21 February Thursday

സായാഹ്നത്തിലെ അച്ഛൻ

മധു തൃപ്പെരുന്തുറUpdated: Sunday Dec 9, 2018

അച്ഛന് എന്താണ് പറ്റിയത്? എന്റെ ചോദ്യങ്ങൾക്കെല്ലാം പരസ്‌പര ബന്ധമില്ലാത്ത മറുപടിയാണ് കിട്ടിയത്. എങ്കിലും ഒന്നെനിക്ക‌് മനസ്സിലായി. സ്വന്തം വീടന്വേഷിച്ചാണ് അച്ഛൻ പന്ത്രണ്ട്‌ കിലോമീറ്റർ യാത്ര ചെയ്‌തത്. വലിയൊരു കുഴിയിൽവീണാണ് മുണ്ട് നഷ്ടപ്പെട്ടതും കൈകാലുകൾ മുറിഞ്ഞതും 

എഴുതിയകാലമല്ല, എഴുതാതെ പോയ നീണ്ട വർഷങ്ങൾ ഓർമയുടെ ഞരമ്പിലൂടെ തീപ്പന്തമായി പാഞ്ഞുപോകുന്നു.

അച്ഛൻ... 

 മരിച്ചുമണ്ണായെങ്കിലും കുറ്റബോധത്തിന്റെ കെടാക്കനലായി അച്ഛൻ ഇന്നും എന്റെ ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ ഏകാന്തമായ നിമിഷങ്ങളിൽ എന്നെ നീറ്റിയെടുക്കുന്നു. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ ആ അച്ഛന്റെ മകനായി...
കടമകളും കടപ്പാടുകളും വീട്ടുവാനെങ്കിലും... 
 
ദുരന്തങ്ങൾ അങ്ങനെയാണ്, ഒന്നിനുപുറകെ ഒന്നായി ആഞ്ഞടിച്ച് ജീവിതത്തിന്റെ പായ്‌ക്കപ്പൽ തകർത്തുകളയും, സ്വപ്‌നങ്ങളുടെ ചിറകരിയും, വസന്തത്തിന്റെ പൂമൊട്ടുകൾ തല്ലിക്കൊഴിക്കും.
 
ഇടവേളകൾപോലുമില്ലാതെ ഒന്നിനുപുറകെ ഒന്നായി ദുരന്തങ്ങൾ പെയ്‌തിറങ്ങിയപ്പോൾ പകച്ചുപോയ നിമിഷങ്ങൾ...
ആദ്യം അൽഷൈമേഴ്സ് ബാധിച്ച് അച്ഛൻ, തൊട്ടുപിന്നാലെ ക്യാൻസർ ബാധിച്ച‌് അമ്മ, തലച്ചോറിലെ ഞരമ്പുപൊട്ടി ഭാര്യയുടെ അച്ഛൻ.
കുടുംബത്തിന് താങ്ങായി നിന്നവർ ഓരോന്നായി...
 
അച്ഛനെക്കുറിച്ച് ആർക്കും നല്ലതേ പറയാനുള്ളൂ.അങ്ങനെയൊരച്ഛൻ ഏതൊരാളുടെയും സ്വകാര്യ അഹങ്കാരമായിരുന്നു. ഞങ്ങളുടെ ഗ്രാമമായിരുന്നു അച്ഛന്റെ ലോകം. അവിടെ വായനശാലയും അമ്പലവും സ്‌കൂളും വീടും. അതിനുമപ്പുറം മറ്റൊരു ലോകമില്ല. ആ ചെറിയ വൃത്തത്തിലെ ഒാരോ സ്‌പന്ദനവും അച്ഛന് ഹൃദിസ്ഥമായിരുന്നു. അന്നത്തെ യുപി സ്‌കൂൾ അധ്യാപകന്റെ പരിമിതികൾക്കുള്ളിൽനിന്ന് മൂന്നുമക്കളെ പഠിപ്പിച്ച് ഉദ്യോഗസ്ഥരാക്കി. ആർഭാടങ്ങളോട് ഒട്ടും താൽപ്പര്യമില്ലാത്തമനസ്സ്. വെളുത്ത ഒന്നോ രണ്ടോ മുറിക്കൈയൻ ഷർട്ടും മുണ്ടും. ഒരുപക്ഷേ മറ്റുള്ളവർ ഷർട്ടിന്റെ എണ്ണം തിരിച്ചറിയാതിരിക്കാനാകുമോ വെളുപ്പ് ധരിച്ചിരുന്നത്? ആഹാരകാര്യങ്ങളിൽ ഒരു പിടിവാശിയുമില്ല.  മദ്യപാനമോ പുകവലിയോപോലുള്ള ശീലങ്ങളുമില്ല. എവിടെയും നടന്നേ പോകൂ. ചെരുപ്പുപോലും നിർബന്ധമില്ല. ശാന്തസ്വഭാവം. തലമുടി മുകളിലേക്ക് ചീകി ക്ലീൻ ഷേവ് ചെയ്‌ത്‌ പ്രസന്നവദനനായ അച്ഛനെ ഒരിക്കൽ കണ്ടാൽ ആർക്കും മറക്കാൻ കഴിയില്ല. ഏവർക്കും പ്രിയങ്കരൻ.
 
അന്നൊരു ദിവസം അമ്പലത്തിൽ തൊഴാൻ പോയ അച്ഛൻ ഏറെ വൈകിയിട്ടും തിരിച്ചുവന്നില്ല. പോകാനിടയുള്ള എല്ലായിടവും അന്വേഷിച്ചു. ഫലമുണ്ടായില്ല. രാത്രി ഏറെ വൈകി. പൊലീസ് സ്റ്റേഷനിൽ അറിയിക്കണോ? ഒരു തീരുമാനമെടുക്കാൻ കഴിയുന്നില്ല. ഉൽക്കണ്ഠയുടെ മണിക്കൂറുകൾക്കൊടുവിൽ ലാൻഡ‌് ഫോൺ ശബ്ദിച്ചു. അച്ഛൻ പാവുക്കര എന്ന സ്ഥലത്തുണ്ട്. എത്രയുംവേഗം ചെല്ലണം. വീട്ടിൽനിന്ന് പത്തുപന്ത്രണ്ട് കിലോമീറ്റർ ദൂരമുണ്ട്. ബൈക്കിൽ ചെന്നപ്പോൾ രാത്രി പതിനൊന്ന്‌  കഴിഞ്ഞിരുന്നു. 
 
റോഡരികിൽ ഒരാൽത്തറയ്‌ക്കു സമീപം അച്ഛനുചുറ്റും മൂന്നുനാലുപേർ കൂടിനിൽപ്പുണ്ട്. അവർ അച്ഛനെ തടഞ്ഞുവച്ചിരിക്കുകയായിരുന്നു.  ഷർട്ടും അടിവസ്‌ത്രവുംമാത്രമേ ധരിച്ചിരുന്നുള്ളൂ. കൈയിൽ ഒരു ടോർച്ച്‌. കാലുപൊട്ടി ചോര ഒലിക്കുന്നു. അവർ അച്ഛന്റെ മേൽ കൈവച്ചോ എന്തോ? അച്ഛന്റെ കണ്ണുകളിൽ വല്ലാത്തൊരു ഭീതി കൂടുകൂട്ടിയിരുന്നു. 
 
കൂടിനിന്നവരിൽ ഒരാൾ, ശ്രീരാജ്, അവൻ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട‌് ചോദിച്ചു. ‘നിന്റെ അച്ഛനായിരുന്നോ?'
അവൻ സംഭവം വിവരിച്ചു.
 
 അവർ പഞ്ചായത്ത് ഇലക‌്ഷനുവേണ്ടി ചുമരെഴുത്ത് നടത്തുകയായിരുന്നു. ഒരാൾ മുണ്ടുടുക്കാതെ പടിഞ്ഞാറോട്ട് വളരെ വേഗത്തിൽ വച്ചുപിടിക്കുന്നതുകണ്ട് തടഞ്ഞുനിർത്തി. ചോദിച്ചപ്പോൾ ചെന്നിത്തലയ്‌ക്ക്‌  പോകുന്നു എന്നുപറഞ്ഞു. ഇത‌് ചെന്നിത്തലയ്‌ക്കുള്ള വഴിയല്ല എന്നുപറഞ്ഞിട്ടും കൂട്ടാക്കുന്നില്ല. വീട്ടുപേരോ, സ്വന്തം പേരോ ഓർത്തെടുക്കാൻ കഴിയുന്നില്ല.  ആകെ പരിഭ്രമിച്ച മട്ട്‌. എങ്ങനെയോ ഫോൺ നമ്പർ ഓർത്തുപറത്തു. ശ്രീരാജ്‌ അച്ഛനൊരു മുണ്ടുകൊടുത്തു. അച്ഛനെ ബൈക്കിന്റെ പിന്നിലിരുത്തി വീട്ടിലേക്ക‌് പോകുമ്പോൾ ഉത്തരംകിട്ടാത്ത ഒരുപാടു ചോദ്യങ്ങൾ ഉള്ളിലുയർന്നു
അച്ഛന് എന്താണ് പറ്റിയത്?
 
എന്റെ ചോദ്യങ്ങൾക്കെല്ലാം പരസ്‌പരബന്ധമില്ലാത്ത മറുപടിയാണ് അച്ഛനിൽനിന്ന‌് കിട്ടിയത്. എങ്കിലും ഒന്നെനിക്ക‌് മനസ്സിലായി. അമ്പലത്തിനുസമീപമുള്ള സ്വന്തം വീടന്വേഷിച്ചാണ് അച്ഛൻ പന്ത്രണ്ട്‌ കിലോമീറ്റർ യാത്രചെയ്‌തത്. യാത്രയ്‌ക്കിടയിൽ വലിയൊരുകുഴിയിൽവീണാണ്  മുണ്ട് നഷ്ടപ്പെട്ടതും കൈകാലുകൾ മുറിഞ്ഞതും.
വീട്ടിലെത്തിയശേഷം അമ്മയുടെയും സഹോദരിയുടെയും നൂറായിരം ചോദ്യങ്ങൾക്കുമുമ്പിൽ അച്ഛൻ തലകുമ്പിട്ടിരുന്നു. അച്ഛനിൽ അടുത്തകാലത്തായി ചില മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു. പരിചയക്കാരെ കണ്ടാൽ ചിരിക്കാതിരിക്കുക, കണക്കുകൾ തെറ്റിച്ചുപറയുക, ആളുകളെ തുറിച്ചുനോക്കുക. ഒരു ന്യൂറോളജിസ്റ്റിനെ കാണാൻ തീരുമാനിച്ചു.
 
ആലപ്പുഴ മെഡിക്കൽകോളേജിലെ ന്യൂറോവിഭാഗം മേധാവി ഡോ. എസ് ആർ ചന്ദ്ര തലച്ചോർ സ്‌കാൻ ചെയ്യാൻ നിർദേശിച്ചു. സ്‌കാനിങ്ങിൽ കുഴപ്പമൊന്നുമില്ല. ഡോക്ടർ പറഞ്ഞു അൾഷൈമേഴ്സിന്റെ ആരംഭമാകാം. ചികിത്സയില്ല. ചില മരുന്നുകൾ കുറിക്കാം. അച്ഛന്റെ അവസ്ഥ മോശമായിവരികയായിരുന്നു. വസ്‌ത്രധാരണത്തിൽ തീരെ ശ്രദ്ധയില്ലാതെയായി. രാത്രി കതകുതുറന്ന് പുറത്തിറങ്ങും. ഞങ്ങളുടെ രാത്രികൾ ഉറക്കമില്ലാത്തതായി. ഓടാമ്പൽ അനങ്ങുന്നുണ്ടോ? എത്ര ശ്രദ്ധിച്ചിട്ടും അച്ഛൻ ചില രാത്രികളിൽ പുറത്തുചാടുകതന്നെ ചെയ്‌തു. ഒരു ദിവസം പാതിരാത്രിയിൽ പുരയിടത്തിനപ്പുറം കമ്പിവേലിക്കരികിൽനിന്ന് പുറംകീറി ചോര ഒലിക്കുന്ന അച്ഛനെ കണ്ടെത്തുകയായിരുന്നു.
 
അയൽവീടുകളിൽ ചെന്നുകയറുക, ദുബായിലുള്ള മൂത്തമകന്റെ അടുത്തേക്ക് പോകാനായി ഇറങ്ങുക, പകലും പ്രശ്നങ്ങളായി. പിടിച്ചുകൊണ്ടുവന്നാൽ ബലം പ്രയോഗിക്കും, ഉപദ്രവിക്കും. 65 വയസ്സെങ്കിലും നല്ല ആരോഗ്യമായിരുന്നു. കൊല്ലനെ കൊണ്ടുവന്ന് എല്ലാ കതകുകളും തുറക്കാനാകാത്ത രീതിയിൽ ബന്ധിച്ചു. ഏതുനിമിഷവും അച്ഛൻ കതകിനടിച്ചുകൊണ്ടേയിരുന്നു.
 
ആഹാരം വാരിക്കൊടുക്കാതെ കഴിക്കില്ല. നാക്ക‌് കടിച്ചുമുറിക്കും. എന്റെ ലീവ് കൂടിക്കൂടി വന്നു. അനുസരിക്കാതെ വരുമ്പോൾ  ക്ഷമനശിച്ച് അച്ഛനെ കട്ടിലിലേക്ക് ആഞ്ഞുപിടിച്ച് ഇരുത്തിയിട്ടുണ്ട്, ബലംപ്രയോഗിച്ചിട്ടുണ്ട്. പിന്നീട് മനസ്സുകൊണ്ട് ഒരായിരം തവണ ആ കാൽക്കൽ മാപ്പിരന്നിട്ടുണ്ട്.  
പൊടുന്നനെ വീടിന്റെ ഉത്തരവാദിത്തം മുഴുവൻ എന്റെ ചുമലിൽ പതിച്ചപ്പോൾ സ്വതേ മനക്കരുത്തില്ലാത്ത ഞാൻ ആകെ തകർന്നുപോയി. മനോസംഘർഷത്തിൽ പലപ്പോഴും മനോരോഗവിദഗ‌്ധന്റെ ചികിത്സ ആവശ്യമായിവന്നു. 
 
 നാലുവർഷങ്ങൾ...
അച്ഛൻ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. മലമൂത്രവിസർജനംപോലും മുറിക്കുള്ളിൽ. 
സൈക്കിയാട്രിസ്റ്റിന്റെ നിർദേശാനുസരണം ഗുളികകൾ കൊടുത്തു. മയക്കം വിട്ടുണരുമ്പോൾ വീണ്ടും പഴയപടി. ഇത‌് കണ്ടുനിൽക്കാൻ ആകുന്നില്ലല്ലോ...  എന്റെ അച്ഛൻ ഒന്നുമരിച്ചിരുന്നെങ്കിൽ... അങ്ങനെ ചിന്തിക്കാൻ പാടില്ല. പക്ഷേ, ഞാൻ അച്ഛനെ അത്രമേൽ സ്‌നേഹിക്കുന്നു. ഒടുവിൽ ഒരു വെളുപ്പാൻകാലത്ത് അമ്മയുടെ നിലവിളികേട്ട് ഞാൻ ചെല്ലുമ്പോൾ അച്ഛൻ രണ്ടാമതും മരിച്ചിരുന്നു. മരിക്കുന്നതിന്റെ തലേദിവസം ഒരത്ഭുതംപോലെ എത്രയോ കാലമായി വാക്കുകൾ വിറങ്ങലിച്ചു പോയ അച്ഛൻ എന്റെ പേര് ഓർത്തെടുത്ത്‌ പറഞ്ഞിരുന്നു.

 

പ്രധാന വാർത്തകൾ
 Top