20 February Wednesday

എന്റെ സ്വപ്നങ്ങൾ വലുതാണ്: റോഷൻ ആൻഡ്രൂസ്

ഗിരീഷ്‌ ബാലകൃഷ്‌ണൻUpdated: Sunday Aug 12, 2018

കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണ വേളയില്‍ മോഹന്‍ലാലിനും നിവിന്‍ പോളിക്കും നിര്‍ദേശങ്ങള്‍ നല്‍കുന്ന സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

 കായംകുളം കൊച്ചുണ്ണി വീണ്ടും വരുന്നു, മലയാളസിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തെ വെല്ലുവിളിക്കാൻ. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം റിലീസിനുമുമ്പേ നിർമാതാവിനെ സന്തുഷ്ടനാക്കിയിരിക്കുന്നു. വൻ തുക നൽകി ചിത്രത്തിന്റെ വിതരണാവകാശം കോർപറേറ്റ് ഭീമൻതന്നെ സ്വന്തമാക്കി. സിനിമയിലും ജീവിതത്തിലും വലിയ റിസ്കുകൾമാത്രം ഏറ്റെടുക്കാറുള്ള സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ വർഷങ്ങളുടെ പ്രയത്നമുണ്ട് കൊച്ചുണ്ണിയിൽ. പാടിപ്പതിഞ്ഞ കഥയിലെ പുതിയ കൊച്ചുണ്ണി മലയാളക്കരയുടെ ഹൃദയം കൊള്ളയടിക്കാൻ എത്തവേ, സിനിമയുടെയും ജീവിതത്തിന്റെയും വിശേഷങ്ങൾ റോഷൻ ആൻഡ്രൂസ് പങ്കുവയ‌്ക്കുന്നു. 
 

കൊച്ചുണ്ണിയുടെ രഹസ്യം

കായംകുളം കൊച്ചുണ്ണിയെ വീണ്ടും വെള്ളിത്തിരയിൽ അവതരിപ്പിക്കാനുള്ള ആശയം മുന്നോട്ടുവച്ചത് ബോബി‐ സഞ്ജയ് ആണ്. ഐതിഹ്യമാലയിലെ കഥയിലൂടെ കടന്നുപോയ എനിക്കും ആത്മവിശ്വാസമായി.  ചെലവിനെ കുറിച്ച് ആധിവേണ്ടെന്ന്‌ നിർമാതാവ് ഗോകുലം ഗോപാലന്റെ ഉറപ്പ്  കൂടിയായപ്പോൾ സ്വപ്നം പ്രവൃത്തിപഥത്തിലായി. ഇത്രവലുതായി പഴയകാല കേരളത്തെ അവതരിപ്പിക്കുന്ന സിനിമ  മലയാളത്തിൽ ഉണ്ടായിട്ടുണ്ടാകില്ല. ഇനി കൊച്ചുണ്ണി അറിയപ്പെടുക നിവിൽ പോളിയുടെ പേരിലാകും. ചിത്രകഥയായും സീരിയലായും സിനിമയായും നാമറിയുന്ന കൊച്ചുണ്ണി അല്ല സിനിമയിൽ. കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ഐതിഹ്യമാലയിലെ വിവരണത്തിൽനിന്ന‌് കഥ വ്യതിചലിച്ചിട്ടില്ല. എന്നാൽ, കൊച്ചുണ്ണിയെ കുറിച്ചുള്ള ഉത്തരംകിട്ടാത്ത നിരവധി രഹസ്യങ്ങൾക്കുള്ള മറുപടിയാണ്‌ ചിത്രം. ഒരുപക്ഷേ കേരളത്തെ ഞെട്ടിക്കുന്ന ചില കണ്ടെത്തലുകൾ, കൊച്ചുണ്ണി എന്തുകൊണ്ട് ജാനകിയെ വിവാഹം കഴിച്ചു, കൊച്ചുണ്ണിക്ക് എന്തുകൊണ്ട് കളരി നിഷേധിച്ചു അങ്ങനെ ചില ചോദ്യങ്ങൾ  ഞങ്ങൾ പൂരിപ്പിക്കുന്നു. കേരളത്തിന്റെ ഗതകാല സാമൂഹ്യാന്തരീക്ഷത്തെ സിനിമ പുനരവതരിപ്പിക്കുന്നു. ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള അന്തരം കുറയ്ക്കാൻ പ്രായോഗികപരിഹാരമുണ്ടാക്കിയ കൊച്ചുണ്ണിയുടെ ഇടപെടലുകൾക്ക്  രാഷ്ട്രീയമുണ്ട്‌.
 

ചരിത്രപുനഃസൃഷ്ടി

1830കളിലെ കേരളത്തെ പുനഃസൃഷ്ടിക്കാൻ ഒന്നരവർഷം  ഗവേഷണം നടത്തി. പഴയകാല  സഞ്ചാരരീതി, ആശയവിനിമയം, വസ്ത്രധാരണം, ഭക്ഷണം എന്നിവയെല്ലാം ആധികാരികമായി പുനരവതരിപ്പിക്കാനാണ് ശ്രമം.   പഴയകാല ജീവിത സമ്പ്രദായങ്ങളെ സൂക്ഷ‌്മമായി പുനരവതരിപ്പിക്കുമ്പോൾ ലഭിക്കുന്ന ആനന്ദം  വലുതാണ്. സെറ്റിന്‌ മാത്രം 12 കോടി ചെലവിട്ടു. 
 
എല്ലാവർക്കും ഇഷ്ടപ്പെടുന്നതരത്തിലാണ്  കഥ പറയുന്നത്.  മുംബൈ പൊലീസ് പ്രേക്ഷകൻ ബുദ്ധി ഉപയോഗിച്ചുകൂടി കാണേണ്ട സിനിമയായിരുന്നു. കൊച്ചുണ്ണി അങ്ങനെയല്ല. ഏതുപ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാം. സ്പൈഡർമാനും സൂപ്പർമാനുമെല്ലാമുള്ള കേരളത്തിന്റെ മറുപടിയാണ് കൊച്ചുണ്ണി.  ബാഹുബലി കേരളത്തിൽനിന്ന് കോടികൾ വാരി. ലോകത്തിനുമുന്നിൽ വലിയ ക്യാൻവാസിൽ അവതരിപ്പിക്കാൻ കേരളത്തിനും കഥകളുണ്ട്.   അതിന്റെ തെളിവാണ് 45 കോടി ചെലവഴിച്ച് നിർമിച്ച കൊച്ചുണ്ണിയെ കോർപറേറ്റ് ഭീമനായ ഇറോസ് റിലീസാകുംമുമ്പുതന്നെ ആകെ ചെലവിന്റെ 95 ശതമാനം നൽകി വിതരണത്തിനെത്തിക്കുന്നത്. തമിഴ്, തെലുഗു പതിപ്പുകളും പണിപ്പുരയിലാണ്, മലയാളത്തിൽ റിലീസായി ഒരാഴ്ചയ്ക്കകം തമിഴിൽ ഇറങ്ങും.
 

നിവിൻ എന്ന സുഹൃത്ത്

 1830കളിലെ കേരളത്തിന്റെ വൈകാരികപശ്ചാത്തലത്തിൽ ബോബിയും സഞ്ജയും ചേർന്ന് കൊച്ചുണ്ണിയെ യുക്തിഭദ്രമാക്കി പുനഃസൃഷ്ടിച്ചു. മൂന്ന് ഛായാഗ്രാഹകർ സിനിമയ്ക്കുണ്ട്.  ഗോപിസുന്ദർ ഒരുക്കിയ പശ്ചാത്തലസംഗീതം, ഏറ്റവും ഉപരി നിവിൻ പോളി എന്ന സുഹൃത്തിന്റെ പിന്തുണ. പൂർണമായ ആത്മാർപ്പണത്തോടെ നിവിൻ സിനിമയിൽ ഇഴുകിച്ചേർന്നു, ആയോധനകലകൾ സ്വായത്തമാക്കാൻ നന്നായി വിയർപ്പൊഴുക്കി, ഏതുരൂപത്തിലേക്കും എളുപ്പത്തിൽ മാറ്റാൻ സാധിക്കുന്ന കളിമണ്ണുപോലെ സംവിധായകന്റെ ആവശ്യത്തിനൊത്ത് മാറിക്കൊണ്ടിരിക്കുന്ന അഭിനേതാവാണ് നിവിൻ. സിനിമയുടെ അവസാന മിനിക്കുപണിയിൽവരെ നിതാന്തശ്രദ്ധ പുലർത്തി. നിവിൻ ഒപ്പമുള്ളത് കൊച്ചുണ്ണിയുടെ വലിയ കരുത്താണ്.
 

പുതിയകാല സിനിമ

മലയാള സിനിമ ആന്തരികമായി മാറിയിട്ടുണ്ട്്. ചെറിയ പ്രമേയങ്ങൾ അതീവലളിതമായി അവതരിപ്പിച്ച് വിജയം നേടുന്നു. പക്ഷേ പ്രമേയപരമായ പരീക്ഷണങ്ങൾ മലയാള സിനിമയിൽ വളരെമുമ്പേ ഉണ്ടായിട്ടുണ്ട്്. കെ ജി ജോർജും പത്മരാജനും പറഞ്ഞുവച്ചതിന്റെ തീവ്രതയിൽ കാര്യങ്ങളെ അവതരിപ്പിക്കാൻ നമുക്ക് ഇപ്പോൾ കഴിയുന്നുണ്ടോ എന്ന പ്രശ്‌നമുണ്ട്്.  കാലഘട്ടത്തിന്റേതായ മാറ്റമുണ്ടെങ്കിലും  മലയാളി ഒരു ചെറിയ സമൂഹമായതുകൊണ്ട് ചെറിയ കഥകൾമാത്രം പറയണമെന്ന പരിമിതിയിൽ നാം ചുറ്റിത്തിരിയേണ്ടതുണ്ടോ. ലോകത്തിനുവേണ്ടി വലിയ കഥകൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങളും നമ്മളിൽനിന്നുണ്ടാകണം.
 
റോഷൻ ആൻഡ്രൂസ്

റോഷൻ ആൻഡ്രൂസ്

  

സിനിമയിലെ പ്രതിസന്ധി

ചലച്ചിത്രസംഘടനകളുടെ പ്രതിസന്ധിയല്ല മലയാള സിനിമ നേരിടുന്ന പ്രതിസന്ധി. കാമ്പുള്ള ജീവിതസാഹചര്യം സൃഷ്ടിക്കാൻ കെൽപ്പുള്ള എഴുത്തുകാരുടെ എണ്ണം കുറവാണ്. സാങ്കേതികമേന്മയും ഭൗതികപശ്ചാത്തലത്തിലെ മാറ്റവും വലുതാണ്. എന്നാൽ, പുതിയകാലഘട്ടത്തിന്റെ പ്രതിസന്ധി അവതരിപ്പിക്കാൻ കെൽപ്പുള്ള തിരക്കഥാകൃത്തുക്കൾ നമുക്ക് കുറവാണ്. ചലച്ചിത്രമേഖലയിലെ വനിതാസംഘടനകളുടെ പോരാട്ടത്തെ ബഹുമാനിക്കുന്നു.  പക്ഷേ താരസംഘടനയിലെ പ്രശ്‌നങ്ങളാണ് സിനിമയുടെ മുന്നോട്ടുപോക്കിനെ നിശ്ചയിക്കുന്നത് എന്ന അവസ്ഥയുണ്ടാകരുത്. സംഘടന അല്ല സിനിമയെ ഉണ്ടാക്കിയത്. സിനിമകളെ തിരസ്കരിക്കുന്ന തലത്തിലേക്ക് സംഘടനാപ്രശ്നങ്ങൾ വളരരുത്. സിനിമ എന്ന കാലരൂപത്തിന്റെ അതിജീവനം അത്തരം അനിശ്ചിതത്വങ്ങൾക്കും മേലെയാണ്.
  

ജീവിതമെന്ന റിസ്‌ക്‌ 

ഇരുപതുവർഷത്തിൽ  ഞാൻ ചെയ്തത് ഒമ്പത് സിനിമ മാത്രം.  വേണമെങ്കിൽ 20 വർഷത്തിൽ  20 സിനിമ ചെയ്യാമായിരുന്നു. എണ്ണമല്ല, ഗുണമാണ് പ്രധാനം.  സർഗാത്മകമായി ഇടപെടാനാണ് ആഗ്രഹിക്കുന്നത്. നല്ല പത്ത് സിനിമയെങ്കിലും ചെയ്താൽ മതിയെന്ന് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്്. എല്ലാ ശ്രമവും വിജയിക്കണമെന്നില്ല, കാസനോവ വൻ പരാജയമായിരുന്നു. കൊച്ചുണ്ണിക്ക് വേണ്ടിയുള്ള പരിശ്രമത്തിൽ  ആ പരാജയം എനിക്ക് പാഠമായിട്ടുണ്ട്.  വിജയവും പരാജയവുമുണ്ടാകും.  നമ്മെ വിസ്മയിക്കുന്ന പരീക്ഷണങ്ങളിൽ മുതിരുകതന്നെയാണ് പ്രധാനം. ജീവിതത്തിലും സിനിമയിലും വലിയ റിസ്ക്കുകളാണ‌് ഏറ്റെടുത്തിട്ടുള്ളത്. 2007ൽ ചെയ്‌ത നോട്ട്ബുക്ക്  വലിയ പരീക്ഷണമായിരുന്നു. അത്രയും പണമിറക്കി, പുതുമുഖതാരങ്ങളെ വച്ചൊരു സിനിമ, കൈകാര്യംചെയ്തത് കൗമാരഗർഭം പോലുള്ള പ്രമേയം. ഹൗ ഓൾഡ് ആർ യു  പരാജയമായിരുന്നെങ്കിൽ മഞ്ജുവാര്യരുടെ   തിരിച്ചുവരവ് തന്നെ അനിശ്ചിതത്വത്തിലാകുമായിരുന്നു. സ്വവർഗാനുരാഗിയായ നായകൻ എന്ന കൈപൊള്ളിക്കുന്ന ഇതിവൃത്തമായിരുന്നു മുംബൈ പൊലീസിന്റേത്.
 
എനിക്ക്‌ സിനിമയിൽ ഗോഡ്ഫാദറില്ല. പൂജ്യത്തിൽനിന്ന് തുടങ്ങുമ്പോൾ ലഭിക്കുന്നതെല്ലാം ലാഭം. കിടപ്പാടം ബാങ്കുകാർ വന്ന് ജപ്തി ചെയ്തുകൊണ്ടുപോയിട്ടുണ്ട്. അച്ഛൻ മരിച്ച് ആറുമാസത്തിനിടെയാണ് സഹോദരൻ മരിച്ചത്. നഷ്ടം, ദാരിദ്ര്യം, വിശപ്പ്‌ എല്ലാം അനുഭവിച്ചിട്ടുണ്ട്‌.  സംവിധായകനായപ്പോഴും ഞാൻ വാടകവീട്ടിലായിരുന്നു. നഷ്ടമായതൊക്കെ പിന്നീട് തിരിച്ചുപിടിക്കാനായി. ജീവിതം സമ്മാനിച്ച പ്രതിസന്ധികളിൽനിന്നുണ്ടായ മനക്കരുത്താണ് സിനിമയിലും റിസ്കെടുക്കാൻ ധൈര്യം നൽകുന്നത്. കലയുടെ  ശക്തിയാണത്‌.  അതുകൊണ്ട് എന്റെ സ്വപ്നങ്ങൾ വലുതാണ്. കായംകുളം കൊച്ചുണ്ണിയുടെ മൂന്നിരട്ടി വലിപ്പത്തിൽ  കടൽ പശ്ചാത്തലമാക്കി ത്രില്ലർ സിനിമ മനസ്സിലുണ്ട്്. നിവിൻ പോളിയും ഞാനും സംയുക്തമായി നിർമിക്കുന്ന ചിത്രം. അതിനാണ് ഞാൻ ആദ്യമായി കഥയും തിരക്കഥയും എഴുതുക. അതൊരു ദീർഘകാല സ്വപ്നപദ്ധതിയാണ്. കൊച്ചുണ്ണി മനസ്സിൽനിന്നിറങ്ങിയാൽ അടുത്തത്  ബോബി സഞ്ജയ‌്‌മാരുടെ തിരക്കഥയിൽ ഒരു പൊലീസ് സ്റ്റോറി. നവീൻ ഭാസ്കറിന്റെ തിരക്കഥയിൽ മറ്റൊരു സിനിമയും. അടുത്തവർഷം ഹിന്ദിയിലേക്കും കടക്കും. തിരക്കഥയെല്ലാം തയ്യാറായി, പ്രഖ്യാപനം ഉടനുണ്ടാകും.
 
unnigiri@gmail.com
പ്രധാന വാർത്തകൾ
 Top