06 June Saturday

സിനിമ പൂക്കളം

കെ എ നിധിൻ നാഥ് nidhinnath@gmail.comUpdated: Sunday Sep 8, 2019

ഓണാഘോഷങ്ങൾക്ക്‌ ആവേശം പകരാൻ  സിനിമകളും. മോഹൻലാലും നയൻതാരയും നിവിൻ പോളിയും പൃഥ്വിരാജും  ധനുഷും രജിഷ വിജയൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങ ളാകുന്ന സിനിമകൾ

 

സിനിമാസ്വാദകർക്ക്‌ വലിയ വിരുന്നാരുക്കുകയാണ് ഓണക്കാലം. മോഹൻലാൽ, പൃഥ്വിരാജ്, നിവിൻ പോളി, നയൻതാര, നിമിഷ സജയൻ തുടങ്ങിയവർ  കേന്ദ്രകഥാപാത്രങ്ങളായുള്ള മലയാളചിത്രങ്ങൾ ഓണത്തിനുമുന്നേ തിയറ്ററിലെത്തി. മോഹൻലാലിന്റെ ഇട്ടിമാണി മെയിഡ് ഇൻ ചൈന, പൃഥ്വിരാജിന്റെ ബ്രദേഴ്സ് ഡേ, നിവിൻ പോളി‐- നയൻതാര ചിത്രം ലൗ ആക്‌ഷൻ ഡ്രാമ, നിമിഷ സജയന്റെ ഫൈനൽസ് എന്നിവയാണ് തിയറ്ററിലെത്തിയത്. നവാഗത സംവിധായകരുടെ സിനിമകളാണ് ഇവയെന്ന പ്രത്യേകതയുമുണ്ട്‌ ഇത്തവണ.
 
മലയാളത്തിലെ ഹൊറർ ചിത്രങ്ങളിൽ ശ്രദ്ധേയമായ ആകാശഗംഗയുടെ രണ്ടാം ഭാഗവും ഓണത്തിനെത്തും. സംവിധായകൻ വിനയൻ തന്നെ. തമിഴിൽനിന്ന് ഏറെ കാത്തിരിപ്പിനുശേഷമെത്തുന്ന എന്നെ നോക്കി പായും തോട്ട, ഹോളിവുഡിൽനിന്ന് വമ്പൻ വിജയം നേടിയ ഇറ്റ് എന്ന ഹൊറർ ചിത്രത്തിന്റെ രണ്ടാം ഭാഗം ഇറ്റ് ചാപ്റ്റർ 2 എന്നിവയും ഓണക്കാലത്ത് തിയറ്ററിലുണ്ട്. കൂ‌‌ടാതെ ബോളിവുഡിൽനിന്ന് കമാൻഡോ 3 എന്നിവയും സമീപദിവസങ്ങളിൽ തിയറ്ററിലെത്തും.

 

ലൗ ആക്‌ഷൻ ഡ്രാമ‌

 
മലയാള സിനിമയിലെ വിന്റേജ് ദമ്പതികളായ ദിനേശനും ശോഭയുമായി നിവിൻ പോളിയും നയൻ താരയും എത്തുന്ന ചിത്രം. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകനാകുന്നു. ഭാസ്‌കർ ദ റാസ്‌കലിനുശേഷം  നയൻതാര മലയാളത്തിൽ എത്തുകയാണ്‌ ഈ  റൊമാന്റിക് ആക്‌ഷൻ ഡ്രാമ ചിത്രത്തിൽ. ശോഭയെ കല്യാണം കഴിക്കാനുള്ള ദിനേശന്റെ ആഗ്രഹവും അതിനായി അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. പ്രണയവും തമാശയുമെല്ലാം നിറഞ്ഞ സിനിമക്കാഴ്‌ച.
 
ഫന്റാസ്റ്റിക് ഫിലിംസ് എം സ്റ്റാർ കമ്യൂണിക്കേഷൻസിന്റെ ബാനറിൽ അജു വർഗീസിനൊപ്പം വിശാഖ് പി സുബ്രഹ്മണ്യവും ചേർന്നാണ്  നിർമിച്ചത്‌. ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, മല്ലിക സുകുമാരൻ, ദുർഗ കൃഷ്‌ണ, അജു വർഗീസ്, ബേസിൽ ജോസഫ് എന്നിവരാണ് മറ്റ് താരങ്ങൾ.
 

ഇട്ടിമാണി മെയിഡ് ഇൻ ചൈന

 
നീണ്ട 31 വർഷങ്ങൾക്കുശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കുന്ന ചിത്രമെന്ന സവിശേഷത്തയോടെയാണ് ഇട്ടിമാണി മെയിഡ് ഇൻ ചൈന എത്തിയത്. തുവാനത്തുമ്പികളിലാണ് അവസാനമായി മോഹൻലാൽ തൃശൂർക്കാരനായത്. വെള്ളിമൂങ്ങ, ചാർലി എന്നീ ചിത്രങ്ങളു‌ടെ അസോസിയറ്റായി പ്രവർത്തിച്ചിരുന്ന  ജിബുവും ജോജിയും ചേർന്ന്‌ സംവിധാനംചെയ്യുന്ന ആദ്യ ചിത്രത്തിൽ  തമാശയ്‌ക്കാണ്‌ പ്രാധാന്യം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിച്ചത്‌. പ്രശ്നങ്ങളിൽനിന്ന് പ്രശ്നങ്ങളിലേക്ക് വീഴുകയാണ്‌ മോഹൻലാൽ അവതരിപ്പിക്കുന്ന ഇട്ടിമാണി. ലൂസിഫറിന്റെ വൻ വിജയത്തിനുശേഷമെത്തുന്ന മോഹൻലാൽ ചിത്രമാണിത്‌. ച‌ട്ടയും മുണ്ടും ധരിച്ച മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. രാധിക ശരത്കുമാർ, ഹണി റോസ്, സിദ്ദിഖ്, അജു വർഗീസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
 

ബ്രദേഴ്സ് ഡേ

 
സംവിധാനരംഗത്തേക്ക് കടന്നതിനുശേഷം പൃഥ്വിരാജ് നായകനായി മടങ്ങിയെത്തുന്ന ചിത്രം. നടൻ ഷാജോണന്റെ ആദ്യ സംവിധായക ശ്രമംകൂടിയാണ് ചിത്രം. ആക്‌ഷനും കോമഡിയുമെല്ലാം ചേർന്ന ഒരു ഫാമിലി ത്രില്ലറെന്നാണ് ചിത്രത്തെ അണിയറ പ്രവർത്തകർ പരിചയപ്പെടുത്തുന്നത്. ഏറെ നാൾക്കുശേഷം പൃഥ്വി രാജ് കോമ‍ഡി കെെകാര്യം ചെയ്യുന്ന ചിത്രംകൂടിയാണ്. ഐശ്വര്യ ലക്ഷ്‌മി, മഡോണ സെബാസ്റ്റ്യൻ, മിയ ജോർജ്, പ്രയാഗ മാർട്ടിൻ എന്നിങ്ങനെ വലിയ നായികനിരയുണ്ട്‌. തമിഴ് നടൻ പ്രസന്ന, വിജയരാഘവൻ, ധർമജൻ തുടങ്ങിയവരും സിനിമയുടെ ഭാഗം. നടൻ ധനുഷ് പാടിയ പാട്ട് ഇതിനോടകംതന്നെ ഹിറ്റായിട്ടുണ്ട്. ട്രാഫിക്‌, ചാപ്പാകുരിശ്, ഉസ്‌താദ് ഹോട്ടൽ, മാരി തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ നിർമിച്ച ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാതാവ്.
 

ഫൈനൽസ്

 
 ആലീസ് എന്ന കേന്ദ്രകഥാപാത്രമായി രജിഷ വിജയൻ എത്തുന്ന സ്‌പോർട്‌സ്‌  ഡ്രാമയാണ് ഫൈനൽസ്‌. ഒളിംപിക്‌സിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്ന  സൈക്കിളിസ്റ്റിന്റെ ജീവിതം പറയുന്ന ചിത്രം നവാഗതനായ പി ആർ ആരുണാണ് ഒരുക്കിയത്. തീവണ്ടിയിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോനാണ് ഗാനങ്ങളൊരുക്കിയത്. ചിത്രത്തിനായി രജിഷ സൈക്കിളിങ് അഭ്യസിച്ചിരുന്നു. ജൂണിലെ ശ്രദ്ധേയ പ്രകടനത്തിനുശേഷം രജിഷ കേന്ദ്ര കഥാപാത്രമാക്കുന്ന ചിത്രം മണിയൻപിള്ള രാജുവും പ്രജീവും ചേർന്നാണ് നിർമിച്ചത്. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, നീരജ് മാധവ്, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

എന്നൈ നോക്കി പായും തോട്ട

 
ഏറെ കാലത്തെ കാത്തിരിപ്പിനുശേഷമെത്തുന്ന ചിത്രമാണ് ധനുഷ്-–ഗൗതം വാസുദേവ് മേനോൻ കൂട്ടുകെട്ടിന്റെ എന്നെ നോക്കി പായും തോട്ട. രണ്ട് വർഷത്തോളമായുള്ള പ്രേക്ഷകരുടെ പ്രതീക്ഷയിലേക്കാണ് പ്രണയവും പ്രതികാരവും പശ്ചാത്തലമാക്കിയ ചിത്രം എത്തുന്നത്. മാരി 2ന് ശേഷമെത്തുന്ന ധനുഷ് ചിത്രമാണിത്‌. 2017ൽ പുറത്തിറങ്ങിയ ഗാനങ്ങൾ വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളിയായ ജോമാൻ ടി ജോൺ ഛായാഗ്രഹണത്തിൽ പങ്കാളിയായ ചിത്രത്തിൽ രഘുവെന്ന കോളേജ് വിദ്യാർഥിയാണ് ധനുഷ്‌.  
 

ഇറ്റ് ചാപ്റ്റർ 2

 
2017ൽ എത്തിയ ഹോളിവുഡ് ചിത്രം ഇറ്റിന്റെ രണ്ടാം ഭാഗം. സ്റ്റീഫൻ കിങ്ങിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കിയ  ചിത്രം വലിയ സ്വീകാര്യതയാണ് നേടിയത്. 27 വർഷങ്ങൾക്കുശേഷം ലൂസേഴ്സ് ക്ലബ്ബിലെ അംഗങ്ങൾ ഒരു ഫോൺ കോളിനു പിന്നാലെ ഒന്നിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം. ഹൊറർചിത്രമായ ഇറ്റ് ചാപ്റ്റർ 2ന്റെ സംവിധായകൻ ആൻഡി മുഷിയേറ്റിയാണ്.
പ്രധാന വാർത്തകൾ
 Top