23 January Wednesday

ഭാര്യാ സമ്പന്നൻ

ബഷീർ മാടാലUpdated: Sunday Apr 8, 2018

സയോണ ചനയും ഭാര്യമാരും ചിത്രത്തിന്‌ കടപ്പാട്‌: www.dailymail.co.uk

 മൂന്ന് നിലയുള്ള വലിയ കെട്ടിടത്തിലേക്ക് കയറിച്ചെല്ലുമ്പോൾ ഹാളിൽ ധാരാളം സ്ത്രീകളും കുട്ടികളും. ഒരുവശത്ത് നാലഞ്ചു സ്ത്രീകൾ ഭക്ഷണം ഉണ്ടാക്കുന്നു. ചിലർ മുട്ടയുടെ തോട് പൊളിക്കുമ്പോൾ മറ്റുചിലർ കുട്ടയിൽനിന്ന് ചോറ് വലിയ പാത്രത്തിലേക്ക് മാറ്റുന്നു. ചില സ്ത്രീകൾ കുളിച്ച് ഈറനോടെ മുറികളിലേക്ക്. വീടിനകത്ത് അപരിചിതനെ കണ്ടപ്പോൾ ഒരു സ്ത്രീ മിസോ ഭാഷയിൽ എന്തോ പറഞ്ഞു. ഇതിനിടയിലാണ് വീടിന്റെ രണ്ടാംനിലയിൽനിന്ന് കോണിപ്പടി ഇറങ്ങിവന്ന് സുന്ദരിയായ ചെറുപ്പക്കാരി സംസാരം തുടങ്ങിയത്. സയോണ ചനയെയും കുടുംബത്തെയും കാണാൻ കേരളത്തിൽനിന്ന് വന്നതാണെന്നറിയച്ചപ്പോൾ സന്തോഷപൂർവം സ്വീകരിച്ചു.

ആ ഹാൾ ഒരേസമയം സ്വീകരണമുറിയും അടുക്കളയും  ഇരുപതിലധികം മേശകളുള്ള തീൻമുറിയുമായി പെട്ടെന്ന് രൂപംമാറുന്നപോലെ. ഒരു കല്യാണപ്പുരയുടെ പകിട്ട്. ഹാളിൽ അങ്ങോട്ടും ഇങ്ങോട്ടും ധാരാളം സ്ത്രീകൾ നടക്കുന്നതിനിടയിൽ പ്രായമായ സ്ത്രീ വന്നു പറഞ്ഞു. ഞാനാണ് സയോണ ചനയുടെ ഒന്നാം ഭാര്യ ത്യാംഗി. മറ്റുള്ളവരെ അന്വേഷിച്ചപ്പോൾ, 'എല്ലാവരും ഓരോ ജോലിയിലാണ്‌. ഇപ്പോൾ ഞങ്ങൾ ചിലർ ഇവിടെ ഉണ്ട്' എന്ന് മറുപടി. അപ്പോഴേക്കും സയോണയുടെ മൂന്നാംഭാര്യ ഹുംതാർഗി അടുത്തെത്തി. പിന്നെ ഓരോരുത്തരായി വരാൻ തുടങ്ങി. ഇതിൽ ആരൊക്കെയാണ് സയോണയുടെ ഭാര്യമാർ? ആരൊക്കെയാണ് മക്കളും മരുമക്കളും? എത്തും പിടിയും കിട്ടാതെ അന്തംവിട്ടുനിന്നപ്പോൾ ഇംഗ്ലീഷ് വശമുള്ള ഒരു സുന്ദരി വന്നു. കുടുംബത്തെക്കുറിച്ച് ചെറിയ ഒരു വിവരണം നൽകി മിന്നിമറഞ്ഞു.
 അതിന്റെ ചുരുക്കം ഇങ്ങനെ: സയോണ ചനയ്ക്ക് ഭാര്യമാർ 38 (2017ൽ ഒരു ഭാര്യ മരിച്ചു), മക്കൾ 94, മരുമക്കൾ 14, പേരക്കുട്ടികൾ 40. സയോണ ചനയുടെ കുടുംബത്തിൽ ആകെ 186 പേർ.  ലോകത്തിലെ ഏറ്റവും വലിയ കുടുംബം. എല്ലാവരും ഒരു വീട്ടിൽ. കുടുംബത്തിന്റെ അംഗബലം കാണിക്കുന്ന ചിത്രങ്ങൾ സ്വീകരണമുറിയിൽ തൂക്കിയിട്ടുണ്ട്. കുട്ടികളുടെ, ഭാര്യമാരുടെ ഒറ്റയ്ക്കുള്ളതും ഒന്നിച്ചുള്ളതും. "ഇതെല്ലാം കണ്ട് പോകാം, ഫോട്ടോ എടുക്കാനൊന്നും പപ്പ സമ്മതിക്കില്ല''‐ കൂട്ടത്തിൽനിന്ന് മറ്റൊരു ചെറുപ്പക്കാരി. "പപ്പ സ്കൂളിലെ ഒരു പരിപാടിയിലാണ്, അവിടെ ചെന്നാൽ നിങ്ങൾക്ക് കാണാം'' ‐വേറൊരു സുന്ദരി ഇടപെട്ടു. സയോണ ചനയെ കാണാനുറപ്പിച്ച് ആ വീട്ടിൽനിന്നിറങ്ങി. 
 

ബാക്തോങ്‌ ഒരു മിടുമിടുക്കി

മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിൽനിന്ന് നാല് മണിക്കൂർ സഞ്ചാരമുണ്ട് സയോണ ചനയുടെ ഗ്രാമത്തിലേക്ക്.  സെർചിപ്പ് ജില്ലയിലെ ബാക്തോങ് സമുദ്രനിരപ്പിൽനിന്ന് ഏഴായിരം അടി ഉയരത്തിലാണ്.  ഇരുവശത്തുമുള്ള അഗാധഗർത്തങ്ങൾക്കിടയിലെ മുളങ്കാടുകൾ താണ്ടി വേണം ഗ്രാമത്തിലെത്താൻ. നാലുപാടും വനസമ്പന്നം. തകരഷീറ്റുകൊണ്ടും മുളകൊണ്ടും നിർമിച്ച വീടുകൾക്കിടയിൽ മൂന്ന് നിലയുള്ള വലിയ കോൺക്രീറ്റ് കെട്ടിടം. വലിയ ഒരു ഹോട്ടൽ പോലെ. ഇതാണ് സയോണ ചനയുടെ വീട്. 25 കിടപ്പുമുറികൾ, ഡോർമിറ്ററികൾ, സ്വീകരണമുറി എന്നിവയൊക്കെയുണ്ടവിടെ. സയോണയുടെ അതിശയിപ്പിക്കുന്ന കുടുംബചരിത്രം അടുത്തറിയാൻ വിദേശമാധ്യമങ്ങൾവരെ ഇവിടെ എത്താറുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്ക് മുനമ്പിൽ മ്യാൻമറിനും ബംഗ്ലാദേശിനും ഇടയിൽ കിടക്കുന്ന മിസോറമിൽ എത്തുന്നവർക്ക് ഇന്നർ ലൈൻ പെർമിറ്റ് എന്ന പ്രത്യേക അനുമതിപത്രം വാങ്ങിയശേഷമേ യാത്ര തുടരാനാകൂ. സമ്മതപത്രം സംഘടിപ്പിക്കുന്ന വിദേശികളും മറ്റു സംസ്ഥാനക്കാരും സയോണ ചനയെ കാണാൻ ഇവിടെ എത്താറുണ്ട്.
 

കർഷകൻ, ഗോത്രത്തലവൻ 

സയോണ ചന/‐ ഫോട്ടോ > ബഷീർ മാടാല

സയോണ ചന/‐ ഫോട്ടോ > ബഷീർ മാടാല

മലഞ്ചെരിവിൽ നിർമിച്ച സ്കൂളിന് മുമ്പിൽ ഇരുനൂറിലധികം കുട്ടികൾ വിവിധ കലാപ്രകടനങ്ങൾ നടത്തുകയാണ്. സദസ്സിൽ മുഖ്യാതിഥിയാണ് കഥാനായകൻ. അധികം കാത്തുനിൽക്കേണ്ടിവന്നില്ല. സയോണ ചനയെന്ന ലോകത്തിലെ ഭാര്യാസമ്പന്നൻ തൊട്ടുമുന്നിൽ. കേരളത്തിൽനിന്നാണെന്ന് പറഞ്ഞപ്പോൾ സന്തോഷം. മിസോ ഭാഷയല്ലാതെ മറ്റൊന്നും സയോണയ്ക്ക് വശമില്ല. സ്കൂളിൽ പോകാത്തതിനാൽ എഴുത്തും വായനയും അറിയില്ല. എന്നാലും എല്ലാ കാര്യത്തിലും വിദഗ്ധൻ. കൃഷി, വീട് നിർമാണം, കച്ചവടം എന്നിവയ്ക്കുപുറമെ എൻജിനിയറിംഗ് രംഗത്തും  കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് സ്കൂളിലെ അധ്യാപകൻ പറഞ്ഞു. 
സ്കൂളിൽനിന്ന് കുത്തനെയുള്ള കയറ്റം അനായാസം താണ്ടി സയോണ കൃഷിയിടത്തിലേക്ക്‌ മറഞ്ഞു.  വയസ്സ് 73  പിന്നിട്ടു. ആരോഗ്യത്തിന് ഒരു ക്ഷതവുമില്ല. ദിവസവും മൂന്ന് മണിക്കൂർ വ്യായാമം. കൃഷിപ്പണി. തിരക്കിനിടയിലും ഭാര്യമാരുടെയും മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയുമൊക്കെ കാര്യത്തിൽ ശ്രദ്ധാലു. 
 ബാക്തോങ് ഗ്രാമത്തിൽനിന്ന് മാത്രമേ സയോണ വിവാഹങ്ങൾ കഴിച്ചിട്ടുള്ളൂ. ആദ്യവിവാഹം 17‐ാം വയസ്സിൽ ഒടുവിലത്തേത് 2000ൽ. ചില വർഷങ്ങളിൽ 10 വിവാഹങ്ങൾവരെ. ഒന്നാംഭാര്യ ത്യാംഗിക്ക് സയോണയെക്കാൾ മൂന്ന് വർഷം പ്രായക്കൂടുതൽ. മത്സാംഗിയെ മുപ്പത്തൊമ്പതാമത്തെ ഭാര്യയാക്കുമ്പോൾ അവർക്ക് പ്രായം ഇരുപത്.  
ആദ്യഭാര്യയിൽ ആറു മക്കൾ. മൂന്ന് ആണും മൂന്ന് പെണ്ണും. ഏറ്റവും ഒടുവിലെ ഭാര്യക്ക് ഒരു കുട്ടി മാത്രം. ആ കുട്ടിക്ക് ഇപ്പോൾ പ്രായം 16. മറ്റെല്ലാ ഭാര്യമാർക്കും മക്കളുണ്ട്.  മൂത്തമകൻ പാർലിയാനയ്ക്ക് മൂന്ന് ഭാര്യമാരിലായി 14 മക്കൾ. മൂത്ത മകന് 54 വയസ്സ് പിന്നിട്ടു.  
കൃഷിസ്ഥലത്തെ മേൽനോട്ടം കഴിഞ്ഞെത്തിയ സയോണ  മുറിയിലേക്ക് പോയി. ഇപ്പോൾ വരാമെന്നുപറഞ്ഞാണ് പോയതെങ്കിലും ഇനി വരാൻ സാധ്യതയില്ലെന്ന് മകളോ മരുമകളോ എന്ന് തോന്നിപ്പിക്കുന്ന സ്ത്രീ പറഞ്ഞു. വീടിനകത്തെ കാഴ്ചകൾകണ്ട് സമയം പോകുന്നതിനിടയിൽ പ്രായംകൊണ്ട് ആദ്യഭാര്യയാണെന്ന് കരുതിയ സ്ത്രീയോട് ഞങ്ങൾ കാത്തിരിക്കുന്ന വിവരം പറയാൻ ആവശ്യപ്പെട്ടു. "അയ്യോ, അങ്ങോട്ട് കയറിച്ചെല്ലാൻ ഞങ്ങൾക്ക് അനുവാദമില്ല'' എന്നുപറഞ്ഞ് അവർ തിരക്കിൽ മറഞ്ഞു.  രണ്ടാംനിലയിലെ സയോണയുടെ കിടപ്പുമുറിയിലേക്ക് ഭാര്യമാർക്കുപോലും പ്രവേശനമില്ല. സയോണയുടെ വിശാലമായ കിടപ്പറ പങ്കിടാൻ ഊഴമനുസരിച്ച് എല്ലാവർക്കും തുല്യാവസരം. ശേഷിക്കുന്ന കിടപ്പുമുറികൾ കല്യാണം കഴിച്ച മക്കൾക്കുള്ളത്. ഗ്രാമത്തിന് പുറത്തുനിന്ന് ആരും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഈ കുടുംബത്തിൽനിന്ന് വിവാഹം കഴിച്ചവരുമുണ്ട്. പഠിക്കാൻ തീരെ താൽപ്പര്യമില്ലാത്ത ഈ കുടുംബത്തിൽനിന്ന് അഞ്ച് പെൺകുട്ടികൾമാത്രമാണ് പത്താം ക്ലാസ് പാസായത്. അവരിൽ രണ്ടുപേർ ഗ്രാമത്തിലെ സ്കൂളിൽ അധ്യാപികമാർ.
 

എല്ലാവരും തിരക്കിലാണ് 

പുറത്തുനിന്ന് കാണുമ്പോൾ വലിയ കെട്ടിടമാണെങ്കിലും സാധാരണ കർഷകഭവനത്തിലെ കാഴ്ചകൾതന്നെയാണിവിടെയും. സന്ദർശകരെ കാര്യമായി ശ്രദ്ധിക്കുകപോലും ചെയ്യാതെ, പട്ടാളച്ചിട്ടയിൽ എല്ലാവരും ജോലിചെയ്യുന്നു. ഇന്നത്തെ ഭക്ഷണത്തിന്റെ ചുമതല സയോണയുടെ ആദ്യത്തെ അഞ്ച് ഭാര്യമാർക്കാണ്. അവരിലാണ് അടുക്കളയുടെ കടിഞ്ഞാൺ. മറ്റു ഭാര്യമാർക്കൊക്കെ കൃഷി, പന്നിവളർത്തൽ, പശുസംരക്ഷണം, പാൽകറവ എന്നിവയുടെയൊക്കെ ചുമതല. "അധികാരത്തർക്കങ്ങളോ സൗന്ദര്യപ്പിണക്കങ്ങളോ ഇല്ല.  ഒത്തൊരുമയിലാണ് ഞങ്ങൾ കഴിയുന്നത്.'' സയോണയുടെ മരുമകൾ റിൻമാവി പറഞ്ഞു. 73 പിന്നിട്ട സയോണ മുതൽ 6 മാസം പ്രായമായ 40‐ാം പേരക്കുട്ടി ഉൾപ്പെടെ 186 പേർ ഇവിടെ സസുഖം വാഴുന്നു. ബാക്തോങ് ഗ്രാമത്തിന്റെ അധിപൻകൂടിയായ സയോണയുടെ മുഖ്യവരുമാനം ഫർണിച്ചർ കച്ചവടമാണ്. കാട്ടിലെ മരങ്ങൾ ഉപയോഗിച്ച് മനോഹരമായ വീട്ടുസാധനങ്ങൾ നിർമിച്ച് പട്ടണങ്ങളിൽ കൊണ്ടുപോയി വിൽക്കുന്ന ചുമതല ആൺമക്കൾക്ക്. പരിധിയില്ലാത്ത ഭൂമി ഉള്ളതുകൊണ്ടുതന്നെ വീട്ടിലേക്ക് ആവശ്യമായതെല്ലാം ഇവിടെ വിളയിച്ചെടുക്കുന്നു. നെൽക്കൃഷിക്ക് പുറമെ വിവിധയിനം പച്ചക്കറികളും കരിമ്പും വളരുന്നു. ഗ്രാമത്തിലെ എല്ലാവരും സയോണയുടെ അടുത്ത ബന്ധുക്കൾ.  "ബാക്തോങ്ങിലെ പാവപ്പെട്ട സ്ത്രീകളെയാണ് അച്ഛൻ വിവാഹംചെയ്തത്. അങ്ങനെ അവർക്കൊരു ജീവിതം കൊടുത്തു.'' സയോണയുടെ 14‐ാം ഭാര്യയിലെ മകൻ മിങ്താൻസാവ പറഞ്ഞു.
കഥകൾ കേട്ടിരിക്കുമ്പോൾ സയോണ രണ്ടാംനിലയിൽനിന്നിറങ്ങി ഹാളിലെത്തി. അദ്ദേഹം കസേരയിൽ ഇരിക്കുംമുമ്പ് ഹാളിലെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി ആവശ്യമെങ്കിൽ ചുമരിൽ തൂക്കിയിട്ട ചിത്രങ്ങൾ ഫോട്ടോ എടുക്കാൻ അനുവാദം നൽകി. "എല്ലാവരെയും വിളിച്ചുകൂട്ടി ഫോട്ടോ എടുക്കണമെങ്കിൽ നിങ്ങൾ ഇവിടെ താമസിക്കേണ്ടിവരും.''
"എന്റെ ഇഷ്ടത്തിന് കല്യാണം കഴിച്ചുകൂട്ടുകയല്ല, ഇത് ദൈവനിയോഗമാണ്. ഇനിയും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്.'' സയോണ ചന ന്യായീകരിക്കുന്നു.
സയോണയുടെ അച്ഛൻ ചനയാണ് ഇവരുടെ ഉപഗോത്രത്തിന്റെ സ്ഥാപകൻ. മിസോ എന്നറിയപ്പെടുന്ന ഇവിടത്തെ പ്രബലഗോത്രത്തിൽ 32 ഉപഗോത്രങ്ങളുണ്ട്. 87 ശതമാനം പേരും ക്രിസ്തുമത വിശ്വാസക്കാരാണെങ്കിലും ഓരോ ഗോത്രവും അവരുടേതായ ആചാരാനുഷ്ഠാനങ്ങളാണ് പിന്തുടരുന്നത്. 
 

സയോണയുടെ വഴിയിൽ മകനും 

സയോണയുടെ അച്ഛൻ ചന തന്നിഷ്ടപ്രകാരം പലതവണ വിവാഹം കഴിച്ചതിന്റെപേരിൽ കത്തോലിക്ക സഭ പുറത്താക്കി. അപ്പോഴാണ് അദ്ദേഹത്തിന് ദൈവവിളിയുണ്ടാകുന്നത്. ക്രിസ്തുമതത്തിൽ തുടർന്നുകൊണ്ടുതന്നെ അദ്ദേഹം സ്വന്തം ഉപഗോത്രത്തിന് രൂപംനൽകി. അതാണ് ചനാപോൾ. അനുയായികൾക്ക് എത്ര വിവാഹം കഴിക്കാനും അനുമതി നൽകി. ബഹുഭാര്യാത്വം ഗോത്രനിയമമായി പ്രഖ്യാപിക്കപ്പെട്ടു. ചനയുടെ കാലശേഷം മകൻ സയോണ ഗോത്രത്തലവനായി. ബഹുഭാര്യാത്വം എന്ന അവകാശത്തിന് അദ്ദേഹം പുതിയ മാനങ്ങൾ നൽകി. വിവാഹം കഴിച്ചുകൂട്ടുന്നത് ചനാ പോളിന്റെ വികസനത്തിനുവേണ്ടിയാണെന്നാണ് ന്യായം. സയോണയുടെ പാത പിന്തുടർന്ന് മകൻ പാർലിയാന വിവാഹപരമ്പരയ്ക്ക് തുടക്കമിട്ടു. ബാക്തോങ്ങിലെ നാനൂറിലധികം കുടുംബങ്ങളിൽനിന്നായി നാലായിരത്തിലധികം വിശ്വാസികളുണ്ട് ചനാപോളിൽ. പള്ളിയും സ്കൂളുമുണ്ട്. വീടിനോട് ചേർന്നുള്ള പള്ളിയിൽ ദിവസവും മിസോ ഭാഷയിൽ ചനാപോളിന്റെ കുടുംബാഭിവൃദ്ധിക്കുവേണ്ടി പ്രാർഥനയുണ്ട്. ഭാഷയ്ക്ക് ലിപിയില്ലാത്തതുകൊണ്ട് വിദ്യാഭ്യാസത്തിൽ ഈ ഗോത്രം ഇന്നും വളരെ പിന്നിൽ. എത്ര കേട്ടാലും മതിവരാത്ത ഇവരുടെ ജീവിതാനുഭവങ്ങൾ മിസോ ഭാഷയിൽനിന്ന് സുഹൃത്ത് മൊഴിമാറ്റി തന്നു. മണിക്കൂറുകൾനീണ്ട യാത്രയ്ക്കൊടുവിൽ തലസ്ഥാന നഗരമായ ഐസ്വാളിൽ തിരിച്ചെത്തുമ്പോൾ പരിഷ്‌കൃത സമൂഹത്തിന്‌ ഒട്ടും ദഹിക്കാത്ത ബഹുഭാര്യാത്വമെന്ന ഗോത്രാചാരം പാലിക്കുന്ന സയോണ ചനയായിരുന്നു  മനസ്സിൽ.
പ്രധാന വാർത്തകൾ
 Top