20 February Wednesday
ബുക്‌പിക്‌

കല: പുനർവിഭാവനങ്ങൾ

സുനിൽ പി ഇളയിടംUpdated: Sunday Jun 10, 2018
സമകാലിക കർണാട്ടിക‌് സംഗീതവേദിയിലെ അനന്യസാന്നിധ്യമാണ് ടി എം കൃഷ്ണ. പൊതുബുദ്ധിജീവിയായ സംഗീതകാരൻ എന്ന് ഒറ്റവാക്യത്തിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാം. പതിവ് വഴികളെ ഉല്ലംഘിക്കുന്ന ആലാപനത്താലും ആലാപനവേളയിൽ സംഗീതത്തിന് നൽകുന്ന തനതായ വ്യാഖ്യാനത്താലും കർണാട്ടിക‌് സംഗീതത്തിന്റെ ആധുനികചരിത്രത്തെ വിമർശനാത്മകമായി മറികടക്കുന്ന സംഗീതജ്ഞൻ. അരിയക്കുടി രാമാനുജ അയ്യങ്കാർ രൂപപ്പെടുത്തിയ കച്ചേരിവഴിയിലൂടെ, പാരമ്പര്യക്രമങ്ങളെ ഗതാനുഗതികത്വത്തോടെ പിൻപറ്റി സഞ്ചരിക്കുന്ന ഒരാളല്ല കൃഷ്ണ. അരിയക്കുടി രൂപപ്പെടുത്തിയ കച്ചേരിവഴി കർണാട്ടിക‌് സംഗീതത്തിന്റെ ആഭ്യന്തര, ബാഹ്യസംസ്കാരങ്ങളെ ഒരുപോലെ നിഷേധാത്മകമായി ബാധിച്ചു എന്നദ്ദേഹം കരുതുന്നു. അതിരില്ലാത്ത മനോധർമ സംഗീതത്തിന്റെ അന്ത്യത്തിന് വഴിതുറക്കുകയും സംഗീതത്തെ കൂടുതൽ കൂടുതൽ മതപരവും ആചാരപരവുമാക്കുകയുംചെയ്ത പരിഷ്കരണങ്ങളാണ് അരിയക്കുടിവഴി നിലവിൽ വന്നതെന്ന നിലപാടാണ് കൃഷ്ണയ‌്ക്ക‌്. അതുകൊണ്ടുതന്നെ സംഗീതജ്ഞൻ എന്ന നിലയിൽ സംഗീതത്തിന്റെ ഘടനാപരമായ പ്രകൃതത്തെ പുതുതായി അഭിസംബോധന ചെയ്യാൻ കൃഷ്ണ ശ്രമിക്കുന്നു. പ്രഖ്യാതവും സുപ്രതിഷ്ഠിതവുമായ കച്ചേരിവഴികളിലൂടെ സഞ്ചരിക്കാതെ, ഒരോ ആലാപനത്തെയും തന്റെ സംഗീതദർശനത്തിന്റെ വ്യാഖ്യാനഭേദങ്ങൾ എന്ന നിലയിൽ അവതരിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. പലപ്പോഴും നമ്മുടെ കേൾവിശീലങ്ങൾക്കും വ്യവസ്ഥാപിത സൗന്ദര്യധാരണകൾക്കും കുറുകെ നീങ്ങുന്ന ആലാപനമായി ടി എം കൃഷ്ണയുടെ സംഗീതാവിഷ്കാരങ്ങൾ മാറിത്തീരുന്നത് അങ്ങനെയാണ്.
 
സംഗീതത്തിന്റെയും അവതരണത്തിന്റെയും ഘടനയെ കുറിച്ചുള്ള ഈ വിമർശനാവബോധം സംഗീതത്തിന്റെ സാമൂഹികഫലങ്ങളെക്കുറിച്ചും  അതിന്റെ ചരിത്രസ്വരൂപത്തെക്കുറിച്ചുമുള്ള ആലോചനകളായിക്കൂടി വികസിപ്പിക്കുന്ന ഒരാളാണ് കൃഷ്ണ. അതുകൊണ്ട്,  സംഗീത അവതരണവേളകളിൽ അനായാസം കൈവരിക്കുന്ന ഗതിപരിണാമങ്ങളെ ഓർമിപ്പിക്കുന്ന നിലയിൽ സംഗീതവിചാരത്തിൽനിന്ന് സാമൂഹ്യവിചാരങ്ങളിലേക്കും സംസ്കാരവിമർശനത്തിലേക്കും കൃഷ്ണയുടെ ആലോചനകളെത്തുന്നു. ഇവയെ ഭിന്നപ്രകാരങ്ങളായി കണക്കാക്കുകയല്ല, മറിച്ച് സാമൂഹിക/സാംസ്കാരിക ഘടന സംഗീതസ്വരൂപത്തിൽ എങ്ങനെയെല്ലാം സന്നിഹിതമാകുന്നു എന്നാലോചിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ സംഗീതപ്രയോക്താക്കളിൽ പൊതുവെ കാണാനാകാത്ത നിലയിൽ രൂപത്തെ ചരിത്രപരമായും സൗന്ദര്യാത്മകമായും സാമൂഹികമായും അഭിസംബോധന ചെയ്യുന്ന, നിരന്തരം തന്റെ കലയോട് പുതിയ ചോദ്യങ്ങൾ ഉന്നയിച്ച് ഉത്തരങ്ങൾ ആരായുന്ന, ഒരു സംഗീതജ്ഞനെ നാം കൃഷ്ണയിൽ നിരന്തരം കാണുന്നു. ഈ ശ്രമങ്ങളാകട്ടെ, താൻ ജീവിക്കുന്ന കാലത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളിൽ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സംഗീതത്തെയും ആമഗ്നമാക്കുകയും ചെയ്യുന്നു.
 
‘കലയുടെ പുനർരൂപവൽക്കരണം’ (Reshaping Art) എന്ന ടി എം കൃഷ്ണയുടെ പുതിയ പുസ്തകം ഇത്തരം ചോദ്യങ്ങളാലും അവയെ മുൻനിർത്തിയുളള ആലോചനകളാലും നമ്മെ ഏറെ പ്രചോദിപ്പിക്കാൻ പോന്ന ഒന്നാണ്.  രൂപ പബ്ലിക്കേഷൻസിന്റെ പ്രസാധനസംരംഭങ്ങളിലൊന്നായ അലേഫ് ബുക്ക് കമ്പനിയാണ് 2018ന്റെ തുടക്കത്തിൽ ഇത‌് പ്രസിദ്ധീകരിച്ചത്. പ്രമേയപരമായി, 2013ൽ പുറത്തുവന്ന ടി എം കൃഷ്ണയുടെ പ്രാമാണികഗ്രന്ഥമായ ‘ദക്ഷിണേന്ത്യൻ സംഗീത’ത്തിന്റെ (A Southern Music: The Karnatic Story) തുടർച്ചയായിരിക്കുമ്പോൾത്തന്നെ, രൂപസംവിധാനപരമായി ഈ ഗ്രന്ഥം ഏറെ വ്യത്യസ്തവുമാണ്. അറുനൂറോളം പുറങ്ങളിൽ, കർണാട്ടിക‌് സംഗീതത്തിന്റെ ചരിത്രത്തെയും സ്വരൂപത്തെയും മുൻനിർത്തിയുള്ള വിപുലവും വിശകലനാത്മകവുമായ പഠനമായിരുന്നു ആദ്യഗ്രന്ഥമെങ്കിൽ, നൂറോളം പുറങ്ങളിൽ എട്ടുഭാഗങ്ങളിലായി, ആത്മവിചാരങ്ങളുടെ സ്വരഘടനയിലുളള ആലോചനകളാണ് പുതിയ പുസ്തകം. അപ്പോൾത്തന്നെ, ആദ്യഗ്രന്ഥത്തിൽ  ഉന്നയിച്ച പല പ്രമേയങ്ങളിലേക്കും സാന്ദർഭികമായി കടന്നുചെല്ലുന്നുമുണ്ട്. അങ്ങനെ, ഒരർഥത്തിൽ പഴയതിന്റെ തുടർച്ചയും ഒപ്പം അതിൽനിന്നുള്ള വികാസവുമായി ഈ ഗ്രന്ഥം മാറിത്തീരുന്നു.
 
കലയുടെ ജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചോദ്യങ്ങളാണ് കൃഷ്ണ  ഗ്രന്ഥത്തിൽ ഉന്നയിക്കുന്നത്. സൗന്ദര്യശാസ്ത്രവിചാരത്തിന്റെയും  കലയുടെ സാമൂഹ്യശാസ്ത്രത്തിന്റെയും മേഖലകളിൽ ദീർഘകാലമായി ഉന്നയിക്കപ്പെടുന്ന പല ചോദ്യങ്ങളിലേക്കും കടന്നുചെല്ലുന്നു. എങ്ങനെയാണ് കല പിറവിയെടുക്കുന്നത്? അവതരിപ്പിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്നത്? ഇങ്ങനെയുള്ള അടിസ്ഥാന പ്രമേയങ്ങളിൽനിന്ന് ആരംഭിക്കുകയും അവിടെനിന്ന് കലയിലെ ജാതിബന്ധങ്ങളെയും ലിംഗപദവിയെയും കുറിച്ചുള്ള സവിശേഷപ്രമേയങ്ങളിലേക്കുവരെ പടിപടിയായി തന്റെ ആലോചനകളെ വികസിപ്പിക്കുകയും ചെയ്യുന്നു ഗ്രന്ഥകാരൻ. നമ്മുടെ ജീവിതത്തെയും സമൂഹത്തെയും കൂടുതൽ തുറന്നതും ജനാധിപത്യപരവുമായി പരിണമിപ്പിക്കുന്നതിൽ കലയ്ക്കുള്ള പങ്ക് എന്താണ് എന്നതും അത്തരമൊരു പങ്ക് നിറവേറ്റുന്നതിൽ നിന്ന‌് കലയെ തടയുന്നത് എന്ത് എന്നതുമാണ്, ഒരർഥത്തിൽ, ഈ പുസ്തകത്തിന്റെ മൗലികമായ ആലോചനാവിഷയം.
 
കലയുടെ സത്ത (Essence of Art), കലയും സമൂഹവും (Art and Society), കലയുടെ ബന്ധിതാവസ്ഥ (Caging of Art), കലയിലെ ജാതി (Caste in Music), കലയുടെ പുനർരൂപവൽക്കരണം (Reshaping Art), കലയും സ്വത്വവും (Art and Identity), കലയും ക്ലാസ്മുറിയും (Art in the Classroom), കലയുടെ ചൈതന്യം (The spirit of the Art) എന്നിങ്ങനെയാണ് എട്ട‌് അധ്യായങ്ങൾ ക്രമീകരിച്ചത്. ഈ  ശീർഷകങ്ങൾതന്നെ ഗ്രന്ഥകാരന്റെ ചർച്ചാമണ്ഡലത്തെയും അദ്ദേഹത്തിന്റെ വീക്ഷണഗതിയെയും വലിയൊരളവോളം വെളിവാക്കുന്നവയാണ്.
 
കർണാട്ടിക‌് സംഗീതത്തിൽ നിലീനമായ ജാതിബന്ധങ്ങളെ മുറിച്ചുകടക്കാനുള്ള ശ്രമങ്ങളുടെ പേരിൽ ഏറെ ശ്രദ്ധനേടിയ ഒരാളാണ് ടി എം കൃഷ്ണ. ഒപ്പം സംഗീതത്തെ അതിന്റെ പരമ്പരാഗതമായ അതിർവരമ്പുകളെ ഭേദിക്കാൻ പ്രേരിപ്പിക്കുന്ന ഇടപെടലുകൾ  നിരന്തരമെന്നോണം നടത്തുകയും ചെയ്യുന്നുണ്ട്. സമകാലിക സംഗീതവേദിയിലെ ഏറ്റവും ഉന്നതരായ സംഗീതജ്ഞരിൽ ഒരാളായിരിക്കെത്തന്നെ, സംഗീതത്തിന്റെ സൗന്ദര്യശാസ്ത്രപരവും സാമൂഹികവും ചരിത്രപരവുമായ അതിർവരമ്പുകൾക്ക് കീഴ്പ്പെടാതിരിക്കാൻ താൻ നടത്തുന്ന ഇത്തരം ശ്രമങ്ങളെ സൈദ്ധാന്തികമായി അഭിസംബോധന ശ്രമങ്ങളാണ് ഈ ഗ്രന്ഥത്തിലെ അധ്യായങ്ങളോരോന്നും. ആ നിലയിൽ തന്റെയും തന്റെ കലയുടെ യാഥാർഥ്യത്തെയും അഭിസംബോധന ചെയ്യുന്ന ആത്മവിചാരങ്ങൾകൂടിയായി ഈ ഗ്രന്ഥം മാറിത്തീർന്നിട്ടുണ്ട്.
 
കലയുടെ സത്തയെന്ത് എന്ന പ്രശ്നം ചർച്ചയ്ക്കെടുക്കുന്ന ആദ്യ  അധ്യായം, കല വാഗ്ദാനം ചെയ്യുന്ന നൈതികലോകത്തെക്കുറിച്ച്  വിശദമാക്കുന്നുണ്ട്. ഓരോ വ്യക്തിയിലും സന്നിഹിതമായ അപരത്വത്തെ‐വ്യക്തിപരതയ്ക്കും സ്വാത്മഭാവത്തിനും അപ്പുറം പോകുന്ന അപരത്വത്തെ‐അഭിസംബോധന ചെയ്യുകയാണ് കലയുടെ മൗലികതാൽപ്പര്യം എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ആ നിലയിൽ ഒരാളെ അയാളുടെ വ്യക്തിപരതയിൽനിന്ന് മോചിപ്പിക്കുകയാണ് കല ചെയ്യുന്നത്. ആസന്നവും വ്യക്തിപരവുമായ അനുഭവലോകത്തുനിന്ന‌് നമ്മെ മോചിപ്പിക്കുകയും അതിനപ്പുറം നോക്കാനുള്ള നിരന്തരമായ പ്രേരണയായി നിലകൊള്ളുകയും ചെയ്യുന്നു എന്നതിലൂടെയാണ് കല മനുഷ്യവംശത്തിന്റെ നൈതികാവിഷ്കാരങ്ങളിലൊന്നായി മാറുന്നതെന്ന് കൃഷ്ണ വ്യക്തമാക്കുന്നു. ജാതിക്കെതിരായ സമരത്തിൽ അംബേദ്കർ ഉപയോഗപ്പെടുത്താതെപോയ ഒരു തലം കലയുടേതാണ് എന്ന് രണ്ടാമധ്യായത്തിൽ  കൃഷ്ണ നിരീക്ഷിക്കുന്നതും അതുകൊണ്ടാണ്. കലയുടെ നിത്യജീവിതത്തിൽ ജാതി സന്നിഹിതമായിരിക്കെത്തന്നെ, കലയുടെ അനുഭവലോകം അതിനെ മറികടക്കുന്ന ഒരു ഭാവശക്തിയെ വാഗ്ദാനംചെയ്യുന്നുണ്ട്. നാമത് കാണാതിരുന്നുകൂടാ എന്നദ്ദേഹം കരുതുന്നു.
 
ഈ നിലയിൽ കലയുടെ സമകാലികജീവിതത്തെ ആനുഭാവികമായും അനുഭൂതിനിഷ്ഠമായും അഭിസംബോധനചെയ്യുന്ന നാനാതരം ആലോചനകളാണ് ഈ ഗ്രന്ഥത്തിലെ ഓരോ അധ്യായവും. അതിലെ ഏറ്റവും ദൈർഘ്യമേറിയ ചർച്ചകളിലൊന്ന് കലയും ജാതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ളതാണ്. എങ്ങനെയാണ് ദക്ഷിണേന്ത്യൻ സംഗീതവേദിയിൽ ജാതി സന്നിഹിതമായിരിക്കുന്നത് എന്നതിനെക്കുറിച്ചുള്ള സൂക്ഷ്മമായ ആലോചനകൾ കൃഷ്ണ അവതരിപ്പിക്കുന്നുണ്ട്. സംഗീതപ്രയോക്താക്കളുടെയും ആസ്വാദകരുടെയും ജാതി എന്നതിലുപരി സംഗീതസ്വരൂപത്തിൽ, ഘടനാപരം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന നിലയിൽത്തന്നെ, ഇടം പിടിക്കുന്ന ജാതിബന്ധങ്ങളുടെ സൂക്ഷ്മജീവിതത്തെക്കുറിച്ചുള്ള ആലോചനകളിലേക്ക് ഈ പ്രമേയത്തെ വികസിപ്പിക്കാൻ അദ്ദേഹത്തിനവിടെ കഴിയുന്നുണ്ട്. കലയുടെ രൂപസംവിധാനത്തെയും ഘടനാസ്വരൂപത്തെയും മുൻനിർത്തിത്തന്നെ അതിന്റെ ചരിത്ര/സാമൂഹിക/പ്രത്യയശാസ്ത്ര താൽപ്പര്യങ്ങളിലേക്ക് വെളിച്ചം വീശാൻ കഴിയുന്നു എന്നിടത്താണ് ഈ ചർച്ച വലിയ പ്രാധാന്യം കൈവരിക്കുന്നത്.
 
കർണാട്ടിക‌് സംഗീതത്തിന്റെ ഗതാനുഗതികത്വത്തിനെതിരെ അതിനകമേനിന്നും ഉയർന്നുവന്ന, ഏറ്റവും വിധ്വംസകശേഷിയുള്ള ഇടപെടലാണ് തൊഡൂർ മധേബുസി കൃഷ്ണ എന്ന ടി എം കൃഷ്ണ. സംഗീതത്തെ മുൻനിർത്തുന്ന സാമൂഹിക ഇടപെടലുകൾ പ്രശസ്തമായ മാഗ്സാസെ അവാർഡിനുവരെ അദ്ദേഹത്തെ അർഹനാക്കി. അത്തരം ഇടപെടലുകൾക്കുപിന്നിലെ സൗന്ദര്യശാസ്ത്രപരവും സാമൂഹികവും നൈതികവുമായ പ്രേരണകളെക്കുറിച്ചാണ് ഈ ചെറിയ പുസ്തകം നമ്മോട് സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ, നമ്മുടെ കാലത്തെ കലാവിചാരമേഖലയിലെ അനന്യമായ സ്ഥാനങ്ങളിലൊന്നായി ഈ ഗ്രന്ഥം മാറിത്തീരുകയും ചെയ്തിരിക്കുന്നു.
 
കർണാട്ടിക‌് സംഗീതത്തിൽ നിലീനമായ ജാതിബന്ധങ്ങളെ മുറിച്ചുകടക്കാനുള്ള ശ്രമങ്ങളുടെ പേരിൽ ഏറെ ശ്രദ്ധനേടിയ ഒരാളാണ് ടി എം കൃഷ്ണ. 
ഒപ്പം സംഗീതത്തെ അതിന്റെ പരമ്പരാഗതമായ അതിർവരമ്പുകളെ ഭേദിക്കാൻ പ്രേരിപ്പിക്കുന്ന ഇടപെടലുകൾ  നിരന്തരമെന്നോണം നടത്തുകയും ചെയ്യുന്നുണ്ട്. സമകാലിക സംഗീതവേദിയിലെ ഏറ്റവും ഉന്നതരായ സംഗീതജ്ഞരിൽ ഒരാളായിരിക്കെത്തന്നെ, സംഗീതത്തിന്റെ സൗന്ദര്യശാസ്ത്രപരവും സാമൂഹികവും ചരിത്രപരവുമായ അതിർവരമ്പുകൾക്ക് കീഴ്പ്പെടാതിരിക്കാൻ താൻ നടത്തുന്ന ഇത്തരം ശ്രമങ്ങളെ സൈദ്ധാന്തികമായി അഭിസംബോധന ശ്രമങ്ങളാണ് ഈ ഗ്രന്ഥത്തിലെ അധ്യായങ്ങളോരോന്നും.
 
sunilpelayidom@gmail.com
പ്രധാന വാർത്തകൾ
 Top