23 March Saturday

കാല: കറുപ്പിന്റെ കരുത്ത്‌

എം ആർ ലേഖാരാജ‌്Updated: Sunday Jun 10, 2018
"കറുപ്പ്, ഉഴൈപ്പോടെ വണ്ണം. യെൻ ചാലൈയിൽ വന്ത് പാര്... അഴുക്കത്തനൈയും വണ്ണമായ് തെരിയും!''  കരികാലന്റെ ഈ ഡയലോഗുതന്നെയാണ് കാല എന്ന ചിത്രത്തിന്റെ ജീവൻ. കറുത്തവർ, നിറംകെട്ടവർ, നിർധനർ... എല്ലാക്കാലത്തും വെളുത്തവർക്കു കീഴിൽ കഴിയേണ്ടവരാണെന്ന വരേണ്യബോധം. അതും ദളിതന്റെ ആത്മാഭിമാനവും തമ്മിലുള്ള ഏറ്റുമുട്ടലാണ് കാല. 
 
സിനിമകളിലെ രാഷ്ട്രീയം എക്കാലത്തും ചർച്ചയാണ്. പലപ്പോഴും സമരസപ്പെടലുകളുടേതായിട്ടാണ് ആ രാഷ്ട്രീയം തിരശ്ശീലയിൽ കണ്ടിട്ടുള്ളത്. കാലാ കരികാലൻ എന്ന രജനികാന്ത് ചിത്രം പൂർണമായും രജനിചിത്രമല്ല. പാ രഞ്ജിത്തുതന്നെയാണ് അതിന്റെ അമരക്കാരൻ. അണിയറയിലും തിരശ്ശീലയിലും  അദ്ദേഹത്തിന്റെ രാഷ്ട്രീയം. കമൽ ഹാസനുശേഷം രജനിയുടെ രാഷ്ട്രീയപ്രവേശം ചർച്ചയാകുന്നതിനിടെയാണ് കാല റിലീസാകുന്നത്. ആദ്യ ഷോയ്ക്കു പിറകെ സോഷ്യൽമീഡിയ ആർത്തുവിളിച്ചു "ആരാണ് പറഞ്ഞത്, രജനി ബിജെപിയിൽ ചേരുന്നുവെന്ന്'' വിജയ്യുടെ മെർസലിനുശേഷം, അത്രമാത്രം തീവ്രമായി ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ ദളിത് പക്ഷത്തുനിന്ന് പ്രതികരിക്കുകയാണ് കരികാലൻ. 
 
പാ രഞ്ജിത്ത്

പാ രഞ്ജിത്ത്

പാ രഞ്ജിത്തിന്റെ രാഷ്ട്രീയം പ്രകടമാക്കാനുള്ള ഉപകരണംമാത്രമായിരുന്നോ രജനി എന്നത് കാലയുടെ സൂപ്പർവിജയത്തിനുശേഷം കാലം തെളിയിക്കും. സ്വച്ഛ‌് ഭാരത് ചുവരെഴുത്തുകൾക്കും ഹോർഡിങ്ങുകൾക്കും പിന്നിലും മുന്നിലുമായി തെളിയുന്ന നിസ്സഹായതയുടെ രൂപങ്ങളെ തന്റെ രാഷ്ട്രീയപരിസരത്ത് ചേർത്തുവയ്ക്കുന്നു ആദ്യഷോട്ടിൽതന്നെ പാ രഞ്ജിത്. മഗിഴൻ, ആദവൻ എന്നിവർക്കൊപ്പമാണ് സംഭാഷണം രചിച്ചതെങ്കിലും ഓരോ ഡയലോഗും നിലപാട് ഉറക്കെ പ്രഖ്യാപിക്കുന്നുണ്ട്.
 
കബാലി പറഞ്ഞത‌് മലേഷ്യൻ ഗ്യാങ്വാർ കഥ ആയിരുന്നെങ്കിൽ കാല പറയുന്നത‌് ധാരാവിയിലെ ജീവിതം. രണ്ടുവർഷംമുന്നേ പ്രഖ്യാപിച്ച കാല, കബാലിയിൽ സംഭവിച്ച പിഴവുകൾ തീർത്താണ് എത്തിയത്. സ്റ്റണ്ട്, ഗാനങ്ങൾ, ഡാൻസ്, സെന്റിമെന്റ്സ്, മാസ് ഡയലോഗുകൾ എന്നിവ കൃത്യമായി വിന്യസിച്ചിട്ടുണ്ട്. കുടുംബചിത്രമെന്നോ ഗ്യാങ‌്സ്റ്റർ ചിത്രമെന്നോ ഒരേസമയം കാല മാറിമറയുന്നു. തുടക്കംമുതൽ രാമ‐രാവണ യുദ്ധത്തിന്റെ നിഴലുകളുണ്ട് ചിത്രത്തിൽ. അടുത്തിടെ ഇറങ്ങിയ 'വിക്രംവേദ'യിലെ വേതാളകഥകളെ ഓർമിപ്പിക്കുന്നെങ്കിലും ക്ലൈമാക്സിൽ ഈ രാമ‐രാവണ ആശയം ചിത്രത്തോട് നീതിപുലർത്തുന്നതായി. 
 
കാലയുടെ പിതാവ് വേങ്കൈയാണ് ധാരാവി ഇന്നുകാണുംപോലെ കെട്ടിപ്പടുത്തത്. അതിനദ്ദേഹം കൊടുക്കേണ്ടിവന്നത് സ്വന്തം ജീവൻ. ഇപ്പോൾ ധാരാവിക്ക് എല്ലാം കരികാലൻ എന്ന കാലയാണ്. കാലയുടേത‌് അവസാനവാക്ക്. ഭാര്യക്കും നാല് മക്കൾക്കുമൊപ്പം ധാരാവിയിൽ കഴിയുകയാണ് കാല. വലംകൈയാണ് ഭാര്യാസഹോദരൻ വാളിയപ്പൻ.  നഷ്ടപ്രണയം കൈത്തണ്ടയിൽ പച്ചകുത്തിയ, വീഴ്ചകളും ചോദ്യംചെയ്യലുകളും ഏറ്റുവാങ്ങേണ്ടിവരുന്ന കാല. വേദനയും കണ്ണീരും പങ്കുവയ്ക്കുന്നുണ്ട് കാല. തന്റെ ഗുണ്ടാനിലപാടുകളെ ചോദ്യംചെയ്യുന്ന ആക്ടിവിസ്റ്റുകൂടിയായ ഇളയമകെനയും കരുതലോടെ ചേർത്തുപിടിക്കുന്നു കാല. കാരണം, അവന‌് ലെനിൻ എന്ന‌് പേരിട്ടതും കാലതന്നെ. 
 
കാലായിൽ നാനാപടേക്കർ

കാലായിൽ നാനാപടേക്കർ

തീവ്രഹിന്ദുരാഷ്ട്രീയ പാർടിയുടെ കേന്ദ്രമന്ത്രി ഹരിദായാണ് പ്രതിനായകൻ. നാനാ പടേക്കറുടെ സൂക്ഷ്മാഭിനയം ഹരിദായുടെ ചാരുതയേറ്റുന്നു. തന്റെ പാർടിക്ക് ധാരാവിയിലുണ്ടായ തോൽവി, ക്ലീൻ മുംബൈ എന്ന തന്റെ ലക്ഷ്യത്തിനുവേണ്ടി ധാരാവിയെ ഇല്ലാതാക്കുന്നതിലേക്ക് ഹരിദായെ എത്തിക്കുന്നു. അധികാരം എന്നുമാത്രം ഉരുവിടുന്ന ചുണ്ടുകൾ. തന്റെ റിയൽഎസ്റ്റേറ്റ് സംഘത്തിനായി ഹരിദാ പ്രവർത്തനം തുടങ്ങുന്നതും കാലായ്ക്കു കീഴിൽ ധാരാവി അണിനിരക്കുന്നതുമാണ് പ്രമേയം.  കറുപ്പ് മൊത്തം അഴുക്കാണെന്നും അത് ശുദ്ധിയാക്കപ്പെടേണ്ടതാണെന്നുമുള്ള വരേണ്യബോധമാണ് ഹരിദായിൽ. കറുപ്പില്ലാതെ വെളുപ്പുണ്ടാകില്ലെന്ന് കാലയും. ചേരിയിൽനിന്ന് പണിക്കായി പോയവർ ഒറ്റക്കെട്ടായി പണിമുടക്കുന്നതിലൂടെ കാണിച്ചുകൊടുക്കുന്നു അവർ കറുപ്പിന്റെ ശക്തി. തെരുവുകളും ആശുപത്രികളും വൃത്തിയാക്കുന്നവർ, അലക്കുകാർ, ഡ്രൈവർമാർ എന്നിവരൊക്കെ കാലയുടെ ഗലികളിൽനിന്നാണ് എത്തുന്നത്. അവർ പണിമുടക്കിയാൽ നഗരം സ്തംഭിക്കപ്പെടുമെന്ന് 'വെളുത്തവർ' അറിയുന്നു. 
 
രഞ്ജിത് എന്ന സംവിധായകനിൽ തനിക്കുള്ള വിശ്വാസമാണ് രണ്ട് തുടരൻ ചിത്രങ്ങൾക്ക് രജനി കരാറായത്. ഈ പ്രായത്തിലും രജനിയുടെ മാനറിസങ്ങൾ ഒട്ടുംചോരാതെ സ്ക്രീനിലെത്തിക്കാൻ രഞ്ജിത്തിനായി. വാർധക്യത്തിന്റെ വാതിൽക്കൽ എത്തിനിൽക്കുമ്പോൾ ആദ്യപ്രണയിനിയെ കണ്ടുമുട്ടുന്നതും അതിനുശേഷമുള്ള നായകന്റെ സംഭ്രമവുമെല്ലാം കാണേണ്ടതുതന്നെ. വേറെ ആരായിരുന്നെങ്കിലും ബോറാകുമായിരുന്ന ആ സീനുകൾ, രജനി തന്റെ സൂക്ഷ്മാഭിനയംകൊണ്ട് മറികടന്നു. 
 
കാലയുടെ ആദ്യ പ്രണയിനിയും പിന്നീട് ആഫ്രിക്കൻ രാജ്യങ്ങളിൽ എൻജിഒ പ്രവർത്തകയുമായ നായികയായി ഹുമ ഖുറൈശിയാണ് എത്തുന്നത്. ആഫ്രിക്കയിലും മറ്റും ചേരിനിർമാർജനത്തിൽ തനിക്കുള്ള പ്രായോഗിക പരിചയം തന്റെ ജന്മദേശമായ ധാരാവിക്ക് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ലെനിനും അവരോടൊപ്പം ചേരുന്നു. പക്ഷേ, മുന്നോട്ടുള്ള യാത്രയിൽ കാലയെ എതിർഭാഗത്ത് കാണേണ്ടിവരുന്നു അവർക്ക്. 
 
ശക്തമാണ് രഞ്ജിത്തിന്റെ സ്ത്രീകഥാപാത്രങ്ങൾ. ഹുമയേക്കാൾ മനസ്സിൽ തങ്ങുന്നു കാലയുടെ ഭാര്യ സെൽവിയായി എത്തിയ ഈശ്വരി റാവു. മലയാളികൾക്ക് സിദ്ദിഖ് എങ്ങനെയോ അങ്ങനെയാണ് തമിഴിൽ സമുദ്രക്കനി. വേഷം എന്തുമാകട്ടെ, ഒരു കൈയൊപ്പ് ഉണ്ടാകും അതിൽ‐ ഇത്തവണ അത് വാളിയപ്പനായാണ്. ചാരുമതിയായി അഞ്ജലി പാട്ടീൽ, ലെനിനായി മണികണ്ഠൻ, തിലീപൻ, ചെറിയ വേഷമാണെങ്കിലും അരവിന്ദ് (നന്ദനം ഫെയിം) എന്നിവർ തിളങ്ങി. 
 
രഞ്ജിത്തിന്റെ ആദ്യചിത്രമായ ആട്ടക്കത്തിമുതൽ കൂടെയുള്ള സന്തോഷ് നാരായണനാണ് സംഗീതം. ആദ്യകേൾവിയേക്കാൾ പിന്നീടുള്ള കേൾവികളിൽ ഗാനങ്ങൾ മനസ്സിനോട് ചേർന്നുനിൽക്കും. കബാലിയിലേതുപോലെ മുരളി ജി ആണ് ഛായാഗ്രഹണം. ഇന്റർവെലിനുമുമ്പുള്ള ഫ്ളൈ ഓവർ സീനും ഫൈറ്റും ക്ലൈമാക്സുമെല്ലാം മികച്ച കാഴ്ചാനുഭവമാണ്. മൂന്നുമണിക്കൂറോളമുള്ള ചിത്രം ധനുഷിന്റെ വണ്ടർബാർ ഫിലിംസാണ് നിർമിച്ചത്.
 
lekharajikru@gmail.com
പ്രധാന വാർത്തകൾ
 Top