18 February Tuesday

കടലല്ല സമുദ്രം, marriage അല്ല wedding

ഡോ. പൗലോസ്‌ വി ഡി എളവൂർUpdated: Sunday Sep 8, 2019

ഇംഗ്ലീഷിലെ ‘Wedding’, ‘Marriage’ എന്ന പദങ്ങൾ പരിശോധിക്കാം. Wedding ആംഗ്ലോ സാക്‌സൺ ഭാഷയിലെ പദമാണ്‌. ഈ പദത്തിന്റെ അർഥം പ്രതിജ്ഞ (Pledge) എന്നാണ്‌. ഏറ്റവും ലളിതമായ ചടങ്ങിൽ പുരുഷൻ താൻ വിവാഹം കഴിക്കുന്ന സ്‌ത്രീക്ക്‌ കൊടുക്കുന്ന പ്രതിജ്ഞയാണ്‌ ‘Wedding.’  ‘Marriage’ എന്നത്‌ ഫ്രഞ്ച്‌ ഭാഷയിൽനിന്ന്‌ വന്ന പദമാണ്‌. ഫ്രാൻസിൽ വിവാഹം ആർഭാടത്തോടെയാണ്‌ നടത്തിയിരുന്നത്‌. ഈ ചരിത്രം അറിയാവുന്ന ഇംഗ്ലീഷുകാർക്ക്‌ ‘Wedding’ എന്ന്‌ കേൾക്കുമ്പോൾ തങ്ങളുടെ പൂർവികരിൽനിന്ന്‌ കിട്ടിയ തനത്‌ സംസ്‌കാരവും ‘Marriage’ എന്ന്‌ കേൾക്കുമ്പോൾ ആർഭാടം നിറഞ്ഞ വിദേശ സംസ്‌കാരവുമാണ്‌ അവരുടെ മനസ്സിൽ ഓടിയെത്തുക

 
ഏതൊരു പദത്തിനും അതിന്റെ അർഥങ്ങളായി നിഘണ്ടുവിലുള്ള പദങ്ങൾക്കും ഒരേ അർഥമാണെന്നാണ്‌ പലരുടെയും ധാരണ. ഒരു പദത്തെ മറ്റൊന്നിന്‌ പകരമായി  മറ്റൊന്നിനെ ഉപയോഗിച്ച്‌ അബദ്ധത്തിൽ വീഴാറുണ്ട്‌ പലരും. ഇത്‌ ഒഴിവാക്കാൻ പദങ്ങൾ തലനാരിഴകീറി പരിശോധിക്കേണ്ടതുണ്ട്‌. 
 
‘കടൽ’, ‘സാഗരം’, ‘സമുദ്രം’ എന്നിവയാണ്‌ ആദ്യത്തെ സെറ്റിലുള്ളത്‌. ഇതിൽ അവസാനത്തെ രണ്ടും സംസ്‌കൃതത്തിൽനിന്ന്‌ വന്നതാണ്‌. ഉത്തരേന്ത്യൻ ഭാഷകളിൽ ഏതുതരം ജലാശയത്തിനാണോ ‘സമുദ്ര്‌’ എന്നുപയോഗിക്കുന്നത്‌ അതിന്‌ മലയാളത്തിൽ സമുദ്രം എന്നും ഏതിനാണോ ‘സാഗർ’ എന്നുപയോഗിക്കുന്നത്‌ അതിന്‌ മലയാളത്തിൽ ‘കടൽ’ എന്നും പറയുന്നു. വലിപ്പം  കൂടുതലുള്ളതിനെ സമുദ്രം എന്നും ചെറുതിനെ കടൽ എന്നും വിളിക്കുന്നു. ജലാശയം എന്നർഥത്തിൽ ‘സാഗരം’ എന്ന പദം ഉപയോഗിക്കില്ല. അതുകൊണ്ട്‌ ഈ പദം ‘ജനം’, ‘ദുഃഖം’, ‘ദയ’, ‘വിദ്യ’ എന്നിവ വലിയ അളവിൽ കാണിക്കുന്നതിനായി ഉപയോഗിക്കുന്നു. ദുഃഖസാഗരം, ജനസാഗരം, വിദ്യാസാഗരം എന്നിവ ഉദാഹരണങ്ങൾ. സാഗരം എന്ന പദം ജലാശയങ്ങൾക്കായി ഉപയോഗിക്കുമായിരുന്നെങ്കിൽ എന്തുകൊണ്ടാണ്‌ മലയാളത്തിൽ ഒരു ജലാശയത്തിന്റെയും പേരിനൊപ്പം ‘സാഗരം’ എന്ന്‌ എഴുതാത്തത്‌? ഉള്ളതെല്ലാം ഒന്നുകിൽ കടൽ അല്ലെങ്കിൽ സമുദ്രം. അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ചെങ്കടൽ, കരിങ്കടൽ, അത്‌ലാന്റിക്‌ മഹാസമുദ്രം, ശാന്തമഹാസമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവ ഉദാഹരണങ്ങൾ. ഇവിടെയെങ്ങും സാഗരം എന്ന പദം കണികാണാനേയില്ല.
‘സമുദ്രം’ ‘കടൽ’ എന്നിവയുടെ വ്യത്യാസം കാണിക്കുന്നതിൽ വലിപ്പം മാത്രമല്ല, ദൂരവും ഒരു ഘടകമാണ്‌. കന്യാകുമാരിക്ക്‌ നേരെ തെക്കുള്ളത്‌ ഇന്ത്യൻ സമുദ്രമാണ്‌. ഈ തീരത്തുനിന്ന്‌ ഒരു മീൻപിടിത്തക്കാരൻ തന്റെ വഞ്ചിയുമായി തെക്കോട്ട്‌ പോയാൽ അയാൾ സമുദ്രത്തിൽ പോയി എന്നല്ല പറയുക, മറിച്ച്‌ കടലിൽ പോയി എന്നാകും. പനാമ കനാൽ അത്‌ലാന്റിക്‌ മഹാസമുദ്രത്തെയും ശാന്തസമുദ്രത്തെയും യോജിപ്പിക്കുന്നു എന്ന്‌ നമ്മൾ പഠിച്ചിട്ടുണ്ടല്ലോ. അത്‌ലാന്റിക്കിന്റെ ഏത്‌ ഭാഗത്താണോ പനാമ കനാൽ എത്തുന്നത്‌, ആ ഭാഗത്തെ കരീബിയൻ കടൽ എന്നും ശാന്തമഹാസമുദ്രത്തിന്റെ ഏത്‌ ഭാഗത്താണോ കനാലിന്റെ മറ്റേയറ്റം എത്തുന്നത്‌ അതിനെ പനാമ ഉൾക്കടൽ എന്നുമാണ്‌ വിളിക്കുന്നത്‌. സമുദ്രമായാലും കരയ്‌ക്കടുത്ത്‌ കിടക്കുന്ന ഭാഗത്തിന്‌ കടൽ എന്ന്‌ വിളിക്കുന്നു. ഇതുകൊണ്ടുതന്നെയാണ്‌ ചെറുവഞ്ചിയുമായി ചൂണ്ടയിട്ട്‌ മീൻപിടിക്കാൻ പോയ സാന്റിയാഗോയുടെ കഥപറയുന്ന ലോകപ്രശസ്‌ത നോവലിന്‌ ഹെമിങേ്‌വേ ‘കടൽ’ എന്നർഥമുള്ള ‘sea’ ചേർത്ത്‌ ‘The Old Man and the Sea’ എന്ന പേരിട്ടത്‌.
 
ഇംഗ്ലീഷിലെ ‘Wedding’, ‘Marriage’ എന്ന പദങ്ങൾ പരിശോധിക്കാം. Wedding ആംഗ്ലോ സാക്‌സൺ ഭാഷയിലെ പദമാണ്‌. ഈ ഭാഷ രൂപാന്തരപ്പെട്ടാണ്‌ മധ്യകാല ഇംഗ്ലീഷും (Middle English) ആധുനിക ഇംഗ്ലീഷും (Modern English)  ഉണ്ടായത്‌. ഈ പദത്തിന്റെ അർഥം പ്രതിജ്ഞ (Pledge) എന്നാണ്‌. ഏറ്റവും ലളിതമായ ചടങ്ങിൽ പുരുഷൻ താൻ വിവാഹം കഴിക്കുന്ന സ്‌ത്രീക്ക്‌ കൊടുക്കുന്ന പ്രതിജ്ഞയാണ്‌ ‘Wedding.’  പതിനൊന്നാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടുകാരനായ എഡ്‌വാഡ്‌ ഫ്രാൻസിലെ നീണ്ട താമസത്തിനുശേഷം 1042ൽ ഇംഗ്ലണ്ടിൽ ഭരണച്ചുമതല ഏറ്റെടുത്തശേഷവും  1066ൽ ഫ്രാൻസിലെ വില്യം ദ കോൺക്വറർ ഇംഗ്ലണ്ട്‌ കീഴടക്കി ഭരിച്ചപ്പോഴും ധാരാളം ഫ്രഞ്ച്‌ പദങ്ങൾ ഇംഗ്ലീഷിൽ കടന്നുകൂടി. ഇവയിൽപ്പെട്ട ചിലതാണ്‌ Beef, Mutton, Marriage എന്നിവ. ചുരുക്കം പറഞ്ഞാൽ ‘Marriage’ എന്നത്‌ ഫ്രഞ്ച്‌ ഭാഷയിൽനിന്ന്‌ വന്ന പദമാണ്‌. ഫ്രാൻസിൽ വിവാഹം ആർഭാടത്തോടെയാണ്‌ നടത്തിയിരുന്നത്‌. ഈ ചരിത്രം അറിയാവുന്ന ഇംഗ്ലീഷുകാർക്ക്‌ ‘Wedding’ എന്ന്‌ കേൾക്കുമ്പോൾ തങ്ങളുടെ പൂർവികരിൽനിന്ന്‌ കിട്ടിയ തനത്‌ സംസ്‌കാരവും ‘Marriage’ എന്ന്‌ കേൾക്കുമ്പോൾ ആർഭാടം നിറഞ്ഞ വിദേശ സംസ്‌കാരവുമാണ്‌ അവരുടെ മനസ്സിൽ ഓടിയെത്തുക. മലയാളികൾക്ക്‌ ‘പള്ളിക്കൂടം’, ‘സ്‌കൂൾ’ എന്നീ പദങ്ങളിലെ വ്യത്യാസം പോലെ. ഒരു പദം ഉപയോഗിക്കുന്നതിന്‌ എന്തിനാണ്‌ ഇത്രയും വിശകലനമെന്ന്‌ സംശയമുയർന്നേക്കാം. അത്‌ പരിഹരിക്കുന്നതിനായി ഒരു ചെറിയ അനുഭവം പങ്കുവയ്‌ക്കാം. ദരിദ്രകുടുംബത്തിലെ ഒരു മലയാളി പയ്യൻ ബാങ്ക്‌ വായ്‌പയെടുത്ത്‌  പഠിച്ച്‌ ഇംഗ്ലണ്ടിൽ ജോലിയിൽ കയറി. ജീവിതം പച്ചപിടിച്ചുതുടങ്ങി. ഒരു വർഷം കഴിഞ്ഞപ്പോൾ അവന്റെ വിവാഹം തീരുമാനിച്ചു. തൊഴിൽദാതാവായ ഇംഗ്ലീഷുകാരനെ ക്ഷണിക്കാനായി ചെന്നു. സംഭാഷണത്തിൽ സായിപ്പ്‌ പറഞ്ഞു: ‘My first marriage lasted only ten years’ എന്ന്‌ (ആദ്യവിവാഹജീവിതം പത്തുവർഷം മാത്രമേ നീണ്ടുനിന്നുള്ളൂ).  Marriageഉം Weddingഉം തമ്മിലുള്ള വ്യത്യാസം അറിയാതിരുന്ന പയ്യൻ മറുപടി പറഞ്ഞു: ‘My wedding will last at least 40 years’ എന്ന്‌. പിറ്റേദിവസം കാലത്ത്‌ പയ്യനെ ജോലിയിൽനിന്ന്‌ പിരിച്ചുവിട്ടു. Wedding എന്ന പദത്തിന്‌ വിവാഹജീവിതം എന്നർഥമില്ല, വിവാഹച്ചടങ്ങ്‌ എന്നേയുള്ളൂ. അപ്പോൾ പയ്യന്റെ വാക്യത്തിന്റെ അർഥം ‘എന്റെ വിവാഹച്ചടങ്ങ്‌ ഏറ്റവും കുറഞ്ഞത്‌ 40 വർഷം നീണ്ടുനിൽക്കും’ എന്ന്‌. ഭയന്നാണ്‌ സായിപ്പ്‌ ഉത്തരവ്‌ കൊടുത്തത്‌.
 
ഇനി സയൻസിലെ ഒരു സമവാക്യം പരിശോധിക്കാം. ഏറ്റവും കൂടുതൽ ആളുകൾക്ക്‌ അറിയാവുന്ന ഒരു സമവാക്യം ആണ്‌ H2O = Water എന്നത്‌. വെള്ളത്തിന്റെ ഒരു മോളിക്യൂളിൽ എന്ത്‌ എത്രവീതം അടങ്ങിയിരിക്കുന്നു എന്ന്‌ കാണിക്കുന്ന ഒരു അമൂർത്ത രാസസൂത്രം. ഇത്‌ വെള്ളത്തിന്‌ പകരമായി സയൻസ്‌ ലബോറട്ടറിയിലോ സയൻസ്‌ ക്ലാസിലോ പരീക്ഷയ്‌ക്കോ ഉപയോഗിക്കാം. എന്നാൽ, ഒരു ശാസ്‌ത്രജ്ഞനോ, സയൻസ്‌ അധ്യാപകനോ അല്ലെങ്കിൽ വിദ്യാർഥിക്കോ ദാഹിച്ചാൽ ഒരു ഗ്ലാസ്‌ H2O തരൂ എന്ന്‌ പറയുകയില്ല. നമ്മാളായലും വീട്ടിലോ ഹോട്ടലിലോ ചെന്നിട്ട്‌ എനിക്ക്‌ കുടിക്കാൻ H2O വേണമെന്ന്‌ പറയുകയില്ല. കാരണം മുമ്പ്‌ പറഞ്ഞതുപോലെ H2O എന്നത്‌ ഒരു അമൂർത്ത രാസസൂത്രമാണ്‌. ഈ രാസസൂത്രത്തെ എങ്ങനെയാണ്‌ കുടിക്കാൻ കഴിയുക? ‘സത്യസന്ധത’ എന്ന്‌ എഴുതിയാൽ ആ പദം കാണാം, അല്ലെങ്കിൽ ഈ ഗുണമുള്ള വ്യക്തിയെ കാണാം. പക്ഷേ, സത്യസന്ധത എന്ന ഗുണത്തെ കാണാൻ കഴിയില്ല. അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത്‌ ‘വെള്ളം’ എന്നതിന്‌ H2O എന്നോ ‘H2O’ എന്നതിന്‌ വെള്ളം എന്നോ എല്ലാ സാഹചര്യങ്ങളിലും വച്ചുമാറാൻ കഴിയുകയില്ല എന്നതാണ്‌.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top