17 February Sunday

ഇതാ, കേരളത്തിന്റെ ഖജുരാഹോ

ഡോ. പി ജെ വിൻസെന്റ്Updated: Sunday Sep 9, 2018

ഇവിടെ ശിലയിലുറങ്ങുകയാണ് രതിദേവതകൾ. ഈ ഗോപുരത്തൂണുകളിലും മുഖമണ്ഡപത്തിലും ഗർഭഗൃഹത്തിലേക്കുള്ള പ്രവേശനദ്വാരത്തിലും കൊത്തിയ രതിശിൽപ്പങ്ങൾ കാലമേൽപ്പിച്ച പരിക്കുകളിൽനിന്ന് എന്ന് മോചിതരാകുമെന്ന് നമ്മോട് ചോദിക്കുന്നതുപോലെ. കേരളത്തിന്റെ സാംസ്കാരിക സമന്വയത്തിന്റെ ശിലാലിഖിതങ്ങൾ നമുക്കിവിടെ കണ്ടെത്താം. യാഥാസ്ഥിതിക ഹിന്ദുഭരണാധികാരികളും മറ്റ് മതവിഭാഗങ്ങളും തമ്മിലുള്ള മതാതീതവും ജനകീയവുമായ സഹവർത്തിത്വത്തിന്റെ ഉൽപ്പന്നമായും ബഹുധർമ സഹവർത്തിത്വത്തിന്റെ മകുടോദാഹരണമായും ചരിത്രാന്വേഷികൾ കരുതുന്ന ഈ ക്ഷേത്രത്തിൽ ഇനിയും യാത്രികരുടെ കാൽപ്പാദങ്ങൾ അധികം പതിഞ്ഞിട്ടില്ല. കേരളത്തിന്റെ ഖജുരാഹോ എന്ന് ചുരുക്കി വിളിക്കാം വയനാട്ടിലെ പനമരത്തിനടുത്ത പുഞ്ചവയലിലെ ജനാർദനഗുഡി ജൈനക്ഷേത്രമെന്ന കല്ലമ്പലത്തെ. 

 

ജൈനക്ഷേത്രങ്ങളിലെ അപൂർവകാഴ്ച

വിഷ്ണുക്ഷേത്രമായും അറിയപ്പെടുന്ന കല്ലമ്പലത്തിന്റെ ഏറ്റവും പ്രധാന സവിശേഷത മനോഹരങ്ങളായ രതിശില്പങ്ങൾതന്നെ. ലോകനാർകാവ്  ശിവക്ഷേത്രത്തിന്റെ മുഖമണ്ഡപത്തിലുമുണ്ട് രതിശിൽപ്പങ്ങൾ ധാരാളം. അവ മരത്തിന്റെ പാളികളിലാണെങ്കിൽ കല്ലമ്പലത്തിലെ രതിശിൽപ്പങ്ങൾ പേരു സൂചിപ്പിക്കുംപോലെ കല്ലിലാണ്. കേരളത്തിലെ ‘ഖജുരാഹോ’ എന്ന വിളിപ്പേരിന് ലോകനാർകാവിനേക്കാൾ അർഹത  ഈ കല്ലമ്പലത്തിനാണ്.  താന്ത്രികമതത്തിന്റെയും പ്രകൃത്യുപാസനയുടെയും ഭാഗമായ രതിശിൽപ്പങ്ങൾ ജൈനക്ഷേത്രങ്ങളിൽ അപൂർവമാണ്. കേരളത്തിലെ പല ബ്രാഹ്മണിക ഹിന്ദുക്ഷേത്രങ്ങളിലും കല്ലിലും മരത്തിലും ദേവീ‐ദേവന്മാരുടെ മൈഥുനം കൊത്തിവച്ചിട്ടുണ്ട്. എന്നാൽ, ബ്രഹ്മചര്യത്തിൽ കഠിനനിഷ്ഠരായ ജൈനന്മാരുടെ ക്ഷേത്രത്തിൽ ഇവ പതിവുള്ളതല്ല. ഗോപുരത്തിന്റെ പുറത്തും അകത്തുമുള്ള കൽത്തൂണുകളിലാണ് രതിശിൽപ്പങ്ങൾ. ഗോപുരവാതിലിന് ഇരുവശത്തുമുള്ള കൽത്തൂണിനു മുകളിലുള്ള കല്ലിലുമുണ്ട്  ശിൽപ്പങ്ങൾ. ദീർഘചതുരാകൃതിയിലുള്ള കരിങ്കൽപ്പാളികളടുക്കി നിർമിച്ച കല്ലമ്പലത്തിന്റെ തൂണുകളും കൽപ്പാളികളുമെല്ലാം ചുറ്റുവട്ടത്ത് ചിതറിക്കിടപ്പുണ്ട്. ഇവയിൽ ചില പൊട്ടിയ കൽപ്പാളികളിലും കൽത്തൂണിന്റെ ഭാഗങ്ങളിലും സംഭോഗനില കൊത്തിവച്ചിട്ടുണ്ട്. കൃഷ്ണഗോപികമാരുടെ രാസലീലയെ അനുസ്മരിപ്പിക്കുന്ന ഒന്ന് കൽപ്പാളിയിൽ കാണുന്നു. മയിൽപ്പീലി ധരിച്ച കൃഷ്ണനും മൂന്ന് ഗോപികമാരും സംഭോഗത്തിലേർപ്പെടുന്ന രംഗം. വീണുകിടക്കുന്ന തൂണുകളിലും കൽപ്പാളികളിലും കൂടുതൽ രതിശിൽപ്പങ്ങൾ കണ്ടേക്കാം.
ഗോപുരം, മുഖമണ്ഡലം, അന്തരാളം, അർധമണ്ഡപം, ഗർഭഗൃഹം എന്നിങ്ങനെ ബ്രാഹ്മണിക ക്ഷേത്രവിധിപ്രകാരമാണ് ഈ ജൈനക്ഷേത്രം പണിതിട്ടുള്ളത്. ക്ഷേത്രഘടനയിൽ ഹൊയ്സാല ശൈലിയും കൽത്തൂണുകളിലെ കൊത്തുപണികളിൽ വിജയനഗരശൈലിയുമാണ്  കാണുന്നതെന്ന് ജൈനമതം കേരളത്തിൽ എന്ന പുസ്തകത്തിൽ ഡോ. എം ആർ രാഘവവാര്യർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗണപതി, വീണാപാണിയായ സരസ്വതി, ഗജലക്ഷ്മി, മഹാവിഷ്ണു, അനന്തശയനം, തീർഥങ്കരന്മാർ, യക്ഷി, ദ്വാരപാലകർ, നൃത്തം ചെയ്യുന്ന ദേവതാരൂപങ്ങൾ, യുദ്ധരംഗങ്ങൾ, പത്മം, വള്ളിപ്പടർപ്പുകൾ തുടങ്ങി മനോഹരരൂപങ്ങളാണ‌് ഓരോ കൽത്തൂണിലും. പ്രവേശനദ്വാരത്തിലെ  കൽത്തൂണിൽ ഇഴചേർന്ന സർപ്പരൂപം  നാഗാരാധനയുടെ ശേഷിപ്പാണ്. സർപ്പശ്രേഷ്ഠനായ ആയിരം തലയുള്ള അനന്തനാണ് ഈ ചിത്രത്തൂണിലുള്ളത്. 
 

രതിശിൽപ്പങ്ങളും വാമൊഴി പാരമ്പര്യവും

 വയനാട്ടിലെ കുറിച്യർ, മുള്ളക്കുറുമർ എന്നീ ഗോത്രവിഭാഗങ്ങൾ ചില്ലറ വ്യത്യാസങ്ങളോടെ കൈമാറിവരുന്ന വാമൊഴി പാരമ്പര്യത്തിൽ പറയുന്ന ‘കോഴിക്കല്ല്’ പുരാണം സവിശേഷ ശ്രദ്ധയർഹിക്കുന്നു. കുറിച്യ പാരമ്പര്യമനുസരിച്ച് നിർവാരംകുന്നിലാണ് വനദേവി‐ദേവന്മാരുടെ ഇരിപ്പിടമായ ലക്ഷണമൊത്ത കോഴിക്കല്ല്. സന്താനപുഷ്ടിക്കും നല്ല വിളവിനും വർഷംതോറും ‘നീർവീഴ്ത്തും പീത്തും’ ഇവിടെ നടന്നിരുന്നു. ആദി ദമ്പതിമാരായ മലമുത്തന്മാർ ഇവിടെ രതിഭാവത്തിലാണ് കുടികൊണ്ടത്. വനവേടന്മാരുടെ രതിദേവനും ദേവിയുമാകാം ഇവർ. ഈ കല്ല് കൊത്തിയെടുത്താണ് കല്ലമ്പലം നിർമിച്ചത്. ജൈനകുടിയേറ്റത്തിന്റെ ഭാഗമായി ഗോത്രവിഭാഗങ്ങൾ അവരുടെ അധിനിവേശത്തിന് അടിപ്പെട്ടതിന്റെ സൂചനകൂടി ഈ വാമൊഴി പാരമ്പര്യം നൽകുന്നുണ്ട്. അടിപ്പെട്ടവന്റെ ദൈവങ്ങളും ദേവസ്ഥാനങ്ങളും നശിപ്പിക്കപ്പെട്ടിരിക്കാം. പിന്നീട് ഉണ്ടായ അപശകുനങ്ങൾ ഇരിപ്പിടം നഷ്ടപ്പെട്ട കോഴിക്കല്ല്, ദേവീദേവന്മാരുടെ കോപംമൂലമാകയാൽ അവയെ അടക്കാൻ രതിശിൽപ്പങ്ങൾ കൊത്തിവച്ചെന്നാണ് പഴമക്കാർ പറയുന്നത്. ഗോത്രദൈവങ്ങളെക്കൂടി ഉൾച്ചേർത്ത് സമന്വയത്തിന്റെ പാത സ്വീകരിച്ചതിന്റെ ഭാഗമായി ഇതിനെ കാണാവുന്നതാണ്. ഉർവരതാ സങ്കൽപ്പവും പ്രകൃത്യുപാസനയും ഇഴചേർന്ന കല്ലമ്പലത്തിലെ രതിശിൽപ്പങ്ങൾ വിശദമായ പഠനം അർഹിക്കുന്നു. നിർമാണരീതിയും ശിൽപ്പവിധികളും പരിശോധിക്കുന്നതോടൊപ്പം വാമൊഴികൂടി ചേർത്ത് സമഗ്രമായ ചരിത്രാന്വേഷണം ഇവ ആവശ്യപ്പെടുന്നുണ്ട്.
 

കല്ലമ്പലത്തിലെ ലിഖിതം

ഗർഭഗൃഹത്തിലേക്കുള്ള വാതിലിന്റെ ഇടതുവശത്ത് കർണാടക ലിപിയിൽ ഒരു ലിഖിതം കൊത്തിവച്ചിട്ടുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മൈസൂർ എപ്പിഗ്രഫി വിഭാഗത്തിലെ ഡോ. സ്വാമിനാഥൻ ഇത് വായിച്ച് പ്രസിദ്ധപ്പെടുത്തി. ശിലാലിഖിത വിദഗ്ധനായ എം ആർ രാഘവ വാര്യരും ഇത് വായിച്ച് പരിഭാഷപ്പെടുത്തി ജൈനമതം കേരളത്തിൽ എന്ന ഗ്രന്ഥത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാനറ ദേശത്തുനിന്ന് വന്ന ദേവേശരൻ ക്ഷേത്രത്തിലേക്ക് ചെയ്ത വഴിപാടിന്റെ വിവരങ്ങളാണിതിലുള്ളത്.
 

കല്ലമ്പലത്തിന്റെ സമന്വിതഭാവം

 ഗോത്രസംസ്കൃതി, നാഗാരാധന, താന്ത്രികാരാധന, വൈഷ്ണവമതം, ഗണപതി, കൃഷ്ണസങ്കല്പം എന്നിവയെല്ലാം സമഞ്ജസമായി സമ്മേളിക്കുന്ന ജൈനക്ഷേത്രമാണിത്. യക്ഷിയുടെയും യക്ഷന്മാരുടെയും വിഗ്രഹങ്ങൾ ഇവിടെ കാണാം. അർധമണ്ഡപത്തിന് ഇടതുവശത്ത് കാണുന്ന ശിലാവിഗ്രഹം ജ്വാലാമാലിനി എന്ന യക്ഷിയുടേതാകാം. കൈയിൽ ഊരിപ്പിടിച്ച വാളുമായി കുതിരപ്പുറത്ത് സവാരി ചെയ്യുന്ന ബ്രഹ്മയക്ഷനെ  കൽപ്പാളിയിൽ കൊത്തിവച്ചിട്ടുണ്ട്. പത്മാവതിവിഗ്രഹം സമീപത്ത്.  ലക്ഷ്മീദേവി, വിഷ്ണു, ഗരുഡൻ, ശ്രീകൃഷ്ണൻ എന്നിങ്ങനെ വൈഷ്ണവ മതവുമായി ബന്ധപ്പെട്ട നിരവധി രൂപങ്ങളും വിഗ്രഹങ്ങളും ഉള്ളതുകൊണ്ടാകാം വിഷ്ണുക്ഷേത്രമായും സമീപകാലംവരെ കല്ലമ്പലം അറിയപ്പെട്ടത്. ഗണപതി വിഗ്രഹം ശൈവമതത്തിന്റെ സാന്നിധ്യവും സൂചിപ്പിക്കുന്നു. സരസ്വതിയും ലക്ഷ്മിയും ബ്രാഹ്മണിക ഹിന്ദുമതത്തിനും ജൈനർക്കും ഒരുപോലെ ആരാധ്യരാണ്. മത്സ്യം, കൂർമം തുടങ്ങിയ വിഷ്ണുവിന്റെ അവതാരങ്ങളും കാളിയന്റെ പത്തിയിൽ നൃത്തമാടുന്ന ഉണ്ണിക്കൃഷ്ണനും ചുവരിലുണ്ട്. വൈഷ്ണവചിഹ്നങ്ങളിൽ പലതും ജൈനതീർഥങ്കരന്മാരുടെയും ചിഹ്നങ്ങളാണെന്ന് ഡോ. എം ആർ രാഘവവാര്യർ ചൂണ്ടിക്കാട്ടുന്നു. മത്സ്യം പതിനെട്ടാമത്തെ തീർഥങ്കരനായ അരനാഥന്റെയും കൂർമം ഇരുപതാമത്തെ തീർഥങ്കരനായ മുനിസുവ്രതന്റെയും ചിഹ്നങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു (ജൈനമതം കേരളത്തിൽ പേജ് 49). മാത്രമല്ല, ജൈനപുരാണമനുസരിച്ച് ശ്രീകൃഷ്ണൻ 22‐ാം തീർഥങ്കരനായ നേമിനാഥന്റെ അടുത്ത ബന്ധുവുമാണ്. നേമിനാഥന്റെ യക്ഷനാണത്രേ ഗരുഡൻ. വൈഷ്ണവ‐ജൈന മതങ്ങൾക്കുള്ള ഇത്തരം ചിഹ്ന സാമ്യങ്ങൾ കല്ലമ്പലത്തിൽ സുവ്യക്തവുമാണ്. എന്നാൽ, ഗണപതിയും രതിശില്പങ്ങളും നാഗങ്ങളും താന്ത്രിക സങ്കല്പങ്ങളുമെല്ലാം കൂടുതൽ വ്യാപ്തിയുള്ള സമന്വയത്തിന്റെ സൂചകങ്ങളാണ്. കല്ലമ്പലത്തെക്കുറിച്ച് ആധികാരിക പഠനങ്ങൾ പലതും പുറത്തുവന്നിട്ടുണ്ടെങ്കിലും ഇവയിലൊന്നും രതിശിൽപ്പങ്ങൾ സംബന്ധിച്ച വിവരങ്ങൾ കാണുന്നില്ല.  
 ജൂത‐ക്രൈസ്തവ‐ഇസ്ലാമിക മതചിഹ്നങ്ങൾ ഒഴികെ കേരളത്തിലുണ്ടായ സകല മതങ്ങളുടെയും കൾട്ടുകളുടെയും ഗോത്രാരാധനയുടെയുമെല്ലാം സുവ്യക്തമായ ചിഹ്നങ്ങൾ അടയാളപ്പെടുത്തിയ കല്ലമ്പലം മതസമന്വയത്തിന്റെ അപൂർവമാതൃകയാണ്. മലയാളികളുടെ ചരിത്രാനുഭവമായി വികസിച്ച ഈ ഉൾച്ചേരലുകളാണ് പിന്നീട് കടൽകടന്നെത്തിയ മിഷണറി മതങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ നാടുവാഴികളെ പ്രേരിപ്പിച്ചത്. കച്ചവടതാല്പര്യംമാത്രം മുൻനിർത്തിയുള്ള ആദാന‐പ്രദാനങ്ങളായിരുന്നില്ല അവ. മറിച്ച് ചരിത്രപരമായി രൂപപ്പെട്ട സാംസ്കാരികമായി സഹവർത്തിത്വമുള്ള ആന്തരികചോദനയുടെ പ്രതിഫലനംകൂടിയായിരുന്നു.  മലയാളികളുടെ ഏറ്റവും കരുത്തുറ്റ ഈ സാംസ്കാരിക മൂലധനം  തകർന്നടിഞ്ഞുകിടക്കുന്നു. കല്ലമ്പലം എന്ന കല്ലിൽതീർത്ത കവിത സംരക്ഷിക്കപ്പെടണം. പൂർണമായും പുനരുദ്ധരിക്കാൻ ആവശ്യമായ സാങ്കേതിക വൈദഗ്ധ്യവും  വിദഗ്ധരും നമുക്കുണ്ട്. അതിമനോഹരങ്ങളായ കല്ലമ്പലശിൽപ്പങ്ങൾ നമ്മുടെ കലാനൈപുണിയുടെ ഉത്തമ നിദർശനങ്ങളാണ്.  അവ സംരക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവം ചരിത്രത്തോടുള്ള കടുത്ത നീതികേടാണ്. സംസ്കൃതിയോടുള്ള നിന്ദയാണ്.
 palakuzhiyil@gmail.com
 
പ്രധാന വാർത്തകൾ
 Top