19 March Tuesday

ബെനഗലിന്റെ ലോകം

എം സി രാജനാരായണൻUpdated: Sunday Sep 9, 2018

അങ്കുർ എന്ന പ്രഥമ ചിത്രത്തിലൂടെതന്നെ ശ്രദ്ധേയനായ ശ്യാം ബെനഗൽ ഹിന്ദി സിനിമയിലെ ഏകാന്തപഥികനാണ്. അങ്കുറിനുശേഷമുള്ള നിശാന്ത്, മന്ഥൻ, ഭൂമിക തുടങ്ങിയ പടങ്ങളും ഇന്ത്യയിലെയും വിദേശത്തെയും രാജ്യാന്തര ചലച്ചിത്രമേളകളിൽ  അംഗീകാരം നേടി. സത്യജിത് റേയെപ്പൊലെ ശ്യാം ബെനഗലും പരസ്യരംഗത്തുനിന്നാണ്‌ സിനിമാലോകത്തെത്തിയത്. നടനും സംവിധായകനുമായ ഗുരുദത്തിന്റെ അടുത്ത ബന്ധു. പുതിയ അഭിനേതാക്കളെ പരിചയപ്പെടുത്തുന്നതിൽ ബദ്ധശ്രദ്ധൻ. ശബാന ആസ്മി, സ്മിത പാട്ടീൽ തുടങ്ങി നിരവധി അഭിനേതാക്കൾ അദ്ദേഹത്തിന്റെ സിനിമകളിലൂടെ ചുവടുറപ്പിച്ചവരാണ്. 

അങ്കുറിന് മികച്ച ഹിന്ദി ചിത്രത്തിനുള്ള പുരസ്കാരത്തോടൊപ്പം അതിലെ അഭിനയത്തിന് ശബാന ആസ്മിക്ക് മികച്ച അഭിനേത്രിക്കുള്ള അവാർഡും ലഭിച്ചിരുന്നു. ഗ്രാമീണഭാരത്തിലെ  അസമത്വത്തിന്റെയും അടിമത്വത്തിന്റെയും നേർക്കാഴ്ചയാണ് അങ്കുർ. ജമീന്ദാർമാരുടെ ചൂഷണത്തിനും ക്രൂരതകൾക്കും പീഡനങ്ങൾക്കുമെതിരായി ഗ്രാമീണ ജനങ്ങൾ ആയുധമേന്തി പടനയിക്കുന്നതാണ് നിശാന്ത് എന്ന സിനിമയുടെ ഇതിവൃത്തം. രാത്രിയുടെ അന്ത്യം എന്ന ശീർഷകത്തെ അന്വർഥമാക്കുംവിധം ജമീന്ദാർമാരുടെ പീഡനപർവത്തിന് സാധാരണക്കാർ അന്ത്യംകുറിക്കുന്നു. ഗ്രാമീണർ ജമീന്ദാർമാരെയും അവരുടെ പിണിയാളുകളെയും തുരത്തുന്ന നീണ്ട സീക്വൻസ് നിശാന്തിന്റെ പ്രത്യേകതയാണ്.
ഫിലിം ഫെസ്റ്റിവലുകളിലും മറ്റും ശ്യാം ബെനഗലിനെ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഓർമയിൽ പച്ചപിടിച്ചുനിൽക്കുന്നത് യാദൃച്ഛികമായ ഒരു കൂടിക്കാഴ്ചയാണ്. ഓൾഡ് ഡൽഹിയിലെ ജുമാ മസ്ജിദിനു പിന്നിൽനിന്നുകൊണ്ട് ക്യാമറാമാന‌് നിർദേശങ്ങൾ കൊടുക്കുന്ന ശ്യാം ബെനഗലിനെ കണ്ടപ്പോൾ സൈക്കിൾ റിക്ഷ നിർത്തിച്ച് അവിടെ ഇറങ്ങി അദ്ദേഹത്തെ സമീപിച്ചു. "ഷൂട്ടിലാണോ''. "അതെ. ഏതാനും ഷോട്ടുകളുടെ ആവശ്യമുണ്ട്''. ജുമാ മസ്ജിദിനുമുകളിൽ പ്രാവുകൾ കൂട്ടമായി പറന്നുവന്നിരിക്കുന്നതും അത് കൂട്ടത്തോടെ പറന്നകലുന്നതുമാണ് അദ്ദേഹം അന്ന് പ്രധാനമായി ഷൂട്ട് ചെയ്തത്. പിന്നെ ജനക്കൂട്ടങ്ങളുടെ ചില സീനുകളും. പ്രാവുകൾ പറന്നിരിക്കുന്നത് ഷൂട്ട് ചെയ്യാനായിരുന്നു പ്രയാസം. ടെലിവിഷൻ പരമ്പരയായ ഭാരത് ഏക് ഖോജിനായി അദ്ദേഹം നടത്തിയ ദീർഘയാത്രകളും സംഭാഷണത്തിൽ പരാമർശവിഷയമായി. ദക്ഷിണേന്ത്യയിലും ചിത്രീകരണത്തിന്റെ ഭാഗമായി അദ്ദേഹം സഞ്ചരിച്ചിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ ത്രികാലിനെക്കുറിച്ചും പറഞ്ഞു. ശ്യാം ബെനഗലിന്റെ രചനകളിൽ വേറിട്ടു നിൽക്കുന്നു ത്രികാൽ. ഗോവ പശ്ചാത്തലമായ ത്രികാലിലെ കഥാകഥനവും രൂപഘടനയും സർ റിയലിസ്റ്റിക് മാതൃകയിലാണ്. നസിറുദ്ദീൻ ഷായാണ് നായകൻ. നിശാന്തിൽ തുടങ്ങിയ ഷാ‐ബെനഗൽ ബന്ധം ഏറെക്കാലം തുടർന്നു. 
 അടൂരിന്റെ പടങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന സംവിധായകനാണ് അദ്ദഹം. സത്യജിത് റേയെക്കുറിച്ച് ബെനഗൽ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഏറെ വ്യത്യസ്തമാണ്. അതിൽ റേയുടെ സംഭാഷണങ്ങളാണുള്ളത്. അദ്ദേഹത്തിന്റെ ഒരു മൾട്ടി സ്റ്റാർ പടമാണ് മണ്ഡി. നസിറുദ്ദീൻ ഷായും ഓംപുരിയും സ്മിത പാട്ടീലും ശബാന ആസ്മിയുമാണ്‌ പ്രധാന വേഷങ്ങളിൽ. ബ്രിട്ടീഷ് ഭരണകാലത്തെയും സ്വാതന്ത്ര്യസമരത്തെയും പശ്ചാത്തലമാക്കി അദ്ദേഹം ഒരുക്കിയ പടമാണ് ജുനൂൺ. ശശികപൂർ നിർമിച്ച് അഭിനയിച്ച ചിത്രം. സിനിമയ‌്ക്കുള്ളിലെ സിനിമയാണ് ഭൂമികയ‌്ക്ക് ആധാരം. സ്മിത പാട്ടീൽ, അമരീഷ് പുരി, ഗിരീഷ് കർണാഡ്, കുൽഭൂഷൺ ഖർബന്ദ തുടങ്ങിയവരാണ്‌ ഭൂമികയിൽ അഭിനയിച്ചത്‌.
സർദാരി ബീഗം, സൂരജ് കാ സാത്‌വാ ഘോഡ, മാമോ, ദ മെയ്ക്കിങ‌് ഓഫ് മഹാത്മാ, കലിയുഗ്, സുസ്മൻ തുടങ്ങിയവയാണ് ശ്യാം ബെനഗലിന്റെ മറ്റ് പ്രധാന രചനകൾ. ബെനഗലിന്റെ ആദ്യകാല ചിത്രങ്ങളുടെയെല്ലാം ഛായാഗ്രാഹകൻ ഗോവിന്ദ് നിഹലാനിയാണ്.
ഹിന്ദി സിനിമയ‌്ക്ക് പുതിയ ദിശാബോധവും ഭാവുകത്വവും നൽകിയ ശ്യാം ബെനഗൽ 84‐ാം പിറന്നാൾ ആഘോഷിക്കുകയാണ്‌. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരമടക്കം അദ്ദേഹത്തെ തേടിയെത്തിയ അവാർഡുകൾ നിരവധിയാണ്. സിനിമയിലെന്നപോലെ ഡോക്യുമെന്ററിയിലും ടെലിവിഷൻരംഗത്തും കൈയൊപ്പ് ചാർത്തിയ അപൂർവം സംവിധായകരിലൊരാളുമാണ് ശ്യാം ബെനഗൽ.
rajanarayananmc@gmail.com
 
പ്രധാന വാർത്തകൾ
 Top