21 February Thursday
ഏക‌്താര

മഴയും മല്‍ഹാറും

നദീം നൗഷാദ‌്Updated: Sunday Jun 10, 2018

താൻസെൻ സ‌്മരണയ്‌ക്കായുള്ള സ‌്റ്റാമ്പ‌്

ഏക‌് ബസ്‌ തൂ ഹി നഹി മുജ്ഹ്സേ കഫാ ഹോ ബൈഠാ... മെഹ്ദി ഹസ്സന്റെ മനോഹരമായ ഗസൽ, ഗുഡ്ഡി(1971)യിൽ  വാണിജയറാം പാടിയ ബോല് രേ പപ്പീ ഹര, പത്മരാജന്റെ ഞാൻ ഗന്ധർവനിൽ (1991) യേശുദാസ്‌ പാടിയ ദേവീ  ആത്മരാഗമേകാൻ കന്യാവനിയിൽ... എന്നിവ കേൾക്കുമ്പോൾ ഇവയ‌്ക്ക‌് തമ്മിൽ വല്ലാത്തൊരു ബന്ധം ഉണ്ടെന്നു തോന്നും. അതെന്താണ്? മൂന്നും മൽഹാർ രാഗത്തിലുള്ളതാണ് എന്നാണ്  ഉത്തരം.  
 
ഹിന്ദുസ്ഥാനി  സംഗീതത്തിൽ മൺസൂണുമായി  ബന്ധപ്പെട്ട ഏറ്റവും പ്രധാന രാഗമാണ് മൽഹാർ. മഴയുടെ രാഗം. പ്രണയവും വിരഹവും കാത്തിരിപ്പും എല്ലാം ചേർന്ന ഒരു വശ്യതയുണ്ടതിന‌്. ഒരിക്കൽ കേട്ടാൽ അത് നൽകുന്ന ഭാവനില നിലനിർത്താൻ ശ്രോതാക്കൾ ആഗ്രഹിക്കും. പാട്ടുകൾ  വീണ്ടും വീണ്ടും കേൾക്കും. 
 
മഴയുടെ അനുഭവം  സംഗീതത്തിൽ കൊണ്ടുവരാനുള്ള ശ്രമം പണ്ടുമുതലേ ഉണ്ടായിരുന്നു. മൽഹാർ ആദ്യം കണ്ടെടുത്ത് അവതരിപ്പിച്ചത് അക്ബറിന്റെ സദസ്സിലെ മുഖ്യഗായകൻ താൻസെൻ ആണെന്ന് കരുതപ്പെടുന്നു. അതുകൊണ്ടാകണം ആ രാഗത്തെ മിയാൻ കി മൽഹാർ എന്നുവിളിക്കുന്നത‌്.  മൽഹാറുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. അക്ബർ ചക്രവർത്തി താൻസെന് കൊടുക്കുന്ന പരിഗണനയിൽ  മറ്റ് ഗായകർ അസൂയാലുക്കളായിരുന്നു. അദ്ദേഹത്തെ  അവമതിക്കാൻ അവർ പദ്ധതിയിട്ടു.  ദീപക‌് രാഗം പാടി വിളക്കുകൾ ജ്വലിപ്പിക്കാൻ താൻസെന‌് കഴിയുമെന്ന‌്  അവർ ചക്രവർത്തിയോട് പറഞ്ഞു. സംഗീതപ്രേമിയായ അക്ബർ താൻസെനോട് ആ രാഗം കേൾക്കണമെന്ന  ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, താൻസെന് ആ രാഗം പാടാൻ ഭയം.  പാടിയാൽ  അതുണ്ടാക്കുന്ന അഗ്നിയിൽ താൻ എരിഞ്ഞുതീരുമെന്ന ഭയം.   ചക്രവർത്തിയുടെ ആഗ്രഹമല്ലേ. എങ്ങനെ ഒഴിഞ്ഞുമാറും? ഒടുവിൽ   ദീപക് രാഗം പാടാൻ തയ്യാറായി.  കുറച്ച് ദിവസത്തെ സാവകാശം തേടി. ഈ ദിവസങ്ങളിൽ മകൾ സരസ്വതിയെയും ശിഷ്യ  രൂപ്‌ കുമാരിയെയും താൻസെൻ മൽഹാർ പരിശീലിപ്പിച്ചു. അവർ പാടി  മഴ പെയ്യിച്ചാൽ താൻ രക്ഷപ്പെടുമെന്നായിരുന്നു  താൻസെന്നിന്റെ നിഗമനം.  നിശ്ചയിച്ച ദിവസംതന്നെ താൻസെൻ ദീപക് രാഗം പാടി. ദർബാറിൽ സജ്ജീകരിച്ച ആയിരക്കണക്കിന് വിളക്കുകൾ ഒന്നൊന്നായി കത്തി.  ശരീരത്തിലെ വർധിച്ച ചൂട് താങ്ങാൻപറ്റാതെ താൻസെൻ  പുറത്തേക്കോടി.  അപ്പോൾ മകൾ മൽഹാർ പാടാൻ തുടങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മഴ പെയ‌്തതോടെ താൻസെൻ രക്ഷപ്പെട്ടു എന്നാണ‌് കഥ.
 
മൽഹാർ പാടി മഴപെയ്യിച്ച  കഥകൾ വേറെയുമുണ്ട്. മഹാരാജ സയാജി റാവു ഗെയ‌്‌ക‌്‌‌വാദിന്റെ കൊട്ടാരംഗായകൻ ഉസ‌്‌താദ‌് ഫയാസ്ഖാനോട്  ഒരാൾ മൽഹാർ പാടി മഴപെയ്യിക്കാൻ ആവശ്യപ്പെട്ടു.  ആദ്യം  വിയോജിച്ചെങ്കിലും  പിന്നീട്  സമ്മതിച്ചു. ഫയാസ്ഖാൻ  പാടി. പാട്ടിനൊടുവിൽ മഴത്തുള്ളികൾ  വർഷിച്ചു. അത് ക്രമേണയൊരു  പെരുമഴയായി.  1998ൽ പണ്ഡിറ്റ്‌ ജസ്‌രാജ‌്  നയതന്ത്ര ഉദ്യോഗസ്ഥൻ  എൻ കെ സിങ്ങിന്റെ വീട്ടിൽവച്ച് മൽഹാർ പാടിയപ്പോൾ മഴപെയ‌്‌തു എന്നതാണ‌് മറ്റൊരുകഥ. മൽഹാറിനു തുല്യമായി കരുതുന്ന  കർണാട്ടിക‌് രാഗം അമൃതവർഷിണി പാടിയും ഗായകർ മഴപെയിച്ച കഥകൾ നിരവധി. ഒരിക്കൽ മുത്തുസ്വാമി ദീക്ഷിതർക്ക് തമിഴ്നാട്ടിലെ എട്ടയപുരം  ഗ്രാമത്തിലൂടെ പോകേണ്ടി വന്നു. വരൾച്ച ബാധിച്ച ആ ഗ്രാമത്തിൽ ജനങ്ങൾ വെള്ളത്തിന്‌ കഷ്ടപ്പെടുന്നതുകണ്ട്  അലിവ് തോന്നി അദ്ദേഹം അമൃതവർഷിണി രാഗത്തിലുള്ള ആനന്ദാമൃതാകർഷിണി എന്ന കീർത്തനം പാടി. തുടർന്ന് മഴ കോരിച്ചൊരിഞ്ഞു.  പുരാവൃത്തങ്ങളിലും ഐത്യഹ്യങ്ങളിലും ജീവിക്കുന്ന മറ്റ് രാഗങ്ങൾ വേറെയുണ്ടോ എന്ന‌് സംശയം. 
 
മൺസൂണുമായി  ബന്ധപ്പെട്ട് ഹിന്ദുസ്ഥാനിയിൽ  വൈവിധ്യമായ സംഗീതം നിലനിൽക്കുന്നതിന‌് കാരണം ഉത്തരേന്ത്യയിലെ  കാലാവസ്ഥയാണ്. കഠിനമായി ചൂടിൽ  മഴ കൊ തിക്കുന്ന ജനത.  പച്ചപ്പെല്ലാം കരിഞ്ഞ് വിണ്ടുകീറിയ ഭൂമി.  കണ്ണിന് മേലെ ഒരു കൈവച്ച് പ്രതീക്ഷയോടെ ഇരുണ്ട മേഘങ്ങളിലേക്ക്  നോക്കിയിരിക്കുന്ന  മനുഷ്യർക്ക്‌  പെട്ടെന്ന് പെയ്യുന്ന മഴ വലിയ ആനന്ദമാണ് നൽകുന്നത്. അവരുടെ  സന്തോഷം സംഗീതകാരന്മാർ  തങ്ങളുടെ പാട്ടുകളിൽ കൊണ്ടുവന്നു.   നാടോടിസംഗീതത്തിലും മൺസൂൺ രാഗങ്ങളും വിവിധങ്ങളായ ഗാനരൂപങ്ങളും ഉണ്ടായി. 
 
പ്രണയികളുടെ വിരഹവും ഒന്നിക്കാനുള്ള  അവരുടെ തീക്ഷ‌്ണമായ ആഗ്രഹവുമാണ്  മൺസൂൺ  ഗാനങ്ങളിലെ പ്രധാന പ്രമേയം. അവരുടെ സങ്കല്പങ്ങളിലെ കാമുകൻ കൃഷ്ണനും കാമുകി രാധയുമാണ്. കൃഷ്ണൻ ഘനശ്യാമവർണനാണ‌്. ശ്രാവണമാസത്തിൽ മഴ കോ രിച്ചൊരിയുന്ന ദിവസത്തിലാണ‌്  കൃഷ്ണന്റെ പിറവി.   മൺസൂൺ പാട്ടുകളിൽ കൃഷ്ണൻ പ്രധാനപ്പെട്ട കഥാപാത്രമായി.  ഈ സങ്കല്പം വാഗ്ഗേയകാരന്മാരെ സ്വാധീനിച്ചിട്ടുണ്ട്.  മീരാഭായ്, രാംദാസ്, സൂർദാസ്‌ എന്നിവർ മൽഹാറിന്റെ വകഭേദങ്ങളായ  രാഗങ്ങൾ പാടിയിരുന്നു. ഇത് പിന്നീട് മീരാഭായ് കി മൽഹാർ, സുർദാസ് കി മൽഹാർ, രാംദാസ് കി മൽഹാർ എന്നീ പേരുകളിൽ അറിയപ്പെട്ടു.
 
മൽഹാർ കുടുംബത്തിൽ മുപ്പതോളം രാഗങ്ങളുണ്ട് എന്ന് സംഗീത പണ്ഡിതർ. അവ മൺസൂണിന്റെ വിവിധ ഘട്ടങ്ങളിൽ ഉപയോഗിച്ചു. തുടർച്ചയായി മഴ  പെയ്യുമ്പോഴാണ് മിയാൻ കി മൽഹാർ ആലപിച്ചിരുന്നത്. മൺസൂൺ കുറച്ചുകൂടി നീണ്ടുനിൽക്കുമ്പോഴാണ് ഗൗഡ് മൽഹാർ. മൺസൂണിന്റെ അവസാനം വെയിലും മഴയും ഇടകലർന്ന് വരുമ്പോൾ സൂർദാസ‌് കി മൽഹാർ. 
 
മഴപ്പാട്ടുകളുടെ ഒരു അക്ഷയഖനിയാണ്  ഉത്തരേന്ത്യൻ നാടോടി സംഗീതം. മഴക്കാലത്ത്‌ ഉത്തർപ്രദേശിലും  സമീപപ്രദേശങ്ങളിലുമായി പാടിവരുന്ന നാടോടിഗാനമാണ് കജ്‌രി. ശ്യാമമേഘങ്ങൾ ആകാശത്ത് ഉരുണ്ടുകൂടുമ്പോൾ  കാമുകനുമായി  സംഗമിക്കാനുള്ള  കാമുകിയുടെ തീവ്രമായ ആഗ്രഹമാണ് കജ‌്‌രികളുടെ മുഖ്യപ്രമേയം. പ്രശസ്ത തുമ‌്‌രി ഗായകർ ശോഭ ഗുർത്തുവും ഗിരിജദേവിയും ധാരാളം കജ‌്‌രികൾ പാടിയിട്ടുണ്ട്. സാവൻ കി ഋതു ആയീ രേ.... എന്ന കജ്‌രി ശോഭ ഗുർത്തു മെഹഫിലുകളിൽ ആവർത്തിച്ചു പാടിയിരുന്നു. സാവനി, ചയ‌്‌തി, ഹോറി, ഝൂല  എന്നിവയാണ് മറ്റ് മഴപ്പാട്ടുകൾ.  മിർസാപുർ, മധുര, അലഹബാദ്‌ എന്നിവിടങ്ങളിലും ബിഹാറിലെ ഭോജ‌്പുർ പ്രദേശങ്ങളിലുമാണ് ഇവ പാടിവരുന്നത്.    
 
മഴയുടെ വിവിധ ഭാവങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നവർ 2004ലെ ഗ്രാമി അവാർഡിന് നിർദേശിക്കപ്പെട്ട ‘ദ റെയ‌്ൻ’ എന്ന ആൽബം കേൾക്കണം. അതിൽ  ഷുജായത്ത് ഹുസൈൻഖാന്റെ സിതാർ വാദനവും ഗസൽ ആലാപനവും മഴയുടെ മറ്റൊരു വ്യത്യസ്തമായ സംഗീതാനുഭവം തരും. കൂടെ സാസ് (1997) എന്ന സിനിമയിൽ സുരേഷ് വാഡ‌്കർ പാടിയ അർധശാസ്ത്രീയ ഗാനം ബാദൽ ഖുമട് ബഡ‌് ആയെ... കൂടി കേട്ടാലെ  മഴ നൽകുന്ന അനുഭവം പൂർണമാകൂ.
 
noushadnadeem@gmail.com
പ്രധാന വാർത്തകൾ
 Top