തു.
ഈ കൃതിയിലെ ഏറ്റവും വൈകാരികമായ ഉള്ളടക്കങ്ങളിലൊന്ന് മകൻ ജനാർദനന്റെ ബാല്യകാല സ്മൃതി. മൊയാരത്ത് രക്തസാക്ഷിയാകുമ്പോൾ ജനാർദനന് ആറു വയസ്സ് തികഞ്ഞിരുന്നില്ല.   അമ്മയുടെ ഓർമകളും അവരുടെ കണ്ണീരുമാണ് പിന്നീടെങ്കിലും ആ വിയോഗം അറിയിച്ചത്. എ കെ ജി പങ്കെടുത്ത യോഗത്തിൽ പുഷ്പഹാരം ചാർത്താൻ നിയോഗിതനായതും ഖദർധാരിയായ അധ്യാപകൻ ഹെഡ്മാസ്റ്ററുടെ മുന്നിൽ കൊണ്ടുപോയി പതിഞ്ഞ സ്വരത്തിൽ എന്തോ പറഞ്ഞതും കണ്ണൂരിൽ നടന്ന കർഷക സമ്മേളനത്തിൽ ‘വിധവയുടെ കണ്ണുനീർ' കവിതയെഴുതിയ പൊൻകുന്നം ദാമോദരൻ അമ്മയോട് ആദരപൂർവം സംസാരിച്ചതുമൊക്കെയാണ് ആ സ്കൂൾ കുട്ടിയുടെ മനസ്സിൽ അച്ഛനെ കൊലപ്പെടുത്തിയതിന്റെ യാഥാർഥ്യം ഉറപ്പിച്ചത്. മൊയാരം ജയിലിലായപ്പോൾ ഭാര്യക്കും കുടുംബാംഗങ്ങൾക്കും അയച്ച കത്തുകളിൽ കുറച്ചെണ്ണെമേ സംരക്ഷിക്കപ്പെട്ടുള്ളൂ. അതിലൂടെയുള്ള സഞ്ചാരങ്ങളും ജനാർദനന്റെ ഹൃദയത്തിൽ ഒരു കാലഘട്ടം പൂരിപ്പിക്കുകയായിരുന്നു. കമ്യൂണിസ്റ്റുകാരെ നാടാകെ തല്ലിക്കീറുന്നതിനെക്കുറിച്ച് ഭാര്യ സംശയമുയർത്തിയപ്പോൾ താൻ പഴയ കോൺഗ്രസായതിനാൽ ഒഴിവാക്കുമെന്നായിരുന്നു മറുപടി. എന്നാൽ, സമാധാനത്തിന്റെ വെള്ളരിപ്രാവുകളെന്ന് മേനി നടിച്ചവർ വെറുതെവിട്ടില്ല. അച്ഛന്റെ മരണശേഷം അമ്മയുടെ നിത്യജീവിതം അതീവ ദുഷ‌്‌കരമായി. അവസാന കത്തിൽ ഭർത്താവ് നിർദേശിച്ച പ്രകാരം പശുക്കളെയും  ആടുകളെയും കോഴികളെയും വളർത്തി കുട്ടികളെ പോറ്റാൻ പാടുപെടുകയും ചെയ്തു. അന്ത്യ നിമിഷങ്ങളിൽ ധരിച്ച രക്തക്കറ പുരണ്ട വസ്ത്രങ്ങൾ മാത്രമായിരുന്നു സമ്പാദ്യമെന്ന ജനാർദനന്റെ വാക്കുകൾ കണ്ണീരോടെ മാത്രമേ വായിച്ചു തീർക്കാനാകൂ. മൊയാരത്തിന്റെ ഭാര്യ ചിന്നമ്മു അമ്മ കമ്യൂണിസ്റ്റ് പാർടിയിലും മഹിളാ പ്രസ്ഥാനത്തിലും പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കർഷക പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് 15 ദിവസം ജയിൽ ശിക്ഷയും 
അനുഭവിച്ചു. ആ നാളുകളിൽ ഭർത്താവിനെ  സംസ‌്കരിച്ച സ്ഥലം കാണാൻ ഏറെ ആഗ്രഹിക്കുകയുമുണ്ടായി.  ഈ ആത്മകഥ വ്യത്യസ്തമായ സ്ത്രീപക്ഷ വായനയും ആവശ്യപ്പെടുന്നുണ്ട്. പരിഭാഷയെക്കുറിച്ചുകൂടി പറയാതിരിക്കാനാകില്ല. പദാനുപദ വിവർത്തനത്തിലുപരി ചോരയോട്ടമുള്ള ഭാഷയിലൂടെ സമരതീക്ഷ്ണമായ കാലഘട്ടത്തെ ആഴത്തിൽ അനുഭവിപ്പിക്കുകയാണ് രാധിക പി മേനോൻ. 
മിശഹമ്റയശ@ഴാമശഹ.രീാ
പ്രധാന വാർത്തകൾ
 Top