22 May Wednesday

നിസയുടെ വര്‍ത്തമാനങ്ങള്‍

സൂരജ‌് കരിവെള്ളൂർUpdated: Sunday Aug 12, 2018
‘തുളസി. അവളെത്ര സുന്ദരിയാണ്'... ഊട്ടിയും കോടമഞ്ഞും പ്രണയവും സംഗീതവും മെഴുകുതിരി അത്താഴങ്ങളും പ്രേക്ഷകർക്ക് കാഴ്ചയുടെ അത്താഴമൊരുക്കുമ്പോൾ  കണ്ടിറങ്ങുന്നവരുടെ ഹൃദയത്തിൽ ചേക്കേറുന്നത് തുളസിയാണ്. നമ്മുടെ കണ്ണുകളെ കൊതിപ്പിച്ച് സിനിമയിലെവിടെയോ മിന്നിമറയുന്ന  പെൺകുട്ടി. നമ്മുടെ സ്വീകരണമുറികളിൽ വാർത്ത പ്രഭാതങ്ങളിൽ നിറഞ്ഞുനിന്ന മാധ്യമപ്രവർത്തക എൻ പി നിസയാണ് തുളസിയായി സിനിമയിൽ ചുവടുറപ്പിക്കുന്നത്. മാധ്യമപ്രവർത്തക, അധ്യാപിക, മോഡൽ, ആങ്കർ തുടങ്ങി വിവിധ മേഖലകളിൽ ശ്രദ്ധേയയായ പെരിന്തൽമണ്ണക്കാരി എൻ പി നിസ സിനിമാവിശേഷങ്ങൾ പങ്കുവയ‌്ക്കുന്നു. 
 

സിനിമാലോകം

ചെറുപ്പംമുതൽ സിനിമയും അഭിനയവും  ഇഷ്ടമായിരുന്നു.   അഭിനയിക്കാനുള്ള അവസരങ്ങൾ  കിട്ടിയില്ല. ഒരു കലയും  ശാസ്ത്രീയമായി പഠിച്ചിട്ടില്ല. അമൃത ടിവിയിലെ വനിതാരത്‌നം എന്ന റിയാലിറ്റി ഷോയാണ് ആദ്യ അരങ്ങ്‌.   എനിക്കും അഭിനയിക്കാനാകുമെന്ന്  തിരിച്ചറിഞ്ഞു. പിന്നീട് എന്റർടെയ്‌ൻമെന്റ് ഷോകൾ ചെയ്‌‌തു. മാധ്യമപഠനത്തിന്റെഭാഗമായി സിനിമ ചെയ്‌‌തിരുന്നു. പിന്നീട് വി കെ പ്രകാശിന്റെ കെയർഫുൾ എന്ന ഹ്രസ്വചിത്രത്തിൽ ചെറിയവേഷം. തുടർന്ന് വിജയ് ബാബുവിന്റെകൂടെ ഒരു ചെറുസിനിമയിൽ നല്ലൊരു വേഷം. 
 

വാർത്താലോകത്തുനിന്ന് സിനിമാലോകത്തേക്ക്

ദൃശ്യമാധ്യമപ്രവർത്തകയായിരുന്ന സമയത്ത് ഞാൻ സിനിമാലോകവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചത്. പലരെയും ഇന്റർവ്യൂ ചെയ്‌തു. പരിചയപ്പെട്ടു. ആ ബന്ധങ്ങളാണ്‌  സമ്പാദ്യം. ആ സമയത്ത് അനൂപ് മേനോനെ ഇന്റർവ്യൂ ചെയ്‌തപ്പോൾ എന്റെ അഭിനയതാൽപ്പര്യം പങ്കുവച്ചിരുന്നു.   അനുയോജ്യമായ വേഷം വന്നപ്പോൾ അനൂപ് വിളിച്ചു.  അങ്ങനെ തുളസി എന്ന കഥാപാത്രം എന്നിലേക്ക് എത്തി. സിനിമാലോകം ഗ്ലാമർ ലോകം ആണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ, വളരെ ചുരുക്കംപേർക്ക് മാത്രമേ ആ ഗ്ലാമർ ലോകവും ജീവിതവുമുള്ളൂ. ബാക്കിയെല്ലാവരും സാധാരണക്കാരാണ്. ഒരുപാട് ജീവിതങ്ങളുടെ വലിയ കൂട്ടായ്‌മയാണ് സിനിമ.  ഊട്ടിയിലായിരുന്നു മെഴുതിരി അത്താഴത്തിന്റെ ഷൂട്ട്. സംവിധായകൻ സൂരജ് തോമസ്, അനൂപ് മേനോൻ, മിയ തുടങ്ങി എല്ലാവരും നല്ല പിന്തുണ ആയിരുന്നു. 
 

തുളസിയും മെഴുതിരി അത്താഴങ്ങളും

ഞാൻപോലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള അഭിനന്ദനങ്ങളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. നാട്ടിൻപുറത്തുകാരിയായ തുളസി  പ്രേക്ഷകരുടെ ഹൃദയം കവർന്നെന്നാണ് എല്ലാവരും പറഞ്ഞത്. രണ്ടുമൂന്ന് സീനുകളിൽ മാത്രമേ ഉള്ളൂവെങ്കിലും നമ്മുടെ ജീവിതത്തെ കുറിച്ചുള്ള മുൻവിധികളെ തിരുത്തുന്ന കഥാപാത്രമാണ് തുളസി.   സിനിമയുടെ മുന്നോട്ടുപോക്കിൽത്തന്നെ തുളസി പ്രധാനമായി. സിനിമ കണ്ട പലരും പറഞ്ഞു, കണ്ടിറങ്ങുന്നവരുടെ മനസ്സിൽ ഒരു വിങ്ങലായി തുളസി കൂടെ പോരുന്നുണ്ടെന്ന്‌. 
 

മാധ്യമപ്രവർത്തനം, അധ്യാപനം, മോഡൽ, ആങ്കർ, അഭിനയം...

എല്ലാ തൊഴിലിനെയും സ്‌നേഹിക്കുന്ന ആളാണ് ഞാൻ. ഇപ്പോൾ അധ്യാപനത്തിലാണ്. കൂടെ മോഡലിങ്ങും അഭിനയവുമുണ്ട്. എല്ലാ മേഖലയിൽ നിന്നും എനിക്ക് നല്ല റിസൾട്ട് കിട്ടുന്നുണ്ട്. ജോലി എന്നതിനപ്പുറം നമ്മുടെ ഇഷ്ടങ്ങൾക്കാണ് ഞാൻ പ്രാധാന്യം നൽകുന്നത്. അതുകൊണ്ട് എല്ലാം ആസ്വദിക്കുന്നു. പിന്നെ പ്രധാനകാര്യം, ഒരു മേഖലയിൽമാത്രം ഒതുങ്ങിയാൽ അവിടെയുള്ള കാര്യങ്ങൾമാത്രമേ നമ്മൾ അറിയൂ. എന്നാൽ, എനിക്ക് വിവിധ മേഖലകളിലെ വിവിധ മനുഷ്യരുടെ ജീവിതത്തെ കുറിച്ചറിയാം.
 

പുതിയ സിനിമ

ഹോംലി മീൽസ് എന്ന സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച വിപിൻ ആറ്റ്‌ലി സംവിധാനംചെയ്യുന്ന സിനിമയാണിത്. അതിൽ തുളസിയിൽനിന്ന് തീർത്തും വ്യത്യസ്‌തമായ കഥാപാത്രമാണ്. വ്യത്യസ്‌തമായ നല്ല കഥാപാത്രങ്ങൾ ഇനിയും കിട്ടുമെന്നാണ് പ്രതീക്ഷ. മെഴുതിരി അത്താഴങ്ങളും തുളസിയെയും എല്ലാവരും കാണുക. അഭിപ്രായങ്ങൾ പറയുക.
 
soorajt1993@gmail.com

 

പ്രധാന വാർത്തകൾ
 Top