ഏതു വിശേഷണത്തിലാണ് സുബ്രഹ്മണ്യ ഭാരതിയെ ഒതുക്കാനാകുക? സ്വാതന്ത്ര്യസമര പോരാളിയെന്നോ സാമൂഹ്യ പരിഷ്കർത്താവെന്നോ ദേശീയ കവിയെന്നോ? തമിഴകത്തിന്റെ രാഷ്ട്രീയത്തെയും കവിതയെയും സംസ്കാരത്തെയും ഒരുപോലെ സ്വാധീനിച്ച മറ്റൊരു പ്രതിഭയുണ്ടോ എന്ന് സംശയം. സ്വസമുദായത്തിലെ അനീതികൾക്കെതിരെ പൊരുതി അദ്ദേഹം. സ്ത്രീകളുടെയും അധഃസ്ഥിതരുടെയും ന്യൂനപക്ഷങ്ങളുടെയും വിമോചനത്തിനുവേണ്ടിയാണ് ഭാരതിയാർ പ്രസംഗിച്ചതും എഴുതിയതുമെല്ലാം. കൃത്യം നൂറാണ്ടുമുമ്പ്, 1921 സെപ്തംബർ 11ന് അന്തരിച്ച സുബ്രഹ്മണ്യ ഭാരതിയെ കവിയും ഗാനരചയിതാവുമായ വൈരമുത്തു അനുസ്മരിക്കുന്നു
ഒരു മഹാകവിയുടെ ശരീരത്തെ തീ തിന്നിട്ട് നൂറ് വർഷം കഴിഞ്ഞുപോയി. കാലമെന്ന വ്യാമോഹക്കടലിൽ കലർന്നവസാനിച്ച വർഷനദികൾ. ഭാരതിയുടെ സമകാല സഖാക്കളും പ്രവർത്തകരും നേതാക്കളും പഞ്ചഭൂതങ്ങളുമായി ഐക്യമായി കഴിഞ്ഞു. എങ്കിലും ഭാരതിയുടെ കവിതയുടെ ജീവനെ നശിപ്പിക്കാൻ പഞ്ചഭൂതങ്ങൾക്കാകില്ല. കാരണം ഭാരതിയുടെ കവിതകൾ കാലത്തിന്റെ അനശ്വരതയാണ്. ഭാവനയെ കുറച്ചൊന്ന് തൊട്ട സത്യങ്ങളാണ്. അവ ജീവിച്ചത് ശരീരത്തോട് ചേർന്നല്ല. സത്യത്തോട് ചേർന്നാണ്.
ഒരു നല്ല കവിത എന്നത്, പഴയത് പുതിയത് എന്ന കാലത്തിന്റെ അളവുകോലുകൾക്കപ്പുറമാണ്. കാറ്റ് പഴയതാണെങ്കിലും ഉള്ളിലേക്കെടുക്കുമ്പോൾ ജീവിക്കാനുള്ള കഴിവ് ഉറവയെടുക്കുന്നതുപോലെ, സൂര്യൻ പഴയതാണെങ്കിലും അതിന്റെ കിരണങ്ങൾ ചെന്ന് ഇക്കിളിപ്പെടുത്തുമ്പോഴൊക്കെ താമരമൊട്ടുകളുടെ കെട്ടഴിയുന്നതുപോലെ, എഴുതി നൂറ്റാണ്ടുകൾ കഴിഞ്ഞശേഷവും അഗ്നിനാളങ്ങളുടെ ആവേശത്തോടെ ഭാരതിയുടെ ഗാനങ്ങൾ തുടിക്കുന്നു.
വള്ളുവരെപ്പോലെ സാർവത്രികതയോ ഇളങ്കോവടികളെപ്പോലെ കാവ്യപ്പെരുമയോ, കമ്പനെപ്പോലെ നാടകീയ അർഥഭംഗിയോ ഭാരതിക്ക് ലഭിച്ചിട്ടില്ലെങ്കിലും ഭാരതിയെ അവരുടെ നിരയിൽത്തന്നെ നിർത്തി ആസ്വദിക്കാൻ കാലം മടിച്ചില്ലല്ലോ. എന്തുകൊണ്ട്?
ഭാഷകൊണ്ട് തന്റെ ആവശ്യങ്ങളെ നിറവേറ്റുന്നവനാണ് കവി. ഭാഷകൊണ്ട് കാലത്തിന്റെ ആവശ്യങ്ങളെ നിറവേറ്റുന്നവനാണ് മഹാകവി. ഭാരതി മഹാകവിയാണ്. ഭാരതി ജനിക്കുമ്പോൾ കാലത്തിൽ രണ്ട് ശൂന്യ ഇടമുണ്ടായിരുന്നു. ഒന്ന് ഭാഷ. രണ്ട് സമൂഹം. ആ രണ്ട് ശൂന്യ ഇടങ്ങളിലും തന്റെ മുപ്പത്തൊമ്പത് വർഷത്തെ മുഴുവനുമായും ഉരുക്കിയൊഴിച്ച് നിറയ്ക്കാൻ ശ്രമിച്ച കവി എന്ന ചരിത്രം തമിഴിൽ വേറൊരു കവിക്കും കിട്ടിയിട്ടില്ലെന്നതു തുറന്ന സത്യം.
ഭാരതി പിറന്ന കാലഘട്ടത്തിൽ കാമക്കിടക്കയിൽ ദയനീയമായ അവസ്ഥയിലായിരുന്നു തമിഴ് കവിത. ഇങ്ങനെ ഇരുണ്ട് കിടന്നിരുന്ന ഭാഷയ്ക്ക് നവകവിത വേണമെന്ന് ചിന്തിക്കുന്നു ഭാരതി. കവിത വിളക്കുപോലെ ജ്വലിക്കണമെങ്കിൽ അതിന്റെ സ്വാദും അർഥവും സമ്പന്നതയും ചൊല്ലും പുത്തം പുതിതായ് പ്രകാശിക്കണമെന്ന തീരുമാനത്തോടെ ഭാരതി ധൈര്യപൂർവം ഇറങ്ങുന്നു.
ഭാരതി കവിതകളുടെ പരപ്പും ആഴവും അറിയണമെങ്കിൽ ആ കാലഘട്ടത്തെയും നമ്മൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ചെറിയ ചെറിയ നാട്ടുരാജ്യങ്ങളായി, പാളയങ്ങളായി, സംസ്ഥാനങ്ങളായി, ജമീന്ദാർമാരുടെ കീഴിലായി കീറിക്കിടന്നിരുന്ന ദേശത്തെ തന്റെ വാൾമുനകൊണ്ട് വെള്ളക്കാരൻ തയ്ക്കുകയാണ്,- ഭരണസൗകര്യത്തിനുവേണ്ടി.
1853 ജൂൺ 25ന് ന്യൂയോർക്ക് ഡെയ്ലി ട്രൈബ്യൂണിൽ കാൾ മാർക്സ് എഴുതി: ‘ഹിന്ദുസ്ഥാനിൽ ആഭ്യന്തര പോരാട്ടങ്ങളും പടയോട്ടവും വിപ്ലവങ്ങളും ആക്രമണങ്ങളും ക്ഷാമവും അടുത്തടുത്തായി സംഭവിച്ചു എന്നത് സത്യമാണ്. അവയൊക്കെ സമൂഹത്തിന്റെ മുകൾപ്പരപ്പിനെ മാത്രമേ ബാധിച്ചിട്ടുള്ളൂ. പക്ഷേ, ഇംഗ്ലണ്ട്, ഇന്ത്യൻ സമൂഹത്തിന്റെ മൊത്തം ഘടനയെയും തകർത്തുകളഞ്ഞു. അതിന്റെ പണ്ടുപണ്ടേയുള്ള എല്ലാ പാരമ്പര്യങ്ങളിൽനിന്നും, കഴിഞ്ഞകാല ചരിത്രത്തിൽനിന്നും മുഴുവനായും മുറിച്ചുകളഞ്ഞു.’
ഇതുകഴിഞ്ഞ് അഞ്ച് വർഷത്തിനുശേഷമാണ് എട്ടയപുരത്ത് ഭാരതി എന്ന അഗ്നിക്കുഞ്ഞ് കൺതുറക്കുന്നത്. അവൻ വളർന്നപ്പോൾ, ബുദ്ധിയിൽ വെയിലടിച്ചപ്പോൾ, അവന്റെ ചൂണ്ടുവിരലിനും തള്ളവിരലിനും നടുവിൽ തമിഴ് കെട്ടിയിടപ്പെട്ടപ്പോൾ അവന്റെ ചെവിയിൽ വീഴുന്നു കാലത്തിന്റെ അശരീരി: മകനേ! ജ്വലിക്കുന്ന നവകവിത എഴുതി തമിഴിനെ ഉണർത്തൂ. ദേശീയംകൊണ്ട് ദേശത്തെ ഉണർത്തൂ. ഈ രണ്ട് ആജ്ഞയ്ക്ക് കീഴ്പ്പെട്ട് തന്റെ ജീവിതത്തെയും ഉയിരിനെയും തേച്ചുകളഞ്ഞതാണ് ഭാരതി എന്ന ചെറുജീവിതത്തിന്റെ വലിയ ചരിത്രം.
ഭാരതം, സ്വാതന്ത്ര്യം, ദേശീയം എന്നീ മൂന്ന് വാക്കുകളെ ഭാരതി കൈകാര്യം ചെയ്യുമ്പോൾ അതുവരെ കേൾക്കാത്ത ധ്വനിയിൽ തമിഴ് ഭാഷ സംസാരിക്കാൻ ആരംഭിക്കുന്നു.
ഭാരതനാട് പഴംപെരും നാട്
നീരതൻ പുതൽവൻ–- ഇന്ത
നിനൈവകറ്റാതീർ
എങ്കൾ ഭാരത ദേശമെൻട്രു
തോൾ കൊട്ടുവോം
എന്താണോ എഴുതിയത് അതേപോലെ ജീവിക്കുകയും, ജീവിച്ച ജീവിതത്തെ എഴുതുകയും ചെയ്തവനായിരുന്നു ഭാരതി.
പാതകം ശെയ്തവരയ് കണ്ടാൽ
നീ ഭയം കൊള്ളലാഹാത്...
എന്നെഴുതിയ ഭാരതി അതിനെ പ്രകടിപ്പിക്കുകയും ചെയ്തു.
മഹാകവി ഭാരതിയാണ് ദേശത്തിന്റെ തെരുവിലേക്ക് ദൈവത്തെ കൊണ്ടുവന്നത്. കാളി എന്ന ദൈവത്തെ ‘എടി’ എന്ന് വിളിക്കുന്നു.
‘ശൊല്ലടി ശിവശക്തി –- എന്നയ്
തുടർമികും അറിവുടൻ പടയ്ത്തുവിട്ടായ്
വല്ലമൈ താരായോ–- ഇന്ത
മാനിലം പയനൂറ വാഴ്വതർക്ക്.
എന്നുപറഞ്ഞ് ദൈവത്തെ വണങ്ങുന്നു.
നശിക്കാത്ത വലിയ സത്യങ്ങളെ ചുമന്നുകൊണ്ട് നടക്കുന്ന ഭാരതിയുടെ പല കവിതകൾക്കും നാശമില്ല.
ശുട്രും വിഴിച്ചുടർതാൻ കണ്ണമ്മ
സൂരിയ ചന്ദിരരോ
വട്ടക്കരിയ വിഴി–- കണ്ണമ്മ
വാനക്കരുമൈ കൊല്ലോ
പട്ടു കരുനീല പുടവൈ
പതിത്ത നൽ വൈരം
നട്ട നടുനിശിയിൽ തെരിയും
നച്ചത്തിരങ്കളടി
പ്രപഞ്ചത്തിനും മനുഷ്യകുലത്തിനുമായ ഇഴയിൽ നെയ്യപ്പെട്ടതാണ് ഈ കവിത. വാനത്തിൽ ഒരു ചന്ദ്രനും സൂര്യനും ഭൂമിയിൽ ഒരാണും ഒരു പെണ്ണും, തമിഴ്നാട്ടിൽ പ്രേമവും തമിഴും ഉള്ളതുവരെ ഇതേപോലുള്ള കവിത നിലനിൽക്കും.
സൂറത്ത് കോൺഗ്രസിൽ മിതവാദികളുടെ ഗുണ്ടകൾ തീവ്രവാദിയായ തിലകനെ ആക്രമിച്ചപ്പോൾ കവചംതീർത്ത ചെറുപ്പക്കാരിൽ ഒരാൾ നമ്മുടെ കവിയരശൻ ഭാരതിയായിരുന്നു.
ഭാരതി ഒരു സത്യകവിയാണ്. സമൂഹത്തിൽ സത്യസന്ധത കുറഞ്ഞുകൊണ്ടിരിക്കാം. സത്യം കുറയുമ്പോഴാണല്ലോ സത്യത്തിന്റെ വില കൂടുന്നത്. സത്യത്തിന് കൊടുക്കുന്ന വിലയാണ്, സത്യം അർഹിക്കുന്ന സർവദേശ അംഗീകാരത്തെ ഉയർത്തിക്കൊണ്ടിരിക്കുന്നത്. സത്യത്തിന്റെ സ്വഭാവം കടുത്തതാണ്. സത്യം ദാരിദ്ര്യത്തെ ഇരന്നുവാങ്ങും. അപമാനങ്ങളെ ആഭരണമാക്കും. ദുഃഖങ്ങളെ തപസ്സാക്കും. സൗഹൃദങ്ങളെ അകറ്റും. രോഗം വരുത്തും. ആയുസ്സ് കുറയ്ക്കും. ഇതിനൊക്കെ തയ്യാറായിരിക്കുന്നവൻ, മാത്രമേ സത്യത്തെ സംരക്ഷിക്കാൻ പുറപ്പെടാൻ പാടുള്ളൂ. താൻ എന്താണോ നാടിനോട് പറഞ്ഞ സത്യം, അതിനോട് സത്യസന്ധത പുലർത്തിയതായിരുന്നു ഭാരതിയുടെ ജീവിതവും വാക്കും.
തിരുവല്ലിക്കേണി ശ്മശാനത്തിൽ ഭാരതിയുടെ ശരീരത്തെ തിന്നുതീർത്ത തീ കെട്ടുപോയിരിക്കാം. പക്ഷേ, അവൻ കൊളുത്തിയെറിഞ്ഞ നശിക്കാത്ത തീ കെട്ടുപോയിട്ടേയില്ല.
കാരണം അത് യുഗാഗ്നിയാണ്.
(‘തമിഴാറ്റുപടൈ’ എന്ന ലേഖന സമാഹാരത്തിൽ ഭാരതിയെപ്പറ്റി എഴുതിയ ലേഖനത്തിൽനിന്ന് ചില ഭാഗങ്ങൾ)
മഹാകവിയുടെ വിലാപയാത്ര
വൈരമുത്തു
നേരം പുലർന്നത്
കറുത്തിട്ടാണ്
സൂര്യന്റെ മരണം
അറിയിക്കപ്പെട്ടു
കൂടിയിരുന്ന സുഹൃത്തുക്കൾ
തങ്ങളുടെ കണ്ണുനീരിനാൽ
മറ്റുള്ളവരുടെ കണ്ണുനീർ തുടച്ചു
ഒരു യുഗത്തിന്റെ അഗ്നിപർവതം
എങ്ങനെ കെട്ടു?
ഒരു ജ്ഞാനക്കടൽ
എങ്ങനെ വറ്റി?
കൊടുങ്കാറ്റിന്റെ വിലാപയാത്ര
പുറപ്പെട്ടു.
ലക്ഷം വാക്കുകൾക്ക് നാവുകൊടുത്തവൻ
മൗനം ചൊല്ലി കിടക്കുകയാണല്ലോ!
ഈ പ്രപഞ്ചത്തെ
തന്റെ ഉള്ളംകൈയിൽ വച്ചുകൊണ്ട്
ഉരുട്ടിനോക്കിയവൻ അന്ന്
ശവമഞ്ചത്തിന്റെ ഉള്ളം കൈയിൽ
കിടക്കുകയായിരുന്നു
അയ്യോ!
തീയെ കെടുത്താൻ
ഒരു ശ്മശാനമോ?
കൂവള കണ്ണൻ
ലക്ഷ്മണ അയ്യർ
ഹരിഹര ശർമ
സുരേന്ദ്രനാഥ ആര്യാ
നെഞ്ച് കനത്തുപോയ
നെല്ലയപ്പൻ
അഞ്ചുപേരുടെ ചുമലുകൾ
സൂര്യന്റെ ശവത്തെ
ചുമക്കുന്നു
വിലാപയാത്രയിൽ
ഇരുപതിൽ താഴെ മാത്രമായിരുന്നത്രെ
സഖാക്കൾ!
കണ്ടില്ലെ കവിക്ക് കിട്ടിയ ആദരം!
അവന്റെ ശരീരത്തിനുചുറ്റും
പാറിക്കളിച്ച ഈച്ചകളുടെ എണ്ണം
അതിൽ കൂടുതലായിരുന്നു.
ഇത് പുലികളെ ബഹുമാനിക്കാത്ത
പുഴുക്കളുടെ ദേശമാണെടാ!
മനസ്സിലാക്കാൻ കഴിയാത്ത
ഭൂമിയാണെടാ!
ഇനി മനുഷ്യർക്കല്ല
നാലും കൂടുന്നിടത്ത്
നായ്ക്കൾക്ക് സ്മാരകം പണിയാം
നന്ദി എന്താണെന്ന് പഠിക്കട്ടെ ദേശം.
തിരുവല്ലിക്കേണി ശ്മശാനം
മഹാകവിയുടെ ശരീരം
ഏറ്റുവാങ്ങിയതു കാരണം
ജീവൻ വച്ചു
ചുമന്നു ചെന്നവർ
ചുമലിൽനിന്ന് ഭാരം ഇറക്കിവച്ചു
ദുഃഖത്തിന്റെ ഭാരത്തെയോ?
കത്തിക്കുന്നതിനുമുമ്പ്
ഒരു ചെറു അനുശോചനയോഗം
കിടക്കുന്നവന്റെ കീർത്തിയെ
സുരേന്ദ്രനാഥ ആര്യ പറഞ്ഞവസാനിപ്പിച്ചു
തീ വച്ച്
ഹരിഹര ശർമ
ചിതയുടെ മൗനത്തെ
തകർക്കുന്നു.
കത്തുന്നു! കത്തുന്നു!
പാപിയാം തീ
പടർന്നു കത്തുന്നു.
ഒരായിരം കവിതകളെ
ഉച്ചരിച്ച ചുണ്ടുകൾ
ജ്ഞാന വെളിച്ചം വീശും
നൽമിഴികൾ
കാറ്റിനെ കീറി
ആകാശത്തെ ശാസിച്ച
ധീരമായ കൈകൾ
ഭാരതത്തെ അളന്ന
പാദങ്ങൾ
രക്തം വറ്റിയാലും
ഭാവന വറ്റാത്ത
ഹൃദയത്തെ
തേടിത്തേടി തിന്നു,
തീയുടെ നാവുകൾ
മിഴിയോരങ്ങളിൽ
രക്തത്തിന്റെ കനം പോലെ
കണ്ണുനീരൊഴുകുന്നു
പക്ഷേ സഖാക്കളെ!
ശരാശരി മനുഷ്യനെ
മരണം മരിപ്പിക്കുന്നു
കവിയെ അത്
പ്രസവിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..