19 April Friday

അച്ഛൻപുസ്തകത്തിലെ ആയിരത്തൊന്നു രാവുകൾ

കെ ലാൽUpdated: Sunday Jul 8, 2018

ഒരിക്കൽ എന്റെ ജീവിതംതന്നെ തിരുത്തിയെഴുതിയിട്ടുണ്ട് അച്ഛൻ. ആ കഥയുടെ ഏടുകൾ ഞാനൊരു പരസ്യവായനയ്ക്ക്‌ തുറന്നുവയ‌്ക്കാൻ ഇഷ്ടപ്പെടുന്നില്ല.അമ്മയ‌്ക്കുപോലും അറിയാത്ത ചില രഹസ്യചരിതങ്ങൾ അച്ഛനും എനിക്കുമിടയിൽ എഴുതപ്പെട്ടിട്ടുണ്ടായിരുന്നു 

 

 
അച്ഛനെ വായിച്ചുകൊണ്ടാണ് ഞാൻ അക്ഷരലോകത്തേക്ക‌് കടന്നത്. തെളിഞ്ഞുതെളിഞ്ഞുവന്ന അക്ഷരങ്ങളിൽ  അച്ഛനെ വായിച്ചു. അച്ഛൻ വായിച്ചതൊക്കെയും ഒരു കൊച്ചുജാലകമായി എന്നിലേക്ക‌് മിഴിതുറന്നു. ആ ജാലകപ്പഴുതിലൂടെ ഒത്തിരി പുസ‌്‌തകങ്ങൾ എനിക്കായി വച്ചുനീട്ടപ്പെട്ടു. വായനയുടെ കൈ പിടിച്ച് പിടിച്ച് ഞാൻ എഴുത്തുകല്ലുകൾ കയറി, ഒടുക്കം  ചെറിയ എഴുത്തുമേശയ‌്ക്കരികിലെത്തുകയായിരുന്നു. എന്നാൽ, അടഞ്ഞുപോയ ജാലകത്തിന്റെ പുറത്ത് വിഷാദമഗ്നനായിരിക്കുകയാണ് ഞാനിപ്പോൾ. ഓർമകൾ പിണങ്ങിനിൽക്കുന്ന ഇരുട്ടുമുറിയിൽ അച്ഛന്റെ വായന അസ‌്തമിച്ചിരിക്കുന്നു. സ‌്മൃതിനാശം അച്ഛന്റെ വായനയിലും വർത്തമാനങ്ങളിലും ശീതക്കാറ്റായി ആഞ്ഞടിച്ച് ഓർമയുടെ ജാലകപ്പാളികളെ വലിച്ചടച്ചുകളഞ്ഞു.
 
ഏറ്റവും ഒടുവിൽ പ്രസിദ്ധീകരിച്ച റൂബിക‌്സ‌് ക്യൂബ് എന്ന സമാഹാരത്തിലെ ‘ഓർമകൾ കൊഴിഞ്ഞ വൃക്ഷം’ എന്ന കഥയാണ് എനിക്ക‌് ഏറ്റവും ഇഷ്ടപ്പെട്ട എന്റെ കഥ. ഓർമക്കേടിന്റെ സൂക്കേടിൽ ആണ്ടുമുങ്ങിപ്പോയ എന്റെ അച്ഛനാണതിലെ പ്രധാന കഥാപാത്രം. ആദ്യമെഴുതിയപ്പോൾ അച്ഛന്റെ മരണത്തോടെയാണ് കഥ അവസാനിപ്പിച്ചത്. പലവുരു തിരുത്തിയെഴുതി. പൂർത്തിയായപ്പോൾ എനിക്കു പേടിയായി. അറം എന്ന എഴുത്തുദോഷത്തെക്കുറിച്ച് തുഞ്ചത്താചാര്യൻപോലും ഭയപ്പെട്ടിരുന്നല്ലോ. കഥ ഭാര്യക്ക‌് വായിക്കാൻ കൊടുത്തു. അവൾ പറഞ്ഞു, “ചുട്ടുകളയും, ഞാനിത്. വേണ്ട, ഈ കഥ.''
 
അവസാനഭാഗം മാറ്റിയെഴുതിക്കാണിച്ചശേഷമേ അവൾ അടങ്ങിയുള്ളൂ. പക്ഷേ കഥാഗാത്രത്തിലെ ഒരു വലിയ മുറിവായാണ് അതെനിക്കനുഭവപ്പെട്ടത്. എങ്കിലും എന്റെ രാത്രികളെ ഉറക്കമില്ലായ‌്മയിൽനിന്ന‌് അത് രക്ഷപ്പെടുത്തി.
 
കെ ലാൽ

കെ ലാൽ

ബാലരമയിലും പൂമ്പാറ്റയിലും ഒക്കെ കുടുങ്ങിക്കിടന്ന  വായനയെ ഒരു ദേശത്തിന്റെ കഥയോളം  വളർത്തിയെടുത്തത് അച്ഛനാണ്. പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് എസ‌് കെ പൊറ്റക്കാടിന്റെ ആ വിശ്രുതകൃതി അച്ഛൻ സമ്മാനിച്ചത്. പത്താം ക്ലാസ‌് മോഡൽപ്പരീക്ഷ തുടങ്ങുന്നതിന്റെ തലേന്ന്, ഒരു തൊണ്ടിമുതൽ പോലെ പാഠപുസ്തകത്തിനിടയിൽനിന്ന‌് അത് വലിച്ചു പുറത്തിട്ടപ്പോഴും അച്ഛൻ പരുഷമായൊന്നും പറഞ്ഞില്ല. ഒളിച്ചുവായന  ഹരമായിരുന്നു. ഒരു ദേശത്തിന്റെ കഥയിൽ ഞാനേറ്റവും ചങ്ങാത്തപ്പെട്ടത് ശ്രീധരനോടാണ്. അതിരാണിപ്പാടത്തിനും ഇലഞ്ഞിപ്പൊയിലിനും ഇടയിലുള്ള അതിദീർഘമായ ദൂരങ്ങൾ ഞങ്ങളൊരുമിച്ചാണ് നടന്നു തീർത്തത്. ശ്രീധരന്റെ സാഹിത്യപരിശ്രമങ്ങൾ കവിതയിൽ തുടങ്ങിയതുകൊണ്ട് ഞാനും കവിതയിലാണ് അങ്കം കുറിച്ചത്. ശ്രീധരനാണ് എന്നെക്കൊണ്ട് ആദ്യ പ്രേമലേഖനം എഴുതിച്ചത്. പ്രണയം മാധുര്യത്തേക്കാളേറെ വിഷാദമാണെന്നിൽ നിറച്ചത്. ശ്രീധരനും അത് അങ്ങനെതന്നെ ആയിരുന്നല്ലോ. ചേനക്കോത്ത് കൃഷ്ണൻ മാസ്റ്ററുടെ അരുമസന്താനമായി അതിരാണിപ്പാടത്ത് കളിച്ചുവളരുന്ന ശ്രീധരന്റെ കുതൂഹലക്കാഴ്ചകളിലൂടെയാണ് ഈ നോവലിലെ ഓരോ കഥാപാത്രങ്ങളും വളരുന്നത്. സംഭവബഹുലമായിരുന്നു ശ്രീധരന്റെ ബാല്യം. കൗമാരം പ്രണയലോലവും. ശ്രീധരന്റെ ആദ്യപ്രണയവും അതിന്റെ ദുരന്തപര്യവസാനവും എന്റെയും അനുഭവസാമ്രാജ്യത്തിനുള്ളിലുള്ള ഒന്നാകയാലാകാം ശ്രീധരനോട് അദമ്യമായ ഒരു തന്മയീഭാവം ഉടലെടുത്തത്. പോരെങ്കിൽ കൃഷ്ണൻ മാസ്റ്റർക്ക് രൂപത്തിലും ഭാവത്തിലും എന്തിന് പേരിന്റെ കാര്യത്തിൽപ്പോലും എന്റെ അച്ഛനുമായി  വിസ‌്മയാവഹമായ സാമ്യവുമുണ്ടായിരുന്നു.
ലാളിത്യമാണ് ഭാഷയുടെ ശക്തിയെന്ന് എന്നെ ബോധ്യപ്പെടുത്തിയത് ഈ പുസ്തകമാണ് വിഷാദാത്മകത്വവും ഗൃഹാതുരത്വവും പരസ‌്പരപൂരകങ്ങളാണെന്ന തിരിച്ചറിവ് എനിക്കതിൽനിന്ന‌് ലഭിച്ചു. അനായാസേന എഴുതപ്പെടുന്നവ മാത്രമേ അനായാസേന വായിക്കപ്പെടുകയുള്ളൂയെന്ന് ഈ പുസ്തകമെന്നെ പഠിപ്പിച്ചു.  എണ്ണിക്കൊണ്ട് എട്ടുപ്രാവശ്യം ഞാൻ ഒരു ദേശത്തിന്റെ കഥ വായിച്ചിട്ടുണ്ട്. ഓരോ വായനയിലും അതിരാണിപ്പാടം എന്നെ കൂടുതൽ കൂടുതൽ വിസ‌്മയിപ്പിച്ചുകൊണ്ടിരുന്നു. പിന്നീട് എഴുതിത്തുടങ്ങിയ കാലത്താണ്, ഈ കൃതി എന്നിൽ ഏൽപ്പിച്ച ആഘാതത്തിന്റെ കാഠിന്യം ശരിക്കും ഞാനറിഞ്ഞത്. എഴുതിയതൊക്കെ വെട്ടിയും തിരുത്തിയും ഞാൻ വലഞ്ഞു. എത്ര തിരുത്തിയിട്ടും എന്റെ എഴുത്തിൽ ഈ പുസ‌്തകത്തിന്റെ ഭാഷാപരവും ശൈലീപരവുമയ സ്വാധീനം വിട്ടൊഴിയാതെ നിന്നു.
 
സാമ്പ്രദായിക അധ്യാപനരീതികളുടെ ചൂരൽപ്പഴങ്ങളായിരുന്നു, അച്ഛൻ എന്ന അധ്യാപകന്റെ കീശയിൽ നിറയെ!  സ്‌കൂളിലെ ലൈബ്രേറിയന്റെ ചുമതലകൂടി അച്ഛനുണ്ടായിരുന്നതിനാൽ എനിക്കത് വായനയുടെ ഒരു വസന്തകാലം. പഴയതലമുറയിൽപ്പെട്ട അധ്യാപകരുടെ കൂടപ്പിറപ്പുകളായ ഒട്ടനവധി സവിശേഷതകൾ കൃത്യനിഷ്‌ഠ, ആത്മാർഥത, ശുദ്ധമനസ്സ്, ലുബ‌്‌ധ‌്, മുൻശുണ്ഠി ഇതൊക്കെയും എന്റെ അച്ഛനും ഉണ്ടായിരുന്നു. ജീവിതത്തിലായാലും സംഭാഷണത്തിലായാലും എഴുത്തിലായാലും ധൂർത്ത് ഒഴിവാക്കേണ്ടതു തന്നെയെന്ന പാഠം അച്ഛനിൽനിന്ന‌് ലഭിച്ചു. വാക്കുകൾ ധനമാണ്, മിതവ്യയമാണു മികച്ച എഴുത്തിന്റേയും ജീവിതത്തിന്റേയും ലക്ഷണങ്ങൾ അദ്ദേഹം  ഓർമിപ്പിച്ചു. മികച്ച വിദ്യാർഥികളായിട്ടുള്ളവർക്കൊക്കെ ഡോക്ടർ, എൻജിനീയർ എന്നീ ഭാവിപദ്ധതികൾമാത്രമാണ് അന്നും ഉണ്ടായിരുന്നതെങ്കിലും അച്ഛൻ എന്നെ ഒരു അധ്യാപകനായിക്കാണാനാണ് ആഗ്രഹിച്ചത്.
 
ഭാരം എന്ന കഥയിലെ നിരാലംബബാല്യത്തെ ഞാൻ  അച്ഛന്റെ അനാഥബാല്യത്തിൽനിന്ന‌്  കടമെടുത്തതാണ്. രണ്ടുവയസ്സിൽ അമ്മയെ നഷ്ടപ്പെട്ടതാണ് എന്റെ അച്ഛന്. ഇപ്പോൾ, രാവിലെ കുളിപ്പിച്ച് തല തുവർത്തിക്കൊടുക്കുന്ന സമയത്ത് അച്ഛൻ എന്റെ മുന്നിൽ പഴയ സങ്കടഭാണ്ഡങ്ങളുടെ കെട്ടുകൾ അഴിച്ചുനിവർത്തും.
എന്നെ എന്റെ അമ്മ കുളിപ്പിച്ചിട്ടില്ല… അച്ഛനായിരുന്നു… കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കിവച്ച‌് കൂലിവേലയ‌്ക്കുപോകുന്ന അച്ഛൻ മടങ്ങിവരുംവരെ അച്ചോ, അച്ചോ എന്നു വിളിച്ചന്വേഷിച്ചുകൊണ്ട് കുഞ്ഞുപെങ്ങളോടൊപ്പം ചെറ്റപ്പുരയ്ക്കു ചുറ്റും നടക്കും ഞാൻ…
 
ആവർത്തനവിരസത ഒട്ടുമേശാതെ ഞാൻ കേട്ടുമൂളും.അച്ഛൻ മറ്റൊരച്ഛന്റെ കഥ പറയുകയാണ്… ഞാനപ്പോൾ ചിന്തിക്കും. എനിക്ക‌് ‌എഴുതി ത്തീർക്കാൻ ഇനിയുമേറെയുണ്ടല്ലോ കഥകൾ!
അമേരിക്കൻ പാവ, യുത്തനാസിയ, സ‌്കോപ്പോഫോബിയ, ന്യായവിധി തുടങ്ങിയ എന്റെ അച്ചടിമഷി പുരണ്ടു ശ്രദ്ധേയമായ കഥകളുടെയെല്ലാം ത്രെഡ് എനിക്ക‌്  വീണുകിട്ടിയത് അച്ഛനിൽനിന്നാണ്. ചിലപ്പോൾ പഴയൊരനുഭവമായി, പഴങ്കഥയുടെ നേരിയൊരിഴയായി, അർഥഗർഭമായ വാചകമോ മൂളലോ ഒക്കെയായി കഥയ‌്ക്കായുള്ള വിഭവങ്ങൾ അച്ഛൻ എനിക്കെപ്പോഴും വച്ചുനീട്ടിക്കൊണ്ടിരുന്നു. 
 
ഒരിക്കൽ എന്റെ ജീവിതംതന്നെ തിരുത്തിയെഴുതിയിട്ടുണ്ട് അച്ഛൻ. ആ കഥയുടെ ഏടുകൾ ഞാനൊരു പരസ്യവായനയ്ക്ക്‌  തുറന്നുവയ‌്ക്കാൻ ഇഷ്ടപ്പെടുന്നില്ല. അമ്മയ‌്ക്കുപോലും അറിയാത്ത ചില രഹസ്യചരിതങ്ങൾ അച്ഛനും എനിക്കുമിടയിൽ എഴുതപ്പെട്ടിട്ടുണ്ടായിരുന്നു.
 
എഴുത്തിലും ജീവിതത്തിലും പുതിയകാലം ഒരിയ്ക്കലും ആവശ്യപ്പെടാത്ത  ചില ഓട്ടക്കാലണകളാണല്ലോ അച്ഛന്റെ സമ്പാദ്യക്കുടുക്കയിൽനിന്ന‌് എനിക്കു ലഭിച്ചതെന്നു ചിലപ്പോൾ ഇതു വായിക്കുന്നവർക്കു തോന്നിയേക്കാം. തിളങ്ങുന്ന പച്ചനോട്ടുകൾമാത്രം കൈമാറി മറിഞ്ഞുപോകേണ്ടുന്ന അങ്ങാടികളിലാണ് ഞാനെന്റെ ജീവിതവും എഴുത്തുമൊക്കെ കരുപ്പിടിപ്പിക്കേണ്ടതെന്ന ക്രാന്തദർശിത്വമൊന്നും പാവം  അച്ഛനുണ്ടായിരുന്നിരിക്കില്ല. എങ്കിലും അച്ഛൻ കൈമാറിത്തന്ന ആ ഓട്ടക്കാലണകൾക്ക് വല്ലാത്തൊരു മിനുക്കവും കിലുക്കവുമുണ്ട്‌. അങ്ങാടിനിലവാരത്തിൽ അത്ര പോരെങ്കിലും, വല്ലപ്പോഴുമൊക്കെ ഒന്നു കുലുക്കിനോക്കി, ഉള്ളിൽ കിലുകിലെ കിലുങ്ങുന്ന എന്തൊക്കെയോ ഇപ്പോഴും ബാക്കിയുണ്ടെന്നു സ്വയം ബോധ്യപ്പെടുത്താൻ പഴയ സമ്പാദ്യക്കുടുക്കകൾ ഉപകരിക്കുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.
പ്രധാന വാർത്തകൾ
 Top